കുഞ്ഞുമോൾ

രചന:പ്രവീൺ ചന്ദ്രൻ

എല്ലാവരും മന്ദബുദ്ധിയെന്ന് വിളിച്ച് അകറ്റിയ പ്പോഴും എനിക്കും അമ്മയ്ക്കും മാത്രം അവളെ അങ്ങനെ കാണാൻ കഴിഞ്ഞില്ല…

എന്റെ പെങ്ങളാണവൾ എനിക്ക് കാത്തിരുന്നു കിട്ടിയ പുണ്യം…

ഒരു കുഞ്ഞുവാവയെ വേണമെന്ന് ഞാനാഗ്രഹം പ്രകടിപ്പിച്ചു തുടങ്ങിയിട്ട് നാളേറെയായിരുന്നു..

കൂട്ടുകാരെല്ലാം അവരുടെ അനിയൻമാരേയും അനിയത്തിമാരേയും കൊണ്ട് സ്കൂളിൽ പോകുന്നത് കാണുമ്പോൾ എനിക്ക് കൊതിയായിരുന്നു.. അത് പോലെ ഒരു കൂടെപിറപ്പ് എനിക്കില്ലല്ലോ എന്നോർത്ത് ഞാൻ സങ്കടപെട്ടിരുന്നു..

രണ്ടുവർഷം മുമ്പാണ് ദൈവം എനിക്ക് കൂട്ടായി എന്റെ കുഞ്ഞനുജത്തിയെ എനിക്ക് തന്നത്..

എന്ത് സന്തോഷമുളള ദിവസമായിരുന്നെന്നോ അന്ന്.. എന്റെ കുഞ്ഞനുജത്തിക്ക് കൊടുക്കാനായി കാശുകുടുക്ക പൊട്ടിച്ച് ഒരു പാവയെ വാങ്ങിയിരുന്നു ഞാൻ.. അവളുടെ കുഞ്ഞികൈകളിൽ തലോടിക്കൊണ്ട് ഞാനെന്റെ സ്നേഹം പ്രകടിപ്പിച്ചു.. അവൾക്ക് ഞാനൊരു പേരിട്ടു “കുഞ്ഞിമോൾ”..

അവളുടെ കുസൃതികൾക്കൊക്കെ ഞാൻ കൂട്ടു നിന്നിരുന്നു.. ഏതു സമയവും അവളുടെ അടുത്തി രിക്കുന്നതിന് അമ്മ വഴക്കുപറയുമായിരുന്നു.. സ്കൂൾ വിട്ടതും ഞാനവളുടെ അടുത്തേക്ക് ഓടി വരുമായിരുന്നു.. അവളുടെ കുഞ്ഞിക്കാല് കാലുവളരുണ്ടോന്ന് നോക്കാൻ..

എന്നിട്ട് വേണ്ടേ എനിക്കവളുടെ കൈപിടിച്ച് സ്കൂളിൽ പോകാൻ…

അങ്ങനെ നാളുകൾ കടന്ന് പോയ്ക്കൊ ണ്ടിരുന്നു.. അവളുടെ പേരിൽ അച്ഛനും അമ്മയും വഴക്കു കൂടാൻ തുടങ്ങി.. അവൾ മന്ദബുദ്ധിയാണെന്ന് വല്ല്യമ്മയുടെ വായിൽ നിന്നാണ് ഞാനാദ്യമായി കേട്ടത്..

മന്ദബുദ്ധി എന്നതിന്റെ അർത്ഥം ഞാനമ്മയോട് ചോദിച്ചപ്പോൾ “കുഞ്ഞിമോൾക്ക് ബുദ്ധി ഉറച്ചിട്ടില്ല മോനേ” എന്ന് നിറകണ്ണുകളോടെ അമ്മ പറഞ്ഞു..

എനിക്കതിന്റെ അർത്ഥം അന്ന് മനസ്സിലായിരു ന്നില്ല… പിന്നീട് പലകാര്യങ്ങളിലും അവളെ അകറ്റുന്നത് കണ്ടപ്പോൾ അവൾക്കെന്തോ അസുഖമാണെന്ന് എനിക്ക് തോന്നിതുടങ്ങി..

പക്ഷെ ആരൊക്കെ വെറുത്താലും എനിക്കവളെ വെറുക്കാൻ കഴിയുമായിരുന്നില്ല.. ഞാനവളെ പൊന്നുപോലെ നോക്കി.. അങ്ങനെ അവളെ സ്കൂളിൽ ചേർക്കേണ്ട സമയമായി..

എന്റെ സ്വപ്നം സത്യമാവാൻ പോകുന്നു… അച്ഛൻ അമ്മയോട് പറയുന്നത് കേട്ടാണ് ഞാനറിഞ്ഞത്..

അന്ന് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല കുഞ്ഞിമോളുടെ കയ്യും പിടിച്ച് സ്കൂളിൽ പോകുന്നത് സ്വപ്നം കണ്ട് ഞാനങ്ങനെ കിടന്നു..

പക്ഷെ കുഞ്ഞുമോളുടെ കൈപിടിച്ച് സ്കൂളിൽ പോകുന്നത് സ്വപ്നം കണ്ടിരുന്ന എനിക്ക് ആ വാർത്ത വേദനയൊടെ കേൾക്കേണ്ടി വന്നു..

കുഞ്ഞുമോളെ വേറെ സ്കൂളിലാണത്രേ ചേർക്കാൻ പോകുന്നത്… അന്ന് ഞാനൊരുപാട് കരഞ്ഞു… പക്ഷെ ആരും എന്റെ കരച്ചിൽ കേട്ടില്ല..

പിന്നീട് ഓരോരോ കാര്യങ്ങൾക്കും അവളെ എല്ലാവരും അകറ്റിനിർത്തിയപ്പോഴും ഞാൻ മാത്രം അവൾക്ക് കൂട്ടായി…

അവൾ എന്നെ അടിക്കുമായിരുന്നു, മാന്തുമായി രുന്നു എന്നിട്ടും എനിക്കവളോട് ഒരു പരിഭവവും തോന്നിയില്ല… അവളുടെ കുഞ്ഞു കുസൃതികൾ ഞാനാസ്വദിച്ചുകൊണ്ടേയിരുന്നു..

പലപ്പോഴും അമ്മ മാറിനിന്ന് കരയുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലായി തുടങ്ങിയിരുന്നു..

കല്ല്യാണങ്ങൾക്കും മറ്റു വിശേഷങ്ങൾക്കും പോകുമ്പോൾ അച്ഛൻ അവളെ കൂട്ടണ്ട എന്ന് പറയുമായിരുന്നു.. അച്ഛന് അവൾ ഒരു നാണക്കേ ടാവാൻ തുടങ്ങിയിരുന്നു.. എങ്കിൽ ഞാനുമില്ലെന്ന് പറഞ്ഞ് അവൾക്ക് കൂട്ടായി ഞാനും ഇരിക്കുമാ യിരുന്നു…

ദേഷ്യം വന്ന് അച്ഛൻ അവളെ തല്ലുമ്പോഴൊക്കെ അച്ചന്റെ കാലുപിടിച്ച് “അവളെ തല്ലല്ലേ അച്ഛാ” എന്ന് പറഞ്ഞ് ഞാൻ കരഞ്ഞുകൊണ്ടിരുന്നു.. എല്ലാം സഹിച്ചുകൊണ്ട് അമ്മ എപ്പോഴും കണ്ണീ രൊഴുക്കുമായിരുന്നു..

വർഷങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു..

ഒരു ദിവസം ഞാൻ ക്ലാസ്സിലിരിക്കുമ്പോഴാണ് പിയൂൺ എന്നെ അന്വേഷിച്ച് വീട്ടിൽ നിന്ന് ആളു വന്നിട്ടുണ്ടെന്ന് പറഞ്ഞത്…

എനിക്കൊന്നും മനസ്സിലായില്ല..പക്ഷെ വീടിനുമു ന്നിലെ ആൾക്കൂട്ടം കണ്ടപ്പോൾ അരുതാത്തതെ ന്തോ സംഭവിച്ചിട്ടുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു..

അകത്ത് ചെന്ന് നോക്കുമ്പോൾ കുഞ്ഞുമോളുടെ പൊതിഞ്ഞുകെട്ടിയ ശരീരം… ഒരു നിമിഷം എന്റെ ഹൃദയം നിലച്ച പോലെ തോന്നി എനിക്ക്..

രാവിലെ സ്കൂളിൽ പോകുമ്പോൾ ടാറ്റ തന്ന് എന്നെ പറഞ്ഞയച്ച ആ കുഞ്ഞുമുഖം എന്റെ മനസ്സിൽ തെളിഞ്ഞു..

എന്റെ മനസ്സാകെ മരവിച്ചുപോയിരുന്നു.. അവളെ ചിതയിലേക്കെടുത്തുവയ്ക്കുമ്പോഴും ആ മരവിപ്പ് പോയിരുന്നില്ല…

കളിക്കുന്നതിനിടയിൽ വീടിനടുത്തു പൊട്ടക്കി ണറ്റിൽ വീഴുകയായിരുന്നു അവൾ എന്നാണ് എനിക്കറിയാൻ കഴിഞ്ഞത്..

അതിനുശേഷം എന്റെ അമ്മയുടെ ചിരി ഞാൻ കണ്ടിട്ടില്ല… അവൾക്ക് ഞാൻ സമ്മാനമായി കൊടുത്ത ആ കുഞ്ഞുപാവയെ കെട്ടിപിടിച്ച് ഞാനേറെ കരഞ്ഞു…

കാലമേറെയായിട്ടും എന്റെ മനസ്സിൽ നിന്നും ആ കുഞ്ഞുമുഖം മാഞ്ഞുപോയില്ല… എന്റെ സ്വപ്നങ്ങളിലെപ്പോഴൊക്കെയോ അവൾ വന്നു പോയ്ക്കൊണ്ടിരുന്നു…

ഇന്ന് ഈ ജുവനൽ ഹോമിലെ ചുമരുകൾക്കു ളളിൽ എന്റെ സ്വപ്നങ്ങൾ തളച്ചിടുമ്പോഴും എനിക്കൊട്ടും വിഷമം തോന്നിയില്ല.. കാരണം ഞാനയാളെ തീർത്തു.. എന്റെ കുഞ്ഞുമോളുടെ ഘാതകനെ… എന്റെ അച്ഛനെ!!!

രചന:പ്രവീൺ ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *