ഞാൻ കൊച്ച് കുട്ടിയൊന്നും അല്ല… ഒരു മനുഷ്യന് ഉണ്ടാകുന്ന വികാരങ്ങളും വിചാരങ്ങളും എന്താണെന്നു എനിക്ക് നല്ല പോലെ മനസ്സിലാവും…

രചന: Kannan Saju

അമ്മാ… ഈ പരിപാടി ഇനി നടക്കില്ല…. !

ഡൈനിങ് ടേബിളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്ലസ്‌ടു കാരനായ ആൽവിൻ മുഖത്തടിച്ച പോലെ കടുത്ത സ്വരത്തിൽ പറഞ്ഞു…. പറയുമ്പോൾ അവൻ കൈകൊണ്ടു ചോറിൽ വെറുതെ പരതി കൊണ്ടിരുന്നു …

അടുക്കളയിൽ അവനുള്ള വെള്ളം എടുക്കാൻ പോകാനൊരുങ്ങുകയായിരുന്ന ലെന ഞെട്ടലോടെ നിന്നു…. ഒരു നിമിഷം അറിയാതെ പതറി പോയെങ്കിലും സകല ധൈര്യവും സംഭരിച്ചു ലെന അവനു നേരെ തിരിഞ്ഞു

എന്ത് പറ്റില്ലെന്ന് ????

ആൽവിൻ മൗനം പാലിച്ചു…

കലിയോടെ അവനരുകിലേക്കു വന്നു മേശയിൽ ഇരു കൈകളും ഊന്നി കുനിഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി കൊണ്ടു ലെന

പറയടാ… എന്ത് പരിപാടി പറ്റില്ലെന്ന നീ പറഞ്ഞത് ???

ആല്വിന് ദേഷ്യം കയറാൻ തുടങ്ങിയിരുന്നു…

ഞാൻ പറയണതെന്നാന്ന് അമ്മക്ക് നല്ല പോലെ അറിയാലോ.. പിന്നെന്തിനാ വീണ്ടും വീണ്ടും കുത്തി കുത്തി ചോദിക്കുന്നെ…. ???

ഓഹോ അപ്പൊ നീയും നാട്ടുകാര് പറയുന്ന പോലെ പറയാൻ തുടങ്ങി അല്ലേ….. കൊള്ളാം…

ലെന നിറ കണ്ണുകളോടെ പുലമ്പാൻ തുടങ്ങി….

ആൽവിൻ ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു…

അമ്മ… ദേ എനിക്ക് പതിനെട്ടു വയസ്സായി.. ഞാൻ കൊച്ച് കുട്ടിയൊന്നും അല്ല… ഒരു മനുഷ്യന് ഉണ്ടാകുന്ന വികാരങ്ങളും വിചാരങ്ങളും എന്താണെന്നു എനിക്ക് നല്ല പോലെ മനസ്സിലാവും… അമ്മക്ക് വേണെങ്കിൽ ഒരാളെ വിവാഹം കഴിക്കു… അത് ആര് വേണം എന്നുള്ളതെല്ലാം അമ്മെടെ ഇഷ്ടം.. അല്ലാതെ ഒരിക്കലും തിരിച്ചു വരാത്ത അച്ഛനെ ഓർത്തു ജീവിതം കളയണം എന്നൊന്നും ഞാൻ പറയില്ല.. അമ്മയെ സ്നേഹിക്കുന്ന അമ്മയെ മനസ്സിലാക്കുന്ന ഒരാൾ വെപ്പാട്ടി ആയിട്ടല്ലാതേ, തന്റെ പാതി ആയി അമ്മയെ സ്വീകരിക്കാൻ തയ്യാറാണെങ്കിൽ അങ്ങനൊരാളെ അമ്മ സ്വീകരിക്കു… അല്ലാതെ ഈ ഒളിച്ചും പാത്തും ഉള്ള കാര്യങ്ങൾ വേണ്ട… കാണാൻ പാടില്ലാത്തതു പലതും ഞാൻ കണ്ടു.. നിങ്ങളേം അയാളേം കൊല്ലാനുള്ള കലി ഉണ്ടായിരുന്നു എനിക്ക്.. പക്ഷെ ഒരുപാട് ചിന്തിച്ചപ്പോ അങ്ങനെ ചെയ്തതുകൊണ്ട് ഒന്നും നേടാൻ ഇല്ല.. നഷ്ട്ടപ്പെടുത്താനേ ഉളളൂ… അതുകൊണ്ട് അമ്മക്കൊരു കൂട്ട് വേണം എന്ന് തോന്നുന്നെങ്കിൽ രഹസ്യമായിട്ടല്ലാതെ പരസ്യമായി അമ്മയെ സ്വീകരിക്കാൻ തയ്യാറുള്ള ഒരാളെ കണ്ടെത്തണം… ഒരു മകനെന്ന നിലയിൽ ഇതിൽ കൂടുതൽ നിങ്ങള്ക്ക് വേണ്ടി ചെയ്യാൻ എനിക്ക് കഴിയില്ല…

ലെനയ്ക്ക് വാക്കുകൾ ഇല്ലായിരുന്നു…. അവൾ നിശ്ശബ്ദയായി നിന്നു. !

രചന: Kannan Saju

Leave a Reply

Your email address will not be published. Required fields are marked *