ശ്രീക്കുട്ടി

രചന: ജിഷസുരേഷ്

ശ്രീക്കുട്ട്യേ………. ഒന്നു വേഗാവട്ടേടീ…

അവര് വരാൻ നേരായിരിക്കിണു. നീയെന്ത് കാട്ട്വാ അവിടെ……?

അമ്മായിയാണ്. പാവത്തിന് തന്റെയുള്ള് വേവുകയാണെന്നറിയില്ലല്ലോ.

ശ്രീക്കുട്ടി ഒന്നും പറഞ്ഞില്ല.

അവള് ബിരിയാണിച്ചെമ്പ് അമർത്തിയടച്ച്, തീയൊന്ന് കുറച്ചിട്ടു.

പുകയടിച്ച് അവളുടെ മനോഹരമായ മുഖം ഒന്നുകൂടി ചുവന്നു. കണ്ണുകൾ തിരുമ്മിക്കൊണ്ടവൾ ഉമ്മറത്തേക്കു പാളിനോക്കി. അവിടെ മനുവേട്ടൻ നിൽക്കുന്നതവൾ കണ്ടു.

ഇടക്കിടെ പുറത്തേക്കു നോക്കുന്നുമുണ്ട്.

അവര് വരുന്നുണ്ടെന്നു തോന്നുന്നു. മനുവേട്ടന്റെ പെൺവീട്ടുകാരാണ്.

ഒരു വേള മനുവേട്ടന്റെ നോട്ടം തന്റെ നേരെ പാറിവീണുവെങ്കിലും, ഏട്ടൻ വെറുപ്പോടെ മുഖം വെട്ടിത്തിരിക്കുന്നത് കണ്ടു.

അതെന്തിനാണെന്നറിയാമായിരുന്നതിനാൻ നെഞ്ചു പിടയുന്ന നൊമ്പരമുണ്ടായിട്ടും താൻ പതറിയില്ല.

മനുവേട്ടൻ എന്റെയമ്മാവന്റെ മകനാണ്.

എന്റമ്മക്കു പറ്റിയൊരു തെറ്റായിരുന്നു ഞാൻ. അമ്മയുടേത് വലിയ തറവാടായിരുന്നു. അവിടുത്തെ കാര്യസ്ഥനായ അപ്പുണ്ണിയുമായി അമ്മ അടുപ്പത്തിലായ്.

വിവരമറിഞ്ഞ് അദ്ദേഹത്തെ നാടുകയറ്റിയപ്പോഴേക്കും അമ്മ ഗർഭിണിയായിട്ടുണ്ടായിരുന്നു.

കുറേ തല്ലും, ചവിട്ടും കൊടുത്തുവെങ്കിലും അമ്മാവനമ്മയെ കൈവെടിഞ്ഞില്ല.

അന്നമ്മയെ ചവിട്ടിപ്പുറത്താക്കാതെ അമ്മാവൻ ഏറ്റെടുത്തു. അങ്ങനെ അമ്മ പ്രസവിച്ചു.

അമ്മാവന് ഒരാൺകുട്ടിയേ ഉണ്ടായിരുന്നുള്ളൂ. മനുവേട്ടൻ. എന്നേക്കാൾ ഏഴുവയസ്സിന് മൂത്തവനായിരുന്നു ഏട്ടൻ.

അമ്മായിക്ക് എന്നേം അമ്മേം ഇഷ്ടായിരുന്നു. കാരണം ആ വീട്ടിലെ പണി മുഴുവൻ യാതൊരു മടുപ്പുമില്ലാതെ ചെയ്തിരുന്നത് ഞാനുമമ്മയുമായിരുന്നു.

അമ്മായി സൂക്കേടുകാരിയായതിനാൽ ഒരു പണിയുമവരെക്കൊണ്ടടമ്മ ചെയ്യിക്കില്ലായിരുന്നു.

ആ നന്ദിസൂചകമായി എന്നെ അമ്മായി എത്ര വേണേലും പഠിപ്പിക്കാമെന്നേറ്റു.

അങ്ങനെ ഞാൻ പത്താം ക്ലാസ് ഏറ്റവും ഉയർന്ന മാർക്കോടെ പാസായി. പ്ലസ്റ്റുവിനെനിക്കായിരുന്നു ഏറ്റവുമധികം മാർക്ക് ഞങ്ങളുടെ സ്കൂളിൽ.

ഇതിനൊക്കെയിടയിലും മനുവേട്ടനെന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചിരുന്നു.

മനുവേട്ടനും എന്നെയിഷ്ടമായിരുന്നു.

ഏട്ടൻ വാട്ടറതോറിറ്റിയിൽ അസിസ്റ്റന്റ് എൻജീനിയറായിരുന്നു.

ആഴ്ചയിലൊരിക്കൽ ഏട്ടൻ വരും.

അതായിരുന്നു ഏക ആശ്വാസം. ഏട്ടനെ സ്വന്തമാക്കാനാണ് ഞാൻ രാപകൽ കഷ്ടപ്പെടുന്നതിനിടയിലും നന്നായി പഠിച്ചത്.

ഏട്ടന് യോജിച്ച നിലയിലെത്തണം അത് എന്റെ വാശിയായിരുന്നു.

സാധിക്കുമോന്നറിയില്ലെങ്കിലും ഒരു ഐഎഎസ് കാരിയാവാനായിരുന്നു മോഹം.

അതാവുമ്പോ കുറേ നല്ല കാര്യങ്ങൾ പ്രാവർത്തികമാക്കാനുള്ള അധികാരം കൈയിൽ കിട്ടും, അതും എന്റെ ലക്ഷ്യത്തിലുണ്ടായിരുന്നു.

മോഹമാണോ, അതിമോഹമാണോന്നറിയില്ല അതു ലക്ഷ്യം വെച്ചായിരുന്നു പിന്നെ പഠനം മുഴുവൻ. ഏതു ജോലിക്കിടയിലും അതിനു ഞാൻ സമയമുണ്ടാക്കി.

അദ്ധ്യാപകരായിരുന്നു ഫുൾ സപ്പോർട്ട്. പഠിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും അവരൊരുക്കിത്തന്നു.

അമ്മാവനോ അമ്മായിയോ അതിനെതിരല്ലായിരുന്നു.

അപ്രാവശ്യം മനുവേട്ടൻ വീട്ടിലെത്തിയപ്പോൾ,, മനുവേട്ടന്റെ റൂം ക്ലീൻ ചെയ്യുന്നതിനിടെ ഏട്ടനെന്നോട് കല്യാണത്തെക്കുറിച്ച് സൂചിപ്പിച്ചു.

ഇനി കാത്തിരിക്കാനാവില്ലെന്നും എത്രയും വേഗം വിവാഹം നടത്തണമെന്നും പറഞ്ഞപ്പോൾ എനിക്കെന്തു വേണമെന്നറിയാതെയായി.

കാരണം ഒരു കലക്ടറാവുകയെന്നതെന്റെ സ്വപ്നമായിരുന്നു.

അതിലൂടെ എനിക്കൊത്തിരി കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടായിരുന്നു. .

ജീവിതത്തിന്റെ എല്ലാ വേദനകളിലൂടെയും കടന്നുപോയ ഒരാൾക്കെ മറ്റുള്ളവരുടെ വേദന മനസ്സിലാവൂ.അതിനാൽ എന്നാൽ കഴിയുന്നത് ജീവിതത്തിൽ ദുരിതം ബാധിച്ചവർക്കായി ചെയ്യണം.അതൊരു പ്രതിജ്ഞ കൂടിയായിരുന്നു.

ജീവിതം ഒരുപാടുകാര്യങ്ങളിലൊന്നും വേദനിപ്പിച്ചില്ലെങ്കിലും ചില കാര്യങ്ങൾ കൊണ്ടു ഞാൻ തീയിൽ കുരുത്ത, വെയിൽകൊണ്ടാൽ വാടാത്ത ചെടിയായിരുന്നു.

അതിനാൽ കല്യാണമൊക്കെ പഠനം കഴിഞ്ഞുമതിയെന്ന തീരുമാനത്തിലുറപ്പിച്ചു ഞാൻ സമ്മതം മൂളിയില്ല.

അത് മനുവേട്ടനെ രോഷാകുലനാക്കിയെന്നെനിക്കറിയാമായിരുന്നു. ഏട്ടൻ ഒന്നും മിണ്ടാതെ അപ്രാവശ്യം പൊയ്ക്കളഞ്ഞു.

പിന്നെ മനുവേട്ടൻ ഏറെ ദിവസം കഴിഞ്ഞാണ് വീട്ടിലെത്തിയത്. ആ മുഖത്ത് ഒരു പിണക്കം എനിക്ക് കാണാമായിരുന്നു.

എനിക്കെക്സാമായതിനാൻ പണിയെല്ലാം തൽക്കാലം അമ്മയെ ഏൽപ്പിച്ച് ഞാൻ മുകളിലെ എന്റെ റൂമിലിരുന്ന് പഠിച്ചുകൊണ്ടിരുന്നു.

തൽക്കാലം ഞാൻ മറ്റെല്ലാ കാര്യങ്ങൾക്കും വിട പറഞ്ഞു.

ജീവിതത്തിലെ ചില ലക്ഷ്യങ്ങൾ നേടിയെടുക്കണമെങ്കിൽ ബാലിശമായ ചില ചാപല്യങ്ങൾ അവഗണിച്ചെ മതിയാവൂന്നെനിക്കറിയാമായിരുന്നു.

തൽകാലം മനുവേട്ടൻ പിണങ്ങിത്തന്നെയിരിക്കട്ടെ.

പക്ഷേ എന്റെ ചിന്തകളെയെല്ലാം മറികടന്നുകൊണ്ട് മനുവേട്ടനെന്റെ റൂമിലേക്ക് കടന്നു വന്നു. വന്നപാടെ ഏട്ടൻ റൂം ഉള്ളിലേക്ക് ലോക്ക് ചെയ്തിട്ട് എന്റെയരികിൽ വന്നിരുന്നു.

ഈ മാസം വിവാഹം. ഇനി പഠിപ്പെല്ലാം നിനക്ക് മതിയാക്കാം.

ഇനിയെനിക്ക് കാത്തിരിക്കാനാവില്ല. വയസ്സിരുപത്തേഴായി.

അതുവരെ കാണാത്തൊരു ഭാവമേട്ടന്റെ മുഖത്തു ഞാൻ കണ്ടു. എനിക്കു പേടിയായി, ഏട്ടനെന്നെ ഉപദ്രവിച്ചേക്കുമോന്നു ഭയന്നു ഞാനെഴുനേറ്റു.

പറ്റില്ല എനിക്ക് പഠനം പൂർത്തിയാക്കണം. എന്നിട്ടെ ഞാൻ വിവാഹത്തിനുള്ളൂ.

ഒരു നിമിഷംകൊണ്ടേട്ടന്റെ മുഖം മാറി.

അതുവരെ കാണാത്തൊരു ഭാവം.

ടീ… നിനക്കെന്നേലുമുയരത്തെണമല്ലേ……? എനിക്കുമേൽ ആധിപത്യം സ്ഥാപിക്കാനല്ലേടീ….. അത്.

നിന്നെ ഞാൻ കുറേ പഠിപ്പിക്കും.

ക്രൂരമായ ഭാവത്തോടെ ഏട്ടനെന്റെ നേരെ വന്നു. ഞാനാകെ ഭയന്നുപോയിരുന്നു. മുകളിലെ എന്റെ റൂം അടച്ചുകഴിഞ്ഞാൽ എത്ര കൂക്കിവിളിച്ചാലും താഴോട്ടൊച്ചയെത്തുക പതിവില്ല.

മനുവേട്ടന്റെ കൈകളെന്നെ ചുറ്റിമുറുക്കിയപ്പോൾ ഞാൻ സർവ്വ ശക്തിയുമെടുത്തലറിക്കരഞ്ഞു.

എനിക്ക് മനുവേട്ടനിലുള്ള സ്നേഹവും വിശ്വാസവും നഷ്ടമായിക്കഴിഞ്ഞിരുന്നു.

ആ ബലിഷ്ടമായ കരങ്ങളിൽ നിന്ന് രക്ഷപ്പെടുക പ്രയാസമായിരുന്നു.

ഒടുവിൽ എന്റെ കൈയിലിരുന്ന പേനകൊണ്ടു ഞാനാമുഖത്ത് തലങ്ങും വിലങ്ങും കോറി.

പണ്ടത്തെയൊരു ഹീറോപ്പേനയായിരുന്നുവത്. ഏട്ടൻ പിടിവിട്ടു.ചോര കിനിഞ്ഞു നിൽക്കുന്ന ആ മുഖത്തേക്കൊരു മാത്ര നോക്കിയ ശേഷം വാതിൽ തുറന്നു ഞാൻ പുറത്തേക്കോടി.

അതിന്റെ പ്രത്യാഘാതമാണ് ഇന്നത്തെയീ വിവാഹ നിശ്ചയം. എനിക്ക് വേദനയുള്ളിലുണ്ടെങ്കിലും ആശ്വാസമായിരുന്നു.

ആരേയും വേദനിപ്പിക്കേണ്ടി വന്നില്ലല്ലോ. ആരേയുമറിയിക്കേണ്ടിയും വന്നില്ല. പെട്ടന്നായിരുന്നു മനുവേട്ടന്റെ പെണ്ണുകാണൽ നടന്നത്.അതും തന്നോടുള്ള വാശിയിൽ. പെണ്ണേതോ വല്യ കൊമ്പത്തെയാണ്.

സാരമില്ല മനുവേട്ടനെ തനിക്ക് വിധിച്ചിട്ടില്ല. മനുവേട്ടന്റെ ഈഗോയോട് പൊരുത്തപ്പെടാനൊരു പക്ഷേ തനിക്കും കഴിയുമായിരിക്കയുമില്ല. ഞാനങ്ങനെയാശ്വസിച്ചു.

# # # # # ….. # # # # # # #

ഏതാനും വർഷങ്ങൾക്കു ശേഷംഃഃഃ

ഇന്ന് എന്റെ വിവാഹമാണ്. ഞാനാഗ്രഹിച്ചപോലെ കോട്ടയത്തെ സബ്കലക്ടറാണിന്ന് ഞാൻ. എന്നാൽ കഴിയുന്ന മാക്സിമം സഹായം ഏവർക്കുമെപ്പോഴും ചെയ്യാൻ തയ്യാറുള്ള കലക്ടർ. അങ്ങനെ സേവനം ചെയ്യുന്നതിനിടയിൽ ആകസ്മികമായി കണ്ടെത്തിയ എന്നേക്കാൾ സേവനമനുഷ്ടിക്കുന്ന ഒരു വ്യക്തിയായിരുന്നു ഡോക്ടർ ഹരിലാൽ.

എന്തുകൊണ്ടോ എന്റെ ജീവിതത്തിനു വെളിച്ചമാകാൻ ഇദ്ദേഹത്തിനു കഴിയുമെന്നു തോന്നിയത് കൊണ്ട് ഞാനാ മുൻപിൽ താലിക്കായ് കഴുത്തു നീട്ടുന്നു.

കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് ചെറിയ ചടങ്ങുകളോടെയായിരുന്നു വിവാഹം. നാടുമുഴുവൻ വിളിക്കാമെന്ന അമ്മാവന്റെ തീരുമാനത്തെ ഞാൻ സ്നേഹപൂർവ്വം വിലക്കി. ആ പണം നമുക്കേതെങ്കിലുമഗതി മന്ദിരത്തിലേക്കു നൽകാമെന്നപേക്ഷിച്ചു.

അങ്ങനെ അമ്മയുടേയും, അമ്മാവന്റേയും, അമ്മായിയുടേയും ആ നാട്ടുകാരുടേയും പ്രാർത്ഥനകളാലും അനുഗ്രഹത്താലും ഞാൻ ഹരിയേട്ടന്റെ ഭാര്യയായിരിക്കയാണ്.

എന്റെ കല്യാണത്തിന് മനുവേട്ടനെവിടെയെന്ന് നിങ്ങൾ ചിന്തിച്ചില്ലേ. മനുവേട്ടന്റെ വിവാഹത്തോടെ ആൾ പൂർണ്ണമായും ഭാര്യയുടെ അധീനതയിലായി. സമ്പന്നയായ അവളുടെ ദാർ‍ഷ്ട്യത്തിനെതിർവാക്കു നൽകാനാവാതെ മനുവേട്ടൻ സ്വയമെരിയുന്ന മെഴുകു തിരിയാണിന്ന്. അവളുടെ വീട്ടിൽ അവളുടേയും വീട്ടുകാരുടേയും കൈയിലെ കളിപ്പാവ മാത്രമാണിന്നേട്ടൻ. ഒക്കെയൊരു നിയോഗമാണ്. ഒരാൾക്കും മാറ്റാനാവാത്ത വിധിയുടെ വിനോദം.

ഈറനണിഞ്ഞ കണ്ണുകളോടെ എന്നെ യാത്രയാക്കാൻ നോക്കി നിൽക്കുന്ന എന്റെ ഉറ്റവരോട് ഞാനൊന്നേ പറഞ്ഞുള്ളൂ. ആരില്ലെങ്കിലും നിങ്ങൾക്ക് ഞങ്ങളുണ്ട്.. ഞാനും, ഹരിയേട്ടനും. എന്റെ വാക്കുകൾക്ക് പിൽതുണയേകിക്കൊണ്ട് ഹരിയേട്ടനെന്നെ ചേർത്തു പിടിച്ചു. ഇനി.. ഞങ്ങൾ മുൻപോട്ട്… യാത്ര തുടരട്ടെ..

രചന: ജിഷസുരേഷ്

Leave a Reply

Your email address will not be published. Required fields are marked *