അമ്മയുടെ നിർബന്ധത്തോടെ ഓരോ പെണ്ണ് കാണലിനും സാക്ഷിയായി…

രചന: Sumi Jabar

ഇനിയും ഒരു അവധി തരാൻ സാധ്യമല്ല, നിലവിൽ മൂന്ന് അടവ് തെറ്റിയിട്ടുമുണ്ട് ആ ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞ് തീർത്തതും എൻ്റെ മുഖം മങ്ങി

വിത്ത് വാങ്ങി കൃഷിയോഫീസിൽ നിന്നും നേരെ ബാങ്കിലേക്ക് വന്നതാണ് കുറച്ച് ദിവസമായി അവിടെ നിന്നും വിളിക്കാൻ തുടങ്ങിയിട്ട്………

അച്ഛൻ ഒരു ഫാം തുടങ്ങാനായി എടുത്ത ലോണാണ് പശുവിൻ്റെ പാൽ തരക്കേടില്ലാത്ത രീതിയിൽ വിറ്റ് പോകുന്നതിനിടയിൽ കൊറോണ വന്നു ആകെ നഷ്ടത്തിലായി.

ശ്വാസം മുട്ടൽ കാരണം അച്ഛനാണെ ഒന്നിനും വയ്യ അനിയത്തിയുടെ പഠിപ്പ് മുടങ്ങണ്ട കരുതി പാതിവഴിയിൽ പഠനം നിർത്തി അച്ഛൻ്റെ ഫാം ഏറ്റെടുത്തു

ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാതെ അവരെയും പിരിച്ച് വിട്ടു

അടവും തെറ്റി…. അല്ലറ ചില്ലറ കൃഷി മഴ കാരണം നശിച്ചു

സാർ പ്ലീസ് നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുടച്ച് ഞാനൊന്ന് കെഞ്ചി….

തനിക്കൊന്നും മലയാളം പറഞ്ഞാൽ മനസിലാവില്ലെ? എനിക്കിവിടെ പണിയുണ്ട്, താനൊന്ന് പോയേ…, അയാളുടെ ശബ്ദം ഉയർന്നു

ചുറ്റുമുള്ള ആളുകൾ ശ്രദ്ധിക്കുന്നുവെന്ന് മനസിലായപ്പോൾ ഞാനവിടന്ന് തലതാഴ്ത്തി എണീറ്റു…..

ധൃതിയിൽ നടക്കുന്നതിനിടയിൽ ആരെയോ തട്ടി തടഞ്ഞു, നോക്കുമ്പോൾ ഒരു സുമുഖനായ ചെറുപ്പക്കാരൻ…..

വല്ലാണ്ട് ഭയന്ന ഞാൻ സോറി പറഞ്ഞെങ്കിലും അയാൾ മുഖം പൊത്തി ചിരിക്കുകയാണ്

നിനക്കെന്നെ മനസിലായില്ലെന്ന് തോന്നുന്നു ഗായത്രി?

എത്ര ആലോചിച്ചിട്ടും ഓർമ്മ വന്നില്ല, അത് പുറത്ത് കാട്ടുന്നത് ശരിയല്ലെന്ന ധാരണയിൽ മിണ്ടാതെ അന്തംവിട്ടയെന്നെ നോക്കിയവൻ ഒരു ചോദ്യം നീയിപ്പൊഴും ആൾക്കാരെ കാലിലേക്ക് ചൂടുവെള്ളം ഒഴിക്കാറുണ്ടോന്ന്?

അതും പറഞ്ഞ് നുണക്കുഴി വിടർത്തി മനോഹരമായി ചിരിച്ചു

ഓർമ്മകളിലവൻ തെളിഞ്ഞ് വന്നു ആദർശ്

കളിക്കൂട്ടുകാരൻ ഒരേ ക്ലാസിലിരുന്നു പഠിച്ചവൻ, പൊതിച്ചോറു പങ്കിട്ടു കഴിച്ചവൻ നെല്ലിക്ക തന്ന് പറ്റിച്ചവൻ

കഞ്ഞിയും പയറും പാത്രത്തിൽ വാങ്ങി കൊണ്ട് വെച്ചു കൈ കഴുകാൻ പോയ സമയം അവനതിൽ നല്ല ചീനമുളക് ഒളിപ്പിച്ചിരുന്നു അറിയാതെ എടുത്ത് കഴിച്ച ഞാൻ എരിവ് കാരണം ചാടികളിച്ചു…….

അത് കണ്ട് ചിരിച്ച അവനെ കഞ്ഞിപ്പുരയിലെ കലത്തിലെ ചൂടുവെള്ളം ഗ്ലാസിലാക്കി കാലിലൊഴിച്ചു.

വേദന കൊണ്ട് പുളഞ്ഞയവനെ പുഛത്തിലൊന്ന് നോക്കി ഞാൻ, ഭക്ഷണം വെക്കുന്ന മറിയാത്ത എന്നെ ഒരു പാട് ചീത്ത പറഞ്ഞു:…

രണ്ട് ദിവസമവൻ വന്നില്ല ആ രണ്ട് ദിവസം വല്ലാത്ത വിഷമമായിരുന്നു അവൻ്റെ വീട്ടിലേക്ക് പോകാൻ പേടിയായിരുന്നു അവൻ തൻ്റെ പേര് പറഞ്ഞിട്ടുണ്ടാവുമോ…..

മൂന്നാം ദിവസം അവൻ വന്ന് കയറിയപ്പോൾ ഒളികണ്ണിട്ടവനെ നോക്കി

കാലിൽ മുറിവ് വല്ലാത്ത വിഷമം വന്നു ദൂരെ മാറി നിന്ന് കരഞ്ഞപ്പോൾ അവൻ കളിയാക്കി ചിരിച്ചു……..

അഞ്ചാം ക്ലാസിൽ തനിക്കവനെ നഷ്ടമായി അവർ പുതിയ വീട് വാങ്ങി സ്ഥലം മാറിപ്പോയി,

ടീ അവൻ്റെ വിളിയിൽ ഞാൻ പൊട്ടിച്ചിരിച്ചു

നീയെന്താടി സ്വപ്നം കാണുകയാണോ?

നീ ഒരുപാട് മാറി ആദർശ് എനിക്കൊട്ടും മനസിലായില്ല അമ്പരപ്പ് മാറാതെ ഞാൻ പറഞ്ഞൊപ്പിച്ചു.

നീ വാ നമുക്ക് പുറത്ത് പോയി സംസാരിക്കാം….

അന്നത്തെ അവൻ്റെ പുഞ്ചിരി ഇന്ന് കൂടുതൽ മനോഹരമായിട്ടുണ്ട്

അവനിപ്പൊ അമേരിക്കയിലാണ് എഞ്ചിനീയറിംഗ് കഴിഞ്ഞു ജോലി കിട്ടി…..

കല്യാണ ആലോചനകൾ മുറുകുന്നുണ്ട്.

ടീ പോത്തേ നിന്നെ ഞാൻ ഈ വേഷത്തിൽ കാണുമെന്ന് കരുതിയില്ല നിൻ്റെ കല്യാണം കഴിഞ്ഞോ?

ഇല്ല

വിഷയം എന്നിലേക്ക് നീളുമെന്ന ഞാൻ പതുക്കെ അവിടം നിന്ന് മുങ്ങാൻ തീരുമാനിച്ചു

കുടുംബത്തിലെ ഒരാൾക്ക് വേണ്ടി ബാങ്ക് വരെ വന്നതാണെന്നും ഒരു ഓഫീസിൽ സെയിൽസ് മാനേജരാണെന്നുമൊക്കെ തട്ടി വിട്ടു വല്ലാണ്ട് പുഞ്ചിരിക്കാൻ നോക്കിയെങ്കിലും മനസിൽ വല്ലാത്ത വിഷമം..

വീട്ടിലേക്ക് വരാമെന്ന് പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടിയെങ്കിലും പുറത്ത് കാണിച്ചില്ല…..

എന്തെങ്കിലും കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ വേണ്ടെന്ന് നിരസിച്ചു പോരാൻ നേരം അവൻ നമ്പർ തന്നിരുന്നു…..

ഒരു ഓട്ടോക്ക് കൈ കാണിച്ചു ഞാൻ കയറി അവനവിടെ ഓട്ടോമറയുന്ന വരെ നോക്കി നിൽപ്പുണ്ടായിരുന്നു ആകെ ആശ്വാസം വീടെവിടെയാണെന്ന് അവനറിയില്ലെന്നും എൻ്റെ നമ്പർ അവൻ്റടുത്തില്ലെന്നുമായിരുന്നു

അവൻ തന്ന നമ്പർ ഡിലീറ്റ് ചെയ്തു. വീട്ടിലെത്തിയിട്ട് വല്ലാത്ത ഒരു മൂകത പണ്ടത്തെ ബാല്യത്തിലേക്ക് പോകാനൊരു കൊതി.

പ്രാരാബ്ധമില്ലാതെ പട്ടം പോലെ പറന്ന് നടക്കാമായിരുന്നു

നാളെ നേരത്തെ പാടത്തു പോയി വിത്തു നടണം ഓരോന്നോർത്ത് എപ്പോഴോ മയങ്ങിപ്പോയി

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

പലയിടത്ത് നിന്നും ആദർശിനെ കണ്ടെങ്കിലും മൈൻഡ് ചെയ്യാതെ നടന്നു

ഒരു വേള അമ്പലത്തിൽ പോകുന്ന വഴിയിൽ അവൻ കാത്തു നിൽപ്പുണ്ടായിരുന്നു

മുഖത്തെ ചിരിയില്ല, ഗൗരവത്തിൽ നോക്കി അവൻ വേഗത്തിൽ ബൈക്കുമെടുത്ത് പാഞ്ഞു പോയി………

ബാങ്കിൽ നിന്നു വിളി വന്നപ്പോഴേ ഊഹിച്ചു പണമടക്കാനാവുമെന്ന് പശുക്കളെ വിറ്റ പണം തട്ടിക്കൂട്ടി ഒരു മാസത്തെ അടവിനുള്ളത് കരുതി അനിയത്തിയേം കൂട്ടി പുറപ്പെട്ടു…..

മാനേജർ വിളിക്കുന്നുവെന്ന് കേട്ടപ്പോഴേ കാൽ കൂട്ടിയിടിക്കാൻ തുടങ്ങി അദ്ദേഹത്തിൻ്റെ റൂമിൽ പുറംതിരിഞ്ഞാരോ നിൽപ്പുണ്ട്.

പേടിച്ച് വിറച്ച് നിന്ന എന്നോട് ഇരിക്കാൻ ആംഗ്യം കാട്ടി കൂടെയുള്ള ആളെ കണ്ട് ഞാൻ ഒരു അളിഞ്ഞ ഇളി പാസാക്കി.

ആദർശ്

അവൻ്റെ ഭാവം കണ്ടാൽ എന്നെ ഈ ലോകത്ത് കണ്ട പരിചയമെ ഇല്ല.

ലോണെന്നടക്കും ഗായത്രി?

മാനേജരുടെ വാക്കിൽ ഞാൻ ഒരു മാസത്തെ അടക്കാം ബാക്കി കുറച്ച് ദിവസം കഴിഞ്ഞെന്നും വിക്കി പറഞ്ഞൊപ്പിച്ചു….. ധൃതിയിൽ ഒരു മാസം എന്നത് ഒരു വർഷം എന്നായത് ഞാൻ ശ്രദ്ധിച്ചില്ല

വാട്ട് ഒരു വർഷമോ? മാനേജർ ചുളിഞ്ഞ മുഖത്തോടെ നോക്കി

സോറി സാർ ഒരു മാസം….. അതും പറഞ്ഞ് ഞാൻ ആദർശിനെ ഒന്ന് നോക്കി,

അവൻ ചിരി വന്നിട്ട് പാടുപെടുണ്ട്

തെണ്ടി

ആക്കി ചിരിക്കാണ്

എന്നിട്ടവിടെനിന്നവൻ ധൃതിയിൽ പോയി…..

പിന്നീട് മാനേജർ പറഞ്ഞ വാക്ക് കേട്ടതോടെ ഞാനാകെ തരിച്ചു.

ലോണിൻ്റെ അടവ് മുഴുവൻ ആദർശ് അടച്ചെന്ന് പിന്നീട് പറയുന്നതൊന്നും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല അവിടെയാകെ തിരഞ്ഞെങ്കിലും അവനെ കണ്ടില്ല…..

അനിയത്തി എൻ്റെ വെപ്രാളം കണ്ടിട്ട് എന്താന്ന് ചോദിച്ച് കാര്യമറിഞ്ഞ അവളും ആകെ അന്തം വിട്ട് നിൽക്കുകയാണ്

മനസ് നിറയെ അവനെ ഒന്ന് കാണണമെന്ന ചിന്ത നമ്പർ ഡിലീറ്റ് ചെയ്തതിൽ വല്ലാണ്ട് ഖേദിച്ചു.

കുറെ കാലം അവൻ്റെ ഒരു വിവരവുമില്ല

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

എന്തു പറ്റി ചേച്ചി ഡ്രസ് മാറി തലകുനിച്ചിരിക്കുന്ന എന്നെ നോക്കിയവൾ റീന ചോദിച്ചു

പയ്യനെ ഇഷ്ടമായില്ലെ????

നിനക്കറിഞ്ഞൂടെ എനിക്കൊരു വിവാഹത്തിനും സമ്മതമില്ലാന്ന് നിങ്ങളൊക്കെ കൂടി കേൾക്കുന്നില്ലല്ലോ?

അയ്യേ ൻ്റെ ചേച്ചിക്കുട്ടി കരയാണോ? ഇത്രയും നാൾ ഞങ്ങൾക്ക് വേണ്ടിയല്ലെ ജീവിച്ചെ

ഇനി ചേച്ചിക്കൊരു ജീവിതം ഉണ്ടാവട്ടെ,

അതും പറഞ്ഞവൾ പോയി.

കാണാൻ വന്ന പയ്യൻ്റെ വീട്ടുകാർക്ക് ഇവിടെസാമ്പത്തികം പോരാന്നും പറഞ്ഞ് വിളി വന്നു.

പാടത്തെ പച്ചക്കറിക്ക് വളം കൈയ്യിലെടുത്ത് വിതറുമ്പോഴാണ് റീന ഓടി വന്നത്. ആദർശ് ചേട്ടൻ വന്നിരിക്കുന്നു

ഓടുകയായിരുന്നു അത് വരെ അടക്കിപ്പിടിച്ച സങ്കടം അണപൊട്ടിയൊഴുകി മേലാകെ അഴുക്കാണ് അതൊന്നും വകവെച്ചില്ല….

കുറച്ച് ചീരയും, ഇളയ ചിരങ്ങയും പൊട്ടിച്ച് വയർ നിറച്ചുണ്ടിട്ടെ ആ കള്ള ചെറുക്കനെ വിടൂ…..

മുറ്റത്തെത്തിയിട്ടും കിതപ്പ് മാറുന്നുണ്ടായിരുന്നില്ല.

വലിയ കാർ കണ്ടു, കൈയ്യും, മുഖവും കഴുകി

അവൻ പോവാനായി നിൽക്കുകയാണ് ടാ ചോർ തിന്നിട്ട് പോകാം ഇതൊക്കെ ഞാൻ നിനക്ക് പൊട്ടിച്ചതാ

ഒരു പത്ത് മിനുറ്റ് ഞാൻ ഉണ്ടാക്കട്ടെ

വേണ്ട നീ ബുദ്ധിമുട്ടണ്ട നാളെ ഞാൻ അമേരിക്കയിലോട്ട് പോവും, വൈകിട്ടാ ഫ്ലൈറ്റ് അച്ഛനെ ഒന്ന് കണ്ട് പോവാം കരുതി വന്നതാ

എന്ന് നീ നേര് പറഞ്ഞ് തുടങ്ങുന്നുവോ അന്ന് മിണ്ടിയാ മതി നീയിത്ര മാറുമെന്ന് ഞാൻ വിചാരിച്ചില്ല

അതും പറഞ്ഞവൻ കാറിൽ കയറി പോയി ഞാൻ തളർന്നവിടെ ഇരുന്നു

അന്ന് അവനോട് നുണ പറയണ്ടായിരുന്നു ഒന്നും അവനെ അറിയിക്കണ്ട എന്ന് മാത്രേ അന്ന് കരുതിയുള്ളൂ.

അമ്മയും, അച്ഛനും എന്തൊക്കെയോ പറഞ്ഞെങ്കിലും ഞാൻ മിണ്ടാതെ അകത്ത് കേറി പൈപ്പ് തിരിച്ചു കുറെ കരഞ്ഞു

ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും പോയില്ല അങ്ങനെ ഉറങ്ങിപ്പോയി.. കതകിലെ മുട്ട് കേട്ട് തുറന്നപ്പോൾ മുന്നിൽ ആദർശാണ്

പൊടുന്നനെ അവൻ്റെ കൈ മുഖത്ത് തേച്ചു പലതരത്തിലുള്ള കളറെൻ്റെ മുഖത്ത് പരന്നു…

പിറകിൽ നിന്നും എല്ലാവരുടെയും പൊട്ടിച്ചിരികേട്ടു

അച്ഛാ ഒരു സെയിൽസ് മാനേജർ നിക്കുന്ന നിപ്പ് കണ്ടോ

തള്ളുമ്പൊ ഒരു മയത്തിലൊക്കെ തള്ളണ്ടെ അല്ലെയച്ഛാ

അച്ഛൻ ചിരിക്കുമ്പോൾ ബലമായി തള്ളിയവനെ വാതിലടച്ചു ചമ്മൽ കാരണം പുറത്ത് വന്നില്ല.

മെസേജ് വന്നപ്പോൾ ഫോണെടുത്ത് നോക്കി ടീ കൂറെ നീ മാത്രം അങ്ങനെ വല്യ ആളാവണ്ട…..

ഇപ്പൊ മനസിലായില്ലെ നമുക്ക് വേണ്ടപ്പെട്ടവർ മിണ്ടാതെ നടന്നാൽ നല്ല സന്തോഷമാവുമെന്ന് അതൊന്ന് മനസിലാക്കാനാ ഞാനിന്നലെ അങ്ങനെ ചെയ്തെ…

അന്ന് അച്ഛൻ സ്കൂൾ മാറ്റി കൊണ്ട് പോകുമ്പോൾ നിന്നെ പിരിഞ്ഞ വിഷമമായിരുന്നു

ആ മോഹം നാൾക്കുനാൾ വർധിച്ചു പ്രണയമായി മാറി…. നിന്നെ കാണണമെന്ന മോഹവും പെരുത്തു .

അമ്മയുടെ നിർബന്ധത്തോടെ ഓരോ പെണ്ണ് കാണലിനും സാക്ഷിയായി, അവിടെയൊന്നും മനസിനിണങ്ങിയ ഒരാളെ കണ്ടില്ല നിൻ്റെ സ്ഥാനത്ത് വേറൊരു പെണ്ണിനെ ആലോചിക്കാൻ കൂടി പറ്റുന്നില്ലെന്ന് മനസിലായി

പിന്നീടങ്ങോട്ട് നിന്നെ തേടിയുള്ള യാത്ര അന്ന് ബാങ്കിൽ നിന്നെ കണ്ടപ്പോൾ അത്ഭുതപ്പെട്ടു ഞാൻ ദൈവത്തോട് നന്ദി പറഞ്ഞു.

നിൻ്റെ സംസാരത്തിൽ നിന്ന് മനസിലായി നീ കള്ളം പറയാന്ന് ‘

ആ മാനേജർ എൻ്റെ സുഹൃത്താണ് അവൻ വഴി നിൻ്റെ കാര്യങ്ങൾ അന്വേഷിച്ചു.

നിന്നെ പിന്തുടർന്ന് ഞാനുണ്ടായിരുന്നു നിൻ്റെ ഓരോ പ്രവർത്തിയും നിൻ്റെ പ്രാരാബ്ധങ്ങളും കേട്ടപ്പോൾ ഇഷ്ടം കൂടിയിട്ടെ ഉള്ളൂ

നീയെന്താ കരുതി കുറെ പണം വന്നാൽ ഞാനും മാറുമെന്നോ? പണത്തേക്കാളും വലുത് മനുഷ്യൻ്റെ നന്മയാണ് എന്നാണ് എൻ്റച്ഛൻ പഠിപ്പിച്ചെ

എന്നെ ഇഷ്ടമാണേൽ കാത്തിരിക്കണം ഞാൻ വരും ഈ കുറുമ്പിയെ സ്വന്തമാക്കാൻ…:

മെസേജ് വായിച്ചപ്പോഴേക്കും കണ്ണ് നിറഞ്ഞിരുന്നു.

ജനലിലൂടെ കണ്ടു അവൻ യാത്ര പറഞ്ഞ് പോകുന്നത് ഒരു പുഞ്ചിരിയോടെ അവൻ്റെ മിഴികൾ പായുന്നുണ്ടിങ്ങോട്ട്

അവൻ വരുന്ന ദിവസത്തിനായ് എൻ്റെ ഇഷ്ടം പറയാൻ ഞാനും ദിനമെണ്ണി ഇരിക്കുകയാണ്

ശുഭം

സ്നേഹത്തോടെ

രചന: Sumi Jabar

Leave a Reply

Your email address will not be published. Required fields are marked *