അവര് പെണ്ണ് കാണാൻ വരുമ്പോൾ നീ ഇങ്ങനെ ഈ കരിവള ഒക്കെ ഇട്ടോണ്ടിരുന്നാൽ എങ്ങനാ…

രചന: റ്റിജോ തോമസ്

മോളെ അവര് പെണ്ണ് കാണാൻ വരുമ്പോൾ നീ ഇങ്ങനെ ഈ കരിവള ഒക്കെ ഇട്ടോണ്ടിരുന്നാൽ എങ്ങനാ? സുമ തന്റെ മകൾ മീനാക്ഷിയോട് ചോദിച്ചു. ചെറുക്കൻ പണ്ട് നിന്റെ സീനിയർ ആയിട്ടു പഠിച്ചതൊക്കെ ആയിരിക്കും പക്ഷെ ഇപ്പോ ആള് പുറത്തൊക്കെ ആയിരുന്നില്ലേ. അപ്പോ അവരൊക്കെ വരുമ്പോൾ എന്റെ മോളും കുറച്ചു മോഡേൺ ആണെന്ന് തോന്നണ്ടേ.

സുമതി വീണ്ടും പറഞ്ഞു.

എന്റെ അമ്മേ ഹരിയേട്ടനെ എനിക്കു പണ്ട് മുതലേ അറിയുന്നതല്ലേ, ആൾക്ക് ഈ കരിവള എന്ന് വച്ചാൽ ജീവനാണ്. ഞങ്ങൾ കോളേജിൽ വച്ചു പരിചയപെട്ടപ്പോഴേ പുള്ളി ആദ്യം ചോദിച്ചത് ഈ കരിവളയെ കുറിച്ചാ. അതിന് ശേഷം പുള്ളി എനിക്കെത്രയോ കരിവള കവിതകൾ തന്നിട്ടുണ്ടെന്നോ. അന്നു മുതലേ ഹരിയേട്ടന് എന്നോട് എന്തോ ഒരു സം തിങ് പോലെ ഉണ്ടെന്ന് എനിക്കു തോന്നിയിരുന്നു. പക്ഷെ പുള്ളി എന്നോട് ഒന്നും പറഞ്ഞിട്ടും ഇല്ല ഞാൻ ഒന്നും ചോദിച്ചിട്ടും ഇല്ല.

കോളേജ് കഴിഞ്ഞിട്ടും ഞങ്ങൾ കോൺടാക്ട് ഉണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് കല്യാണം ആയൊന്നു ഹരിയേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം ആണ് ഞാൻ പറഞ്ഞെ എനിക്കു കല്യാണം നോക്കുന്നുണ്ട് എന്ന്. അപ്പോഴാ പുള്ളി എടുത്തടിച്ച പോലെ ചോദിച്ചേ അച്ഛനേം അമ്മേം കൂട്ടി വരട്ടെന്നു.

ഞാൻ ആദ്യം ഷോക്ക് അടിച്ച പോലെ ആയി. ഞാൻ കരുതിയത് ഹരിയേട്ടൻ തമാശ പറയുക ആണെന്നാണ്. പിറ്റേന്ന് ഹരിയേട്ടന്റെ അമ്മ വിളിച്ചപ്പോഴെല്ല സംഗതി സീരിയസ് ആണെന്ന് മനസിലായത്.

അവസാനത്തെ കരിവളയും കൈലേക്കു കയറ്റി കൊണ്ട് മീനാക്ഷി പറഞ്ഞു.

ചേച്ചി ഇത് എത്രാമത്തെ തവണയാണ് ഈ കാര്യം തന്നെ പറയുന്നത് എന്ന് അറിയോ. പരിഷ്കാരിയായ അനിയത്തി മീനു അവിടേയ്ക്ക് വന്നു പറഞ്ഞു.

ചേച്ചി ഇങ്ങനെ കരിവളയും ഇട്ടു നാട്ടിൻ പുറത്തെ പെണ്ണിനെ പോലെ നിന്നിട്ടൊന്നും ഒരു കാര്യോം ഇല്ല, ഹരിയേട്ടൻ പണ്ട് കരിവളയൊക്കെ ഇഷ്ടപ്പെട്ടിരുന്നു ശെരിയാ പക്ഷേ ഇപ്പോ പുള്ളിടെ റേഞ്ച് മാറി കാണില്ലേ. അവരെല്ലാരും കൂടി വരുമ്പോൾ ചേച്ചി ഇങ്ങനെ ഈ കുപ്പി വളയും കിലുക്കി നിന്നോ നല്ലത് രസം ആയിരിക്കും.

മീനു ചിരിച്ചു കൊണ്ട് പറഞ്ഞു.

നീ പൊടി പെണ്ണെ ഹരിയേട്ടനെ എനിക്ക് അറിയാം. മീനാക്ഷിയും വിട്ടു കൊടുത്തില്ല.

രണ്ടും കൂടി തുടങ്ങിക്കോ ഇനി. ഉമ്മറത്തു നിന്നു അച്ചൻ നാരായണന്റെ അല്പം കടുപ്പം ഉള്ള ശബ്ദം.

നിങ്ങടെ അല്ലെ മക്കൾ എങ്ങനെ നിർത്താനാ. സുമതിയമ്മ കിട്ടിയ ഗ്യാപ്പിൽ ഒരു ഗോൾ അടിച്ചു.

ശെടാ ഇതിപ്പോ വാദി പ്രതി ആയോ? നാരായണൻ ചേട്ടൻ സ്വയം പറഞ്ഞു.

രണ്ടു കയ്യിലും കരിവളകൾ ഇട്ടു മീനാക്ഷി അപ്പോഴും കണ്ണാടിയുടെ മുന്നിൽ തന്നെ ആയിരുന്നു. അവൾക്ക് ആ കരിവള കിലുക്കം ഒരുപാട് ഇഷ്ടം ആയിരുന്നു. മാൻ പെട മിഴകൾക്ക് അഴകേകാൻ കറുത്ത വഴികൾ അവൾ വെട്ടിയിരുന്നു.ചെറിയ നുണക്കുഴികൾ ചിരിക്കും ഭംഗിയേകി.

അവൾ ഹരിയെ കാത്തിരുന്നു..

സുമതി ദേ അവരിങ്ങെത്തി. ഉമ്മറത്തു നിന്നുള്ള അച്ഛന്റെ വിളി ആദ്യം എത്തിയത് മീനാക്ഷിയുടെ ചെവികളിൽ ആണ്.

അവൾ ജനാല തുറന്നു ഒളികണ്ണ് എറിഞ്ഞു. കാറിൽ നിന്ന് ഇറങ്ങിയ ഹരിയും അവളെ തിരയുകയായിരുന്നു.

വാ കയറിയിരിക്ക്. മീനാക്ഷിയുടെ അച്ഛൻ എല്ലാവരെയും ക്ഷണിച്ചു.

ഹരിക്കൊപ്പം അച്ഛനും അമ്മയും ഹരിയുടെ ചേച്ചിയും ഭർത്താവും കുഞ്ഞും ഉണ്ട്.

എല്ലാവരും കയറി ഇരുന്നു.

യാത്രയൊക്കെ എങ്ങനെ സുഖം ആയിരുന്നോ? സുമതിയമ്മ ഹരിയുടെ അമ്മയോട് കുശലം തിരക്കി.

മം തരക്കേടില്ല ഇറങ്ങിയപ്പോൾ നല്ലത് മഴക്കോള് ഉണ്ടായിരുന്നു.

ഹരിയുടെ അമ്മ സൗദാമിനി പറഞ്ഞു.

കുശലം പറച്ചിലകൾക്കിടയിലും ഹരി അവളെ തിരഞ്ഞു. എത്ര നാൾ കൂടിയാണ് നേരിൽ കാണുന്നത്.

ഹരിയേട്ടൻ പണ്ടത്തെ പോലെ തന്നെ ഇത്തിരി തടി ഉണ്ടെന്നേ ഉള്ളു. ഫോട്ടോയിൽ കാണുന്ന പോലെ അല്ല ആള്. അവൾ തലേന്ന് കൂടി ഹരി അയച്ച ഫോട്ടോസ് നോക്കിയിട്ട് ആത്മഗതം പറഞ്ഞു.

സുമതി എന്ന മോളെ വിളിക്കു. നാരായണൻ ചേട്ടൻ ഒരു അച്ഛന്റെ ഉണർവോടെ തന്നെ പറഞ്ഞു.

സുമതിയമ്മ അകത്തേക്ക് പോയി. ചായയുമായി മീനാക്ഷി വന്നു പിന്നാലെ അനിയത്തി മീനുവും അമ്മയും ഉണ്ടായിരുന്നു പലഹാരങ്ങളുമായി.

ഹരിയുടെ നേർക്ക് അവൾ ചായ നീട്ടി. കയ്യിലെ കുപ്പിവളകൾ നേരിയ ശബ്ദത്തിൽ ചിരിച്ചു. അവൾ ഹരിയുടെ കണ്ണുകളിലേക്കു നോക്കി ഹരി അവളെയും.

മീനാക്ഷി മെല്ലെ അമ്മയുടെ അടുത്തേക്ക് മാറി നിന്നു.

ഈ കുട്ടി ഇപ്പോഴും കരിവള ഒക്കെ ആണോ ഇടുന്നെ. ഹരിയുടെ അമ്മ അവളുടെ കൈകളിൽ നോക്കി ചോദിച്ചു. ഇന്നത്തെ കാലത്തു ഇതൊക്കെ ആരാ ഇടുന്നെ.

അത്‌ ഞാൻ ഹരിയേട്ടന് ഇഷ്ടം ആയത് കൊണ്ട്.. അവൾക്കു സങ്കടം ആയി പെട്ടന്ന്.

എന്റെ മീനാക്ഷി അതൊക്കെ പണ്ട് അല്ലെ. അന്ന് എനിക്കു ഇഷ്ടം ആണെന്ന് വച്ചു ഇപ്പോ ഈ കരിവള ഒക്കെ ഏത് പെൺകുട്ടികൾ ആണ് ഇടുന്നത്. കാലത്തിനു അനുസരിച്ചു കോലം മാറണ്ടേ.

ഹരിയുടെ ആ ചോദ്യം അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇന്നലെയും കൂടി വിളിച്ചപ്പോഴും ഇന്ന് തങ്ങൾ വരുമ്പോൾ കരിവളകൾ ഇടണം എന്ന് പറഞ്ഞ ആള് ആണോ ഈ പറയുന്നത്.

അവൾക്കു കരച്ചിൽ വന്നു..

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇവര് കണ്ടം വഴി ഓടുമെന്ന്.. അനിയത്തി മീനു സുമതിയമ്മയുടെ കാതുകളിൽ മെല്ലെ പറഞ്ഞു.

ഒന്ന് മിണ്ടാതിരി പെണ്ണെ.. സുമതി മീനുവിന്റെ കൈയിൽ നുള്ളി കൊണ്ട് പറഞ്ഞു.

എന്താ മീനു മോൾ പറഞ്ഞെ. ഹരിയുടെ അമ്മ ചോദിച്ചു. ഹേയ് അവൾ വെറുതെ..

സുമതിയമ്മ ചിരിച്ചു.

പാഷാണത്തിൽ കൃമി നിനക്കിട്ടു ഞാൻ വച്ചിടുണ്ട്. മീനാക്ഷി പല്ലുകൾ ഞെരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.

വെറുതെ അല്ല ആന്റി, ഇന്നത്തെ കാലത്തു ഈ കരിവള ഒക്കെ ആറു ഇടനാ, ഏത് ആൺപിള്ളേർക്ക് ആണ് ഇതൊക്കെ ഇപ്പോ ഇഷ്ടം ഉള്ളത് അതാ ഞാൻ പറഞ്ഞെ.

ശബ്ദം ഒട്ടും കുറയ്ക്കാതെ മീനു പറഞ്ഞു.

അത്‌ കേട്ട് ഹരിയും അച്ഛനും അമ്മയും എല്ലാം ചിരി തുടങ്ങി.

മീനാക്ഷി ആണേൽ കരച്ചിലിന്റെ വക്കിൽ എത്തി. അവൾ ഹരിയെ നോക്കുന്നു കൂടി ഇല്ല.

കരിവളകൾ കൊള്ളില്ലന്ന് ആരാ പറഞ്ഞെ.

ഹരിയുടെ അമ്മ ചോദിച്ചു. മീനാക്ഷി അത്‌ കേട്ടു ഞെട്ടി മുഖം ഉയർത്തി സൗദാമിനിയെ നോക്കി.

എന്റെ പൊന്നു മോളെ ഇവൻ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചോണ്ടു വന്നതാ ഇങ്ങനെ ആക്ട് ചെയ്യണം എന്ന്. എന്നെ കൊണ്ട് മോൾടെ ആ നിഷ്കളങ്ക മുഖത്തു നോക്കി ഇതിൽ കൂടുതൽ പറ്റില്ല.

സുമതിയമ്മ ക്ഷമിക്കണം ഇവന്റെ ഓരോ കുസൃതി ആണ് ഇതൊക്കെ. സൗദാമിനി എഴുന്നേറ്റു മീനാക്ഷിയുടെ അടുത്തെത്തി.

മീനാക്ഷി ഹരിയെ ഒരു നോട്ടം നോക്കി.. ഹരി അപ്പോഴും ആ കുസൃതി ചിരിയിൽ തന്നെ ആയിരുന്നു.

എന്റെ മോൾക്ക് വിഷമം ആയോ. സൗദാമിനി അവളുടെ മുഖം ഉയർത്തി ചോദിച്ചു. അങ്ങോട്ട്‌ വരുമ്പോൾ ഈ വളകൾ ഒക്കെ ഇവിടെ വച്ചേക്കു കേട്ടോ.

ആ പറഞ്ഞത് കേട്ടു മീനാക്ഷി പിന്നെയും സൗദാമിനിയുടെ മുഖത്തേക്ക് നോക്കി.

അല്ല, അവിടെ നമ്മുടെ വീട്ടിൽ അമ്മേടെ രണ്ടു പെട്ടി കരിവളകൾ ഉണ്ട് ഇനി മോൾ അത്‌ ഇട്ടാൽ മതി. ആ പറഞ്ഞത് കേട്ടു എല്ലാവരും ചിരിച്ചു.

മീനാക്ഷിയും.

ഞങ്ങൾക്ക് മോഡേൺ ഒന്നും ആവണ്ട ഞങ്ങളെ സ്നേഹിക്കാനും ഞങ്ങൾക്ക് സ്നേഹിക്കാനും ഒരു മോളെ മതി.

സൗദാമിനി മീനാക്ഷിയുടെ നെറുകയിൽ തഴുകി കൊണ്ട് പറഞ്ഞു.

ഹരി പറഞ്ഞത് കേട്ടപ്പോൾ ഇത്രയും വായാടി ആണെന്ന് ഓർത്തില്ല, ഹരിയുടെ അച്ഛൻ മീനുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

കൂടെ എല്ലാവരും ചിരിച്ചു.

മീനു ഇളിഭ്യ ആയി എല്ലാവരെയും നോക്കി.

ആദ്യരാത്രിയിൽ ഹരിയുടെ മുറിയിൽ നിന്നു കുപ്പിവളകൾ ചിരിച്ചു കൊണ്ടേയിരുന്നു. ഓരോ ആലിംഗനത്തിലും ഓരോ ചുംബനത്തിലും ആ കരിവളകൾ നാണത്താൽ മുഖം നോക്കാതെ തൊട്ടുരുമ്മി പ്രണയിച്ചു കൊണ്ടേയിരുന്നു നേർത്ത ശബ്ദത്തോടെ.

– ശുഭം –

രചന: റ്റിജോ തോമസ്

Leave a Reply

Your email address will not be published. Required fields are marked *