ആദ്യമൊക്കെ ഹരിയേട്ടന്റെ അമ്മയ്കും അച്ചനും നല്ല സ്നേഹമായിരുന്നു പിന്നെ പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റമായി…

രചന: Daksha Ganesh

🌺ഇന്നല്ലെങ്കിൽ….. നാളെ…🌺

ഹരിയേട്ടനിൽ നിന്നുള്ള ഓരോ വാക്കുകളും ദേവിയിൽ അത്രമേൽ ആഴത്തിൽ ആഴ്ന്നിറങ്ങി ചങ്കിൽ കത്തി കൊണ്ട് കുത്തി നോവിച്ചാലെന്ന വണ്ണം വേദനിക്കുന്നുണ്ട് കണ്ണും മനസും ഒരു പോലെ നീറുന്നു ഹരിയേട്ടന്റെ കൈത്തലം പതിഞ്ഞ കവിളിണയിൽ വിരൽ ചേർത്തു മോനൂട്ടൻ വിങ്ങി പൊട്ടി കൊണ്ട് തന്നെ നോക്കി നില്പുണ്ട് എന്റെ മിഴിയൊന്നു പൊട്ടിയൊലിച്ചാൽ അവനിൽ പേമാരി പെയ്തു തുടങ്ങും അതറിയാവുന്നത് കൊണ്ട് കരയാതിരിക്കാൻ കിണഞ്ഞു ശ്രമിച്ചു അവനെ ചേർത്തു പിടിച്ചു ആ നെറുകയിൽ ചുണ്ടമർത്തി കണ്ണുകൾ അടച്ചിരുന്നു

സങ്കടം ഒട്ടൊന്നടങ്ങിയപ്പോൾ മോനെ മടിയിൽ നിന്നും അടർത്തി മാറ്റി “അമ്മേ…” വിളി കേട്ടപ്പോൾ ആ കുരുന്നു മുഖത്തേക്ക് സൂക്ഷിച്ചു നോക്കി “നാനും ചേച്ചിക്കുട്ടീം ചില്ല് പൊട്ടിച്ചോണ്ടല്ലേ അപ്പാ തല്ലിയെ സോറി അമ്മേ “ഉണ്ടക്കണ്ണുകളിൽ ഒരു കൊട്ട വെള്ളം നിറച്ച് അവനത് പറഞ്ഞപ്പോൾ അറിയാതെ ഉള്ളം തേങ്ങി

“എന്റെ പൊന്നു മക്കളോട് എന്നും പറയുന്നതല്ലേ അമ്മ കുരുത്തക്കേട് കളിക്കരുതെന്ന്”

“ഇനി ഒന്നും ചെയ്യൂലാ മേ അറിയാതെ പറ്റിയത് ” കണ്ണീർ പാട് വീണ മുഖത്തോടെ മൂത്തവൾ ശ്രേയ വന്നു അവളെ ചുറ്റിപ്പിടിച്ചു

“സാരല്ല” രണ്ടു പേരെയും സമാധാനിപ്പിച്ചു കവിളിൽ ഓരോ മുത്തവും നൽകിയപ്പോൾ രണ്ടാളും ഹാപ്പിയായി പുറത്തേക്ക് ഓടി ആ പോക്കും നോക്കി ദേവി പുഞ്ചിരിച്ചു ഇനി അടുത്ത കുരുത്തക്കേട് ഒപ്പിച്ചിട്ട് മാപ്പ് പറയാൻ ആവും വരിക

പുറം തിരിഞ്ഞു അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങിയതും മുന്നിലെ നിലക്കണ്ണാടിയിൽ അവളുടെ പ്രതിരൂപം കണ്ട് അവളൊരു നിമിഷം നിന്നു വെളുത്ത കവിളിൽ കൈ വിരൽ പാടുകൾ ചുവന്നു കിടക്കുന്നു അതിലൂടെ വിരൽ ഓടിച്ചതും കണ്ണീർ അണപൊട്ടി ഒഴുകി

മക്കളുടെ കുരുത്തക്കെടുകൾക്കെല്ലാം പഴി കേള്ക്കുന്നത് സ്വാഭാവികമാണ് …പക്ഷേ… തല്ലിയത് ഇത് ആദ്യമായാണ് അടി കൊണ്ടതിനെക്കാൾ വേദന ആ വായിൽ നിന്നും വീണ വാക്കുകൾക്ക് ആയിരുന്നു മോനൂട്ടനെ അടിക്കാൻ ഒരുങ്ങിയപ്പോഴാണ് മുന്നിൽ കയറി തടസ്സം നിന്നത് അതിന് കവിളടക്കം ഒന്നു തന്നു ” നീ വരുമ്പോൾ ഒരു ചില്ലി കാശ് നിന്റെ വീട്ടിന്ന് കൊണ്ടു വന്നിട്ടില്ല ഇതൊക്കെ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ പിള്ളേര് നശിപ്പിക്കുന്നതിനെല്ലാം കൂട്ട് നിൽക്കാൻ ആണ് ഭാവമെങ്കിൽ നിന്റെ തറവാട്ടിന്ന് വല്ലോം കൊണ്ടിട്ടു കൊടുക്കണം ….നിന്റെ അപ്പനും അമ്മയ്ക്കും നിന്നെ തന്നെ വേണ്ട അപ്പോഴാ നിന്റെ മക്കളെ….” പിന്നെയും എന്തൊക്കെയോ വിളിച്ചു കൂവുന്നുണ്ട്….ചെവി ആരോ കൊട്ടിയടച്ചത് പോലെ…പിന്നെ പറഞ്ഞത് ഒന്നും വ്യക്തമായില്ല

ഹരിയേട്ടൻ പറഞ്ഞതൊക്കെ സത്യമാണ്….അവർക്ക് മകളെ വേണ്ട….. അല്ലെങ്കിൽ ഡിഗ്രീ കംപ്ലീറ് ആവുന്നതിന് മുൻപ് എവിടെന്നോ കണ്ടിഷ്ടപ്പെട്ടു വന്നതാ എന്ന് പറഞ്ഞു വന്ന കൂട്ടർക്ക് മകളെ പിടിച്ചു കൊടുക്കുമോ പഠിപ്പ് തുടരണം എന്നും എനിക്കൊരു ജോലി ആയിട്ട് മതി കല്യാണം എന്നും ഒത്തിരി പറഞ്ഞു നോക്കി കരഞ്ഞു കാലു പിടിച്ചും പട്ടിണി കിടന്നും അവരുടെ മനസ് അലിയിക്കാൻ നോക്കി പാരമ്പര്യമായി സ്വത്തുക്കൾ ഉള്ള വലിയ തറവാട്ടു കരാണെന്നും പെണ്ണിനെ മാത്രം മതി സ്ത്രീധനമായി ചില്ലി കാശു വേണ്ടന്നും ഉള്ള ചെറുക്കൻ വീട്ടുകാരുടെ പൊങ്ങച്ചം പറച്ചിലിൽ അപ്പനും അമ്മയും വീണു പോയി എന്നതാണ് സത്യം

പിന്നെയെല്ലാം എടുപിടിന്ന് ആയിരുന്നു ചോദിക്കുന്നവരോട് അവര്ക് പറയാൻ ഒരു മുടന്തൻ ന്യായവും “ഇളയത് ഒരുത്തി വളർന്നു വരുന്നുണ്ടെന്ന്” ഇളയതുങ്ങൾക് വേണ്ടി മൂത്തവളുടെ ജീവിതം ഹോമിക്കണം എന്നാണോ വെളുത്ത നിറവും മെലിഞ്ഞു നീണ്ട ശരീരവും ഉള്ള ദേവിക്ക് പൊക്കം കുറഞ്ഞു ഇരുണ്ട നിറമുള്ള ഹരിയുടെ രൂപത്തെ ചേർത്തു വയ്ക്കാൻ അവളുടെ കൂട്ടുകാർക്ക് കഴിഞ്ഞിരുന്നില്ല അവിടെയും ഉണ്ടായിരുന്നു വീട്ടുകാർക്ക് ന്യായം ചെറുക്കൻ കാണാൻ കൊള്ളില്ലെങ്കിൽ എന്താ പാരമ്പര്യമായി “ഉള്ള” തറവാട്ടുകാർ അല്ലേ ന്ന്

പറയാതെ കൊണ്ടു നടന്ന എന്റെ കുഞ്ഞു പ്രണയത്തെ മനസിൽ തന്നെ കുഴിച്ചു മൂടി വീട്ടുകാരുടെ ഇഷ്ടങ്ങൾക് വേണ്ടി തലകുനിച്ചു എവിടുന്നൊക്കെയോ തട്ടിക്കൂട്ടിയ ഇത്തിരി പൊന്നു കൊണ്ട് അവർ അവരുടെ ബാധ്യത ഇറക്കി വച്ചു പിന്നീട് അങ്ങോട്ട് ജീവിതത്തോട് പൊരുത്തപെടാനുള്ള തത്രപാടിൽ ആയിരുന്നു ജീവിതം തുടങ്ങിയപ്പോഴേ മനസിലായി തറവാടിന് പാരമ്പര്യം മാത്രമേ കൈ മുതൽ ആയുള്ളൂ എന്ന് എങ്കിലും ആരോടും പരാതി പറഞ്ഞില്ല ഹരിയേട്ടൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന തുക കൊണ്ട് മൂന്നു നേരത്തെ വിശപ്പ് അടങ്ങിയിരുന്നു

ആദ്യമൊക്കെ ഹരിയേട്ടന്റെ അമ്മയ്കും അച്ചനും നല്ല സ്നേഹമായിരുന്നു പിന്നെ പിന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റമായി പരാതി പറഞ്ഞാൽ ഹരിയേട്ടന്റെ മറുപടി അവരെന്തായാലും നിന്റെ വീട്ടുകാരെക്കാൾ ഭേദമാണ് എന്നാണ്…..

അനുജത്തിയെ അവളെ പ്രണയിച്ച ആൾക് തന്നെ കൊടുത്തു പിടിച്ച പിടിയാൽ അവള് ദേഹം മുഴുവൻ പൊന്നിട്ടു കൊണ്ടാണ് പടിയിറങ്ങിയത് അത് ഹരിയേട്ടന്റെ അമ്മയ്ക് കുത്തിനോവിക്കാൻ ഒരു കാരണവും ആയി

എല്ലാ സങ്കടങ്ങളും മനസിൽ ഇട്ട് സഹിക്കുമ്പോഴും പലർക്കും സ്വന്തം വീട് ഒരു ആശ്വാസമാണ്….പക്ഷെ എനിക്കെന്തോ അവര്ക് ഞാനൊരു അധികപറ്റാണെന്ന് പലപ്പോഴും തോന്നിരുന്നു എന്റെ വിവാഹ ശേഷം അനിയന് അവൻ പഠിച്ച കോഴ്‌സിൽ തന്നെ അത്യാവശ്യ ശമ്പളത്തിൽ ഒരു ജോലി റെഡിയായി അനുജത്തിയുടെ വിവാഹ ശേഷം അവളുടെ ചെറുക്കൻ കൂട്ടരും അത്യാവശ്യം വീട്ടുകാരെ സഹായിച്ചിരുന്നു അതോടെ ഒന്നും ഇല്ലാത്ത ഞാൻ ഒന്നിനും കൊള്ളാത്തവൾ

ഒന്നോ രണ്ടോ ദിവസത്തിന് അപ്പുറം നിന്നു പോയാൽ മാറുന്ന മുഖ ഭാവങ്ങൾ ഹരിയേട്ടനെങ്ങാനും കൂടെ നിൽക്കാൻ വന്നാൽ അന്ന് അവിടെ എന്നും ഇല്ലാത്ത ദാരിദ്ര്യം ഹരിയേട്ടന് രാത്രി ചോറിനെക്കാൾ പ്രിയം മറ്റു ഭക്ഷണങ്ങളോടാണ് എന്നാൽ ഹരിയേട്ടൻ നിന്നാൽ വീട്ടിൽ റേഷന്റെ ചോറ് മാത്രം വീട്ടുകാരുടെ അവഗണനയ്ക് ഹരിയേട്ടന്റെ അടുത്തു നിന്നുള്ള പഴി കേട്ട് തുടങ്ങിയതോടെ ഹരിയേട്ടനെ വീട്ടിലേക്ക് വരാൻ നിർബന്ധിക്കാതെ ആയി തന്നെ കൊണ്ടു വിട്ടാലും ഹരിയേട്ടൻ അവിടേക്ക് തിരിഞ്ഞു നോക്കാതെ ആയി

അനുജതിയും അനിയനും കൂടെ അറ്റ കുറ്റപ്പണികൾ ചെയ്ത് വീട് മോടിപിടിപ്പിച്ചതോട് കൂടി മക്കളെയും കൊണ്ട് തീരെ വീട്ടിലേക്ക് വരാൻ വയ്യാതെ ആയി മക്കൾക്കും അമ്മ വീടിനോടുള്ള താല്പര്യം കുറഞ്ഞു മാസങ്ങളോളം അനുജത്തിയും മക്കളും വന്നു നിന്നാലും രണ്ടോ മൂന്നോ ദിവസം നിൽക്കുന്ന ഞാൻ എന്ന് തിരിച്ചു പോവും എന്നറിയാൻ ആവും അമ്മയ്ക് തിരക്ക് കൈ നിറയെ കാശും കൊണ്ട് വരുന്നവൾ വന്നാൽ വീട്ടിലെ ചിലവ് പാതി കുറയും ഒന്നുമില്ലാത്തവൾ നിന്നാൽ ചിലവ് ഇരട്ടിക്കുകയല്ലേ ള്ളു കൈയിൽ ക്യാശുണ്ടായിട്ടും വീട്ടുകാർക്ക് വേണ്ടി ഒന്നും ചിലവാക്കാത്തവളുടെ ലിസ്റ്റിൽ അമ്മ എന്നെയും പെടുത്തി അവളെ കണ്ടു പടിക്ക് എന്ന അമ്മയുടെ ഒറ്റ വാക്കിൽ അറിയാമായിരുന്നു അമ്മയുടെ മനസിൽ എനിക്കുള്ള സ്ഥാനം

ഹരിയേട്ടന്റെ അനുജൻ ഒരു ജോലിക്കാരിയെ കല്യാണം കഴിച്ചു അവൾക് വിവാഹ ശേഷം വീട്ടുകാർ കൊടുത്ത ഇരുപത് സെന്റ് സ്‌ഥലത്ത് ചെറിയ വീട് വച്ചു അവർ മാറിയതോടു കൂടി അമ്മയുടെ മുറുമുറുപ്പ് കൂടി സഹിക്കവയ്യാതെ ഹരിയേട്ടനോട് നമുക്കുമൊരു വീടെടുത്ത് കൂടെ എന്നു ചോദിച്ചു അന്ന് അമ്മയുടെയും മകന്റെയും കൈയിൽ നിന്നും വയറു നിറയെ കേട്ടു ഞാനൊന്നും ഇല്ലാതെ കയറി വന്നവളല്ലേ എനിക്ക് അത്രയൊന്നും അര്ഹിക്കാൻ പാടില്ലല്ലോ

അനിയന്റെ ഭാര്യ ഇടയ്ക്ക് പറയും ചേച്ചിക്ക് സ്വന്തം വീട്ടിൽ പോയി നിന്നൂടെ കുറച്ചൊന്നു മാറി നിന്നാൽ ഇവരൊക്കെ താനെ ശരിയാവും ന്ന്…. തനിക്കും തോന്നിയിട്ടുണ്ട് മക്കളെയും കൊണ്ട് ഒന്നു മാറി നിന്നാൽ ഹരിയേട്ടന്റെയും വീട്ടുകാരുടെയും കാര്യത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാവുമെന്ന്…. പക്ഷേ എവിടെ പോവും …. പോകാൻ ഇടമില്ലാത്തവൾക്ക് അവഗണനകളും അപഹസ്യങ്ങളും കൂടുതൽ സഹിക്കേണ്ടി വന്നത് മിച്ചം…

രണ്ട് വീട്ടുകാർക്കും പറയാൻ ന്യായങ്ങൾ ഒരുപാട് ഉണ്ട് ഹരിയേട്ടന്റെ വീട്ടുകർക് ഞാൻ വെറും കൈയോടെ കടന്നു വന്നവൾ വേലയും കൂലിയും ഇല്ലാത്തവൾ എന്റെ വീട്ടുകാർക് ഞാൻ കാൽ കാശിന് ഉപകാരം ഇല്ലാത്തവൾ കാര്യപ്രാപ്തി ഇല്ലാത്തവൾ പക്ഷേ എന്റെ ജീവിതം ഇങ്ങനെയൊക്കെ ആക്കിതീർത്തത് ഇവര് രണ്ടു വീട്ടുകാരും അല്ലെ ഒന്നും വേണ്ടെന്ന് പറഞ്ഞത് ഹരിയേട്ടന്റെ വീട്ടുകാർ അല്ലെ ഒന്നും കൊടുക്കാതെ പടിയിറക്കി വിട്ടത് എന്റെ വീട്ടുകാർ അല്ലെ ഒരു ജോലി നേടട്ടെ എന്നിട്ടു മതി എനിക് കല്യാണമെന്ന് ഇരു വീട്ടുകാരോടും ഞാൻ കെഞ്ചിയതല്ലേ എന്റെ വാക്കിന് ഒരു വിലയും കല്പിക്കാതെ എന്റെ ജീവിതത്തെ ഗതി മറിച്ചു വിട്ടത് ഇരുവരും ചേർന്നല്ലേ

ഇപൊഴിപ്പോ പുറത്തോട്ടിറങ്ങാൻ തന്നെ മടിയായി ചിലയിടത്ത് സഹതാപം ചിലയിടങ്ങളിൽ പരിഹാസം എല്ലാത്തിനും പുറമെ ചിലരുടെ ആശ്വാസ വാക്കുകൾ ഇന്നല്ലെങ്കിൽ നാളെ എല്ലാം ശരിയാവും ന്ന്…..ഏറ്റവും വെറുപ്പ് തോന്നിയ വാക്കുകൾ…. എന്ന്….. ഈ ഇന്നിനൊരു അവസാനം ഉണ്ടായെങ്കിൽ അല്ലെ നാളെയിൽ പ്രതീക്ഷ വയ്ക്കാൻ ആവു…..

“അമ്മേ” മോളുടെ വിളി ദേവിയെ ചിന്തകളിൽ നിന്നുണർത്തി “അമ്മേ….മോനൂട്ടൻ ദേ ഫ്ളവർ വെയ്‌സ് പൊട്ടിചൂ……”

ചില ജീവിതങ്ങൾ മെഴുകു തിരി പോലെയാണ് …..എവിടൊക്കെയോ പ്രകാശം ചൊരിയാന് സ്വയം ഉരുകി ഉരുകി അങ്ങനെ…… 🌺🌺🌺

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: Daksha Ganesh

Leave a Reply

Your email address will not be published. Required fields are marked *