“ഈ സ്നേഹത്തണലിൽ”

രചന :- രോഹിത…….

“വയസ്സായപ്പോഴാ തന്തേടെ ഒരു ഇളക്കം, നാണമില്ലല്ലോ മനുഷ്യാ നിങ്ങക്ക്…. എന്റെ അച്ഛനാണെന്നു ഞാനിനി നാലാൾടെ മുന്നിൽ എങ്ങനെ പറയും.. വല്യ മാഷായിരുന്നില്ലേ, അതിന്റെ ബുദ്ധി വിവരോം ഒക്കെ പോയോ?? ഇനിയിപ്പോ അതൊന്നും ഓർത്തില്ലേലും എന്റെ ഇപ്പോഴത്തെ നിലേം വിലേം ഒക്കെ ഒന്ന് ഓർക്കായിരുന്നില്ലേ??? ” …. ഉണ്ണി ആക്രോശിച്ചു കൊണ്ടേയിരിക്കുകയാണ്!! ഒരു പക്ഷെ ചിലപ്പോൾ അടിച്ചെന്നും വരാം.. കാരണം അവൻ എന്റെ ഉണ്ണി അല്ലാതായിട്ട് വർഷമിപ്പോൾ എട്ടു കഴിഞ്ഞു… അവനിപ്പോൾ എല്ലാരുടെയും ഡോക്ടർ ആനന്ദ് സർ ആണ്.. ഈ എന്റെ പോലും…

അവൻ ഈ വീട്ടിലേക്ക് വന്നിട്ടിപ്പോൾ മൂന്ന് വർഷങ്ങൽ കഴിഞ്ഞു.. തനിക്കത് മൂന്നു സംവത്സരങ്ങളായിട്ടാണ് തോന്നിയത്… പതിനൊന്നു വർഷങ്ങൾക്ക് മുൻപ് അവന്റെ അമ്മ ഭദ്ര, എന്റെ ടീച്ചർ മരിക്കുമ്പോൾ അവൻ മെഡിസിൻ അവസാന വർഷം പഠിക്കുകയായിരുന്നു, അന്നെന്റെ നെഞ്ചിൽ വീണു കിടന്നു കരഞ്ഞു അച്ഛാ, അച്ഛന് ഞാനില്ലേ എന്ന് ചോദിച്ച എന്റെ ഉണ്ണി ,അവൻ എത്രയോ മാറിപ്പോയിരിക്കുന്നു…

ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മാനേജിങ് ഡയറക്ടർ ആയതാണോ, അതോ ആ ഹോസ്പിറ്റൽ പണിതു കൊടുത്ത മുതലാളിയുടെ ഒരേയൊരു ഡോക്ടർ മകളെ വിവാഹം കഴിച്ചതാണോ അവന്റെ ഈ മാറ്റത്തിനു കാരണമെന്നു എത്ര ആലോചിച്ചിട്ടും ഈ പാവം സ്കൂൾ വാദ്യാർക്ക് മനസ്സിലാവുന്നില്ല…. ഉയരങ്ങൾ കീഴടക്കും തോറും എളിമ ഉണ്ടാവണമെന്നാണല്ലോ ഞാൻ എന്റെ ശിഷ്യർക്കൊക്കെ പറഞ്ഞു കൊടുത്തിട്ടുള്ളത്..പക്ഷെ മക്കൾക്കത് പകർന്നു നൽകാൻ സാധിക്കാതെ പോയി… എന്റെ മാത്രം തെറ്റാണ്,

എന്റെ കഴിവുകേടിനെ ഒന്ന് കൊണ്ടും ന്യായീകരിക്കാൻ സാധിക്കില്ല.. ആ കഴിവുകേടാണ് ഇന്നവനെ കൊണ്ട് ഇത് മുഴുവൻ പറയിപ്പിക്കുന്നത്… ഒന്ന് ചിരിക്കുക മാത്രം ചെയ്ത് അവനോട് പറഞ്ഞു” ഉണ്ണി ഭക്ഷണം കഴിച്ചിട്ടില്ലെങ്കിൽ കഞ്ഞി കുടിച്ചിട്ട് പോകാം”… അച്ഛനെന്താ ആളെ കളിയാക്കാ, അച്ഛന്റെ തീരുമാനം മാറ്റിയില്ലെങ്കിൽ അച്ഛനെ തല്ലിയവൻ എന്ന പേരും കൂടി ഈ ആനന്ദിന്റെ തലയിലാവും.

ഓർത്തോ!!!! അതും പറഞ്ഞവൻ പടിപ്പുര കടന്നു, നിർത്തിയിട്ടിരിക്കുന്ന കാറിൽ കയറി പോയി… അപ്പോഴും എനിക്ക് ചിരിക്കാനെ തോന്നിയുള്ളൂ… കാരണം അവന്റെ വായിൽ നിന്നും വീണ്ടും അച്ഛൻ എന്നുള്ള വിളി വന്നിരിക്കുന്നു.. ഈ ജന്മം സഫലമായി..

എന്റെയും ടീച്ചറുടെയും ആറ് കൊല്ലത്തെ പ്രാർത്ഥനയുടെയും വഴിപാടിന്റെയും ഫലമായി ലഭിച്ച ഓമനയാണ് ഇന്നത്തെ ഡോക്ടർ ആനന്ദ്…എല്ലാ അച്ഛനമ്മമാരെയും പോലെ പൊന്നു പോലെ നോക്കി വളർത്തി ,പഠിപ്പിച്ചു ഡോക്ടർ ആക്കി.. അതിനിടയിൽ ടീച്ചർക്ക് ഗർഭപാത്രത്തിൽ ക്യാൻസർ ഉണ്ടെന്ന് അറിഞ്ഞു… കുറച്ചു കാലം ചികിത്സയുമായി നടന്നെങ്കിലും ടീച്ചറെ രക്ഷിക്കാൻ തനിക്കായില്ല…

ടീച്ചർ പോയതിനു ശേഷം തളർന്നു പോയെങ്കിലും ഉണ്ണിക്ക് വേണ്ടി എല്ലാം സഹിച്ചു!!! അവൻ തനിക്കൊരു തുണയാവുമെന്നു നിരീച്ചു…
പാഴ്‌മോഹം!!! മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്നു താൻ തന്നെയല്ലേ പഠിപ്പിച്ചു കൊടുത്തത്, പക്ഷെ സ്വയം പഠിക്കാൻ മറന്നു പോയി….

ഈ ബഹളങ്ങളെല്ലാം താനിന്നലെ
അവനെ വിളിച്ചറിയിച്ച ഒരു കാര്യത്തിന്റെ പേരിലാണ്, ആ കാര്യം ഇതാണ്!! ഞാൻ വീണ്ടും ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നു ഈ എഴുപത്തിയൊന്നാം വയസ്സിൽ… കേട്ടവരൊക്ക പുച്ഛിച്ചു,പരിഹസിച്ചു,അപമാനിച്ചു…

ഇത് വരെയായിട്ടും പൂതി തീർന്നിട്ടില്ല എന്ന് വരെ അധിക്ഷേപിച്ചു… എന്നിട്ടും എന്റെ മനസ്സിനൊരു കുലുക്കവുമില്ല, എടുത്ത തീരുമാനത്തെ കുറിച്ചോർത്തു പശ്ചാത്തവും ഇല്ല!!! ഇതാണ് ശരി, ഇത് മാത്രമാണ് ശരി… ഈ ലോകത്തെ പേടിച്ചു,മകനെ പേടിച്ചു അവന്റെ അവഗണനയും പേറി ഇനിയും വയ്യ ജീവിക്കാൻ!!! അവന്റെ കൂടെ അവന്റെ കൊട്ടാരത്തിലേക്ക് ചെല്ലാൻ ആദ്യമൊക്കെ അവൻ നിർബന്ധിച്ചിരുന്നു.. പിന്നീടെപ്പോഴോ പണത്തിന്റെ മഞ്ഞളിപ്പിൽ അവനും അന്ധത ബാധിച്ചു…

അവന്റെ സ്റ്റാറ്റസ്സിന് ചേരാത്ത അച്ഛനായി ഞാൻ മാറി… പേരമക്കളെ ഞാനിതു വരെയൊന്നു മാറോടണച്ചിട്ടു പോലുമില്ല.. അവരൊക്കെ ഊട്ടിയിൽ എവിടെയോ ആണെന്ന് മാത്രമറിയാം… ഏകാന്തത മാത്രമാണിപ്പോൾ കൂട്ട്….

തന്റെ ഡയറി എടുത്തു കുറിച്ചു,ഒരാളോട് മാത്രമേ എല്ലാം അറിയിക്കേണ്ടതുള്ളു, തന്റെ ടീച്ചറോട്!!!!
” ടീച്ചറെ, എനിക്കിനിയും ഈ വലിയ വീട്ടിൽ ഒറ്റക്ക് തള്ളി നീക്കാൻ വയ്യ, വയസ്സായില്ലേ, ആരും തുണക്കില്ല, കുറെ ആലോചിച്ചെടുത്ത തീരുമാനം തന്നെയാണ്.. കഴിഞ്ഞ മാസമാണ് മ്മടെ സത്യഭാമയെ പെൻഷൻ വാങ്ങിക്കാൻ പോയപ്പോ കണ്ടത്.. നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നല്ലോ!! ആ പഴയ ചുറു ചുറുക്കൊന്നും ഇല്ല, ഒട്ടിയൊണങ്ങി ഒരു രൂപം….. കുറെ വർത്താനം പറഞ്ഞു..

ഭർത്താവ് മരിച്ചിട്ടിപ്പൊ ഏഴു വർഷം കഴിഞ്ഞുത്രേ… മക്കളെ ഒന്നും ഈശ്വരൻ കൊടുത്തതുല്ല്യാലോ!!ഒറ്റപ്പെടലിന്റെ വേദന കുറെ പറഞ്ഞു.. അത് മനസ്സിലങ്ങനെ കിടന്നിരുന്നു.. ഞാനും പ്പോ ഇവിടെ ഏകാന്തവാസം തുടങ്ങിയിട്ട് കൊല്ലം മൂന്നു നാലായില്ലേ?? മടുത്തു… രാവിലെ അമ്പലത്തിലേക്ക് പോവുമ്പോ വഴി നീളെ വർത്താനം പറഞ്ഞു നടക്കാനൊരു കൂട്ട്!തെങ്ങിന് തടമെടുത്ത് ക്ഷീണിച്ചിരിക്കുമ്പോ ഒരു ഗ്ലാസ് ചുക്കുവെള്ളം തരാനൊരാള്!!

ഒപ്പമിരുന്നു കഞ്ഞി കുടിക്കാനും, സന്ധ്യക്ക് തുളസി തറയില് വിളക്ക് വെക്കാനും, അത്താഴത്തിനു ശേഷം ഇത്തിരി നേരം സൊറ പറഞ്ഞിരിക്കാനും ഒരു കൂട്ട്!! അതെ ഭാമയെ കണ്ടപ്പോ തോന്നിയുള്ളൂ.. രണ്ടു വീട്ടിൽ രണ്ട് അനാഥ ജന്മങ്ങളായി ജീവിച്ച്‌ തീർക്കുന്നതിനേക്കാൾ ഒരു വീട്ടിൽ ഉള്ള സമയം ഒരു കൂട്ടായി ഇരിക്കാമോ എന്നവളോട് ചോദിച്ചു.. അതിനൊരു താലിയുടെ ആവശ്യമുണ്ടെങ്കിൽ ആ ചടങ്ങും തീർത്തേക്കാമെന്നു കരുതി… അല്ലാതെ ഈ കിഴവന്റെ പൂതി തീർക്കാനല്ല!! ആരെങ്കിലുമൊക്കെ വേണം മ്മക്ക് ന്നാലെ ജീവിക്കണം ന്നുള്ള ഒരു തോന്നലുണ്ടാവൂ!!! ഭാമയെ പറഞ്ഞു സമ്മതിപ്പിക്കാനായിരുന്നു പാട്…

അവസാനം ഇന്നലെ രാവിലെ അവൾ വിളിച്ചു, മാഷെ! നമുക്ക് ആരെയും ബോധ്യപ്പെടുത്തണ്ട, എന്റെ ശിവേട്ടനും മാഷുടെ ഭദ്രക്കും ഇതിൽ കൂടുതൽ സന്തോഷം ഒന്നുമുണ്ടാവില്ല… എന്ത് കേട്ടാലും അധിക കാലമൊന്നും വേണ്ടി വരില്ലല്ലോ… വയസ്സായില്ലേ….അവൾ ചിരിച്ചു.. കുറെ കാലത്തിനു ശേഷം മനസ്സറിഞ്ഞു ഞാനും ചിരിച്ചു…ടീച്ചർക്ക് സന്തോഷേ ണ്ടാവൂ ന്ന് നിക്കറിയാം… കാരണം ന്റെ മനസ്സ് എന്നെക്കാൾ നന്നായിട്ട് ടീച്ചർക്കെ അറിയൂ.. നാളെ കൃഷ്ണന്റെ അമ്പലത്തിൽ ചെന്ന് താലി കെട്ടും… ന്നിട്ട് നേരെ ഇങ്ങോട്ട് ഒരുമിച്ചിരുന്നു കഞ്ഞി കുടിക്കാൻ”!!!!!!! ഫോണെടുത്തു വിളിച്ചു,” ഭാമേ, ഈ സ്നേഹ തണലിലേക്ക് നിനക്ക് സ്വാഗതം”….

രചന :- രോഹിത…….

Leave a Reply

Your email address will not be published. Required fields are marked *