ഒരു ന്യൂജൻ ഒളിച്ചോട്ടം…

രചന: Ammu Santhosh

“അതേയ് അച്ചുവേ ഒളിച്ചോടുന്നത് ക്രിമിനൽ കുറ്റമാണോടാ” ഓടിക്കിതച്ചു റെയിൽവേ പ്ലാറ്റഫോമിൽ കുത്തിയിരിക്കുന്ന അച്ചുവിനെ നോക്കി ദയ ചോദിച്ചു.

“ആ ആർക്കറിയാം.. വല്ലോന്റേം ഭാര്യയെ കൊണ്ട് പോയാൽ കുറ്റമാ. അകത്തു കിടകും” _

“അയ്യോ”

“നീ എന്തിനാ ഞെട്ടിയെ.. നീ സിംഗിൾ അല്ലെ” _

“നമ്മൾ ഡബിൾ അല്ലെ”? അവൾ

“കുന്തം എടി നീ കല്യാണം കഴിച്ചിട്ടില്ല. ബാച്ചിലർ.. ഞാൻ പണ്ടേ കല്യാണം കഴിച്ചിട്ടില്ല ക്രോണിക് ബാച്ചിലർ.. അപ്പൊ കൊയപ്പം ഇല്ല. ഒളിച്ചോടാം”

“ആണോ..? എന്നാലും നമുക്ക് വീട്ടിൽ ഒന്ന് present ചെയ്യരുന്നു എന്നിട്ട് ഒളിച്ചോടിയ മതിയാരുന്നു” _

“ആ എന്നാ പിന്നെ നിന്റെ dysp തന്ത എന്നെ വല്ല കള്ളകേസിലും കുരുക്കി അകത്തിട്ടേനെ നിന്നേ വല്ല പോലീസ്കാരനും കെട്ടിച്ചും കൊടുത്തെനെ”

_ “അത് ശര്യാ.. ഹൂ വണ്ടി വരാറായോ ആവോ?” അവൾ സമയം നോക്കി “അല്ലിപ്പോ നമ്മൾ എങ്ങോട്ടാ പോണേ?” അവൾ ചോദിച്ചു

“നമ്മൾ ആദ്യം ചെന്നൈ . അവിടെ ചെന്നു വല്ല കമ്പനി യിലും കേറി പ്പറ്റണം..” അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു

“ഞാനും..” അവൾ

“നീ വേണ്ട.. നീ വീട്ടിൽ.. ഞാൻ വൈകുന്നേരം വരുമ്പോൾ പൂ ഒക്കെ വെച്ചു മുടി ഒക്കെ പിന്നിയിട്ട്.. പട്ടു സാരീ ഒക്കെ ഉടുത്ത്”

“ഒലക്ക എനിക്ക് പിന്നാൻ മുടി ഇല്ല.. ഇച്ചിരി അല്ലെ ഉള്ളു..? സാരി ഒന്നും പറ്റുകേല. ഉടുക്കാൻ അറിഞ്ഞൂടാ. അത് വേണ്ട ബാക്കി പറ” _

“”അത് വേണ്ട എങ്കിൽ വേണ്ട.. അല്ലെങ്കിലും മുടിയിൽ എന്തിരിക്കുന്നു . സാരിക്ക് പകരം എന്തെങ്കിലും മതി.. പിന്നെ നീ നല്ല ഫിൽറ്റർ കോഫീ ഒക്കെ ഇട്ടു എന്നെ വെയ്റ്റിംഗ്.. എപ്പടി?”

“ഫിൽറ്റർ കോഫിയോ? അതെന്താ?” എനിക്ക് അറിഞ്ഞൂടാ.. “അവൾ കണ്ണ് മിഴിച്ചു

“അത് തമിഴ് നാട്ടിൽ പോപ്പുലർ ആയ ഒരു ഐറ്റമാ.. അത് ഇല്ലെങ്കിൽ ചായ മതി”

“അതേയ് അച്ചുവേ എനിക്ക് പാചകം ഒന്നും അറീല ഡാ… എന്റെ വീട്ടിൽ ജോലിക്ക് ആളുണ്ട്”

“ചായ പോലും?” അവൻ കണ്ണ് തള്ളി

“ഇല്ല” _

“ബെസ്റ്റ്. പോട്ടെ ചായ ഞാൻ ഇടാം.. ഹെൽപ് ചെയ്ത മതി ചായ ഒക്കെ കുടിച്ചു അങ്ങനെ നമ്മൾ…” അവൻ ഇച്ചിരി നീങ്ങി നിന്നു

“ബീച്ചിൽ പോകും” അവൾ

“അല്ല”

“സിനിമക്ക് പോകും” _

“അല്ല” _

“ഹോട്ടൽ?”

“കുന്തം… നമ്മളിങ്ങനെ.. ചേർന്ന്…” അവൻ തോളിൽ കൈ ഇട്ടു

“അല്ല കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞില്ല “അവൾ കൈ എടുത്തു മാറ്റി

“അത് കഴിക്കും എന്നിട്ടല്ലേ ചായ പലഹാരം ഒക്കെ കഴിക്കുവുള്ളു.. നീ മൂഡ് കളയല്ലേ..”

“ഇല്ല പറ” _

“നമ്മൾ അങ്ങ് ചേർന്ന്.. ഇരുന്ന് കഥ ഒക്കെ പറഞ്ഞ്..” _ “ഏത് കഥ?”

“നിന്റെ അപ്പന്റെ.. പോടീ കോപ്പേ” _

“ഓ.. വെറുതെ. കഥ സിനിമ യിൽ കാണും പോലെ ..അങ്ങനെ.. എന്നിട്ട്.?”

“എന്നിട്ട് ഞാൻ ഉണ്ടല്ലോ.. നിനക്ക്…” അവൻ ചുറ്റും നോക്കി മുഖം അടുപ്പിച്ചു

“ബിരിയാണി ഉണ്ടാക്കി തരും.. ചിക്കൻ മതി.. “അല്ലേടാ? “അവൾ

അവൻ തൊഴുതു

“എന്റെ പൊന്നു മോളെ.. നീ ക്ഷമി… എന്റെ തെറ്റാ എല്ലാം. ബുദ്ധിയുറക്കാത്ത ഒന്നിനെ ആണല്ലോ ദൈവമേ..”

“ഓ പിന്നെ.. ഈ സമയം വീട്ടിൽ ആയിരുന്നെങ്കിൽ.. ഹോ ചിക്കൻ ഫ്രൈ.. അമ്മ ഉണ്ടാക്കുന്ന നല്ല മട്ടൻ കട്ലെറ്റ് ഹോ വിശക്കുന്നു “അവൾ നാക്കു നീട്ടി ചുണ്ട് നനച്ചു

“എന്റെ വീട്ടിൽ ആണെങ്കിൽ അമ്മ ഉണ്ടാക്കുന്ന ചൂട് കഞ്ഞി പയർ തോരൻ പപ്പടം ചുട്ടരച്ച ചമ്മന്തി.. എന്നാ രുചിയാ “അവൻ പറഞ്ഞു

“എന്റെ അമ്മ നല്ല പുഴ മീൻ കറി വെയ്ക്കും” അവൾ

“എന്റെ അമ്മയുടെ ഉള്ളിത്തീയൽ “അവൻ

“എന്റെ അമ്മ വെയ്ക്കുന്ന മട്ടൻ ബിരിയാണി” അവൾ

“എന്റെ അമ്മയുടെ മാമ്പഴ പുളിശ്ശേരി” അവൻ

“എന്റെ അമ്മ ഉണ്ടാക്കുന്ന അപ്പവും മുട്ട റോസ്റ്റും” അവൾ

“എന്റെ അമ്മയുടെ കപ്പ പുഴുക്കും ഉണക്ക മീൻ പൊള്ളിച്ചതും “”എടിയേ ഒളിച്ചോടിയാൽ നമുക്കിതൊന്നും കിട്ടുകേല. എനിക്ക് ചായ മാത്രേ അറിയൂ” അവൻ പറഞ്ഞു

അവളും ആലോചനയിലായി

“നമുക്ക് തിരിച്ച് പോയാലോ…?” അവൻ ചോദിച്ചു

“ആം നല്ല വിശപ്പുണ്ട് ” അവൾ

“എനിക്കും നല്ല വിശപ്പ്.. ടെൻഷൻ കാരണം ഒന്നും കഴിച്ചില്ല ന്നേ.” അവനും പറഞ്ഞു “അതുമല്ല നാളെ റേഷൻ കടയിൽ പോകേണ്ട ദിവസമാ ഞാൻ മറന്നു പോയി”

“അല്ല നീ തിരിച്ചു ചെല്ലുമ്പോൾ എന്ത് പറയും?” അവൾ ചോദിച്ചു

“ഞാൻ കമ്പയിൻ സ്റ്റഡിക്ക് ജോണിന്റെ വീട്ടിൽ പോവാ ന്നല്ലേ പറഞ്ഞെ.. നീയോ?” അവൻ കണ്ണിറുക്കി

“Same.. പേര് മാറി.. എന്റെ കൂട്ടുകാരി മീനുന്റെ വീട്ടിൽ”

അവർ പൊട്ടിച്ചിരിച്ചു.

“നമുക്ക് തിരിച്ചു പോകാം.. എന്നിട്ട് കുറച്ചു കൂടി പ്രായ മൊക്കെ ആയിട്ട്, പ്ലസ് ടു പാസ്സ് ആയിട്ട് ഒളിച്ചോടാം” _

“അത് മതി. അപ്പൊ എനിക്ക് ചായ ഇടാൻ എങ്കിലും പഠിക്കണം”

“അത് കൊള്ളാം കൂട്ടത്തിൽ നിന്റെ അമ്മ ഉണ്ടാക്കുന്ന ആ മട്ടൻ ബിരിയാണി കൂടി”

“ഹിഹിഹി.. done”

അവർ ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു.

“എങ്ങോട്ടാ മക്കളെ?”

“ആദ്യം എന്റെ വീട് പനമ്പള്ളി നഗർ… പിന്നെ ഇവന്റെ വീട്. രണ്ടു വീടിന് അപ്പുറം…” ഡ്രൈവർ ചിരിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു..

“എടി നീ maths ഹോം വർക്ക്‌ ചെയ്തെങ്കിൽ വാട്സാപ്പ് ചെയ്തേക്കണേ” അവൾ ഇറങ്ങുമ്പോൾ അവൻ പറഞ്ഞു

“ചെയ്തില്ല ചെയ്തിട്ട് അയയ്ക്കാം .. അപ്പൊ നാളെ സ്കൂളിൽ കാണാം.. goodnight” അവൾ കൈ വീശി

“Goodnight “”ചേട്ടാ ദേ ആ വളവിൽ എന്റെ വീട് വിട്ടോ” ഡ്രൈവർ വണ്ടി സ്റ്റാർട്ട്‌ ചെയ്തു..

ഇങ്ങനെ അല്ലാത്ത ഒളിച്ചോട്ടങ്ങളും ഉണ്ട്.. എന്നാലും മിക്കവാറും എല്ലാം ദേ ഇത്രേം ഉള്ളു.

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യൂ…

രചന: Ammu Santhosh

Leave a Reply

Your email address will not be published. Required fields are marked *