നിറമുള്ള ജീവിതം

രചന : – Unais Bin Basheer‎

നാഫി.. ഞാൻ നല്ല കറുപ്പാണല്ലേ.. നിനക്ക് ഒട്ടും ചേരാത്തൊരു ഭർത്താവ്. അപ്രതീക്ഷിതമായ എന്റെ ചോദ്യം കേട്ട് എന്റെ നെഞ്ചിൽ നിന്നും തലയുയർത്തി പതിയെ അവൾ എന്നെ നോക്കി.

അതെന്താ ഇക്ക ഇപ്പൊ അങ്ങനെ തോന്നാൻ.. ഹേയ് ഒന്നുല്ല. ദേ ഇക്ക വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ ഇങ്ങള് കാര്യം എന്താണ് പറ.. ഒന്നുല്ലെടി..

പറ ഇക്ക.. എന്താ ഇങ്ങളെ ആരേലും കളിയാക്കിയോ.. കളിയാക്കലോ.. അതൊക്കെ എനിക്ക് ശീലമായതല്ലേ. ചെറുപ്പം തൊട്ടേ നിറം കുറഞ്ഞതിന്റെ പേരിൽ ഒത്തിരി കളിയാക്കലുകളും കുറ്റപ്പെടുത്തലുകളുമൊക്കെ കേട്ടതുകൊണ്ട് എനിക്കിപ്പം അതൊക്കെ ഒരു നേരമ്പോക്കാണ്.. പക്ഷെ,

ഇതിപ്പം നിന്നേം ചേർത്താ കളിയാക്കുന്നെ… എന്നെ ചേർത്തോ… അവളൊന്ന് ഞെട്ടി.. എന്നെ ചേർത്തെന്തുപറയാൻ..

അത്.. നമുക്ക് കുട്ടികൾ ഉണ്ടാവാത്തത്തിന് കാരണം നമ്മൾ ഭാര്യാഭർത്താക്കൻമ്മാരെ പോലെ കഴിയാത്തതുകൊണ്ടാണെന്ന്, അങ്ങനെ കഴിയാൻ നീ എന്നെ അനുവവധിക്കുന്നില്ലെന്നൊക്കെ.. കൂട്ടുകാരുടെ കളിയാക്കലാണെങ്കിലും ഉള്ളിലെവിടെയോ അത് കേൾക്കുമ്പോൾ ചെറിയ ഒരു നോവ്.. അവരെ പറഞ്ഞിട്ടും കാര്യല്ലല്ലോ.. കറുകറുത്ത എനിക്ക് നിന്നെപ്പോലെ വെളുത്ത പെണ്ണിനെ കിട്ടിയാൽ ആർക്കായാലും സംശയം തോന്നും..

എന്റിക്ക. നമ്മൾ പരസ്പ്പരം എത്ര സന്തോഷത്തോടെയാണ് കഴിയുന്നതെന്ന് നമുക്കറിയൂലെ.. പിന്നെന്താ. അത് വേറെ ആരെയും ബോധ്യപ്പെടുത്തേണ്ട ആവിശ്യം നമുക്കില്ല.. നിങ്ങളെയും ഈ ജീവിതവും പടച്ചോൻ എനിക്കുതന്നെ ഏറ്റവും വലിയ അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്.. ന്റെ ജീവനുള്ള കാലം എനിക്ക് സ്നേഹിക്കാൻ ഇക്ക മാത്രം മതി.. പിന്നെ കുട്ടികൾ. അത് സമയമാകുമ്പോൾ പടച്ചോൻ തന്നോളും.. ഇക്ക അവർ പറയുന്നതൊന്നും കാര്യമാക്കണ്ട. ഇതും പറഞ്ഞു അവളോന്നൂടെ എന്നിലേക്ക് പറ്റി ചേർന്നുകിടന്നു,

കാലങ്ങൾ നീണ്ടുപോയി.. ഇന്ന് എന്റെ വീട്ടിൽ ചെറിയ ഒരു വിരുന്നൊരുക്കിയിട്ടുണ്ട് എന്റെ കൂട്ടുകാർക്കും അവരുടെ കുടുംബത്തിനും… നാഫിയയുടെ ഒറ്റ നിർബന്ധം കാരണമാണ് ഇങ്ങനെ ഒരു സൽക്കാരം അതിനൊരു കാരണവും ഉണ്ട്.. ഞങ്ങളുടെ ഏറെനാളത്തെ ആഗ്രഹം ഇന്ന് പൂവണിഞ്ഞു. അവൾ ഇപ്പോൾ ഗർഭിണിയാണ്. ഇത്രനാളത്തെ കുത്തുവാക്കുകൾക്കും കാലിയാക്കലുകൾക്കും ഇന്നത്തോടെ അറുതിയായി.. അതിന്റെ സന്തോഷം പങ്കുവെക്കാനാണ് ഇവരെയൊക്കെ വിളിച്ചു സൽക്കരിക്കുന്നത്.. കൂടെ ഇത്രനാളും തമാശക്കാണെലും ഇവരുടെ കളിയാക്കലുകൾക്കുള്ള മധുരപ്രതികാരവും,

അതിഥികളുടെ കൂടെ എന്നെയും ഭക്ഷണം കഴിക്കാൻ അവൾ നിർബന്ധിച്ചിരുത്തി. വേണ്ട എന്നുപറഞ്ഞങ്കിലും അവസാനം അവൾക്ക് വേണ്ടി എനിക്ക് തോറ്റുകൊടുക്കേണ്ടി വന്നു, നീയോടെ ഇരുന്നോ എന്ന അവരുടെ ക്ഷണത്തിന് ‘വേണ്ട എനിക്ക് ഇക്ക കഴിച്ച പ്ലേറ്റിൽ കഴിച്ചാലെ ഇറങ്ങൂ’ എന്നായിരുന്നു അവളുടെ മറുപടി. നേരത്തെ അടുക്കളയിൽ അവളെ ഉള്ളിയരിഞ്ഞു സഹായിച്ചപ്പോൾ കൈചെറുതായി മുറിഞ്ഞിരുന്നു അതുകാരണം ഭക്ഷണം കഴിക്കാൻ ഞാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ട്.. കൈ നീറുന്നു,. എന്റെ അങ്കലാപ്പ് അവൾക്ക് മനസ്സിലായിട്ടുണ്ട്. അല്ലേലും എന്റെ മുഖഭാവത്തിൽ നിന്നും ഞാനനുഭവിക്കുന്നതെന്താണെന്ന് മനസ്സിലാക്കാൻ പടച്ചോൻ അവൾക്ക് ഒരു പ്രേത്യേക കഴിവ് തന്നെ കൊടുത്തിട്ടുണ്ട്. ഇക്കാക്ക് കൈ നീറുന്നുണ്ടല്ലേ എന്നും പറഞ്ഞു എന്റെ കയ്യിൽ നിന്നും പ്ലെയ്റ്റ് വാങ്ങി ചോർ ഉരുളകളാക്കി അവളെനിക്ക് വായിൽവെച്ചുതരാൻ തുടങ്ങി. പെട്ടന്നുള്ള അവളുടെ ഈ ഇടപെടൽ എന്നെപോലെതന്നെ എല്ലാവരിലും ഒരുപോലെ ഞെട്ടലുണ്ടാക്കി.. ഞാനത് ആഗ്രഹിച്ചിരുന്നെങ്കിലും എല്ലാരുടെയും മുന്നിൽ വെച്ചായപ്പോൾ എന്തോ ഒരു ചമ്മൽ.

ആരെയും ശ്രദ്ധിക്കാതെ എനിക്ക് ചോറുവാരിത്തരുന്ന അവളെ അസൂയയോടെ നോക്കുകയാണ് എന്റെ കൂട്ടുകാരെല്ലാവരും. പണ്ട് ഒത്തിരി കളിയാക്കിയവ്ർ ഇന്ന് ഞങ്ങളുടെ സ്നേഹപ്രകടനം കണ്ട് അസൂയപ്പെടുന്നതോർത്തപ്പോൾ മനസ്സിന് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അനുഭൂതി. സൽക്കാരം കഴിഞ്ഞുള്ള വിശ്രമത്തിലെല്ലാം അവർക്ക് പറയാനുള്ളത് നാഫിക്ക് എന്നോടുള്ള സ്നേഹത്തെ കുറിച്ചായിരുന്നു, ഇതുപോലൊരു പെണ്ണിനെ കിട്ടിയ എന്റെ ഭാഗ്യത്തെ കുറിച്ചായിരുന്നു.. പതിയെ അവർ മസസ്സിലാക്കുകയായിരുന്നു ഉടലുകളല്ല ജീവിതമാണ് നിറമാവേണ്ടതെന്ന്..

ഇനിയൊരു ജീവിതമുണ്ടെൽ അവളെത്തന്നെ ഇണയായി കിട്ടണേ എന്ന പ്രാർത്ഥന മാത്രമേ എനിക്കിപ്പോഴുള്ളൂ..

ശുഭം.

രചന : – Unais Bin Basheer‎

Leave a Reply

Your email address will not be published. Required fields are marked *