“നീയൊക്കെ എന്തിനാടാ ആണാണെന്നും പറഞ്ഞു മീശയും വെച്ച് നടക്കുന്നത്‌…. ആണിന്റെ രൂപം മാത്രം ഉണ്ടായാൽ പോരാ തന്റേടം കൂടി ഉണ്ടായിരിക്കണം. അല്ലെങ്കിൽ ആണും പെണ്ണും കേട്ടവനായിപ്പോകും…..

രചന :- Nijila Abhina‎

“നീയൊക്കെ എന്തിനാടാ ആണാണെന്നും പറഞ്ഞു മീശയും വെച്ച് നടക്കുന്നത്‌…. ആണിന്റെ രൂപം മാത്രം ഉണ്ടായാൽ പോരാ തന്റേടം കൂടി ഉണ്ടായിരിക്കണം. അല്ലെങ്കിൽ ആണും പെണ്ണും കേട്ടവനായിപ്പോകും…..

ഒരു നിരാശാ കാമുകൻ വന്നേക്കുന്നു…. നിനക്ക് നാണമുണ്ടോ….. സ്നേഹിക്കാൻ മാത്രമല്ല സ്നേഹിച്ച പെണ്ണിനെ കൂടെ നിർത്താനും ധൈര്യം ഉണ്ടായിരിക്കണം…

പെങ്ങളുടെ വാക്കുകൾ ഒരു തീമഴ പോലെയാണ് എന്റെ ഹൃദയത്തിൽ പതിച്ചത്‌…

ഒരാശ്രയത്തിനായിരുന്നു ഞാൻ ചേച്ചിയെ തേടിയെത്തിയത്‌…. പക്ഷെ അവളുടെ വാക്കുകളെന്നെ തകർത്തു കളഞ്ഞു….

പാവപ്പെട്ട വീട്ടിലെ കുട്ടിയാന്നറിഞ്ഞൊണ്ട് തന്നെയാണ് പ്രിയയെ സ്നേഹിച്ചത്…. അധികമാരോടും മിണ്ടാത്ത ഒരു പൂച്ചക്കുട്ടി…

ഓരോ തവണ എന്റെയിഷ്ടത്തെയവൾ തട്ടി മാറ്റി പോകുമ്പോഴും കണ്മഷി എഴുതിയ അവളുടെ മിഴികൾ എന്നെ അവളിലേക്ക്‌ ആകർഷിച്ചു കൊണ്ടിരുന്നു….

ആട്ടിയകറ്റിയെങ്കിലും ഒരുപാട് നാൾ അവൾക്കും എന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ ആവില്ലായിരുന്നു…..

പിന്നീട് പ്രണയത്തിന്റെ നാളുകൾ ആയിരുന്നു. ബസ്‌ സ്റ്റോപ്പും അമ്പലത്തിലെ ശ്രീകോവിലുo നാട്ടിലെ ആൽത്തറയുമെല്ലാം ഞങ്ങളുടെ പ്രണയത്തിനു മൂക സാക്ഷിയായി……

അനീ നീ വിഷമിക്കണ്ടടാ ഞാനപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ എന്ന് പെങ്ങള് പറഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്‌……

വെറുമൊരു തട്ടുകടക്കാരന്റെ മകളായി പിറന്നതായിരുന്നു അമ്മയവളിൽ കണ്ട കുറവ്……

നമ്മുടെ നിലയ്ക്കും വിലയ്ക്കും പറ്റിയ സ്ത്രീധനം പോലും തരാനാവില്ല അവർക്കെന്ന്‌ അമ്മ പറഞ്ഞപ്പോൾ സ്ത്രീ തന്നെയല്ലേ ധനം എന്ന് അമ്മയോട് ചോദിക്കാൻ ഒരുപാട് തവണ നാവ് പൊങ്ങിയിരുന്നു……

അച്ഛൻ മരിച്ചതിൽ പിന്നെ ഇന്നേവരെ അമ്മ ചെയ്ത ത്യാഗങ്ങൾക്കും ചില കടപ്പാടുകൾക്കും മുമ്പിൽ എന്റെ നാവ് നിശ്ചലമാകുകയായിരുന്നു….

സ്നേഹിച്ച പെണ്ണിനെ കൈവിട്ടു കളയാൻ മനസുണ്ടായിട്ടും ഇറക്കി കൊണ്ട് വരാൻ തന്റേടം ഇല്ലാഞ്ഞിട്ടുo അല്ല. എന്നെ സ്നേഹിക്കുന്ന അമ്മയെയും അവളെ സ്നേഹിക്കുന്ന മാതാപിതാക്കളെയും വേദനിപ്പിക്കാൻ എനിക്കാവില്ലായിരുന്നു…

കലങ്ങിയ മനസോടെ വീട്ടിൽ എത്തിയ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് അമ്മയന്ന് സംസാരിച്ചത്‌….

“മോനേ പ്രിയ മോള്ടെ വീട്ടീന്ന് വിളിച്ചാരുന്നു. നമുക്ക് അടുത്താഴ്ച പോയി അതങ്ങുറപ്പിക്കാം.. ”

ഇന്നലെ വരെ പ്രിയ എന്ന വാക്ക് പോലും ചധുർതി ആയിരുന്ന അമ്മയാണ് ഇന്ന് പ്രിയ മോളെന്നു വിളിച്ചത്…. കല്യാണത്തിന് സമ്മതിച്ചത്‌…..

എന്റെ മനസ്സ് പാറി പറക്കുകയായിരുന്നു… ഇതറിഞ്ഞപ്പോൾ എന്നേക്കാൾ സന്തോഷം എന്റെ പൂച്ചക്കുട്ടിക്കായിരുന്നു..

സന്തോഷം കൊണ്ടാവണം കണ്മഷി എഴുതിയ ആ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..

കല്യാണത്തിന് അച്ഛന്റെ കുറവ് അറിയിക്കാതെ എല്ലാം ഓടി നടന്ന്‌ ചെയ്തത് പെങ്ങളും അളിയനും ആയിരുന്നു…..

കയ്യിലും കഴുത്തിലും നിറയെ ആഭരണങ്ങളുമായി മണ്ഡപത്തിലെത്തിയ എന്റെ പൂച്ചക്കുട്ടിയെ അത്ഭുതത്തോടെയാണ് ഞാൻ നോക്കിയത്…..

അമ്പരപ്പോടെയുള്ള എന്റെ നോട്ടത്തിനു മറുപടിയായി അവളെന്റെ പെങ്ങളെ ചൂണ്ടി കാണിച്ചു…

മൗനമായിട്ടായിരുന്നു അവളതു പറഞ്ഞതെങ്കിലും എനിക്ക് മനസിലായിരുന്നു അതിന്റെ അർഥം……

പ്രിയയുടെ കൈ പിടിച്ച് അഗ്നിയെ വലം വെക്കുമ്പോൾ ഞാൻ കണ്ടിരുന്നു ആത്മാര്തമായി എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എന്റെ ചേച്ചിയെ…. ആ കണ്ണിലൊളിപ്പിച്ച സ്നേഹ സാഗരത്തെ…..

അപ്പോഴും എന്റെ മനസ്സ് മന്ത്രിക്കുന്നത് ഞാൻ കേട്ടിരുന്നു ‘സ്ത്രീധനം’ അല്ല സ്ത്രീ തന്നെയാണ് ധനം എന്ന്…….

രചന :- Nijila Abhina‎

Leave a Reply

Your email address will not be published. Required fields are marked *