നേർത്ത പാദസരക്കിലുക്കം കാതുകളിൽ പതിച്ചപ്പോൾ നമ്രമുഖിയായി നടന്നു വരുന്ന പെണ്കുട്ടിയിലേയ്ക്ക് ദൃഷ്ടി പാകി….

രചന: സ്വാതി കെ എസ്

“ഇനി പെൺകുട്ടിയെ വിളിച്ചോളൂ….”

തൊട്ടടുത്തായി ഇരിപ്പുറപ്പിച്ച ബ്രോക്കർ ചേട്ടന്റെ വിനയം സ്ഫുരിയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ചിന്തകളെ ആട്ടിയകറ്റി പരിസരബോധം വീണ്ടെടുത്തു….

പ്രത്യേകിച്ചു താത്പര്യമില്ലെങ്കിൽ കൂടി വാതിൽ കടന്നു പ്രത്യക്ഷപ്പെട്ടേക്കാവുന്ന പെണ്കുട്ടിയ്ക്ക് വേണ്ടി കണ്ണുകൾ സാമാന്യം വലിപ്പത്തിൽ തുറന്നു പിടിച്ചു….

ആദ്യത്തെ പെണ്ണുകാണലാണ്….

മുൻപ് കണ്ടിട്ടുള്ള സിനിമകളിലെ പെണ്ണുകാണൽ രംഗങ്ങളെല്ലാം ഒന്നിന് പിറകെ ഒന്നായി മനസ്സിലേയ്ക്കെത്തി….

വീട്ടുകാരുടെ നിർബന്ധം സഹിയ്ക്കാവുന്നതിലും അപ്പുറമായപ്പോഴാണ് ഇത്തരമൊരു സാഹസത്തിനു മുതിർന്നതും….

നേർത്ത പാദസരക്കിലുക്കം കാതുകളിൽ പതിച്ചപ്പോൾ നമ്രമുഖിയായി നടന്നു വരുന്ന പെണ്കുട്ടിയിലേയ്ക്ക് ദൃഷ്ടി പാകി….

ചോക്ലേറ്റ് നിറത്തിലുള്ള സാരിയാണ് വേഷം…. നനവ് വറ്റാത്ത മുടിയിൽ തുളസിക്കതിരുണ്ട്…

അവളുടെ പുഞ്ചിരി പകർന്നെടുത്തു, നീട്ടിയ ട്രേയിൽ നിന്നും ഗ്ലാസ്സെടുത്തു…

പിറകെ വന്ന അമ്മയും ചെറിയമ്മയും ഞങ്ങൾക്ക് മുൻപിലെ മേശപ്പുറത്തു മത്സരിച്ചു പലഹാരങ്ങൾ നിരത്തി…..

ലഡ്ഡു മുതൽ മിക്സ്ചർ വരെ എല്ലാ പലഹാരങ്ങളും എന്നെ നോക്കി ചിരിച്ചുകൊണ്ടേയിരുന്നു….

അവരെ കാണാത്ത ഭാവം നടിച്ചു ഞാനും….

“എന്തെങ്കിലും ചോദിയ്ക്കാനോ പറയാനോ ഉണ്ടെങ്കിൽ ആവാം….”

പ്രതീക്ഷിച്ച ക്ളീഷേ ഡയലോഗും എത്തി….

പോണോ വേണ്ടയോ എന്നുള്ള കഠിനമായ ആലോചനയിൽ മുങ്ങാംകുഴിയിടുമ്പോഴാണ് പെട്ടെന്ന് അത് സംഭവിച്ചത്…..!!!

എവിടെ നിന്നോ നാലോ അഞ്ചോ വയസ്സ് പ്രായമുള്ള കൊച്ചു പയ്യൻ ഓടിപ്പാഞ്ഞു വന്നു…

ഞങ്ങളെ ശ്രെദ്ധിക്കാതെ അവൻ അവിടെ മുഴുവൻ എന്തോ തിരഞ്ഞു…..

“അടുത്ത വീട്ടിലെയാ…”

പെണ്ണിന്റെ അമ്മ വാത്സല്യത്തോടെ അവനെ ലഡ്ഡു എടുക്കാൻ ക്ഷണിച്ചു….

ഒടുക്കം പലഹാരങ്ങൾ നിരത്തി വച്ച മേശയിൽ നീണ്ടു കിടന്ന ടേബിൾ ഷീറ്റ് വലിച്ചുയർത്തി നോക്കി എന്തോ കണ്ട സംതൃപ്തിയിൽ ഒരു മഞ്ഞ ലഡ്ഡുവും മുറുക്കിപ്പിടിച്ചു ചെക്കൻ തുള്ളിച്ചാടി ഓടിപ്പോയി….

അവൻ പുറത്തുള്ള ഏതോ മരത്തിൽ സാറ്റടിയ്ക്കുന്ന ശബ്ദം അകത്തെ നിശ്ശബ്ദതയിൽ മുഴങ്ങിക്കേട്ടു….

പതിയെ ഇളിഞ്ഞ ഭാവത്തോടെ മേശയ്ക്കടിയിൽ നിന്നും ഒരു പെണ്കുട്ടി ഇറങ്ങി വന്നു….

“അത് പിന്നെ….. ഞാൻ ഇതിനടിയിൽ ഒളിയ്ക്കാൻ കയറിയപ്പോ…. നിങ്ങള് വന്നപ്പോ…. പിന്നെ എങ്ങിനെയാ ഇറങ്ങി വരാ ന്ന് ഓർത്തപ്പോ….”

അവൾ ജാള്യതയോടെ തല ചൊറിഞ്ഞു….

വീട്ടുകാരെല്ലാം ഒന്നിന് പിറകെ ഒന്നായി ഞങ്ങൾ കാണാതെ അവളെ നോക്കി പല്ലിറുമ്മി…

വാതിൽക്കൽ കാത്തു നിന്ന പൊടിപ്പിള്ളേരെ മുഴുവൻ അവൾ എന്തൊക്കെയോ ആംഗ്യം കാണിച്ചു പറഞ്ഞു വിട്ടു…..

“ഇളയവളാ… വേണി….”

പെണ്ണിന്റെ അച്ഛൻ ഇടറിയ തൊണ്ട നേരെയാക്കി അവളെ ഞങ്ങൾക്ക് പരിചയപ്പെടുത്തി…..

ഞാൻ ചിരിച്ചു….

“ആദിയേട്ടനല്ലേ…..???”

ഒട്ടും പ്രതീക്ഷിയ്ക്കാത്ത ചോദ്യം….!!!

“അതേ… എന്നെ അറിയോ….??”

ചെറിയൊരു വൈക്ലഭ്യത്തോടെ ഞാൻ മറുചോദ്യമെറിഞ്ഞു…..

“ഏട്ടന് എന്നെ മനസ്സിലായില്ലേ….???”

വീണ്ടും ഞെട്ടിപ്പിയ്ക്കുന്ന ചോദ്യം…..

ഓർമ വച്ച കാലം മുതൽ കണ്ടും മിണ്ടിയും പരിചയമുള്ള എല്ലാ പെണ്കുട്ടികളുടെ ചിത്രവും ഞാൻ ഞൊടിയിടയിൽ ഉള്ളിലിട്ടു സ്കാൻ ചെയ്തു…..

“നമ്മളിന്നലെയും കൂടി ചാറ്റ് ചെയ്തിരുന്നു… ഫേസ് ബുക്കിൽ…. ഇപ്പൊ ഓർമ വന്നോ….???”

നേരത്തെ സ്കാൻ ചെയ്ത ലിസ്റ്റിൽ നിന്നും ഞാൻ തലേന്നത്തെ ചാറ്റ് ലിസ്റ്റ് മാത്രം പൊടി തട്ടിയെടുത്തു….

“ഓർമ കിട്ടിയോ….??? വേണി വേണൂസ്…. ഏട്ടൻ എഴുതുന്ന കോട്ട്‌സ് ഒക്കെ എടുത്തു സ്റ്റാറ്റസ് ആക്കാറില്ലേ….?????”

പെണ്ണിന്റെ മുഖത്തു നാണം….!!

വെള്ളിടി പോലെ എന്തോ ഒന്ന് നെഞ്ചിൽ പതിച്ചത് പോലെ തോന്നി എനിക്ക്….

പുട്ടിനു പീര പോലെ ദിവസോം നാലു നേരം ഇങ്ങോട്ട് വന്നു പ്രണയാഭ്യർത്ഥന നടത്തുന്ന വേണി വേണൂസ്….!!!

“പിടി കിട്ടിയോ….??? ഒരു സൂര്യകാന്തിയുടെ ചിത്രാ പ്രൊഫൈൽ പിക്ച്ചർ…. ”

അവൾ കൂടുതലെന്തെങ്കിലും പറയും മുൻപേ ഞാൻ മനസ്സിലായെന്നെ ഭാവത്തിൽ തലയിട്ടു കുലുക്കി…

“കേട്ടോ അച്ഛാ…. ആദി ഏട്ടൻ കവിതയൊക്കെ എഴുതും…. എത്ര ഫാൻസാന്ന് അറിയോ….???”

“അതെയോ….???”

“അങ്ങനെ ഒന്നൂല്ല…. ചുമ്മാ ഓരോന്ന് കുത്തിക്കുറിയ്ക്കും…”

ഞാൻ കൂടുതൽ വിനയാന്വിതനായി….

“ഏട്ടൻ ഫുൾ ടൈം ഓൺലൈനാ….. ഞങ്ങള് കട്ട ചാറ്റാണ്…. തരുണീ മണികളുടെ സ്വന്തം ആളാ… അല്ലെ….”

അവളെന്നെ നോക്കി ചിരിച്ചു…..

ബ്രോക്കർ ചേട്ടന്റെ കനപ്പിച്ചുള്ള നോട്ടം കണ്ടില്ലെന്നു നടിച്ചു ഞാൻ നെറ്റിയിലെ വിയർപ്പ് തുള്ളികളൊപ്പി…..

“നോക്കി നിൽക്കാതെ ആ ജിലേബിയൊക്കെ എടുത്തു തിന്നേട്ടാ…. ഏട്ടന് പലഹാരം കഴിഞ്ഞിട്ടേ വേറെന്തും ഉള്ളൂ… എന്നിട്ട് അഭിനയിച്ചു തകർക്കുന്നത് കണ്ടില്ലേ കള്ളൻ…..”

തലയിലെ ഇലത്തൊപ്പി ഊരി ആണിയിൽ തൂക്കുന്നതിനിടെ അവളല്പം ശബ്ദത്തിൽ പറഞ്ഞു…..

“ചാറ്റുമ്പോ ഈ നാണമൊന്നും കാണാറില്ലല്ലോ…. സ്വന്തം വീടായിട്ടു കണ്ടു എടുക്ക് ആദിയേട്ടാ….”

ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യത്തെ കടിച്ചമർത്തുന്നതിനിടെ ഞാനവളെ ചിറഞ്ഞൊന്നു നോക്കി….

ചുറ്റുമുള്ളവർ മുഴുവൻ സംശയഭാവേന ഞങ്ങളെത്തന്നെ നോക്കി നിൽക്കുകയാണ്….

പിന്നീടൊന്നും പറയാനോ സംസാരിയ്ക്കാനോ വയ്യാതെ ഞാനിരുന്നു വിയർത്തു…..

കെട്ടിയൊരുങ്ങി വന്ന പെണ്ണാകട്ടെ ചവിട്ടിത്തുള്ളി കയറിപ്പോവുകയും ചെയ്തു….

വിളിയ്ക്കാമെന്നു പറഞ്ഞു മുൻപിൽ നടന്ന ബ്രോക്കറുടെ പിന്നാലെ ഞാനും വച്ചു പിടിച്ചു….

ഗേറ്റ് കടന്നപ്പോഴാണ് പിന്നീന്ന് കൊരവള്ളി പൊട്ടുന്ന കണക്കെ ലവളുടെ അലർച്ച കേട്ടത്…..

പല്ലിറുമ്മിക്കൊണ്ടു ഞാൻ ബ്രെയ്‌ക്കിട്ടു…..

“നിങ്ങൾക്ക് നാണമുണ്ടോ മൻഷ്യാ എന്റെ ചേച്ചിയെത്തന്നെ പെണ്ണു കാണാൻ കെട്ടി എഴുന്നള്ളാൻ….???”

ഓടി വരുന്ന വഴിയ്ക്ക് തട്ടി തടഞ്ഞു വീഴാൻ പോയത് ഞാൻ കണ്ടില്ലെന്നു കരുതി അവൾ ഡയലോഗിന്റെ പൂത്തിരി കൊളുത്തി…..

“ഇത് നിന്റെ വീടാണെന്നറിഞ്ഞിരുന്നെങ്കിൽ ഈ ഏരിയയിൽ ഞാൻ കാലു കുത്തില്ലായിരുന്നു….”

അത്യാവശ്യം പഞ്ചിൽ ഒരു ഡയലോഗ് ഞാൻ തിരിച്ചും പറഞ്ഞു…. വിത് പുച്ഛം….

“എനിയ്ക്കിഷ്ടാണെന്നു ഞാൻ പറഞ്ഞതല്ലേ നിങ്ങളോട്….???? പിന്നെന്തിനാ നാട് നീളെ പെണ്ണു കാണാൻ നടക്കണെ….????”

“ദേ കൊച്ചേ… നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ…???. അങ്ങനെ ഫേസ്‌ബുക്കിൽ കണ്ടിട്ടൊന്നും ഒരാളെ ഇഷ്ടപ്പെടാൻ പറ്റില്ല….”

“ഓഹ്… എന്തൊരു വിനയം…. ഓവർ ഷോയൊന്നും വേണ്ട…. തനിയ്ക്കെന്റെ ടീമിൽ ചേരാൻ പറ്റുവോ ഇല്ല്യോ….???”

“ടീമോ… എന്തോന്ന് ടീമ്….???”

“ഒളിച്ചു കളി, തൊട്ട് കളി, ഗാനമേള, ചട്ടീം കോലും, കുട്ടീം വട്ടീം അങ്ങനെ ഒരുപാട് പരിപാടി ഉള്ള ടീം… അതില് ഒരാളുടെ കുറവുണ്ട്…. ഇയാൾക്ക് പറ്റുവോ….???”

“പിന്നെ… ഒന്ന് പോ കൊച്ചേ… എനിയ്ക്ക് വേറെ പണിയുണ്ട്…. ഞാൻ പോവാ…. കെട്ടുവാണെങ്കിൽ തലയ്ക്ക് വെളിവുള്ള ഒരു കൊച്ചിനെ കെട്ടണം അതാ എന്റെ ആശ…”

“ഹലോ ഹലോ…. ഈ നാട്ടില് വേറെ ആൾക്കാരെ കിട്ടാഞ്ഞിട്ടല്ല…. ഇയാൾടെ പ്രൊഫൈലിലെ ആ ഒറ്റ വരി ബയോ എനിയ്ക്കങ്ങു ഇഷ്ടായിപ്പോയി….. ഇല്ലെങ്കിൽ നല്ല ബയോ ഉള്ള ചെക്കമ്മാരേം കെട്ടി ഞാൻ സുഖായിട്ടു ജീവിച്ചേനെ…”

അവൾടെ ഓഞ്ഞ മറുപടി കേട്ട് ചാണകം ചവുട്ടിയ പോസ്റ്റുമാന്റെ എക്സ്പ്രഷനിൽ ഞാൻ തറഞ്ഞു നിന്നു….

“ഇതിപ്പോ എന്റെ ചേച്ചിയെ ഇഷ്ടായിട്ടൊന്നും അല്ലല്ലോ ഏട്ടൻ പെണ്ണു കാണാൻ വന്നത്… അതുപോലെ തന്നെയല്ലേ ഇതും….

കെട്ടി കഴിഞ്ഞു എന്നെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഡിവോഴ്‌സ് ചെയ്‌തോ…. ”

ബ്രോക്കറെ നോക്കി പതിഞ്ഞ ശബ്ദത്തിൽ ഇതു കടിക്കോ ചേട്ടാ ന്ന് ചോദിച്ചപ്പോൾ അയാളതാ ഓടാനായി ഒരു കാൽ നീട്ടി വച്ചു നിൽക്കുന്നു….

“എന്നെ കെട്ടിയാൽ പിന്നെ ഞാൻ ചാറ്റ് ചെയ്ത് വെറുപ്പിക്കൂല…. ദിസ് ഈസ് മൈ ഓഫർ…..”

എന്തോ ഔദാര്യം ചെയ്തു തരുന്ന ഭാവത്തിൽ അവൾ ഞെളിഞ്ഞു നിന്നു….

“ഈ കാണുന്ന ജംഗ്ഷൻ കഴിഞ്ഞാൽ ഞാൻ നിന്നെ ബ്ലോക്ക് ചെയ്യും…. അല്ലെങ്കിലും ഇല്ലാത്തതൊക്കെ പറഞ്ഞു നീയെന്നെ മാക്സിമം നാറ്റിച്ചു വച്ചേക്കുവല്ലേ അകത്ത്….”

“അത് ഞാൻ മാറ്റിപ്പറയാം… പക്ഷെ വേറെ കല്യാണം കഴിക്കാൻ ഞാൻ സമ്മതിക്കൂല സേട്ടാ….

ഒന്നൂല്ലെങ്കിലും ഏട്ടന് കവിത എഴുതാൻ എന്റെ മുട്ടായീടെ മണമുള്ള മഷിപ്പേന ഞാൻ തരാം…. അത് വെച്ചു എഴുതിയാ സൂപ്പറാ… പിന്നെ മിക്‌സ്ച്ചറീന്നു പെറുക്കി വച്ച കടല… ചോക്ലേറ്റിന്റെ പകുതി, ബിരിയാണിയിലെ ചിക്കൻ കാൽ അങ്ങനെ വിലപ്പെട്ട പലതും ഞാൻ തരും…..”

എന്തോ പറയാൻ തുനിഞ്ഞ എന്നെ തടഞ്ഞു അവൾ അടുത്ത ചോദ്യമെറിഞ്ഞു….

“ഏട്ടന്റെ ഫേവറിറ്റ് ഫുഡ് ഏതാ….???”

“പാലട…”

പറയാൻ വിചാരിച്ച ഏതൊക്കെയോ ഫുഡിന്റെ കൂട്ടത്തിൽ നിന്നും നാവുടക്കി ആ വാക്ക് തെറിച്ചു വീണു…

“വൗ….. യൂ ആർ സോ ലക്കി…. പാലട വയ്ക്കാൻ എന്നെ കഴിഞ്ഞേയുള്ളൂ ആരും… ആ ചേച്ചിയ്ക്കാണെങ്കിൽ പാലട പോയിട്ടു പാൽക്കാപ്പി പോലും ഉണ്ടാക്കാൻ അറിഞ്ഞൂടാ…

എന്നെ കെട്ടിയാൽ പാലടയേക്കാൾ കൂടുതൽ ഉണക്കമുന്തിരി ഇട്ടു ഞാൻ പായസം വച്ചു തരും…. അതു ദിവസോം കുടിച്ചു ഏട്ടന്റെ ലുക്കും കൂടും…. അങ്ങനെ ലുക്ക് കൂടുമ്പോ എന്നെ മറക്കാഞ്ഞാ മതി…. അതിൽ കൂടുതലൊന്നും ഞാനാഗ്രഹിയ്ക്കുന്നില്ല ഏട്ടാ…. എനിയ്ക്ക് സ്നേഹിയ്ക്കാൻ മാത്രേ അറിയൂ….”

അവൾ ആത്മാർത്ഥതയോടെ കടിച്ചു പറിച്ചു തുപ്പിയ നഖത്തിന്റെ തുമ്പ് പറന്നു വന്നു എന്റെ മുന്നിൽ വീണു….

“ഏട്ടൻ രാത്രി ആവുമ്പോ റിപ്ലെ പറ… ഞാൻ എന്റെ വീട്ടിൽ പറയാം…. ഏട്ടൻ ഏട്ടന്റെ വീട്ടിലും പറ….

വേണെങ്കിൽ നമ്മുടെ കൊച്ചിന് ഏട്ടന്റെ പഴേ ക്രഷിന്റെ വല്ലോം പേര് ഇടാം…. അതിനും എനിയ്ക്ക് സമ്മതം…. നൂറ് ശതമാനം സമ്മതം…”

അവൾ മാക്സിമം നിഷ്‌കു ഭാവത്തിൽ എന്നെ നോക്കി ചിരിച്ചു…..

പിന്നീടൊന്നും പറയാതെ ഞാൻ ബ്രോക്കർ ചേട്ടന്റെ കയ്യും പിടിച്ചു വലിച്ചു വേഗത്തിൽ നടന്നു…..

“എന്നെ കെട്ടാണ്ട് വേറെ കെട്ടിയാ ഞാൻ ശപിക്കും… ഒറപ്പായിട്ടും ശപിയ്ക്കും നോക്കിക്കോ….”

പിറകിൽ നിന്നുയർന്ന ശബ്ദം കേട്ട് അടക്കി നിർത്തിയ ചിരി അണക്കെട്ട് പൊട്ടി പുറത്തെത്തി…..

“ദേ കൊച്ചേ ഇവൻ ചിരിയ്ക്കുന്നു…..”

ഞാൻ പതിയെ തിരിഞ്ഞു അവളെ നോക്കി….

“പാതിരാത്രി ഡയറി മിൽക്ക് തിന്നാൻ തോന്നുമ്പോ വാങ്ങിക്കൊണ്ടു വരാനും പാറ്റയെക്കണ്ടു ഞാൻ അലറി ഓടുമ്പോൾ പിന്നാലെ ഓടാനും എന്റെ ചളി മൊത്തം കേട്ടു ബോധം കേടാനും എനിയ്ക്കൊരു കേട്ട്യോനെ വേണം…… പറ്റുവെങ്കിൽ ഒന്നൂടെ പെണ്ണു കാണാൻ വന്നോ…..!!”

മറുപടിയായി ഒരു ചിരി പകരം കൊടുത്തു ഞാൻ നടന്നു….

“എന്നാലും അവളെ വീഴ്ത്തിയ ആ ബയോ എന്താണ്….???”

അന്തം വിട്ടുള്ള ചേട്ടന്റെ ചോദ്യത്തിനും ഞാൻ അടക്കിയ ചിരി പകരം കൊടുത്തു…..

അപ്പോഴും എന്റെ പ്രൊഫൈൽ ചിത്രത്തിന് താഴെയുള്ള ആ ഒറ്റ വരി മാത്രം ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ കണ്ണടച്ചു…..!!

എന്റെ തലവിധിയെഴുതിയ ആ ഒറ്റവരി ഇങ്ങനെയായിരുന്നു…..

“മൊരട്ട് സിങ്കിൾ….!!!”

ശുഭം

നബി: ഈ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിയ്ക്കുന്നവരോ മരിച്ചവരോ ആയി യാതൊരു സാമ്യവുമില്ല…. സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം….

രചന: സ്വാതി കെ എസ്

Leave a Reply

Your email address will not be published. Required fields are marked *