പെണ്ണുങ്ങളായാൽ കുറച്ച് സഹിച്ചും ക്ഷമിച്ചും ഒക്കെ നിൽക്കണം എന്ന് അമ്മ അടുക്കളയിൽ നിന്ന് പിറുപിറുത്തു.

രചന: Suhail sam

കഴിഞ്ഞ ആഴ്ച ഇവിടെന്ന് പോയവളാ ദേ പിന്നേം പെട്ടീം തൂക്കി വരുന്നു ഇപ്രാവശ്യം എന്താണാവോ കാര്യം ന്റെ ഈശ്വരാ… ഉമ്മറകോലായിലിരുന്ന അച്ഛൻ അടുക്കളയിലേക്ക് നോക്കി പറഞ്ഞു… ടീ ശാരദേ…. നമ്മടെ പുന്നാരമോൾ വന്നിരിക്കുന്നു.

അടുക്കളയിൽ അരിക്കലത്തിൽ അരിവേവുന്നതും നോക്കിനിൽക്കുന്ന അമ്മ ഒന്ന് പാളിനോക്കിയതല്ലാതെ മാറിച്ചൊന്നും പറഞ്ഞില്ല. പറഞ്ഞിട്ടും കാര്യമില്ല കാരണം ഇവൾക്ക് ഇത് തന്നെയാണ് പണി ഭാര്യയും ഭർത്താവും ആവുമ്പോ വഴക്കും വക്കാണവും ഒക്കെ ഉണ്ടാവും ഒന്ന് പറഞ്ഞാൽ രണ്ടാമത്തേതിന് പെട്ടീം തൂക്കി പോന്നോളും പെണ്ണുങ്ങളായാൽ കുറച്ച് സഹിച്ചും ക്ഷമിച്ചും ഒക്കെ നിൽക്കണം എന്ന് അമ്മ അടുക്കളയിൽ നിന്ന് പിറുപിറുത്തു.

ശാരദേ…. നീ അവിടെ നിന്ന് പിറുപിറുക്കാതെ അവൾക്ക് വല്ലതും തിന്നാൻ കൊടുക്ക് പെണ്ണിന്റെ കോലം കണ്ടില്ലേ…

(അല്ലെങ്കിലും അച്ഛന്മാർക്ക് പെണ്മക്കളോട് വല്യ സ്നേഹം ആയിരിക്കും)

അച്ഛാ… ഞാൻ തിന്നാൻ കിട്ടാഞ്ഞിട്ട് വന്നതൊന്നും അല്ല തിന്നാനും കുട്ടിക്കാനും ഒക്കെ ഇഷ്ടം പോലെ ഉണ്ട് ഇല്ലാത്ത ഒന്നാണ് സ്നേഹം. അത് ഇല്ലാത്തൊണ്ടാ ഇങ്ങോട്ട് ഓടിവരുന്നത്. (കരച്ചിൽ ) തൊട്ടതിനും പിടിച്ചതിനും കുറ്റം കണ്ടെത്തുന്ന ഒരു അമ്മായിയമ്മ അതിന് സപ്പോർട്ട് ചെയ്യാൻ ഒരു മോനും ഹും….

ആഹ് ന്തായാലും വന്ന പതിവ് തെറ്റിക്കേണ്ട രണ്ട് ദിവസം ഇവിടെ നിക്ക് കുട്ടനെ വിളിച്ച് കാര്യങ്ങൾ ചോദിച്ചോളാം മോൾ അകത്ത് പോയി വല്ലതും കഴിക്ക് എനിക്ക് തൊടിയിൽ കുറച്ച് പണിയുണ്ടെന്ന് പറഞ് അച്ഛൻ തൂമ്പയെടുത്ത് ഇറങ്ങി.

അമ്മക്കാണെങ്കി വല്യ മൈന്റോന്നും ഇല്ല എങ്ങനെ ഉണ്ടാവുക ഇത് പതിവല്ലേ…

ഇപ്പൊ അമ്മേന്റെ അടുത്ത് പോണത് പന്തിയല്ല എന്ന് അവൾക്ക് മനസ്സിലായി മെല്ലെ അവൾ അയല്പക്കത്തേക്കിറങ്ങി…

ശിവേച്ചി….. അവൾ നീട്ടിവിളിച്ചു

എന്തൊക്കെ ഉണ്ട് വിശേഷം…

ആഹാ… ആരിത് അമ്മുവോ എപ്പഴാ വന്നേ… ഞാൻ വന്ന് കേറിയതെ ഉള്ളൂ ചേച്ചീ… അമ്മക്ക് വല്യ മൈന്റിന്നും ഇല്ല അതാ ഇങ്ങ് പോന്നത്.

അവിടെ ആണെങ്കി മിണ്ടാനും പറയാനും ആരും ഇല്ല ചേട്ടനാണെങ്കി ജോലി ജോലി നമ്മളെ ശ്രദ്ധിക്കാൻ നേരം ഇല്ല അമ്മേന്റെ കാര്യം പറയണ്ടല്ലോ എന്ത് ചെയ്താലും അതിലൊരു കുറ്റം കണ്ടെത്തും ഇതും പറഞ്ഞ് ഞാനും കുട്ടേട്ടനും എന്നും വഴക്കാ….

അത് എന്നും ഉള്ളതല്ലേ ഇപ്പൊ വരാനുള്ള കാരണം എന്താ…?

ന്റെ പൊന്നു ചേച്ചി കുട്ടേട്ടന് സ്നേഹം ഒക്കെ ഉണ്ട് പക്ഷെ അത് പ്രകടിപ്പില്ല ഒരു മുരുടൻ സ്വഭാവം ആണ് പിന്നെ അമ്മ പറയുന്നതിന് അപ്പുറം ഒന്നും ഇല്ല ഒരു ഭാര്യ എന്ന പരിഗണന പോലും ചിലപ്പോൾ കിട്ടാറില്ല. ചേട്ടന്റെ അനിയന്റെ കല്യാണം ആണ് വരുന്നത്.കല്യാണ ചർച്ച നടക്കുന്നുണ്ട്. കൊറോണ ഒക്കെയല്ലേ കൂടുതൽ ആൾക്കാരെ ഒന്നും പങ്കെടുപ്പിക്കാൻ പറ്റില്ല കൂട്ട് കുടുംബക്കാരെ ഒന്നും ഒഴിവാക്കാനും പറ്റില്ല കോറോണ ഒക്കെ ഒന്ന് ഒതുങ്ങീട്ട് കല്യാണം നടത്താം എന്ന് എന്റെ ഒരഭിപ്രായം പറഞ്ഞതെ ഉള്ളൂ അത് അമ്മായിയാമ്മക്ക് പിടിച്ചില്ല ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ തീരുമാനിച്ചോളാം എന്നും പറഞ് തുടങ്ങി വഴക്ക് കൂട്ടിന് ചേട്ടനും.ഞാൻ അവിടുത്തെ മരുമകൾ അല്ലെ ചേച്ചി…..

ഓഹ് അപ്പൊ ഇത്രയൊള്ളൂ കാര്യം ഈ നിസാരകാര്യത്തിനാണോ നീ ആ അവിടന്ന് പിണങ്ങിപോന്നത്

എന്റെ അമ്മൂ… ദാമ്പത്യ ജീവിതം ഇങ്ങനെ ഒക്കെയാണ് തട്ടലും മുട്ടലും ചീറ്റലും ഒക്കെ ഉണ്ടാവും കുറെയൊക്കെ നമ്മൾ കണ്ടില്ല കേട്ടില്ല എന്ന് നടിക്കണം. ഞാനും തുടക്കത്തിൽ ഇങ്ങനെ ഒക്കെ ആയിരുന്നു നിസാര കാര്യങ്ങൾക്ക് പിണങ്ങും മിണ്ടാതെ ഇരിക്കും ആണുങ്ങൾ അങ്ങനെ അല്ല അവർ പറയാനുള്ളത് പറയും മനസ്സിൽ ഒന്നും വെക്കില്ല പിന്നെ അവർക്ക് അത് ഓർമ്മയെ കാണില്ല നമ്മൾ പെണ്ണുങ്ങൾ അങ്ങനെ അല്ല നമ്മൾക്ക് ഒരു പ്രത്യേകത ഉണ്ട് നമ്മളതെല്ലാം മനസ്സിൽ വെച്ച് പിണങ്ങി നടക്കും. നമ്മുടെ പിണക്കം വലിയൊരു സ്നേഹപ്രകടനമാണെങ്കിലും അധികമാവരുത് ഒരു പിണക്കവും.

ഇത്പോലെ പണ്ടൊരിക്കൽ ഞാനൊന്ന് പിണങ്ങിയതായിരുന്നു. ആ പിണക്കത്തിൽ എനിക്ക് നഷ്ടമായത് എന്റെ ജീവിതമായിരുന്നു. ഞാനും കണ്ണേട്ടനും തമ്മിൽ ചെറിയൊരു സുന്ദര്യ പിണക്കം കിടപ്പറയിൽ തീരാത്ത പിണക്കങ്ങളില്ല എന്നാണ് ദാമ്പത്യം പക്ഷെ എന്റെ വാശി അതിനനുവദിച്ചില്ല. കണ്ണേട്ടൻ എന്റെ അടുത്ത് കിടന്ന് പലതവണ ചേർത്ത് പിടിക്കാൻ ശ്രമിച്ചപ്പോഴും കൈ തട്ടിമാറ്റി ഞാൻ അപ്പുറത്തെ മുറിയിൽ പോയി കിടന്നു (കൂടെ കിടക്കാൻ ഞാൻ വേണം എന്ന ഭാവം ആയിരുന്നു എന്റെ ഉള്ളിൽ)

രാവിലേക്ക് എല്ലാം ശെരിയാവും എന്ന് കരുതി കണ്ണേട്ടൻ കിടന്നു അപ്പുറത്തെ മുറിയിൽ ഞാനും അങ്ങനെ കിടന്ന കണ്ണേട്ടൻ പിന്നെ കണ്ണ് തുറന്നിട്ടില്ല എന്റെ കണ്ണ് പിന്നീട് അടഞ്ഞിട്ടും ഇല്ല (കണ്ണുനീർ ) കണ്ണേട്ടന് സൈലന്റ് അറ്റാക്ക് ആയിരുന്നു.അന്ന് കിടപ്പറയിൽ കണ്ണേട്ടൻ എന്നെ ചേർത്ത് പിടിച്ചപ്പോൾ ഞാനൊന്ന് ഇണങ്ങിയിരുന്നെങ്കിൽ ഒരു പക്ഷെ കണ്ണേട്ടൻ ഇന്നും എന്റെ കൂടെ ഉണ്ടാവുമായിരുന്നു എന്ന് പറഞ് ശിവേച്ചി കണ്ണ് തുടച്ചു…

ചില പാഠങ്ങൾ നമ്മൾ അനുഭവത്തിൽ നിന്നെ പഠിക്കൂ…

അത്കൊണ്ട് മോളെ രണ്ട് ദിവസം അമ്മേന്റെ കൂടെ നിന്നിട്ട് വേഗം ചെല്ല് തിരിച്ച് അങ്ങോട്ടേക്ക്…

ഇല്ല ചേച്ചി ഞാൻ ഇന്ന് തന്നെ തിരിച്ച് പോകും എന്ന് പറഞ് അമ്മു വീട്ടിലേക്ക് ഓടി…. അവളുടെ മുഖത്ത് എന്തെന്നില്ലാത്ത പരിഭ്രമം കാണാമായിരുന്നു.

ശുഭം

രചന: Suhail sam

Leave a Reply

Your email address will not be published. Required fields are marked *