സ്നേഹിച്ചപ്പോൾ ഉള്ളതിന്റെ ഇരട്ടി ആയിരുന്നു വെറുപ്പു വന്നപ്പോൾ…

രചന: മഞ്ജു ജയകൃഷ്ണൻ

“ദേ മനുഷ്യാ ആ തള്ളേടെ വായിൽ വല്ല ഈയോം ഉരുക്കി ഒഴിക്കും ഞാൻ…. ”

വെളുപ്പാൻ കാലത്ത് അവളുടെ അട്ടഹാസം കേട്ടെങ്കിലും ഒന്നും അറിയാത്ത പോലെ ഞാൻ കിടന്നു… കടുക് പൊട്ടുന്നത് പോലെ പൊട്ടിത്തെറിക്കുന്നത് എന്റെ ഭാര്യയും , കുറ്റാരോപിത എന്റെ അമ്മയും ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ

കുറച്ചു നാൾ മുൻപു വരെ അമ്മയും അവളും ചക്കരയും പീരയും ആയിരുന്നു …

എന്നേക്കാൾ കൂടുതൽ അവൾ വിളിച്ചത് അമ്മയെ ആയിരുന്നു..’മോളെ ‘ എന്നു തികച്ചു അമ്മയും പറഞ്ഞിരുന്നില്ല

കല്യാണം കഴിച്ചു വന്ന ഉടനെ ഒന്നിനു പകരം രണ്ടു വള അമ്മയുടെ കയ്യിൽ ഇട്ടപ്പോൾ ഞാൻ പോലും ഞെട്ടിപ്പോയി

പുത്തനച്ചി പുരപ്പുറം തൂക്കും എന്ന പഴഞ്ചൊല്ലു പോലെ പറ്റുന്നിടത്തോക്കെ വലിഞ്ഞു കേറി അവൾ തൂപ്പും തുടയ്ക്കലും ഒക്കെ ആയിരുന്നു…നടുവിന് പണി കിടന്നുള്ള കിടപ്പിൽ തെറി കേട്ടത് ഞാനും

അമ്മായി അമ്മയും മരുമകളും ഇന്ത്യയും പാകിസ്ഥാനും ആണെന്ന് പറഞ്ഞവരോട് എനിക്ക് പുച്ഛം ആയിരുന്നു…. വീട്ടിലേക്ക് അവരുടെ സ്നേഹം കാണാൻ വരാൻ വെല്ലുവിളിച്ചവരിൽ ഒരു പട തന്നെ ഉണ്ടായിരുന്നു…

അങ്ങനെ കാര്യങ്ങൾ പോകുമ്പോൾ ആണ് അവൾ ഗർഭിണി ആവുന്നത്..

കണ്ട മാവിലൊക്കെ തള്ളയും മോളും കൂടി കേറ്റിച്ചു മൊത്തം പുളിയുറുമ്പു കടിച്ചു ഒരു പരുവം ആക്കി..

വയ്ക്കുന്ന കറികൾ മൊത്തം പുളിമയം… സ്വന്തം വീട്ടിലെ കരിക്ക് പോരാഞ്ഞിട്ട് അയല്പക്കത്തെ കരിക്കുകളെയും അവൾ വെറുതെ വിട്ടില്ല…

“മോനായിരിക്കും അല്ലേ…. ” എന്ന് അമ്മ ഒരിക്കൽ പറഞ്ഞു… അപ്പോഴത്തെ ഭാ വമാറ്റത്തിൽ നിന്നാണ് അവൾക്കുള്ളിൽ ചങ്ങലക്കിട്ട ഏതോ മൃഗം കുടിയിരിക്കുന്നു എന്ന നഗ്നസത്യം ഞാൻ മനസ്സിലാക്കിയത്.

“അതെന്താ മോള് ആയാൽ ” എന്ന ഭാവഹാദികളോടെ മണിച്ചിത്രത്താഴിനെ അനുസ്മരിച്ചു അവൾ നാഗവല്ലി ആകുന്നത്…

സംഭവം കോമഡി ആക്കാൻ ഞാൻ നോക്കി എങ്കിലും നല്ല രീതിയിൽ അതു ചീറ്റി..

അമ്മയുണ്ടോ വിടുന്നു…. അമ്മ ആൺകുട്ടിയിൽ ഉറച്ചു നിന്നു…..

ആണ്പിള്ളേരെ മാത്രം പേറുന്നോരെ “പഞ്ചപാപി ” ആണത്രേ..എന്നെ മാത്രം പ്രസവിച്ച അമ്മക്ക് നൈസ് ആയി അവൾ പണി കൊടുത്തു .. അവളുടെ അറിവ് കേട്ട് ഞാൻ തലയിൽ കൈ വെച്ചു… ‘വെച്ചു താങ്ങീതാണ് ‘ എന്ന് ബോധ്യമായിട്ടും ഞാൻ നിസ്സഹായനായി നോക്കി നിന്നു

കണ്മുന്നിൽ കാര്യങ്ങൾ കൈ വിട്ടു പോകുന്നത് ഞാൻ അറിഞ്ഞു…

സ്നേഹിച്ചപ്പോൾ ഉള്ളതിന്റെ ഇരട്ടി ആയിരുന്നു വെറുപ്പു വന്നപ്പോൾ…. എനിക്ക് പലപ്പോഴും ദേഷ്യം തികട്ടി വന്നു എങ്കിലും ആരോടും അത് തീർക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ലല്ലോ…

രണ്ടു മനസ്സു പോലെ രണ്ടു അടുക്കളകൾ അവിടെ രൂപപ്പെട്ടു…..രാവിലെ രണ്ടു കാപ്പി കൊണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്തു എങ്കിലും ഉച്ചക്കത്തെ ഊണ് അൺസഹിക്കബിൾ ആയിരുന്നു… ആദ്യം റെഡിയാകുന്നവരുടെ ചോറ് ഞാൻ കഴിക്കും എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു..

സമാധാനം കപ്പലു കേറിയപ്പോൾ കൂട്ടുകാരുടെ തോളിൽ തൂങ്ങി പതിനാറു കാലിൽ വരുന്ന എന്നെ രണ്ടാളും കണ്ടു തുടങ്ങി..നിത്യചിലവിന് ഉള്ളത് മാത്രം കൊടുത്തു .

വീർത്തു വരുന്ന അവളുടെ വയറിനെ നോക്കി രണ്ടാളും നെടുവീർപ്പിട്ടു …

രണ്ടു പേരുടെ വാക്കുകളും ഞാൻ ചെവികൊണ്ടില്ല…

“ആദ്യം എനിക്ക് സമാധാനം താ… എന്നിട്ട് എനിക്ക് ഉപദേശം മതി എന്ന് പറഞ്ഞു രണ്ടിനെയും ഞാൻ പറപ്പിച്ചു

“ഇങ്ങനെ ആയാൽ ശരിയാവില്ല ” എന്ന് രണ്ടാൾക്കും തോന്നിത്തുടങ്ങി….

“അമ്മ കാപ്പിക്കു വച്ചിട്ടുണ്ട് മോളെ… നീ ഇനി ഒന്നും ചെയ്യാൻ നിക്കേണ്ട ” എന്ന് കേട്ടാണ് അന്ന് ഞാൻ കണ്ണുതുറന്നത്…

അന്ന് വൈകീട്ടും തണ്ണിയടിച്ചു വന്ന എന്നെ കാലേ വാരി അടിക്കാൻ രണ്ടു പേരും റെഡിയായിരുന്നു….

“സാമദ്രോഹി എന്ന് വിളിച്ചു തുടങ്ങിയ അമ്മയോടും അതു കേട്ടു പ്രോത്സാഹിപ്പിച്ച അവളോടുമായി ഞാൻ പറഞ്ഞു…

“വെള്ളമടിച്ചു വരുന്ന എന്നെയെ നിങ്ങൾ കണ്ടിട്ടുള്ളു… മദ്യത്തിന്റെ മണം കേട്ടാൽ ബോധം പോകുന്ന എന്നെ നിങ്ങൾക്ക് അറിയില്ല എന്ന് ”

“എപ്പടി എൻ ആക്ടിങ് ” എന്ന് ചോദിച്ചപ്പോൾ അമ്മ ഒലക്കക്കു പകരം ചൂൽ അന്വേഷിക്കുന്ന തിരക്കിൽ ആയിരുന്നു….

എന്തായാലും സംഗതി കുറിക്കു കൊണ്ടു…. രണ്ടു പേരും പിന്നെയും അടയും ചക്കരയും ആയി… പേടിയോടെ അടുത്ത അങ്കത്തിനായി ഞാനും കാത്തിരുന്നു…..

രചന: മഞ്ജു ജയകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *