എടാ…. തെണ്ടി നിനക്ക് എന്നോടൊപ്പം അമ്പലത്തിൽ വരാൻ പറ്റുമോ ഇല്ലയോ.

രചന :- Shithi..

എടാ…. തെണ്ടി നിനക്ക് എന്നോടൊപ്പം അമ്പലത്തിൽ വരാൻ പറ്റുമോ ഇല്ലയോ…..വാട്സ്ആപ്പ് ലെ അവളുടെ മെസ്സേജുകൾ സീൻ ചെയ്യിതിട്ടും റിപ്ലൈ ഒന്നും കൊടുക്കാതിരുന്നതു കൊണ്ടാണ് ഞാൻ കോൾ അറ്റൻഡ് ചെയിത ഉടനെ അവൾ ദേഷ്യത്തോടെ സംസാരിച്ചു തുടങ്ങിയത്… എന്നെക്കാളും 9 വയസ്സ് ഇളയതെങ്കിലും

അവളങ്ങനെയാ…. ദേഷ്യം വന്നാലും പോടാ…. പട്ടി.. തെണ്ടി എന്നൊക്കെയേ വിളിക്കൂ….. ദേഷ്യത്തോടെ ആണങ്കിലും ആ വിളി കേൾക്കാൻ ഒരു വല്ലാത്ത സുഖമാണ്…… ഇതെന്താടി രാവിലേ തന്നെ അമ്പല ദർശനം വേണം എന്നൊരു തോന്നൽ എന്ന് പാതി ഉറക്കത്തിൽ ഉള്ള എന്റെ ചോദ്യത്തിന്…. നിങ്ങൾക്ക് വരാൻ പറ്റുമോ ഇല്ലയോ എന്ന കലിപ്പിൽ ഉള്ള മറു ചോദ്യമായിരുന്നു അവളുടെ

ഉത്തരം….. പിന്നെ ഏതമ്പലത്തിൽ പോകാൻ ആ നിന്റെ പ്ലാൻ എന്ന് ഇത്തിരി പഞ്ചസാരയും സ്നേഹവും മിക്സ് ചെയ്തുള്ള എന്റെ ചോദ്യത്തിൽ അവൾ ഒന്ന് തണുത്തു….. അതൊക്കെ പറയാം 7. 30 ആവുമ്പോഴേക്കും ഹോസ്റ്റലിന്റെ അവിടെ വന്നാൽ മതി…..പിന്നേ….. ബൈക്ക് എടുത്ത് വന്നാൽ മതി കേട്ടോ…. കുറേ ദൂരം

പോകാനുള്ളതാ ബസ്സിൽ ഒന്നും പോകാൻ പറ്റാത്ത സ്ഥലം ആണ്‌…..എന്നു ചിരിച്ചു കൊണ്ട് പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്യിതു….ചിലപ്പോൾ എനിക്കു തോന്നാറുണ്ട് എന്നെക്കാൾ ഇഷ്ടം ഇവൾക്ക് ബൈക്ക് യാത്ര ആണോന്നു…..അത്രക്കും ഇഷ്ടമാണ് അവൾക്കു ബൈക്കിൽ കാഴ്ചകൾ കണ്ട് യാത്ര ചെയ്യാൻ……..

അവളെ ഏറ്റവും കൂടുതൽ സന്തോഷിച്ചു കണ്ടിട്ടുള്ളതും എന്റെ കൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആയിരുന്നു…..കൃത്യം രാവിലെ 7.30 നു തന്നെ ഞാൻ അവളെയും കൂട്ടി അവൾ പറഞ്ഞ അമ്പലത്തിലേക്ക് പുറപ്പെട്ടു….. നീയെന്താടി ഇന്നലെ വല്ല സ്വപ്നവും കണ്ട് പേടിച്ചോ…. ????

ഇല്ല എന്തേ……. പിന്നെ എന്താ ഈ രാവിലെ തന്നെ ഒരു അമ്പല ദർശന മോഹം….. അതൊക്കെ ഉണ്ട് പറയാം….. നിങ്ങള് ആദ്യം നേരെ നോക്കി വണ്ടി ഓടിക്കു…….. അവൾ പറഞ്ഞ ഏതൊക്കയോ റോഡിലൂടെയും ഊടുവഴികളിലൂടേയും ഒക്കെ പോയ ശേഷം ഞങ്ങൾ ഒരു പഴയ അമ്പലത്തിനു മുന്നിൽ എത്തി….. വലിയ ആളും ബഹളവും ഒന്നും ഇല്ലാത്ത ഒരു ചെറിയ അമ്പലം….

ഏത് അമ്പലമാണ് ഏതാണ് അവിടെ പ്രതിഷ്ഠ എന്ന് പോലും എനിക്കറിയില്ലായിരുന്നു…..ചെറിയ ഒരു വാതിൽ കവാടം അതും കടന്ന് ഞങ്ങൾ അകത്തു കയറി… മുറ്റത്ത് വർഷങ്ങൾക്കു മുൻപ് പാകിയ ചെങ്കല്ലിൽ ചെരുപ്പിടാതെ ചവിട്ടുമ്പോൾ തന്നെ നല്ല തണുപ്പ് അനുഭവപ്പെടുന്ന പോലെ തോന്നി…..അമ്പല മുറ്റത്തിന്റെ ഒരു

മൂലയിൽ വിരിഞ്ഞു നിൽക്കുന്ന ചെക്കി പൂക്കൾ…..രാവിലത്തെ ചെറിയ കാറ്റിൽ അതിനടുത്തായുള്ള തുളസി ചെടികളിലെ ഇലകൾ ചെറുതായി ആടി കളിക്കുന്നുണ്ടായിരുന്നു…. അമ്പലത്തിലെ മതിലിനു പുറത്തുള്ള ചെമ്പക മരത്തിൽ നിന്നും ഒന്ന് രണ്ട് പൂക്കൾ അമ്പല മുറ്റത്ത് വീണ് കിടക്കുന്നുണ്ട്….. ആ അമ്പല മുറ്റത്തേക്ക്

കയറിയപ്പോൾ തന്നെ വല്ലാത്ത ഒരു സുഖം തോന്നി…. നല്ല തണുപ്പും ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും മണവും ഒക്കെ കൂടി ചേർന്നപ്പോൾ വല്ലാത്ത ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആയിരുന്നു….. ഒരുപാട് നേരം അവിടെ അങ്ങനെ കണ്ണടച്ച് നിൽക്കാൻ തോന്നുന്ന ഒരു ഫീൽ….. ശ്രീ കോവിലിന്റെ അടുത്തുള്ള ചെറിയ മുറിയിൽ നിന്നും ഉയരുന്ന പുക ശ്രീകോവിലിനു മുകളിലും,അമ്പലമുറ്റത്തും ഒക്കെ ഒരു മൂടൽ മഞ്ഞു പോലെ ചുറ്റി തിരിയുന്നു…. ഞങ്ങൾ ചെല്ലുമ്പോൾ ശ്രീകോവിൽ അടച്ച് പൂജ നടക്കുകയായിരുന്നു… ഒന്ന്

പ്രാർത്ഥിച്ച ശേഷം ഞങ്ങൾ അമ്പലമുറ്റത്തുകൂടി നടന്നു…. മുറ്റത്ത് പാകിയ കല്ലിന്റെ ഇടയിൽ കൂടി പൊങ്ങി വന്ന പതു പതുത്ത പൂപ്പലിലും തണുത്ത കല്ലിലും ഒക്കെ ചവിട്ടി ഞങ്ങൾ അവിടെ ഒക്കെ നടന്നു കണ്ടു… പുറകിലെ വലിയ ആൽമരത്തണലിൽ കുറേ നേരം അങ്ങനെ ഇരുന്നു…. അപ്പോഴേക്കും പൂജ കഴിഞ്ഞു അമ്പലം തുറന്നു….. ഒരുപാട് നേരം ശ്രീകോവിലിനു മുന്നിൽ നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കുന്നത് കണ്ടിട്ടാണ് ഞാൻ അവളോട്‌ ചോദിച്ചത്….. നീ ഇത് ആർക്കു വേണ്ടിയാ ഇത്ര ആത്മാർത്ഥയോടെ ഇത്ര അധിക നേരം ദൈവത്തിനെ ബുദ്ധി മുട്ടിക്കുന്നത്…….

അതൊക്കെ ഉണ്ട് പറയാം….. എന്ന് പറഞ്ഞ് കൊണ്ട് എന്റെ പാന്റിന്റെ പുറകിലെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് കൊണ്ട് അവൾ വഴിപാട് കൗണ്ടറിനരികിലേക്ക് നടന്നു…. തിരക്കൊന്നും ഇല്ലാത്ത കൗണ്ടറിനരികിൽ ചെന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും പേര് പറഞ്ഞ് വഴിപാട് രസീത് വാങ്ങുന്നത് കണ്ടിട്ടാണ് ഞാൻ ഒന്നൂടെ അവൾക്കരികിലേക്കു ചെന്ന് ചോദിച്ചത്…….. എടീ…എന്താ ഇത് എന്ന്…. ?അമ്മയുടെ പേരിലുള്ള

ദീർഘസുമംഗലീ പൂജക്കുള്ള വഴിപാട് രസീതും ബാക്കി പൈസയും വാങ്ങുന്നതിനിടെ നിഷ്കളങ്കമായി ചിരിച്ചു കൊണ്ടവൾ പറഞ്ഞു….. നിങ്ങൾക്ക് ഓർമ്മ ഉണ്ടാകാൻ വഴിയില്ല….. ഇന്നാണ് നിങ്ങളുടെ അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞ ദിവസം….. ഈ അമ്പലത്തിൽ വച്ചാണ് അവരുടെ കല്യാണം നടന്നത്…. എന്ന് പറഞ്ഞ് കൊണ്ട് ബാക്കി പൈസയും പേഴ്സും എന്റെ കയ്യിൽ വച്ചുതന്നു വഴിപാട് രസീതുമായി പൂജാരിക്കരികിലേക്കു നടന്നുപോകുന്ന അവളെ നിറഞ്ഞ കണ്ണുകളുമായി നോക്കി നിൽക്കാനേ എനിക്കു

കഴിഞ്ഞുള്ളൂ….എല്ലാം കഴിഞ്ഞു പ്രസാദവുമായി അവൾ എനിക്കരികിലേക്കു വന്ന് എന്റെ നിറഞ്ഞകണ്ണുകളിലേക്കു നോക്കി കൊണ്ട് ചോദിച്ചു….. അച്ഛനും അമ്മയും കല്യാണദിവസം ഒപ്പിട്ട ആ പഴയ രജിസ്റ്റർ ഇവിടെ ഉണ്ടാവും കാണണോ…. ?

അവളോടൊപ്പം അമ്പലത്തിലെ ആ പഴയ ഓഫീസ് മുറിയിലേക്ക് നടക്കുമ്പോൾ മനസ്സു നിറയെ അമ്മയുടെയും അച്ഛന്റെയും ആ പഴയ കല്യാണ ഫോട്ടോ ആയിരുന്നു…. കൂടെ ഞാൻ പോലും ഓർക്കാൻ മറന്നു പോയ കാര്യം കൃത്യമായി ഓർമ്മിച്ചു ഇങ്ങനെ ഒക്കെ ചെയ്യാൻ മനസ്സുള്ള ഒരു പെണ്ണിനെ കിട്ടിയ സന്തോഷവും…….പഴയ ആ രജിസ്റ്ററിലെ മങ്ങിയ എഴുത്തും ഒപ്പും ഒക്കെ കണ്ട് അവളോടൊപ്പം അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസ്സ് ഒരായിരം തവണ ദൈവത്തിനോട് നന്ദി പറയുകയായിരുന്നു…. ഇത് പോലെ

ചിന്തിക്കാൻ കഴിയുന്ന ഒരു പെണ്ണിനെ എനിക്കു തന്നതിൽ….. തിരിച്ചു അവിടെ നിന്നിറങ്ങുമ്പോൾ… നിനക്ക് എങ്ങനെ അറിയാം ഇന്നാണ് അച്ഛന്റെയും അമ്മയുടെയും വിവാഹം വാർഷികം എന്നുള്ള എന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ടാണ് അവൾ മറുപടി പറഞ്ഞത്……

ഞാൻ ഇന്നലെ അമ്മയെ വിളിച്ചിരുന്നു….. എന്ന്… അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം എന്താണന്നറിയോ നിങ്ങൾക്ക്….. ഈ ദിവസം എല്ലാവരോടൊപ്പം ഈ അമ്പലത്തിൽ വരണം എന്ന്…..എന്നോട് പറഞ്ഞതാ ഇന്നലെ…. അമ്മയുടെ ആഗ്രഹം എന്താണ് എന്ന് ചോദിച്ചപ്പോൾ……..ജീവിതത്തിൽ ആദ്യമായി ഞാൻ കരഞ്ഞു കൊണ്ട് ബൈക്ക് ഓടിച്ച ഒരു ദിവസമായിരുന്നു അന്ന്……. ഹോസ്റ്റലിനരികിലെ ബേക്കറിയുടെ അടുത്ത്

അവളെ ഇറക്കി വിട്ട് ഒന്നും പറയാൻ കഴിയാതെ പോകാൻ ഒരുങ്ങിയ എന്നെ പിടിച്ചു നിർത്തിക്കൊണ്ടവൾ ഓടി ചെന്ന് ബേക്കറിയിൽ നിന്നും എടുത്തു കൊണ്ട് വന്ന ഒരു വലിയ കവറും അവളുടെ ബാഗിൽ എടുത്ത ഒരു ചെറിയ സമ്മാനപൊതിയും എന്റെ നേർക്ക്‌ നീട്ടി കൊണ്ട് അവൾ പറഞ്ഞു….. അച്ഛനോടും അമ്മയോടും എന്റെ ആശംസകൾ അറിയിക്കുക…… ഒന്നു മിണ്ടാൻ പോലും കഴിയാതെ വിറയ്ക്കുന്ന കൈകൾ കൊണ്ട് ആ

സമ്മാനവും വാങ്ങി വീട്ടിലെത്തി തുറന്നു നോക്കി…..ആശംസകൾ അറിയിച്ചു കൊണ്ടുള്ള ഒരു വലിയ കേക്കും…. പണ്ട് അച്ഛനും അമ്മയും കല്യാണ ദിവസം ഒപ്പിട്ട ആ കല്യാണ രജിസ്റ്ററിലെ ആ പേജിന്റെ ഒരു കോപ്പി ഫ്രെയിം ചെയിത ആ സമ്മാനവും കണ്ടപ്പോൾ ആണ്‌ എനിക്കു മനസ്സിലായത് ഞാൻ പോലും അറിയാതെ

അവൾ ഇന്നലെയും ആ അമ്പലത്തിൽ പോയിരുന്നു എന്ന്…. എന്നെ പോലും അറിയിക്കാതെ അവളുടെ സാന്നിധ്യം പോലും ഇല്ലാതെ സർപ്രസ്സുകൾ കൊണ്ട് അവൾ എന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികം ആഘോഷിച്ചു…. ജീവിതത്തിൽ ആദ്യമായി അച്ഛനും അമ്മയും നിറഞ്ഞ കണ്ണുകളുമായി മനസ്സ് നിറഞ്ഞു ചിരിക്കുന്നത് ഞാൻ കണ്ടു……

രചന :- Shithi..

Leave a Reply

Your email address will not be published. Required fields are marked *