എട്ടിന്റെ പണി

രചന :- Aparna Vijayan‎

എക്സാം കഴിഞ്ഞു വീട്ടിലേക്കുള്ള ബസിൽ കയറി ഇരുന്നു മയങ്ങാൻ തുടങ്ങുമ്പോഴാണ് കൈയിൽ എന്തോ അരിക്കുംപോലെ തോന്നിയത്. കണ്ണ് തുറന്നു നോക്കിയപ്പോൾ ഒന്നുമില്ല. വെറും തോന്നലാണെന്ന് കരുതി പിന്നെയും കണ്ണടച്ച് കിടന്നു. പരീക്ഷചൂടിൽ കുറെ ദിവസമായി ഉറക്കം നഷ്ട്ടപെട്ടിരുന്നു. കണ്ണടക്കുമ്പോൾ പിന്നെയും അരിക്കുംപോലെ ഈ തവണ കൈകളിൽ ആയിരുന്നില്ല; കാലുകളിൽ ആയിരുന്നു. നോക്കിയപ്പോൾ ഒന്നുമില്ല. പിന്നെയും ആവർത്തിക്കപ്പെട്ടു. അടുത്തിരിക്കുന്ന വല്യേപ്പൻ ആണോ എന്നു സംശയിച്ചു. പക്ഷെ നോക്കിയപ്പോൾ ആളു പുറത്തെ കാഴ്ചയും കണ്ടിരിക്കുന്നു. ആളാവാൻ സാധ്യതയില്ല ഏതേലും പ്രാണിയോ, ജന്തുവോ ആണോ എന്നറിയാൻ ഒന്നു എണീറ്റിട്ടിരുന്നു. ഹേയ് ഒന്നും തന്നെയില്ല. കണ്ണടച്ച് കിടന്നപ്പോഴേക്കും പിന്നെയും. കണ്ണടച്ച് കിടക്കുംപോലെ അഭിനയിച്ചു കിടപ്പോഴതാ ഒരു കൈ പതുക്കെ എന്റെ കാലുകളിൽ അരിക്കുന്നു സംശയിച്ചതുപോലെ തന്നെ ആ വല്യേപ്പൻ. എന്റെ അപ്പൂപ്പൻ ആവാനുള്ള പ്രായം ഉണ്ട്. എന്നിട്ടാണ് ഈ പണി.

ഞാൻ ആ കൈയിൽ ചാടിപ്പിടിച്ചു.ആളത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും സംമയനം വീണ്ടെടുത്തു ആളൊരു ചോദ്യം “വിടൂ പെണ്ണുമ്പിള്ളേ എന്റെ കൈയിൽ നിന്നും.”

ആ ചോദ്യത്തിൽ ഞെട്ടിയത് ഞാനാണ് ; വെറും ഇരുപത്തൊന്ന് വയസു മാത്രമുള്ള എന്നെ പെണ്ണുമ്പിള്ളേ എന്നോ ?” അപ്പോഴേക്കും ആളുകൾ എന്നതാ എന്നൊക്കെ ചോദിച്ചു തുടങ്ങിയിരുന്നു.

“ഹേയ് ഈ പെണ്ണുമ്പിള്ളയെ ഞാൻ പിടിച്ചെന്ന്. ബസാവുമ്പോൾ തട്ടിയെന്നും മുട്ടിയെന്നൊക്കെയിരിക്കും. ഈ പ്രായമേ എന്റെ മോന്റെ ഇളയകൊച്ചിനോള്ളൂ ”

“മോന്റെ ഇളയ കൊച്ചിന്റെ പ്രായമുള്ള എന്നെയാണോ നിങ്ങൾ പെണ്ണുമ്പിള്ള എന്നു വിളിച്ചത്. ബസാവുമ്പോൾ തട്ടുകയും മുട്ടുകയും ചെയ്യും അതൊക്കെ മനസിലാക്കാനുള്ള ബോധം എനിക്കുണ്ട്. പക്ഷെ സീറ്റിൽ ഇരിക്കുമ്പോൾ കാലിൽ പിടിച്ചു തോണ്ടുന്നത് അത് അസുഖം വേറെയാണ്. ഞാൻ ഒന്നും പറയുന്നില്ല.”

“ഈ പെണ്ണ് ചുമ്മാ നുണ പറയാ ?”

“അങ്ങനെ നുണപറയാൻ ആണേൽ എനിക്ക് ഈ ചേട്ടനെക്കുറിച്ച് പറഞ്ഞുണ്ടായിരുന്നോ ? ആളാണേൽ ചെറുപ്പവും സുന്ദരനും. ഈ പ്രായമുളള മനുഷ്യനെക്കുറിച്ചു പറഞ്ഞിട്ട് എന്ത് നേടാനാണ് ?”

ഒരു പഞ്ചിനു വേണ്ടി പറഞ്ഞതാണേലും ആ ചേട്ടന്റെ മുഖം കണ്ടപ്പോൾ വേണ്ടായിരുന്നു തോന്നി പുള്ളിക്ക് അങ്ങു നാണമായിപ്പോയി.

അപ്പോഴേക്കും ബസ് ഒക്കെ നിർത്തി. ‘അമ്മാവൻ വളക്കാൻ നോക്കിയതാ. ട്രെൻഡ് ഒക്കെ മാറിപ്പോയെന്ന് ‘ ഒരുത്തൻ. ‘അത്രേം പ്രായമുള്ള കാർന്നോരല്ലേ ആ പെണ്ണിന് ക്ഷമിച്ചൂടായിരുന്നോ?’ എന്നു ഒരമ്മച്ചി. എങ്കിൽ അമ്മച്ചിക്ക് ഇവിടെ വന്നിരുന്നൂടായിരുന്നോ നിങ്ങളാവുമ്പോ സെറ്റ് ആയെനെയെന്ന് പറയാണമെന്ന് ഉണ്ടായിരുന്നു.

അപ്പോഴേക്കും എന്റെ കൂട്ടുകാരി മഞ്ജു എന്റെ അടുത്തേക്ക് വന്നു. ‘പോലീസിനെ വിളിക്കാം കിളവന് നാലുകിട്ടുമ്പോൾ അസുഖം മാറും’ അവളു പറഞ്ഞപ്പോഴേക്കും മറ്റുള്ളവർ അതു ശരി വെച്ചു. അത് തന്നെ ചെയ്യാം എന്നു തോന്നിയെങ്കിലും ആളുടെ നിൽപ്പുംമട്ടും കണ്ടപ്പോൾ വേണ്ടെന്നുവെച്ചു.

“പോലീസിനെ വിളിക്കണ്ട എനിക്ക് നഷ്ടപരിഹാരം കിട്ടിയാൽ മതി.”

“നഷ്ടപരിഹാരമോ ? അതിനു ഞാൻ ഒന്നും ചെയ്തില്ല.ഈ പെണ്ണിന് പണം തട്ടാനുള്ള അടവാണ്.”

“എനിക്ക് നിങ്ങളുടെ പൈസ ഒന്നും കിട്ടിയിട്ട് വേണ്ട. ഇല്ലേൽ പോലീസിനെ വിളിക്കാം.”

“ഞാൻ നയാപൈസ പോലും തരില്ല.”

ആളെ വെറുതെ വിട്ടാൽ പറ്റില്ല. പക്ഷെ ഇയാൾ തോറ്റു തരുന്ന മട്ടുമില്ല. ‘പോലീസ് ചോദിക്കേണ്ട മാതിരി ചോദിക്കുമ്പോൾ സത്യം ഒക്കെ വന്നോളും. നീ പോലീസിനെ വിളിക്കെടി.’ മഞ്ജു എന്നെയങ്ങു പിരികയറ്റി. ഒപ്പം കുറെ പേർ പറയുന്നുണ്ടായിരുന്നു,പോലീസിനെ വിളിക്ക്. പോലീസ് ചോദിക്കേണ്ടപോലെ ചോദിച്ചു ആൾക്ക് എന്തേലും പറ്റിയാൽ എനിക്ക് കൂടി മനസമാധാനം കിട്ടില്ല. ചുറ്റും നോക്കിയപ്പോൾ പലരും വീഡിയോ എടുക്കുകയാണ്.

“ദേ വല്യേപ്പാ ഇവരൊക്കെ വീഡിയോ എടുക്കുന്നുണ്ട്. ഞാൻ അത് വാങ്ങി ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒക്കെയങ്ങു ഇടും. ഇന്നാള് ഒരു ചേട്ടൻ ഫേസ്ബുക്കിലൊക്കെ വീഡിയോ ഇട്ടു ഒരാളുടെ ജോലിയൊക്കെ പോയതാ. അതുപോലെ ആവണ്ടായെന്നുണ്ടെങ്കിൽ ഞാൻ പറഞ്ഞത് പോലെ കേട്ടോ.”

ഇതില് ആളു പേടിച്ചെന്നു തോന്നുന്നു . ‘ശരി’ എന്നു പതുക്കെ പറഞ്ഞു. കുറച്ചു പൈസ എടുത്ത് എന്റെ നേരെ നീട്ടി.

“എനിക്ക് വേണ്ട.”

“എങ്കിൽ എനിക്ക് തന്നേക്ക് ” മഞ്ജു കൈ നീട്ടി കഴിഞ്ഞു. ഞാൻ കണ്ണുരുട്ടിയപ്പോൾ കൈ പുറകോട്ട് വലിച്ചു.

“എന്റെ കൈയിൽ തരണ്ട.രണ്ടു സ്റ്റോപ്പ് കഴിയുമ്പോൾ ഒരു അനാഥാലയം ഉണ്ട്. അവിടെ കൊടുത്താൽ മതി.”

രണ്ടു സ്റ്റോപ്പ് കഴിഞ്ഞു അനാഥാലയത്തിന്റെ അടുത്തു നിർത്തിയപ്പോൾ കണ്ടക്ടർ പറഞ്ഞു ‘ഞങ്ങൾ പോവാ സമയത്തിനു സ്റ്റാൻഡിൽ എത്തേണ്ടതാ ‘

“പോലീസ് സ്റ്റേഷനിൽ പോയാൽ ഇതിലും താമസിക്കുമെന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും മിണ്ടിയില്ല.

ഓർഫനേജിൽ ചെന്ന് കൈയിൽ നൂറുരൂപ മാത്രം ബാക്കി വെച്ച് വല്യേപ്പൻ പൈസ അടച്ചു റെസിപ്റ്റ് വാങ്ങി ഒപ്പം നടന്നു.

“നീ പൊക്കോ ഞാൻ വരുന്നില്ല.”

“ശരി.ചമ്മലുണ്ടാകുമല്ലേ ?”

ഞാൻ ചിരിച്ചുകൊണ്ട് ബസിൽ കയറി.ബസ് നീങ്ങി തുടങ്ങിയപ്പോളും ഇതിലും വലിയ പണി ഇനി കിട്ടാനില്ല എന്ന നിലയിൽ ആളവിടെ നിൽക്കുന്നുണ്ടായിരുന്നു.

രചന :- Aparna Vijayan‎

Leave a Reply

Your email address will not be published. Required fields are marked *