മരിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു….

രചന :- അതിഥി അമ്മു……

മരിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു…. ആത്മഹത്യയാണ് …. ഡോക്ടറുടെ വാക്കുകൾ കാതിൽ വന്ന് അലയടിച്ചു….

അതേ ഞാൻ അമ്മു….. ഞാൻ മരിച്ചിരിക്കുന്നു …..

ചുറ്റും നിന്നവരൊക്കെ നെഞ്ചു പൊട്ടി കരയുന്നു…. അമ്മ …… അച്ഛൻ……. ഏട്ടൻ പിന്നെന്തിനാവും ഞാൻ ആത്മഹത്യ ചെയ്തത് …….?

അതിനിടയിൽ അവ്യക്തമായി ആരോ പറയുന്നു …. ആ കുട്ടി പ്രഗ്നന്റ് ആയിരുന്നത്രേ…… . എന്തോ അബദ്ധം പറ്റിയതാ അതിനാവണം ഈ കടും കൈ ചെയ്തത് .

അവരെന്താണീ പറയുന്നത്……? എനിക്കെന്ത് അബദ്ധം………? അച്ഛനാരെന്നറിയാത്ത ഒരു കുട്ടി എന്റെ വയറ്റിലോ ……….? ഒരിക്കലുമില്ല……

ഇന്നലെ വരെ നടന്നതൊക്കെ …… ഇപ്പോൾ എല്ലാം വ്യക്തമായി ഓർമ്മ വരുന്നു .

അച്ഛനമ്മമാരുടെ പൊന്നുമോൾ…….. ഏട്ടന്റെ പൊന്നനുജത്തി……. ഏവർക്കും പ്രിയപ്പെട്ടവൾ ഒക്കെയായിരുന്നില്ലേ ഈ വായാടി……?

പഠനം കഴിഞ്ഞു ജോലിയിൽ പ്രവേശിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ഹരിയേട്ടൻ ജീവിതത്തിലേക്ക് കടന്നു വരുന്നത്. മാന്യമായ പെരുമാറ്റം കൊണ്ടു തന്നെ ഹരിയേട്ടൻ എന്റെ മനസ്സിൽ പെട്ടെന്നു സ്ഥാനം പിടിച്ചു. പലപ്പോഴും എന്റെ സ്നേഹത്തിനു മുന്നിൽ നിന്ന് ഒഴിഞ്ഞു മാറിയ ഹരിയേട്ടനിൽ നിന്ന് ഞാനാ സ്നേഹം പിടിച്ചു വാങ്ങി. പിന്നീടിങ്ങോട്ട് ഹരിയേട്ടന് ഞാൻ പ്രാണനായി മാറി.

രണ്ടു പേരുടേയും കുടുംബങ്ങൾ തമ്മിലുള്ള അന്തരം ഒരു വലിയ പ്രശ്നമായിരുന്നു. അതു കൊണ്ടു തന്നെ ഞങ്ങളുടെ പ്രണയം ആരും അറിയാതെ രഹസ്യമായി സൂക്ഷിച്ചു പോന്നു.

” ഞാൻ മാത്രമല്ല മാതാപിതാക്കളെ…… സമൂഹത്തെ……. ഒക്കെ ഭയന്ന് പല പെൺകുട്ടികളും ചെയ്യുന്നത് അത് തന്നെയല്ലേ……….”

തുറന്നു പറയാനുള്ള ഒരു പശ്ചാത്തലം പല കുടുംബങ്ങളിലും ഇല്ലാതെയും പോകുന്നു.

രണ്ടു വർഷത്തെ പ്രണയത്തിനിടയ്ക്ക് ഒരിക്കൽ പോലും എന്റെ ഹരിയേട്ടൻ എന്നോട് മോശമായി പെരുമാറിയിട്ടില്ല. അതുകൊണ്ടു തന്നെ ഞങ്ങളുടെ ബന്ധത്തിന്റെ ആഴവും വർദ്ധിച്ചു കൊണ്ടേയിരുന്നു.

ഇതിനിടയിൽ ഹരിയേട്ടന് വിദേശത്ത് ജോലി ലഭിച്ചു കാത്തിരിക്കണമെന്ന് പറയാൻ വന്ന ഹരിയേട്ടനെ വിട്ടു പിരിയാൻ എനിക്കു മനസ്സു വന്നില്ല. വിരഹ വേദനയാൽ നീറാൻ തുടങ്ങുന്ന മനസ്സുമായി ഞാൻ ഹരിയേട്ടനെ ചേർത്തു പിടിച്ചു. ആ വേളയിൽ ഞങ്ങൾ ഒന്നായി മനസ്സു കൊണ്ടു മാത്രമല്ല ശരീരം കൊണ്ടും.

വിങ്ങുന്ന മനസ്സുമായി ഹരിയേട്ടൻ പോയി. പിന്നീടങ്ങോട്ട് കാത്തിരിപ്പിന്റെ നാളുകളായിരുന്നു….

മഴ പെയ്തു തോർന്ന ഒരു സന്ധ്യയിൽ ഹരിയേട്ടന്റെ ഓർമ്മകളുമായി സ്കൂട്ടറിൽ വരുമ്പോൾ എന്തു കൊണ്ടോ എതിരേ വന്ന വണ്ടി ശ്രദ്ധയിൽ പെട്ടില്ല.. നിഷ്കരുണം അതെന്നെ ഇടിച്ചു തെറിപ്പിച്ചു…… പിന്നീട് ബോധം വരുമ്പോൾ ഞാൻ ആശുപത്രി കിടക്കയിലാണ് ……… എന്നാണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല ശരീരവും മനസ്സും മരവിച്ച പോലെ എന്റെ പേരു പോലും ഓർമ്മ വരുന്നില്ല…..

മുന്നിൽ വന്നു നിന്നവർ അച്ഛനമ്മമാരും സഹോദരനുമാണെന്ന് ഡോക്ടർ പരിചയപ്പെടുത്തി. എന്തോ എനിക്കത് ഉൾക്കൊള്ളാനാവുന്നില്ല…. ആരേയും എവിടേയും കണ്ടതായി പോലും ഓർമ്മയില്ല……..

ശരീരത്തിന്റെ വേദനയേക്കാൾ ഉപരി മനസ്സിന് ഭ്രാന്തു പിടിക്കുന്ന അവസ്ഥ. ഇതിനൊക്കെ പുറമേ മറ്റൊന്നു കൂടി എന്റെ വയറ്റിൽ ഒരു കുഞ്ഞു ജീവൻ……

സ്വയം ആരെന്നു പോലും അറിയാത്ത ഞാനെങ്ങനെ എന്റെ കുഞ്ഞിന്റെ അച്ഛനെ ചൂണ്ടിക്കാട്ടും ….. ചോദ്യശരങ്ങളുമായി എത്തിയവർക്കു മുന്നിൽ ഞാൻ നിസ്സഹായയായി….. അപമാനഭാരത്താൽ അച്ഛനമ്മമാർ നീറി ……..

ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല …… ആരുടേയും ചോദ്യങ്ങൾക്ക് എന്റെ മുന്നിൽ ഉത്തരങ്ങളില്ല ……… അങ്ങനെ ഞാൻ മരണത്തെ സ്വയം വരിച്ചു……..

ഇപ്പോൾ ഇതെല്ലാം വ്യക്തമായി എനിക്ക് ഓർമ്മ വരുന്നു ……. എന്റെ പേര്……… ഉറ്റവർ ………… ഹരിയേട്ടൻ ………….. എല്ലാമെല്ലാം…

ആരൊക്കെയോ ചേർന്ന് എന്റെ ശരീരം വീടിന്റെ തിണ്ണയിൽ വെള്ള പുതപ്പിച്ചു കിടത്തി . അമ്മ നെഞ്ചു പൊട്ടി കരയുന്നു . നിന്നവരെല്ലാം കണ്ണു തുടക്കുന്നു. എല്ലാവരുടേയും ചോദ്യങ്ങൾക്കുള്ള ഉത്തരം ഇപ്പൊ എന്റെ പക്കലുണ്ട്… പക്ഷേ എനിക്കെന്റെ നാവു ചലിപ്പിക്കാനാവുന്നില്ല ….. വിങ്ങുന്ന മനസ്സുമായി തകർന്നു നിൽക്കുന്ന അച്ഛനും ചേട്ടനും……….

അതാ….. ആ…..വരുന്നത് അത്……. അതെന്റെ ഹരിയേട്ടനല്ലേ………? ഒരു ഭ്രാന്തനേപ്പോലെ….. ഓരോ അടിയും മുന്നോട്ട് വക്കുമ്പോൾ കാലുകൾ വേച്ചു പോണു……

അമ്മൂ…… …

ദേ എന്നെ വിളിക്കുന്നു… അമ്മൂ …….. ഒന്നു നോക്കെടാ നിന്റെ ഹരിയേട്ടൻ വന്നെടാ…. ഒന്നു കണ്ണു തുറന്നു നോക്കെടാ….. എന്നെ തനിച്ചാക്കി പോവാൻ നിനക്കാവോ…..?

ഹരിയേട്ടാ ഞാനെല്ലാം കാണുന്നുണ്ട്, എവിടെയും പോയിട്ടില്ലാന്ന് വിളിച്ചു പറയാൻ തോന്നി പക്ഷേ അതിനാവുന്നില്ല ശബ്ദം പുറത്തേക്കു വരുന്നില്ല .

അമ്മൂ ……… നിന്റെ പേടി കൊണ്ടല്ലേടാ ആരും അറിയാതെ നമ്മളീ ബന്ധം ഒളിച്ചു വച്ചത് നീ പറഞ്ഞിട്ടല്ലേ. ആരോടെങ്കിലും തുറന്നു പറയണമെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ നീയല്ലേ എന്നെ തടഞ്ഞത് . അന്നത് ചെയ്തിരുന്നെങ്കിൽ ഓർമ്മ നഷ്ടപ്പെട്ട നിൻറടുത്തേക്ക് ഓടിയെത്താൻ ഞാനിത്ര വൈകുമായിരുന്നില്ല…..

ഇതിപ്പൊ നിനക്കുണ്ടായ അപകടം പോലും ഞാനറിഞ്ഞപ്പോഴേക്കും ഒരു പാട് വൈകി.

അമ്മൂ….. ഒന്നു പറയെടാ……. എന്തിനാ നീയെന്നെ തനിച്ചാക്കി……

അതേ ഹരിയേട്ടാ എന്റെ തെറ്റാ ……. ഓർമ്മ നഷ്ടപ്പെട്ട് പിഴച്ചവളായി മുദ്ര കുത്തപ്പെട്ടപ്പോൾ ………

ഇപ്പൊ എനിക്കെല്ലാം വ്യക്തമാണ്. അമ്മ … അച്ഛൻ …. ഏട്ടൻ …. ഹരിയേട്ടൻ …….. എല്ലാം

പക്ഷേ …….

ഹരിയേട്ടാ മാപ്പ് ചെയ്തു പോയ അവിവേകത്തിന്………

അമ്മേ മാപ്പ് മനസ്സിൽ തോന്നിയ പ്രണയം എന്റമ്മയോട് പോലും പറയാതെ ഒളിച്ചു വച്ചതിന് …….

മാപ്പ് എല്ലാവരോടും ……….

രചന :- അതിഥി അമ്മു……

Leave a Reply

Your email address will not be published. Required fields are marked *