ഇവിടെ വന്നിട്ട് ഇത്ര സ്നേഹമായി പുണരുന്ന ഒരു ആണിനെയും ഞാൻ കണ്ടിട്ടില്ല…

രചന: Sreedevi Sree

അഭിസാരിക

കണക്കനുസരിച്ചു ഈ രാത്രി അയാൾക്കുള്ളതാണ്. ഇവിടെ വന്നിട്ട് ഇത്ര സ്നേഹമായി പുണരുന്ന ഒരു ആണിനെയും ഞാൻ കണ്ടിട്ടില്ല. പണ്ടൊരിക്കൽ ഈ വികാരം ഞാൻ കണ്ടത് ബാലന്റെ കണ്ണിലാണ്. അത്രയേറെ ആർദ്രമായി, അത്രയേറെ ആഗ്രഹത്തോടെ, സ്നേഹത്തോടെ അവൻ എന്നെ നോക്കി. അന്ന് അതിന്റെ അർത്ഥവും വ്യാപ്തിയും വായിച്ചെടുക്കാൻ എനിക്ക് സാവകാശം കിട്ടിയില്ല. കാരണം അപ്പോഴേക്കും ഞാൻ ഈ തടവറയിലേക്ക് എത്തിപ്പെട്ടിരുന്നു. അന്ന് ആരോ തേവിടിച്ചി എന്ന് വിളിച്ചത് എന്റെ ചെവിയിൽ കേട്ടതുകൊണ്ടാവാം ആ കണ്ണുകളിലേക്കുള്ള എന്റെ നോട്ടം ഞാൻ പിൻവലിച്ചത്. അവൻ ഒരുപക്ഷേ എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നു എന്ന എന്റെ തിരിച്ചറിവാകാം അവനെ കണ്ടില്ലെന്ന് നടിക്കാൻ എന്നെ പ്രേരിപ്പിച്ചത്. എന്നാൽ ഇന്ന് അങ്ങനെ ഒരു ജീവിതം ഞാനും ആഗ്രഹിക്കുന്നു.

ഇത്രയും നാൾ ഇല്ലാതിരുന്ന എന്റെ ഉള്ളിലെ പെണ്ണിനെ വാക്കുകൾ കൊണ്ടും വികാരം കൊണ്ടും ആലിംഗനം കൊണ്ടും സ്പർശം കൊണ്ടും ഉണർത്തിയത് അയാൾ ആണ്. പുരുഷൻ എന്ന വാക്കിന്റെ അർത്ഥവും സത്യവും വ്യാപ്തിയും ഞാൻ മനസിലാക്കിയത് അയാളിൽ നിന്നുമായിരുന്നു. എന്റെ ഈ മുറിയുടെ വാതിൽ തുറന്നു എത്രയോ പൗരുഷങ്ങൾ കടന്നു വന്നിരിക്കുന്നു. യാന്ത്രികമായി അവരുടെ തൃപ്തിക്കോ സന്തോഷത്തിനോ അടങ്ങാത്ത കാമത്തിനോ അടിമയായി മുതലാളിയമ്മ വാങ്ങുന്ന കാശിനുള്ള പണി ഞാൻ എടുത്തിരിക്കുന്നു. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ഇയാൾ. കയറുന്ന പാടെ കൊതിയോടെ, ആക്രാന്തത്തോടെ എന്നിലെ സ്ത്രീത്വത്തെ പിച്ചിചീന്തുന്ന നരാഥമന്മാർക്കിടയിൽ അയാൾ മാത്രമാണ് എന്റെ മനസിനെ കവർന്നിട്ടുള്ളത്. അയാളുടെ ആദ്യ വരവ് ഞാൻ ഇന്നുമോർക്കുന്നു.

കുസൃതി നിറഞ്ഞ ചിരിയുമായാണ് അയാൾ അന്ന് എന്റെ മുന്നിലേക്ക് എത്തുന്നത്. ചിരിക്കുമ്പോൾ താടിയിൽ വരുന്ന ഒരു കുഞ്ഞി കുഴിയിലേയ്ക്കാണ് ആദ്യം നമ്മുടെ നോട്ടം ചെല്ലുക. അന്നത്തെ ആ ചിരി പിന്നീട് ഇങ്ങോട്ട് വന്നിട്ടുള്ള എല്ലാ ദിവസങ്ങളിലും അതേപോലെ തന്നെ ഞാൻ കണ്ടിട്ടുണ്ട്. സാധാരണ രീതിയിൽ ഒരു തവണ വരുന്ന മുഖം വീണ്ടും ഒരേ മുറിയിലേക്ക് തന്നെ എത്തുന്നത് അയാൾ വരുന്നത് വരെ ഇവിടെ ഇല്ലാത്ത ഒരു സമ്പ്രദായം ആയിരുന്നു. എന്നാൽ അയാൾ ഈ മുറി മാത്രമേ കണ്ടിട്ടുള്ളു. എന്നെ മാത്രമേ കണ്ടിട്ടുള്ളു. ആ അറിവ് എന്നിൽ അത്ഭുതം നിറച്ചു. പിന്നീട് പല രാത്രികളും അയാളും ഞാനും മാത്രമായി. ചിരിക്കുമ്പോൾ ആ മുഖം വല്ലാതെ വിടരും എന്നത് അയാളുടെ മാത്രം പ്രത്യേകത ആയിരിക്കാം. കട്ടിയുള്ള പുരികങ്ങളും കണ്ണിലെ കൃഷ്ണമണിയും അയാളുടെ വെളുത്ത മുഖത്തിന്റെ മാറ്റ് കൂട്ടിയിരുന്നു. മീശ ഉണ്ടോ എന്ന് ചോദിച്ചാൽ പേരിനു മാത്രം എന്ന് പറയാനേ സാധിക്കൂ. കാഴ്ച്ചയിൽ തന്നെ മുപ്പതോ മുപ്പത്തിരണ്ടോ വയസു തോന്നിക്കും, എന്നേക്കാൾ നാലോ അഞ്ചോ വയസു കൂടുതൽ. പശത്തു ചേർന്ന കട്ടിയുള്ള ചുരുണ്ട മുടികളിലൂടെ ഒത്തിരിയേറെ തവണ ഞാൻ വിരലുകൾ ഓടിച്ചിട്ടുണ്ട്. എന്നും പാന്റും ഷർട്ടും ആണ് വേഷം. രാവിലെ ഇട്ടവ ആവണം, എന്നാലും അതിൽ ചുളുക്കുകളോ പാടുകളോ ഒന്നുമില്ലാതെ ശരീരത്തോട് ചേർന്ന് അങ്ങ് കിടക്കും. അയാൾ മുറിയിലേക്ക് പ്രവേശിക്കുമ്പോൾ ഉള്ള വാസന ആണ് ഞാൻ ഇന്നുവരെ അറിഞ്ഞതിൽ വെച്ച് ഏറ്റവും മികച്ച മണം. അയാളുടെ വിയർപ്പിന്റെയും ദേഹത്തു പൂശിയ സെന്റിന്റെയും സമ്മിശ്രമായ മണം.

കയറി വരുന്ന പാടെ, ജോലി കഴിഞ്ഞു വന്നു ഭാര്യയെ ബാഗ് ഏൽപ്പിച്ചു ആലിംഗനം ചെയ്യുന്ന ഭർത്താവിനെ പോലെ എന്റെ കയ്യിലേക്ക് ബാഗ് വെച്ചു തന്നിട്ട് എന്നെ നന്നായിട്ടൊന്ന് കെട്ടിപ്പിടിക്കും. അവിടം മുതൽ അയാൾക്കുള്ള സ്നേഹം തിരിച്ചറിയുകയാണ് ഞാൻ. പിന്നീട് എന്റെ കൈയിൽ നിന്ന് ഒരു ടവൽ ചോദിച്ചു വാങ്ങി പോയി കുളിച്ചു വരും. കുളിച്ചു വരുമ്പോൾ മാറാനുള്ളതൊക്കെ കരുതിക്കൊണ്ടാണ് കക്ഷിയുടെ വരവ്. ഇപ്പോൾ ഇതെല്ലാം എനിക്ക് പരിചിതമാണ്. എല്ലാത്തിനും ഞാൻ പുറകെ നടന്നു ചെയ്തു കൊടുക്കണം. എന്തിന് കുളിമുറിയിൽ വരെ ചെല്ലണം പലപ്പോഴും. മെല്ലെ എന്നെ തൊട്ടും തലോടിയും ഇക്കിളിയാക്കിയും കളികളും തമാശകളും പറഞ്ഞും വാക്കുകൾ കൊണ്ടും പ്രവൃത്തി കൊണ്ടും എന്നെ സ്നേഹിച്ച് ഒൻപതു മണിക്കൂർ ജീവിതത്തിൽ അതുവരെയും അനുഭവിക്കാത്ത എല്ലാ വികാരങ്ങളെയും ഒന്നിച്ചു തന്നിട്ട് രാവിലെ അയാൾ തിരികെ പോകും. ഒരു അമ്മ കുഞ്ഞിനെ സ്കൂളിലേക്ക് ഒരുക്കി വിടുന്ന പോലെ ഉന്തിയും തള്ളിയും ഒരുക്കി പറഞ്ഞ് വിടുന്നത് വരെ നീളും എന്റെ കടമ. പോകാൻ ഇറങ്ങുന്നതിനു മുൻപ് കയറി വരുമ്പോൾ ഉള്ള പോലെ ഒരു ആലിംഗനവും നെറ്റിയിൽ ഒരു മുത്തവും, “ഇത് അടുത്ത വരവിനുള്ള കാത്തിരുപ്പാണേ” എന്നൊരു വാക്കും.

എല്ലാ മാസവും 10 ആം തീയതിയാണ് അയാളുടെ വരവ്. ഇത്രയും നാളുകൾക്കിടയിൽ എത്രയോ തവണ വന്നിരിക്കുന്നു. കാമം മാത്രമല്ല, അയാളുടെ എല്ലാ വികാരങ്ങളും എനിക്കിപ്പോൾ സുപരിചിതം. ദേഷ്യം വന്നാൽ അതും സങ്കടം വന്നാൽ അതും സന്തോഷം വന്നാൽ അതും എനിക്കിപ്പോൾ നന്നായി അറിയാം. കഴിഞ്ഞ തവണ വളരെ സങ്കടത്തോടെയാണ് ഈ മുറി കടന്ന് അയാൾ എത്തിയത്. പതിവ് ചിരി അതുപോലെ നിലനിന്നിരുന്നു. എന്നാൽ എന്തൊക്കെയോ പതം പറഞ്ഞ് അന്ന് എന്റെ മടിയിൽ കിടന്നു പൊട്ടി കരഞ്ഞു. അന്ന് ആദ്യമായി ഞാൻ അയാളുടെ അമ്മയായി. അന്ന് അങ്ങനെ കിടന്നു നേരം വെളുപ്പിച്ചതല്ലാതെ എന്നെ ഒന്ന് തൊടുക പോലും ചെയ്തിട്ടില്ല. എന്നിട്ടും എന്നോട് സ്നേഹമായി തന്നെ പെരുമാറി. വീണ്ടും വരും ഞാൻ എന്നൊരു വാക്കും തന്ന്, എന്നെ കേൾക്കാൻ, എന്റെ സങ്കടങ്ങൾ പേറാൻ ഇന്നലെ നീയെനിക്ക് കൂട്ടായി എന്നും പറഞ്ഞു ഇറങ്ങി പോയി. അന്നും പോയപ്പോൾ തിരിഞ്ഞൊരു നോട്ടവും സമ്മാനിച്ച് അകന്നു.

ഇന്ന് ജൂലൈ 10. ഈ ദിവസത്തിനായി മറ്റാരുടെയും മുന്നിൽ പെടാതെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് മുപ്പത് ദിവസമാവുന്നു. ആദ്യമെല്ലാം മുതലാളിയമ്മ ബഹളം ഉണ്ടാക്കിയെങ്കിലും എനിക്ക് ഈ നരകത്തിൽ നിന്നും രക്ഷപ്പെടാൻ ആണെന്ന് പറഞ്ഞപ്പോൾ അവർ പിന്നെ എന്നെ നിർബന്ധിച്ചില്ല. സാഹചര്യങ്ങൾ മൂലം എന്നെ പോലെ തന്നെ എത്തിപ്പെട്ട ഒരു സ്ത്രീയാണ് അവരും എന്നതിനാൽ അവർക്ക് അത് സന്തോഷം നൽകുന്ന ഒരു വാക്കായിരുന്നു എന്നത് എനിക്ക് അതിശയമായി. “കൂടെ കൂട്ടട്ടെ നിന്നെ ഞാൻ” എന്നൊരു വാക്കായിരുന്നു ഈ മുപ്പത് ദിവസത്തെ എന്റെ കാത്തിരുപ്പ്. അന്ന് ഞാൻ വളരെ സ്നേഹത്തോടെ നിരസിച്ചു എങ്കിലും പിന്നീടുള്ള കാഴ്ചകൾ എന്നെ അതിനു വേണ്ടി തയ്യാറെടുപ്പിച്ചു. ഇന്ന്, ഞാനും കൂടെ വരുന്നു എന്ന് പറയാൻ തയ്യാറായി നിൽക്കുകയാണ് ഞാൻ. പറയുമ്പോൾ ഉണ്ടാവുന്ന സ്നേഹപ്രകടനങ്ങളെ സ്വപ്നം കണ്ട് ഇത്രയും രാത്രികൾ ഉറക്കം പോലും എനിക്ക് നഷ്ടപ്പെട്ടിരുന്നു.

പതിവ് പോലെ അയാൾ എത്തി. ദിനചര്യകൾ പലതും കഴിഞ്ഞു. അല്പം സംസാരിക്കാനുണ്ടെന്ന് ഞാൻ പറഞ്ഞത് കേൾക്കാനെന്നോണം എന്റെ മുഖത്തേക്ക് നോക്കി, ചമ്രം പണിഞ്ഞു ഇരിക്കുകയാണ് കക്ഷി. പതിയെ ഞാൻ പറഞ്ഞു തുടങ്ങി. ജനിച്ച പാടെ അമ്മയുടെ ജീവൻ പോയതും അമ്മിഞ്ഞ പാലിന് വേണ്ടി കരഞ്ഞ എന്നെ നിറഞ്ഞ കണ്ണുകളുമായി നെഞ്ചോട് ചേർത്ത് വളർത്തിയ അച്ഛൻ അഞ്ചാം വയസിൽ എന്നെ ഒറ്റയ്ക്കാക്കി അമ്മയുടെ അടുത്തേക്ക് പോയതും അവിടെ നിന്നും അമ്മയുടെ അനിയത്തിയും ഭർത്താവും വളർത്താൻ കൊണ്ട് പോയതും അയാളുടെ വഷളൻ നോട്ടങ്ങളും പെരുമാറ്റങ്ങളും ഞാൻ വളരുന്നതിനോടൊപ്പം വേദനയോടെ തിരിച്ചറിഞ്ഞതും എന്നെ സ്വന്തമാക്കാനായി ചിറ്റയെ പോലും അയാൾ കൊന്നതും അന്നത്തെ ആ രാത്രി എന്നെ തന്നെ നഷ്ടമായതും പിറ്റേന്ന് കയ്യാമം വെച്ച് അയാളെ പോലീസുകാർ കൊണ്ട് പോയതും അയാളുടെ തന്നെ ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ ആവശ്യവും കഴിഞ്ഞ് എന്നെ ഇവിടെ കൊണ്ടാക്കിയതും അടക്കം എല്ലാം ഞാൻ പറഞ്ഞൊതുക്കി. ഇത്രയും പറഞ്ഞിട്ടും ഞാൻ കരഞ്ഞില്ല. ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ വീണ്ടും തുടർന്നു, “ഇതാണ് ഞാൻ. ഈ എന്നെ ഇനിയും കൂടെ കൂട്ടാൻ തയ്യാറാണെങ്കിൽ ജീവന്റെ അവസാന ശ്വാസം നിലയ്ക്കുന്നത് വരെ ആ കൈ മുറുകെ പിടിക്കാൻ എനിക്ക് സമ്മതമാണ്”. ഒറ്റ ശ്വാസത്തിൽ അത് പറഞ്ഞു നിർത്തി, ഞാൻ ആ മുഖത്തേക്ക് നോക്കി. എന്നാൽ അവിടെ സന്തോഷത്തിന് പകരം എനിക്ക് നിർവചിക്കാനാവാത്ത എന്തോ ഒരു വികാരമാണ് കണ്ടത്. എന്നിൽ നേരിയ ഭയം വന്നു നിറയുന്നത് ഞാൻ അറിഞ്ഞു. ഒന്നും മിണ്ടിയില്ല. പകരം വേഗം തന്നെ വസ്ത്രം മാറി ഒരു ചിരി മാത്രം സമ്മാനിച്ച് ആ രാത്രി തന്നെ അയാൾ മുറി വിട്ടിറങ്ങി. അന്ന് നേരം വെളുക്കുവോളം, അല്ല, മുതലാളിയമ്മ വാതിലിൽ മുട്ടുന്ന വരെയും ഞാൻ അവിടെ ഇരുന്നു കരഞ്ഞു. കണ്ണുകൾ അമർത്തി തുടച്ചു വാതിൽ തുറന്നു പുറത്തേക്ക് വന്ന എന്റെ കരഞ്ഞു വീർത്ത മുഖം കണ്ടതും അവരുടെ മുഖം മങ്ങുന്നതും പെട്ടെന്ന് വരുത്തിയ ഒരു ദേഷ്യം കൊണ്ട് തുടുത്തതും ഞാൻ കണ്ടു. “വേഗം ഒരുങ്ങിക്കോളൂ, ഇന്ന് പകലും പണിയുണ്ട്. ദാ, ഈ സാരി ഉടുത്താൽ മതി. കേശവനോട് പറഞ്ഞു കുറച്ചു മുല്ലപ്പൂവും വാങ്ങി വെച്ചോളൂ”. അതൊരു ആജ്ഞ ആയിരുന്നു എന്നത് വ്യക്തം. അവർ ഇറങ്ങി പോകുന്ന കോണിപ്പടികൾ പോലും വിറകൊണ്ടതായി തോന്നി എനിക്ക്. ഇരച്ചു കയറിയ സങ്കടം അടക്കി വെച്ച് മനസിനെ കല്ലാക്കി, വേണ്ടെന്ന് വെച്ച എന്റെ ജീവിതത്തിലേക്കുള്ള തിരിച്ചു പോക്കിനായി ഞാൻ ഒരുങ്ങി. ഷവറിന് കീഴെ നിൽക്കുമ്പോഴും എന്റെ കണ്ണുനീർ ആ വെള്ളത്തിൽ ലയിച്ചു ചേരുന്നത് ഞാൻ അറിഞ്ഞു. ഇനി അയാൾ വരുമോ എന്ന ചോദ്യം മാത്രം ബാക്കിയാക്കി ഞാൻ തയ്യാറായി. പതിവിലും കൂടുതൽ ഞാൻ അന്ന് അണിഞ്ഞൊരുങ്ങി. താഴേക്ക് ഇറങ്ങാൻ തുടങ്ങിയ എന്റെ മുന്നിലേക്ക് പൂവുമായി എത്തിയ കേശവേട്ടൻ, “ആധാർ കാർഡും പാസ്സ്പോർട്ടും എടുത്തോളാൻ ഉത്തരവുണ്ട് കേട്ടോ കുഞ്ഞേ” എന്നും പറഞ്ഞ് എന്നെ നന്നായി ഒന്ന് നോക്കി, പതിയെ താഴേയ്ക്ക് ഇറങ്ങി പോയി. ആ നോട്ടത്തിൽ പോലും മുതലാളിയമ്മയോടുള്ള പേടി നിറഞ്ഞു നിന്നിരുന്നു. അതൊക്കെ എന്തിന് എന്നൊരു സംശയം എനിക്ക് ഉണ്ടായെങ്കിലും കേശവേട്ടനോട് തിരക്കിയിട്ടു കാര്യമില്ല എന്നത് കൊണ്ട് അയാളോട് ചോദിക്കാൻ നിന്നില്ല. പൂവും ചൂടി, ആധാറും പാസ്സ്പോർട്ടുമായി താഴേക്ക് ചെന്ന എന്നെ അടുമുടിയൊന്നു നോക്കി മുതലാളിയമ്മ പറഞ്ഞു, “ഇവിടെ അല്ല, പുറത്താണ് ഇന്ന് ജോലി. കേശവനും ഞാനും കൂടെ വരുന്നുണ്ട്. ഇറങ്ങാം”. കേട്ടതിൽ എല്ലാം വൈരുദ്ധ്യങ്ങൾ ആയിരുന്നു. ഇതുവരെയും ഇല്ലാത്ത ഒന്നായിരുന്നു പുറത്തുള്ള ജോലി. ഒത്തിരിയേറെ സംശയങ്ങളുമായി ഞാൻ ആ മുഖത്തേക്ക് നോക്കിയതും കേശവേട്ടനോട് വണ്ടി എടുക്കാൻ ഉത്തരവിട്ടു കൊണ്ട് അവർ പുറത്തേക്ക് ഇറങ്ങി. പുറകെ ഞാനും.

വണ്ടിയിൽ ഇരിക്കുമ്പോൾ ചിന്ത മുഴുവൻ എങ്ങോട്ടാണ്, എന്തിനാണ്, ആരാണ് എന്നത് തന്നെ ആയിരുന്നു. ഇടയ്ക്ക് എപ്പോഴോ ആ ചിരിയും ചിരിക്കുമ്പോൾ താടിയിൽ ഉണ്ടാവുന്ന ആ കുഴിയും എന്റെ നെഞ്ചിനെ കൊത്തിവലിച്ചു. നിറഞ്ഞു തുടങ്ങിയ കണ്ണുകൾ പതിയെ അടച്ചു, ഞാൻ ആ ഗ്ലാസിൽ ചാരി ഇരുന്നു. വണ്ടി നിർത്തിയത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങുന്ന മുതലാളിയമ്മയെ ആണ് ആദ്യം കണ്ടത്. അപരിചിതനായ ഏതോ ഒരു ചെറുപ്പക്കാരനോട് അവർ സംസാരിക്കുന്നത് കേൾക്കാമെങ്കിലും അത് ആരാണെന്നോ ഏതാണ് സ്ഥലം എന്നോ അവർ മുന്നിൽ നിൽക്കുന്നത് കാരണം എനിക്ക് മനസിലാക്കാൻ സാധിച്ചില്ല. അവർ മുന്നിൽ നിന്നും മാറിയപ്പോൾ ആ കെട്ടിടത്തിലെ ബോർഡ് ഞാൻ വായിച്ചു. രജിസ്ട്രാർ ഓഫീസ് എന്ന് കണ്ടതും എനിക്ക് എതിർവശത്തുള്ള ഡോർ തുറന്ന് ആരോ ഒരാൾ അകത്തേക്ക് കയറിയതും ഒന്നിച്ചായിരുന്നു. ഞാൻ പെട്ടെന്ന് തിരിഞ്ഞതും അയാൾ എന്നെ വളരെ മൃദുവായി ആലിംഗനം ചെയ്തു. മുഖം വ്യക്തമായി കണ്ടില്ലെങ്കിലും ആ കരസ്പർശവും മണവും ധാരാളം ആയിരുന്നു എനിക്ക് അത് ആരെന്ന് മനസിലാക്കാൻ. അപ്പോഴേക്കും എന്റെ നിയന്ത്രണം വിട്ട് ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു. പതിയെ പിടി വിട്ട് അയാൾ എന്റെ മുഖം ഇരു കൈകളിലായി ഉയർത്തി. എന്നിട്ട് എന്റെ രണ്ടു കണ്ണുകളിലും മാറി മാറി ചുംബിച്ചു. ശേഷം പതിയെ പറഞ്ഞു തുടങ്ങി.

“ട്രാൻസ്ഫർ ഓർഡർ കൈയിൽ വാങ്ങിയാണ് ഇന്നലെ തന്റെ മുറിയിലേക്ക് കയറി വന്നത്. ഈ നഗരം വിട്ട് പോവുന്നതിനെ പറ്റി എനിക്ക് ചിന്തിക്കാൻ പോലും സാധ്യമല്ലായിരുന്നു. സ്വന്തമെന്നോ ബന്ധമെന്നോ പറയാൻ പോലും ആരുമില്ലാത്ത അനാഥന് എല്ലാ നാടും ഒരുപോലെ തന്നെ. എന്നാൽ ഈ നഗരം എനിക്ക് പ്രിയപ്പെട്ടതാക്കിയത് നീ മാത്രമാണ്. ഞാൻ ഒരിക്കൽ നിന്നോട് പറഞ്ഞ അതേ കാര്യം വീണ്ടും പറയാനും നിന്നെ എന്റെ ജീവിതത്തിലേക്കു കൂട്ടി കൊണ്ട് വരാനുള്ള അവസാന ശ്രമം എന്നപോലെയാണ് ഇന്നലെ ഞാൻ അങ്ങോട്ട്‌ വന്നത്. ഞാൻ ഒരു വാക്കുപോലും പറയാതെ എന്റെ മനസ് വായിച്ചിട്ടെന്നോണം നീ പറഞ്ഞ കാര്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. അതാണ് ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങിയത്. നേരെ ചെന്ന് മുട്ടിയത് മുതലാളിയമ്മയുടെ വാതിലിൽ ആയിരുന്നു. എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞ് ഇന്നലെ തന്നെ ഞാൻ നിന്നെ എന്റെ സ്വന്തമാക്കിയതാണ്. എല്ലാം കേട്ടപ്പോൾ “എന്റെ കുട്ടി ഇന്ന് കരച്ചിലായിരിക്കും. സാരമില്ല, എല്ലാ കറകളും കരഞ്ഞു കളഞ്ഞിട്ട് അവൾ സ്വതന്ത്രയാവട്ടെ” എന്ന് അവർ എന്നോട് പറഞ്ഞു. നേരത്തെയും ഞാൻ പറഞ്ഞിരുന്നു, എനിക്ക് നിന്റെ ഭൂതകാലത്തെ കുറിച്ച് ഒന്നും അറിയേണ്ട. ഞാൻ അറിയാത്ത നിന്റെ വർത്തമാന കാലവും വേണ്ട. എനിക്ക് അറിയാവുന്ന നിന്നെ മാത്രമേ ഞാൻ ആവശ്യപ്പെട്ടുള്ളു. എന്നോ ഒരു ദിവസം വഴിയിൽ വെച്ച് കണ്ട നിന്നോട് എനിക്ക് ഒത്തിരിയേറെ ഇഷ്ടം തോന്നി. കണ്ടുമുട്ടൽ രണ്ടാം ദിവസത്തിലേക്ക് നീണ്ടപ്പോൾ വിട്ടുകളയണ്ട എന്ന് തന്നെ തോന്നി. കേശവേട്ടനോട് തന്നെയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. സ്വന്തമാക്കാൻ സാധിക്കുമെന്ന് യാതൊരു ഉറപ്പുമില്ലാതെ തുനിഞ്ഞു ഇറങ്ങിയതാണ് ഞാൻ. ഞാൻ എന്റെ ജീവിതത്തിൽ ഒരു പെണ്ണിനേ അനുഭവിച്ചിട്ടുള്ളു. നീ ഇതിന് സമ്മതിച്ചില്ലെങ്കിലും അത് അങ്ങനെ തന്നെ ഉണ്ടാവുകയുള്ളു. സമ്മതിച്ചത് കൊണ്ട് ഉള്ള നല്ലൊരു ജോലി പോകാതെ കിട്ടി. ഇന്ന് ഇവിടെ ഒരു ഒപ്പും ഇട്ട് ഞാൻ നിന്നെ ഈ കൈയിൽ മുറുകെ പിടിക്കാൻ പോകുവാ, ഒരിക്കലും വിടാത്ത ഒരു പിടുത്തം. നമുക്ക്, എന്നെയോ നിന്നെയോ നിന്റെ ഭൂതത്തെയോ അന്വേഷിക്കാത്ത ഒരു നാട്ടിൽ പോയി ജീവിക്കാം. നമുക്കും വേണം പെണ്ണേ ഒരു ജീവിതം.”

അവിടെ നിന്നും അങ്ങോട്ട് ഞാനും ജീവിച്ചു തുടങ്ങി, അല്ല, ഞങ്ങളും ജീവിച്ചു തുടങ്ങി…… ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ

രചന: Sreedevi Sree

Leave a Reply

Your email address will not be published. Required fields are marked *