അവളെ തന്നോട് ചേർത്ത് നിർത്തി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ പെയ്യാൻ വെമ്പുന്ന മേഘം അവളുടെ മിഴികളിൽ കണ്ടു…

രചന: Angel Kollam

“ഏട്ടാ, എന്നെ ഡിവോഴ്സ് ചെയ്തു വേറെ വിവാഹം ചെയ്തോളൂ, എനിക്കൊരു പരാതിയുമില്ല ”

ജോലി കഴിഞ്ഞു ക്ഷീണിച്ചു അവശനായി കയറി വന്നിട്ട്, വസ്ത്രം മാറാനായി തന്റെ റൂമിലെത്തിയപ്പോളാണ് ജയേഷിനോട് അനുപമ അങ്ങനെ പറഞ്ഞത്.

അവളെ തന്നോട് ചേർത്ത് നിർത്തി ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ പെയ്യാൻ വെമ്പുന്ന മേഘം അവളുടെ മിഴികളിൽ കണ്ടു. അവളുടെ നിറുകയയിൽ അമർത്തി ചുംബിച്ചു കൊണ്ടു അവൻ ചോദിച്ചു.

“അങ്ങനെ ഒരു നിമിഷം കൊണ്ട് എനിക്ക് നിന്നെ ഉപേക്ഷിക്കാൻ പറ്റുമോ പെണ്ണേ? അതിന് വേണ്ടിയാണോ അഞ്ചാറ് മാസം നിന്റെ പിന്നാലെ നടന്നു, നിന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ചത്, നാലു വർഷം പ്രണയിച്ചത്, എല്ലാത്തിനുമൊടുവിൽ ആ പ്രണയം എന്നെന്നും നിലനിൽക്കാൻ വേണ്ടിയല്ലേ എന്റെ പ്രണയത്തെ ഒരു താലിച്ചരടിൽ കോർത്ത് നിന്റെ കഴുത്തിൽ ഞാൻ അണിയിച്ചത്? എന്നിട്ടിപ്പോൾ ഇത്ര പെട്ടന്ന് നിനക്കെന്നെ തനിച്ചാക്കി പോകാൻ ധൃതിയായോ? ”

“പെട്ടെന്നല്ലല്ലോ ഏട്ടാ, രണ്ടു വർഷം കഴിഞ്ഞല്ലോ? ”

“ആഹാ, രണ്ടു വർഷം കഴിഞ്ഞാൽ എന്നെ ഉപേക്ഷിച്ചു പോകുമെന്ന് കല്യാണസമയത്ത് നീ എന്നോട് പറഞ്ഞില്ലല്ലോ? ”

“കളിക്കണ്ട ഏട്ടാ, ഞാനെന്ത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്ന് ഏട്ടന് അറിയില്ലേ? ”

അവളെ കൂടുതൽ തന്നോട് ചേർത്ത് നിർത്തിയിട്ട് അവൻ ചോദിച്ചു.

“എന്തായിപ്പോൾ പുതിയ പ്രശ്നം? ”

“പ്രശ്നം പുതിയതൊന്നുമല്ല ഏട്ടാ, പഴയത് തന്നെയാണ്. കല്യാണo കഴിഞ്ഞു രണ്ടു മാസം പിന്നിട്ടപ്പോൾ മുതൽ നാട്ടുകാരും ബന്ധുക്കളും ചോദിക്കാൻ തുടങ്ങി ‘വിശേഷം ഒന്നുമായില്ലേ ‘എന്ന ചോദ്യം. എല്ലാവരോടും ഉത്തരം പറഞ്ഞു ഞാൻ മടുത്തു തുടങ്ങിയിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ എല്ലാവരും സ്വയം തീരുമാനിച്ചു ‘എനിക്ക് കുട്ടികളുണ്ടാകില്ലെന്ന് ‘. പിന്നെ എന്നെകാണുമ്പോൾ സഹതാപത്തോടെ ഉള്ള നോട്ടവും കുശുകുശുപ്പും എല്ലാം ഞാൻ അറിയുന്നുന്നുണ്ടെങ്കിലും ഒന്നും ശ്രദ്ധിക്കാത്ത ഭാവത്തിൽ ഞാൻ നടന്നു. ഏട്ടന്റെ അമ്മയുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കുറ്റപ്പെടുത്തലുകൾ വരെ ഞാൻ കെട്ടില്ലെന്ന് നടിച്ചു. പക്ഷേ….. ഇന്ന്… ഇന്നെന്റെ മുഖത്ത് നോക്കി ‘ മച്ചി ‘ എന്ന് അമ്മ വിളിച്ചപ്പോൾ അത് മാത്രം എനിക്ക് സഹിക്കാനായില്ല ഏട്ടാ ”

അതുപറഞ്ഞപ്പോളേക്കും അനുപമയുടെ നിയന്ത്രണം വിട്ട് വിങ്ങിപ്പൊട്ടി കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ജയേഷിന്റെ മിഴികളിലും നനവ് പടർന്നിരുന്നു.

അവളുടെ നിറുകയിൽ തലോടി തന്നോട് കൂടുതൽ ചേർത്ത് നിർത്തി അവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“വിഷമിക്കാതെ അനൂ, അമ്മയുടെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതായിരിക്കും. നമ്മുടെ കല്യാണം കഴിഞ്ഞിട്ടു അധികനാളൊന്നും ആയില്ലല്ലോ, ഇതുവരെ നമ്മൾ ഡോക്ടറിനെ കാണാനും പോയില്ല, അതിന് മുൻപേ നിനക്കാണ് കുഴപ്പമെന്ന് അമ്മയും മറ്റും തീരുമാനിച്ചാൽ മതിയോ? ”

“എനിക്കിത്രയും വണ്ണം ഉള്ളത് കൊണ്ടാണ് ഞാൻ ഗർഭിണി ആകാത്തതെന്നാണ് അമ്മയും അമ്മായിയുമൊക്കെ പറഞ്ഞത്? ”

“ഓഹോ, ഈ ലോകത്തിൽ വണ്ണമുള്ള സ്ത്രീകൾ ആരും പ്രസവിച്ചിട്ടില്ലേ? ”

“അതൊന്നും എനിക്കറിയില്ല, പക്ഷേ എന്റെ കുഴപ്പം കൊണ്ടാണ് കുഞ്ഞുങ്ങൾ ഉണ്ടാകാത്തതെന്നു എനിക്കും അറിയാം ”

“പോടീ പെണ്ണേ, ചുമ്മാ ആവശ്യo ഇല്ലാത്തത് പറയാതെ, നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സമയം ആയില്ല, സമയം ആകുമ്പോൾ നമുക്ക് ഈശ്വരൻ തന്നോളും ”

“എന്നെ കുറച്ച് നാള് എന്റെ വീട്ടിൽ കൊണ്ടാക്കുമോ ഏട്ടാ, അമ്മയുടെ കുത്തുവാക്കുകൾ കേൾക്കാൻ വയ്യാത്തത് കൊണ്ട് ചോദിച്ചതാണ് ”

“ഞാൻ അമ്മയോട് സംസാരിക്കാം അനൂ, ഇപ്പോൾ നിന്നെ വീട്ടിൽ കൊണ്ടാക്കുന്നില്ല, കാരണം നീയില്ലാതെ ഒറ്റയ്ക്ക് എനിക്കിവിടെ പറ്റില്ല പെണ്ണേ ”

അനുപമയുടെ മിഴികൾ നിറഞ്ഞു, ഈ സ്നേഹം, ഇതാണ് തന്നെ തോൽപിച്ചു കളഞ്ഞത്. കോളേജിൽ പഠിക്കുമ്പോൾ എല്ലാവരും ഗുണ്ടുമുളക് എന്ന് കളിയാക്കി വിളിക്കുമ്പോൾ ജയേഷിന്റെ മുഖത്ത് മാത്രമേ സ്നേഹം കണ്ടുള്ളു, അവന്റെ വാക്കുകളിൽ മാത്രമേ പ്രണയം ഉണ്ടായിരുന്നുള്ളൂ, അന്നുമിന്നും ആ സ്നേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല.

ജയേഷ് കുളി കഴിഞ്ഞു അമ്മയുടെ അടുത്തെത്തി. അവന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ തന്നെ അനുപമ അവനോട് എന്തൊക്കെയോ പറഞ്ഞിട്ടുണ്ടായിരിക്കും എന്നവർ ഊഹിച്ചു.

“അമ്മേ, എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട്, എന്തിന്റെ പേരിലാണ് ആ പാവം പെണ്ണിനെ അമ്മ വേദനിപ്പിക്കുന്നത് ”

“ജയാ, ഭാര്യയുടെ തലയണമന്ത്രവും കേട്ടുകൊണ്ട് എന്റെ മെക്കിട്ടു കേറാൻ വരരുത് കേട്ടല്ലോ, ഒരു കുഞ്ഞിക്കാല് കാണാനും അതിനെ ലാളിക്കാനുമുള്ള ആഗ്രഹം കൊണ്ട് നിന്റെ ഭാര്യയോട് ഞാനെന്തോ ഒന്ന് പറഞ്ഞു പോയി . അതിത്ര വല്യ കുറ്റമായി നീ വന്നപ്പോൾ തന്നെ പറയേണ്ട ആവശ്യം ഒന്നുമില്ല ”

“ഒരു പെണ്ണിന്റെ മുഖത്ത് നോക്കി മച്ചി എന്ന് വിളിക്കുന്നത് അവളുടെ സ്ത്രീത്വത്തിനെ അപമാനിക്കുന്നതല്ലേ അമ്മേ? ഇതുവരെ ഒരു ഡോക്ടറെപോലും കാണാൻ ഞങ്ങൾ പോയിട്ടില്ല എന്നിട്ടും അവൾക്കാണ് കുഴപ്പമെന്നു അമ്മ സ്വയമങ്ങു തീരുമാനിച്ചാൽ മതിയോ ”

“ആ വീപ്പക്കുറ്റി പോലെ ഇരിക്കുന്ന അവൾക്ക് കുട്ടികൾ ഉണ്ടാകില്ലെടാ, അല്ലാതെ നിനക്ക് കുഴപ്പം ഒന്നും കാണില്ല എനിക്കുറപ്പാണ് ”

“ഒന്ന് നിർത്തമ്മേ, അവൾ എന്റെ ഭാര്യയാണ്, അമ്മയ്ക്ക് വായിൽ വരുന്നത് വിളിച്ചു പറയാനല്ല ഞാനവളെ ഇവിടെ കെട്ടികൊണ്ട് വന്നത്”

അമ്മ നേര്യതിന്റെ തുമ്പു കൊണ്ട് മൂക്ക് തുടച്ചു കൊണ്ട് പരിഭവം പറയാൻ തുടങ്ങി.

“എനിക്കിത് കേൾക്കണമെടാ, നിനക്ക് പത്തു വയസുള്ളപ്പോൾ നിന്റെ അച്ഛൻ മരിച്ചതാണ്, അതിന് ശേഷം ഞാൻ എന്ത് കഷ്ടപ്പെട്ടാണ് നിന്നെ വളർത്തിയത്, എന്നിട്ട് അതൊന്നും നിനക്കോർമ്മയില്ല, ഇന്നലെ കണ്ട നിന്റെ അച്ചിയാണ് നിനക്ക് വലുത്, അല്ലേ? ”

“മക്കൾ ഉണ്ടായാൽ വളർത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ് അതിനിങ്ങനെ കണക്കു വിളിച്ചു പറയുകയല്ല വേണ്ടത്, അമ്മയുടെ കഷ്ടപ്പാടുകളെ ഞാൻ കണ്ടില്ലെന്നു നടിച്ചിട്ടില്ല, എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമായപ്പോൾ അമ്മയുടെ അനുഗ്രഹവും സമ്മതവും വാങ്ങിയാണ് ഞാനവളെ വിവാഹം കഴിച്ചത്. എന്നെ വിശ്വസിച്ചു അവളുടെ വീട്ടുകാർ എന്റെ കൈ പിടിച്ചേൽപ്പിച്ച പെണ്ണാണത്, ആരുടെയും കളിപ്പാവയായി തട്ടി കളിക്കാൻ ഞാൻ അവളെ വിട്ടു തരില്ല. ”

കടുപ്പത്തിൽ പറഞ്ഞിട്ട് ജയേഷ് അകത്തേക്ക് കയറിപ്പോയി

രാത്രിയിൽ, ജയേഷിന്റെ നെഞ്ചിൽ തല വച്ചു കിടക്കുമ്പോൾ അനുപമ അവനോട് പറഞ്ഞു.

“ഏട്ടാ, നമുക്കൊരു ഡോക്ടറെ കാണാൻ പോകാം ”

“അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ മോളെ, നമ്മുടെ കല്യാണo കഴിഞ്ഞിട്ടു അധികനാളൊന്നും ആയിട്ടില്ലല്ലോ ”

“ഒരു അമ്മയാകാനുള്ള എന്റെ ആഗ്രഹം അത്രയ്ക്കും വലുതാണ് ഏട്ടാ, നമുക്ക് ഡോക്ടറെ കാണാം, പ്ലീസ് ”

“ഓക്കേ എങ്കിൽ തിങ്കളാഴ്ച ഞാൻ ലീവ് എടുക്കാം, നമുക്ക് മേരിഗിരിയിൽ പോകാം ”

“മേരിഗിരി വേണ്ട, ഞാൻ ഗൂഗിളിൽ നോക്കി ഒരു ഹോസ്പിറ്റൽ കണ്ടു വച്ചിട്ടുണ്ട് , കിന്ഡർ ഹോസ്പിറ്റൽ, അവിടത്തെ ഡോക്ടർ ജയീത സാമന്ത പ്രശസ്തയായ ഡോക്ടർ ആണ്, നമുക്കവരെ കാണാൻ പോകാം ”

“ഓഹോ, എന്റെ മോൾ അതൊക്കെ നോക്കി വച്ചിരിക്കുകയായിരുന്നോ? ”

“ഉം, അത്രയ്ക്കും ആഗ്രഹമാണ് ഏട്ടാ, അമ്മയെന്ന വിളി കേൾക്കാൻ ”

“ഓക്കേ, നമുക്ക് പോകാം ”

തിങ്കളാഴ്ച, ജയേഷ് അനുപമയെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി . പിങ്ക് നിറത്തിലുള്ള പെയിന്റ് അടിച്ച ആ ഹോസ്പിറ്റലിന്റെ ഉള്ളിൽ കടക്കുമ്പോൾ തന്നെ നമ്മുടെയുള്ളിൽ ഒരു പ്രതീക്ഷ കടന്നു വരും, അവിടത്തെ അന്തരീക്ഷം അത്രയ്ക്കും മനസിന്‌ കുളിർമ പകരുന്നതാണ്.

ഡോക്ടർ ജയീത സാമന്ത മലയാളിയല്ല, അതുകൊണ്ട് തന്നെ അവരുടെ മലയാളം കേൾക്കാൻ നല്ല രസമാണ് . ഒരു മലയാളി ഡോക്ടറിനെ പ്രണയിച്ചു വിവാഹം കഴിച്ചു കേരളത്തിന്റെ മരുമകളായി കടന്നു വന്നവരാണ് അവർ. സ്നേഹത്തോടെയും വിനയത്തോടെയുമുള്ള പെരുമാറ്റമാണ് അവരുടെ പ്രത്യേകത.

അനുപമയെ പരിശോധിച്ചതിനു ശേഷം അവർക്ക് രണ്ടുപേർക്കുമായി കുറച്ച് ടെസ്റ്റുകൾ എഴുതി കൊടുത്തു. റിപ്പോർട്ട്‌ ആകാൻ ഏകദേശം രണ്ടു മണിക്കൂറോളം എടുത്തു.

എല്ലാ റിപ്പോർട്ടുകളുമായി വീണ്ടും ഡോക്ടറെ കാണാൻ എത്തിയപ്പോൾ അനുപമയുടെ സ്കാൻ റിപ്പോർട്ട്‌ എടുത്തു നോക്കിയിട്ട് ഡോക്ടർ പറഞ്ഞു.

“പേടിക്കാനൊന്നുമില്ല, അനുപമയുടെ സ്കാനിംഗ് റിപ്പോർട്ടിൽ ചെറിയ ഒരു പ്രോബ്ലം ഉണ്ട്, അനുപമയുടെ ഓവറിയിൽ ഹോർമോൺ വ്യതിയാനം മൂലമുണ്ടായ ചെറിയ കുരുക്കൾ ഉണ്ട്, അതുകാരണം അണ്ഡവിസർജനം ശരിയായ രീതിയിൽ അല്ല നടക്കുന്നത്, അതുകൊണ്ടാണ് ഗർഭിണി ആകാൻ സാധിക്കാതെ ഇരുന്നത് ”

“ട്രീറ്റ്മെന്റ് ചെയ്താൽ ശരിയാകുമോ ഡോക്ടർ? ”

അവൾ ആകാംഷയോടെ ചോദിച്ചു.

“ഞാൻ പറയുന്നതൊക്കെ അനുസരിച്ചാൽ ആറു മാസത്തിനുള്ളിൽ അനുപമ ഗർഭിണി ആകും . പുറത്ത് നിന്നുള്ള ഭക്ഷണം പൂർണമായി ഒഴിവാക്കണം, ഓയിൽ കുറയ്ക്കണം, ഫാസ്റ്റ് ഫുഡ്‌, ജങ്ക് ഫുഡ്‌ ഒന്നും കഴിക്കരുത്. ഭക്ഷണത്തിൽ വെജിറ്റബിൾസ് കൂടുതൽ ഉൾപ്പെടുത്തണം, പിന്നെ ഞാനൊരു ഡയറ്റ് പ്ലാൻ തരാം, അതുപോലെ ഭക്ഷണരീതി ക്രമീകരിക്കാൻ ശ്രമിക്കൂ, പിന്നെ വ്യായാമം അത് നിർബന്ധമാണ്. അടുത്ത തവണ വരുമ്പോൾ രണ്ടു കിലോ ശരീരഭാരം കുറച്ചിട്ട് വരാൻ ശ്രമിക്കണം. ശ്രമിച്ചാൽ മതി, അതിന് വേണ്ടി പട്ടിണിയൊന്നും കിടക്കണ്ട, കേട്ടോ ”

“ഓക്കേ ഡോക്ടർ ”

“ഞാൻ കുറച്ചു മെഡിസിൻ എഴുതുന്നുണ്ട്, കഴിച്ചിട്ടു രണ്ടാഴ്ച കഴിഞ്ഞു വരൂ ”

“താങ്ക്യൂ ഡോക്ടർ ”

സന്തോഷത്തോടെ അവർ രണ്ടാളും യാത്ര പറഞ്ഞിറങ്ങി. വീട്ടിലേക്ക് വരുന്ന യാത്രയിൽ ജയേഷ് അവളോട് പറഞ്ഞു.

“അമ്മയോട് ഞാൻ ഒരു കള്ളം പറയും, നീ അഭിനയിച്ചു കട്ടയ്ക്ക് എന്റെ കൂടെ പിടിച്ചു നിന്നോണം ”

“എന്ത് കള്ളം? ”

“എനിക്ക് കുഴപ്പമുണ്ടെന്നു? ”

“അത് വേണോ ഏട്ടാ”

“വേണം, നീ മിണ്ടാതെ എന്റെ കൂടെ നിന്നാൽ മതി ”

വീട്ടിലെത്തിയ ജയേഷ് ഗൗരവത്തിൽ അമ്മയെ വിളിച്ചു.

“അമ്മേ.. ”

അവർ പൂമുഖത്തെക്ക് വന്നു.

“എന്താ ജയാ, ഡോക്ടർ എന്ത് പറഞ്ഞു? ”

“പ്രസവിക്കാത്ത സ്ത്രീകളെ മച്ചി എന്ന് വിളിക്കും, അങ്ങനെയെങ്കിൽ കുട്ടികൾ ഉണ്ടാകാത്ത പുരുഷന്മാരെ എന്ത് പേരാണ് വിളിക്കുന്നതെന്ന് അമ്മ അന്വേഷിച്ചു കണ്ടെത്തണം കേട്ടോ ”

“നീയെന്താടാ ഇങ്ങനെയൊക്കെ പറയുന്നത്? ”

“പിന്നെ എങ്ങനെ പറയണം? എന്റെ പെണ്ണിനെ അമ്മ ഇത്രയും നാളുകൾ കുറ്റപ്പെടുത്തിയില്ലേ. ഇന്ന് ഡോക്ടർ പറഞ്ഞത് എന്റെ പ്രോബ്ലം കൊണ്ടാണ് അവൾ ഗർഭിണി ആകാത്തതെന്ന്, കുറേ മെഡിസിനും തന്നു ”

ജയേഷിന്റെ അമ്മയുടെ മുഖമടച്ചു അടി കിട്ടിയത് പോലെ കരുവാളിച്ചു. അന്ന് മുതൽ അവർ അനുപമയോട് ഭയങ്കര സ്നേഹത്തിൽ പെരുമാറാൻ തുടങ്ങി. തന്റെ മകന്റെ പ്രോബ്ലം കൊണ്ടാണ് കുഞ്ഞ് ഉണ്ടാകാത്തതെന്ന് അനുപമ ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടു.

രാത്രിയിൽ ജയേഷിനെ ഇറുകെ പുണർന്നു കൊണ്ട് അവൾ ചോദിച്ചു.

“അമ്മയോട് കള്ളം പറഞ്ഞത് എന്തിനാ ഏട്ടാ? ”

“നീയെനിക്ക് അത്രയ്ക്കുo പ്രിയപ്പെട്ടവൾ ആയത് കൊണ്ട്, ഒരുപാട് നാൾ സ്നേഹിച്ചു കല്യാണം കഴിച്ചിട്ടു കുട്ടികൾ ഉണ്ടായില്ല എന്ന ഒറ്റക്കാരണം കൊണ്ട് ആ സ്നേഹം ഇല്ലാതാകുമോ? കാലം ഇത്രയും പുരോഗമിച്ചിട്ടും ഇപ്പോളും പഴഞ്ചൻ ചിന്താഗതി വച്ചു പുലർത്തുന്നുവർ ഉണ്ടാകാം, പക്ഷേ ഞാൻ അങ്ങനെയല്ല. എനിക്ക് നിന്നോടുള്ള സ്നേഹം തന്നെയാണ് വലുത്.”

അനുപമയുടെ മിഴികൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി.

“എന്നും ഈ സ്നേഹം ഇതുപോലെ കാണുമോ? ”

“എന്റെ അവസാനശ്വാസം വരെ കാണും, അത് പോരെ? ”

“മതി ”

അവൾ വർധിച്ച ആഹ്ലാദത്തിൽ പറഞ്ഞു.

പിറ്റേന്നു രാവിലെ മുതൽ ജയേഷും അനുപമയും ഒരുമിച്ച് നടക്കാനിറങ്ങി , അടുത്തുള്ള പാർക്കിൽ പോയി ലഘുവ്യായാമങ്ങൾ ചെയ്തു . ഡോക്ടറുടെ നിർദേശങ്ങൾ എല്ലാം പാലിച്ചു. ആറു മാസത്തെ കാലാവധിയാണ് ഡോക്ടർ പറഞ്ഞെതെങ്കിലും, നാലു മാസം കഴിഞ്ഞപ്പോൾ ആ മാസത്തിലെ ചുമന്ന രേഖകൾ കാണാതിരുന്നപ്പോൾ, ഫർമസിയിൽ നിന്ന് വാങ്ങിയ ഒരു പ്രെഗ്നൻസി കിറ്റിൽ അനുപമ സ്വയം പരിശോധന നടത്തിയപ്പോൾ താൻ പ്രെഗ്നന്റ് ആണെന്ന് മനസിലാക്കി . അടക്കാനാകാത്ത ആഹ്ലാദത്തിൽ അവൾ ജയേഷിനെ കെട്ടിപിടിച്ചു കരഞ്ഞു

രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം അനുപമ അമ്മയാകാൻ പോകുന്നു. ആ വാർത്ത എല്ലാവർക്കും സന്തോഷം പകരുന്നതായിരുന്നു. ഡോക്ടറുടെ നിർദേശം അനുസരിച്ചു ആറാം ആഴ്ചയിൽ സ്കാൻ ചെയ്തപ്പോളാണ് ആ സന്തോഷം ഇരട്ടിയായത്. അനുപമയുടെ ഉദരത്തിൽ വളരുന്നത് ഇരട്ടകുഞ്ഞുങ്ങൾ ആയിരുന്നു. അതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറഞ്ഞു.

ഡോക്ടറുടെ നിർദേശം അനുസരിച്ചു പിന്നീടുള്ള ദിവസങ്ങൾ മുന്നോട്ട് പോയി. ഒൻപതു മാസങ്ങൾ കഴിഞ്ഞപ്പോൾ അനുപമയുടെ സിസേറിയൻ കഴിഞ്ഞു. പിങ്ക് നിറത്തിലുള്ള റോസാപൂക്കളുടെ ശേഖരം പോലെ തോന്നിക്കുന്ന രണ്ടു കുരുന്നുകൾ, ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും. അനസ്തീഷ്യയുടെ മയക്കത്തിൽ നിന്ന്‌ അനുപമ ഉണരുമ്പോൾ തൊട്ട് മുന്നിലിരിക്കുന്ന ജയേഷിനെ കണ്ടു. അവൾ കുസൃതിയോടെ അവനോട് ചോദിച്ചു.

“ഏട്ടാ, ഇപ്പോൾ ഞാനാണോ നമ്മുടെ കുഞ്ഞുങ്ങൾ ആണോ ഏട്ടന് ഏറ്റവും പ്രിയപ്പെട്ടത്”

അവളുടെ നിറുകയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ ഉത്തരം പറഞ്ഞു.

“പെണ്ണേ, കാലമെത്ര കഴിഞ്ഞാലും നിയായിരിക്കും എനിക്കേറ്റവും പ്രിയപ്പെട്ടത്, അതിന് ശേഷമാണ് ബാക്കി എല്ലാം ”

അവന്റെ വാക്കുകളിൽ അവളോടുള്ള സ്നേഹം പ്രകടമായിരുന്നു. അനുപമയുo ജയേഷും തങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം സന്തോഷത്തോടെ ജീവിതം നയിക്കാൻ തുടങ്ങി.

നമ്മുടെ സമൂഹത്തിൽ പുരുഷന്റെ കുഴപ്പം കൊണ്ട് കുഞ്ഞ് ഉണ്ടാകാതെ ഇരുന്നാലും കുറ്റപ്പെടുത്തലുകൾ കേൾക്കുന്നത് സ്ത്രീകൾ ആയിരിക്കും. കുഞ്ഞ് ഉണ്ടാകാത്ത വ്യക്തികൾ അനുഭവിക്കുന്ന മാനസികവ്യഥയ്ക്ക് പുറമെയാണ് മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾ കൂടി, അത് അനുഭവിച്ചവർക്ക് മാത്രം മനസിലാകുന്ന ഒരു നൊമ്പരമാണ്. കാലം മാറുമ്പോളെങ്കിലും കാഴ്ചപ്പാടുകളും മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം

രചന: Angel Kollam

Leave a Reply

Your email address will not be published. Required fields are marked *