പെണ്ണിന്‌ എന്നാ കൊടുക്കും….?

രചന :- Jijo Puthanpurayil‎

കൊച്ചുപെണ്ണിനെ പെണ്ണുകാണാൻ വന്ന ചെക്കന്റെ അമ്മാവൻ കുടിയേറ്റക്കാരൻ തൊമ്മിച്ചൻ ചോദിച്ചു….

പെണ്ണിന്‌ എന്നാ കൊടുക്കും….?

എന്നാ വേണം നിങ്ങൾക്ക്‌?

തിരികെ ഒരു ചോദ്യം ചോദിച്ച്‌ മറുപടി പറഞ്ഞത്‌ അവിടെ കൂടിയ കാർന്നോന്മാരല്ല, നമ്മുടെ കൊച്ചുപെണ്ണ്‌ ത’ന്നെ.

കൂടി വന്ന എല്ലാവരും നെറ്റി ചുളിച്ച്‌ അവ’ളെ അന്ധാളിപ്പോടെ നോക്കി.

ആരും ഒന്നും മിണ്ടുന്നില്ല.

ചെക്കന്റെ വീട്ടിന്ന് വന്ന മൂത്ത കാർന്നോര്‌ നിശബ്ദത ഭേദിച്ച്‌ ചോദിച്ചു.

ഇതിന്‌ മറുപടി പറയാൻ ഈ വീട്ടിൽ കാർന്നോന്മാർ ആരും ഇല്ലേ?

ഉണ്ട്‌…. ആദ്യം നിങ്ങളിലെ കാർന്നോർ പറ, എന്താ വേണ്ടതെന്ന്. അപ്പോൾ ഞങ്ങളുടെ കാർന്നോർ ഉത്തരം പറയും.

ചെക്കന്റെ അളിയൻ പറഞ്ഞു… ഇവന്റെ പെങ്ങൾക്ക്‌ മുപ്പത്‌ പവൻ സ്വർണ്ണവും അഞ്ച്‌ ലക്ഷം രൂപേം കൊടുത്താ കെട്ടിച്ചെ. അപ്പോൾ അങ്ങനൊക്കെ കൊടുക്കുമെന്ന് ഞങ്ങൾ കരുതുന്നു.

ആഹാ, അത്‌ കൊള്ളാലോ. കച്ചവടം ഉറപ്പിക്കുന്നതിന്‌ മുന്നേ എനിക്കൊരു കാര്യം പറയാനുണ്ട്‌.

മോളേ….

അപ്പനൊന്ന് മിണ്ടാതിരി അപ്പാ. കച്ചവടം അപ്പനേക്കാൾ എനിക്കാ വശം. ഞാൻ സംസാരിക്കാം.

ചെക്കന്റെ ഫോട്ടോ ഞാൻ കണ്ടു. ബോധിച്ചു. ഗൾഫീന്ന് വന്നിട്ട്‌ നമുക്ക്‌ ഉറപ്പിക്കാം. എങ്കിലും കച്ചവടത്തിന്‌ ടോക്കൻ കൊടുക്കുന്ന രീതി ഉണ്ടല്ലോ. ഇല്ലേൽ ഇതിലും കുറവ്‌ ചോദിച്ച്‌ വരുന്നവർക്ക്‌ എന്റെ അപ്പൻ കെട്ടിച്ചു കൊടുക്കുവേ. അത്‌ കൊണ്ട്‌. നമുക്ക്‌ ഇങ്ങനെ തീരുമാനിക്കാം.

ചെക്കനും പെണ്ണിനും തുല്ല്യ അവകാശമാണല്ലോ ജീവിതത്തിൽ?

” അതെ മോളെ” ചെക്കന്റെ അമ്മയാണ്‌ പറഞ്ഞത്‌.

എങ്കിൽ എല്ലാ കാര്യത്തിലും സമത്വം വേണ്ടേ?

“വേണം” ചെക്കന്റെ ബന്ധുക്കളിൽ ആരോ പറഞ്ഞു.

എങ്കിൽ അഞ്ച്‌ ലക്ഷവും മുപ്പത്‌ പവനും ഞങ്ങൾ തരാം. അത്‌ പോലെ എനിക്കും വേണം പുരുഷധനം.

ങേ…. പുരുഷധനമോ? കേട്ടവർ ഞെട്ടി. ഞെട്ടണ്ടാ ആരും, സ്ത്രീധനം എന്ന വകുപ്പ്‌ ഈ കച്ചവടത്തിൽ ആകാമെങ്കിൽ എന്ത്‌ കൊണ്ട്‌ പുരുഷധനം എന്ന വകുപ്പ്‌ രണ്ടാം ഭാഗമായി കൊണ്ടുവന്നുകൂടാ?

പിന്നെ അതിലുമുപരി എനിക്ക്‌ വേണ്ടത്‌ ചങ്കുറപ്പുള്ള ഒരു പുരുഷനേയും അവന്റെ സത്യസന്ധതയും ആണ്‌.

അയ്യോ മൊളെ, ഞങ്ങടെ മോൻ നല്ലവനാ. ആരും ഇതു വ’രെ മോശം പറഞ്ഞിട്ടില്ല.

എങ്കിൽ, എന്റെ അപ്പൻ ഉണ്ടാക്കിയ സമ്പാദ്യം നിങ്ങൾക്ക്‌ തന്നാൽ എന്റെ അപ്പൻ എങ്ങനെ കഞ്ഞി കുടിക്കും. അതു കൊണ്ട്‌ അവരുടെ മരണം വരെ അവർക്കാവശ്യമുള്ള സാമ്പത്തികം, മാസാ മാസം ഒരു പതിനായിരം രൂപ കൊടുക്കുവാനുള്ള സമ്മതം പുരുഷധനമായി കൊടുക്കാമെന്ന് വാക്ക്‌ തരുവാണേൽ. ഈ കച്ചവടം ഇവിടെ ഇപ്പോൾ ഉറപ്പിക്കാം.

അത്‌ അത്‌ ….. ചെക്കന്റെ അപ്പൻ കിടന്ന് വിമ്മിട്ടപ്പെട്ടു.

എന്റെ ഡിമാന്റ്‌ ഇതാണ്‌. വേണേൽ അംഗീകരിക്കാം.

ഞങ്ങൾക്ക്‌ ഈ ബന്ധം താൽപര്യമില്ല. ചെക്കന്റെ അമ്മാവൻ പറഞ്ഞു.

അതൊക്കെ നിങ്ങടെ ഇഷ്ടം.

എന്നാ ഞങ്ങളിറങ്ങുവാ.

ഇറങ്ങിക്കോ, അതിന്‌ മുന്നേ ഒരു 5567/- രൂപ തന്നിട്ട്‌ പൊക്കോ.

രൂപയോ, എന്തിന്‌?

അതെ രൂപ, വന്നപ്പോൾ വെള്ളം കലക്കി തന്നത്‌ 8 ഗ്ലാസ്സ്‌, ബിസ്കറ്റ്‌, ലഡ്ഡു, ഹൽവ, കുഴലപ്പം… പിന്നെ പത്ത്‌ കൂട്ടം കറി കൂട്ടി ഊണ്‌ കഴിച്ചത്‌, അതിനുള്ള ചിലവ്‌. മൊത്തം ഇത്രേം തന്നിട്ട്‌ പോയാൽ മതി.

വന്നവരിൽ ആരോ പണം എണ്ണി അവർക്ക്‌ കൊടുത്തു.

അപ്പോൾ, ഈ കച്ചവടം പൊളിഞ്ഞു. ഇനി ഈ നാട്ടിൽ കച്ചവടം കിട്ടാൻ പാടാ. അത്‌ കൊണ്ട്‌ വേഗം പൊയ്ക്കോളൂ.

പിന്നെ അഞ്ച്‌ ലക്ഷം രൂപയും മുപ്പത്‌ പവനും എണ്ണി വാങ്ങിയ അളിയോ… പെണ്ണിന്റെ അപ്പന്റെ പണം കൊണ്ട്‌ പുട്ടടിച്ച നിങ്ങളോട്‌ എന്ത്‌ പറയാൻ.

അയാൾ മുഖം കുനിച്ച്‌ വണ്ടിയിൽ കയറി.

കൊച്ചുപെണ്ണ്‌ എതോ കൃഷിക്കാരനെ കെട്ടി. അവൾ സ്ത്രീധനമായി കൊണ്ട്‌ വന്നത്‌ ഒരു കൂട്‌ ഉണക്കപ്പയർ. അവൾ നട്ട്‌ ഉണ്ടാക്കിയ പയറിൽ നിന്ന് ശേഖരിച്ചത്‌ കെട്ട്യോന്റെ വീട്ടിൽ നടാൻ.

അതിൽ നിന്ന് അവൾ നൂറു മേനി വിളയിച്ചു. പയർ മാത്രമല്ല മറ്റ്‌ പച്ചക്കറികളും.

അവൻ അവളുടെ വയറ്റിലും ഒരു വിത്ത്‌ പാകി. തലമുറ എന്ന സൗഭാഗ്യത്തിന്റെ വിത്ത്‌.

രചന :- Jijo Puthanpurayil‎

Leave a Reply

Your email address will not be published. Required fields are marked *