സ്നേഹ മഹർമാല

രചന :- സൈനു ഓമി.

രാത്രി ഒൻപത് മണിക്ക് വീട്ടിലേക്ക് കയറി വന്ന സുലൈമാൻ കോളിംങ് ബല്ല് അമർത്തി.. അകത്ത് മനോഹരമായ ശബ്ദം ഉച്ചത്തിൽ മുഴങ്ങി.. പണ്ടൊക്കെ കാതടപ്പിക്കുന്ന വികൃതശബ്ദമായിരുന്നു കോളിംങ് ബല്ലായി മുഴങ്ങുക… ഇന്ന് അതിന് പകരം പല തരം കിളികളുടെയും പ്രകൃതിയിലെ പല വസ്തുക്കളുടെയും മനോഹര ശബ്ദമായിരിക്കുന്നു… പുറത്ത് ഏട്ടന്റെ ബൈക്ക് കാണാനില്ല.. വന്നില്ലായിരിക്കും..

വാതിൽ തുറന്ന എട്ടത്തി പെട്ടെന്ന് തിരിഞ്ഞു നടന്ന് മുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ടു.. ഏട്ടത്തിയുടെ പ്രവർത്തനം ഞെട്ടലോടെ നോക്കിയ സുലൈമാന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു..

അവൻ ജനിക്കുന്നതിനു മുന്നേ അവന്റെ ഉപ്പ മരിച്ചിരുന്നു.. അവനന്ന് സഹോദരങ്ങളായി ഒരു ഏട്ടനല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.. ഏഴ് വയസ്സുള്ളപ്പോൾ വിധിയുടെ ബലിയാടായി അവന്റെ ഉമ്മയും പരലോകം പുൽകി.. അതിനു മുന്നേ സുലൈമാന്റെ ഏട്ടൻ കല്യാണം കഴിച്ചിരുന്നു.. ഉമ്മയും ഉപ്പയുമില്ലാത്ത എഴുവയസ്സുകാരൻ പക്ഷേ ഒരിക്കലും കരയേണ്ടി വന്നില്ല.. ഏട്ടൻ അവന് ഉപ്പയായിരുന്നു.. ഏട്ടൻ “സ്നഹത്തോടെ മഹർമാല” ചാർത്തിയ ഏട്ടത്തി ഉമ്മയുമായി..

അവരവനെ അണിയിച്ചൊരുക്കി സ്കൂളിൽ വിട്ടു.. കളിക്കിടെ വിളിച്ചിരുത്തി ചോറും കറിയും വിളിമ്പി തീറ്റിച്ചു. അവന്റെ തലയിൽ സ്നേഹത്തോടെ എണ്ണ തേച്ച് കുളിപ്പിച്ചു.. ഉമ്മയില്ലാത്ത സങ്കടം ഇന്ന് വരെ അവന്റെ ഏട്ടത്തി അവനെ അറിയിച്ചിട്ടില്ല… രാത്രി അവൻ വരുന്നത് കാത്തിരുന്ന് ചോറ് വിളമ്പി ഒന്നിച്ചാണ് ഏട്ടത്തിയും കുട്ടികളും കഴിക്കുക…

ഇന്നിപ്പോൾ എന്തു പറ്റി…, ഏട്ടൻ ഗൾഫിൽ നിന്ന് വന്നിട്ട് രണ്ടാഴ്ച്ചയേ ആയിട്ടുള്ളൂ.. കഴിഞ്ഞ ദിവസം സുലൈമാനെ വിളിച്ചു വരുത്തി ഏട്ടൻ പറഞ്ഞിരുന്നു..

“മാന്വോ…. ഞാൻ നിനക്കൊരു പെണ്ണിനെ നോക്കി വച്ചിട്ടുണ്ട് നീ ഒന്ന് പോയി കാണണം..”

ശരിക്കും അപ്പോഴാണ് തന്റെ പ്രായത്തെ കുറിച്ച് ബോധവാനായത്.. കഴിഞ്ഞ ഡിസംബർ നാലിനേക്ക് ഇരുപത്തിനാലു വയസ്സു തികഞ്ഞു. കല്ല്യാണത്തെ പറ്റി ഇന്ന് വരെ ചിന്തിച്ചിട്ടില്ല.. ഇപ്പോൾ താത്പര്യവുമില്ല. തനിക്ക് ഏട്ടത്തിയുടെയും ഏട്ടന്റെയും കൊച്ചു കുഞ്ഞായി കഴിയാനാണിഷ്ടം.. “തനിക്കിപ്പോൾ കല്യാണം വേണ്ട” എന്ന് പറഞ്ഞപ്പോൾ ഏട്ടൻ വരാന്തയിലൂടെ നടന്ന് ഗഹനമായി സംസാരിക്കാൻ തുടങ്ങി.

” നിന്റെ എല്ലാ കാര്യങ്ങളും മുറ പോലെ നടക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്. ഇപ്പോ തന്നെ വൈകി.. വയസ്സ് ഇരുപത്തിനാലും കഴിഞ്ഞില്ലേ.. ഇനി കിഴവനായിട്ടാണോ നിനക്ക് പെണ്ണ് തിരയേണ്ടത്…”

“മാനുവിന് താൽപര്യമില്ലേൽ നിങ്ങളെന്തിനാ നിർബന്ധിക്കുന്നത്. കുറച്ചൂടെ കഴിഞ്ഞോട്ടെ…”

ഏട്ടത്തിയാണ്… അവർക്കറിയാം തന്റെ മനസ്സ്. കുറേ പി എസ് സി എഴുതി ലിസ്റ്റിനായി വൈറ്റ് ചെയ്യുകയാണ്.. ഒന്ന് രണ്ട് ജോലിക്കും അപ്ലൈ ചെയ്തിട്ടുണ്ട്.. അടുത്ത് തന്നെ ശരിയാവാതിരിക്കില്ല.. അതിന് മുന്നേ ഒരു കല്യാണം…, ചിലവുകളെല്ലാം ഏട്ടൻ നോക്കുമായിരിക്കും എന്നാലും കുറേ എല്ലാം സ്വന്തം ചിലവിൽ തന്നെ ചെയ്യണമെന്നാണ് ആഗ്രഹം.. ഏട്ടത്തിയുടെ അവസരോചിതമായ ഇടപെടൽ കാരണം നൈസായി രക്ഷപ്പെട്ടു..

ഏട്ടനോട് പിണങ്ങിയാലും, കുട്ടികൾക്ക് അസുഖമായാലും, എന്ത് വിഷമം തന്നെ ഉണ്ടായാലും ഇത്താത്ത ഇന്നേ വരെ സുലൈമാന്റെ മുഖത്തേക്ക് ചിരിച്ചോണ്ടല്ലാതെ നോക്കിയിട്ടില്ല.. അവന് വേണ്ടത് ചെയ്ത് കൊടുക്കാതിരുന്നിട്ടില്ല..

നല്ല വിശപ്പുണ്ട്.. ഒന്നും കഴിക്കാൻ തോന്നുന്നില്ല.അവൻ കഴിക്കാതെ പോയി കിടന്നു.. ഉറക്കം വരുന്നതേയില്ല…

എന്താണീ മാറ്റത്തിന്റെ കാരണമെന്ന് സുലൈമാന് ഊഹിക്കാൻ കഴിഞ്ഞു.ഇടക്ക് സിനിമ കാണാൻ പോവുന്നതും, കൂട്ടുകൂടി സിഗരറ്റ് വലിക്കുന്നതുമൊക്കെ ഏട്ടത്തി അറിഞ്ഞതാണ്. അപ്പോഴൊക്കെ വിളിച്ചു വരുത്തി ഉപദേശിച്ചിരുന്നു.. പക്ഷേ… ഇന്നലെ കോൾ ചെയ്യാൻ വേണ്ടി ഏട്ടത്തി ഫോൺ എടുത്തിരുന്നു.. തലേന്ന് രാത്രി നെറ്റ് വഴി കണ്ട ബ്ലൂ ഫിലിം മിനിമൈസ് ലിസ്റ്റിൽ നിന്ന് ക്ലിയർ ചെയ്യാൻ മറന്നിരുന്നു.. ഗ്യാലറിയിലേക്ക് കുറേ ഡൗൺലോഡ് ചെയ്തതും ഉണ്ട്.. ഡിലീറ്റ് ചെയ്യാൻ മറന്നിരുന്നു.. സുലൈമാൻ ഫോൺ കയ്യിലെടുത്ത് എല്ലാം കളഞ്ഞു.. എറിഞ്ഞു പൊട്ടിച്ചാലോ.. അവന്റെ കൈ ഉയർന്നതായിരുന്നു. പക്ഷേ കഴിഞ്ഞില്ല. ആ ഫോണിന്ന് ഏട്ടന്റെ മണലാരണ്യത്തിലെ വിയർപ്പിന്റെ മണമുണ്ടായിരുന്നു..

ഏട്ടത്തി എന്ത് ധരിച്ചു കാണും. രണ്ട് മക്കളുടെ ഉമ്മയാണെങ്കിലും അവർ അതീവ സുന്ദരിയാണ്. അവരെങ്ങനെ തന്നെ ഇനി ഫൈസ് ചെയ്യും.. അവർ തന്നെ നന്മ മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ.. തെറ്റുകൾ കാണുമ്പോഴൊക്കെ അവർ സ്നേഹത്തോടെ പെദേശിക്കാറായിരുന്നു.. പക്ഷേ… ഇപ്പോ സംഭവിച്ചതിനോട് അവരെങ്ങനെ റിയാക്ട് ചെയ്യാൻ കഴിയും.. നൈമിഷിക സുഖത്തിന് വേണ്ടി തെറ്റുകളിൽ രസം കണ്ടെത്താൻ തുടങ്ങിയ നിമിഷത്തെ അവൻ ആയിരം വട്ടം ശപിച്ചു..

സുലൈമാന് ഉറക്കം വന്നതേയില്ല.. തന്റെ പ്രായത്തെ പറ്റിയും ഏട്ടത്തിയെ കുറിച്ചുമൊക്കെ താൻ ചിന്തിക്കേണ്ടതായിരുന്നു.. തനിക്ക് പടച്ചവൻ തന്ന മാതാവ് നശ്ട്ടപ്പെടുമോ… തന്റെ ശരീരം വിയർക്കാൻ വിടാതെ തനിക്ക് വേണ്ടി വിയർക്കാൻ തയ്യാറായ എട്ടനെ താൻ അൽപ്പകാലം മറന്നോ…,,

ഇല്ല….,,, ഏട്ടത്തിയെ നഷ്ട്ടപ്പെട്ടു കൂടാ.. തെറ്റിദ്ധാരണകൾ നിലനിന്ന് കൂടാ.. ഇനി അതിന് വഴിയൊരുങ്ങാത്ത വിധം പഴുതുകളടക്കേണ്ടിയിരിക്കുന്നു… സുലൈമാന്റെ മനസ്സിൽ ദൃഡനിശ്ചയങ്ങൾ സംഭവിക്കുകയായിരുന്നു.. രാവിലെ ഏട്ടനെ സമീപിച്ച് സുലൈമാൻ സംസാരിച്ചു..

“ഇക്കാക്കാ… മുമ്പ് പറഞ്ഞ ആലോചന മുടങ്ങിയോ.. ഞാൻ പോയി കണ്ടോട്ടേ.. ”

“ഹോ.. പടച്ചവൻ എന്റെ കുട്ടിക്ക് നല്ല ബുദ്ധി തോന്നിച്ചല്ലോ…

ഇന്ന് തന്നെ പോയി കാണ്… ഞാൻ വിളിച്ചു പറയാം.. ”

സുലൈമാൻ അന്ന് പോയി പെണ്ണു കണ്ടു വന്നു.. ഇഷ്ടമായെന്ന് ഏട്ടനെ അറിയിച്ചു.. പിറ്റേന്ന് ആദ്യമായി അവൻ ജോലിക്ക് പോയി. ബേപ്പൂര് ഹാർബറിൽ അവൻ കൂട്ടുകാരോട് കൂടെ വിശ്രമമില്ലാതെ ജോലി ചെയ്തു… ഐസ് നിറച്ച ബോക്സുകൾ ചുമന്നും.. ഭാരമേറിയ മത്സ്യങ്ങളേറ്റിയും അവൻ തളർച്ച വക വക്കാതെ പണിതു. കുറേ നാളത്തെ കഠിന പ്രയത്നം കൊണ്ട് സമ്പാദിച്ച പണത്തിലേക്ക് കൂട്ടുകാരിൽ നിന്ന് അവധി പറഞ്ഞ് വാങ്ങിയതും ചേർത്ത് അവൻ മോശമില്ലാത്ത രീതിയിലൊരു “മഹർമാല” വാങ്ങി..

വലിയ പന്തലിനു കീഴെ ആഘോഷത്തോടെ കല്യാണം നടന്നു. ആളുകൾ പിരിഞ്ഞു പോവാൻ തുടങ്ങി.. സായാഹ്ന സമയം പുതുക്കം വന്ന പെണ്ണുങ്ങൾക്കു നടുവിലായി അൽപ്പം മുമ്പ് താൻ കാനോത്ത് കഴിച്ച തന്റെ ആയിഷ സൂര്യപ്രഭ ചൊരിഞ്ഞു കൊണ്ട് മെല്ലെ നടന്നു വരുന്നു. അവളുടെ മാറിൽ താൻ ചാർത്തി വ മഹർ മാല പട്ടുസാരിയോട് ചേർന്നു കിടന്ന് തിളങ്ങി…

ഉമ്മറവാതിലിലൂടെ ചുവന്ന സാരി ധരിച്ച ഏട്ടത്തി ചിരിച്ചു കൊണ്ട് ഇറങ്ങി വന്ന് മണവാട്ടിയുടെ കൈ പിടിച്ചപ്പോൾ സുലൈമാൻ ഒരു എഴു വയസ്സുകാരനായി മറി.. തന്റെ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്ന കാഴ്ച്ചകൾ വീണ്ടും കൺമുന്നിൽ വന്ന് നൃത്തമാടി…

അന്ന് തന്റെ ഉമ്മ ഇറങ്ങി വന്ന് എട്ടത്തിയെ സ്വീകരിച്ച പോലെ ഇന്ന് തന്റെ പെണ്ണിനെ ഏട്ടത്തിയും സ്വീകരിച്ചിരിക്കുന്നു. വീട്ടിലേക്ക് സ്റ്റെപ്പുകൾ കയറാൻ തുടങ്ങവെ അന്ന് ഉമ്മ ചെയ്ത പോലെ മണവാട്ടിയുടെ വലതു കാല് ആദ്യം വക്കാൻ ഉപദേശിക്കുന്നു.. അകത്തേക്ക് കൊണ്ട് പോയി സോഫയിൽ ഇരുത്തി അടുത്തിരിക്കുന്നു.. അതും അന്ന് ഉമ്മ ചെയ്ത പോലെ തന്നെ.. അന്ന് പക്ഷേ സോഫക്ക് പകരം മരബഞ്ചായിരുന്നെന്ന് മാത്രം…

സുലൈമാന്റെ കണ്ണുകൾ നിറഞ്ഞു. ഇനിയും കാണാൻ വയ്യ… കണ്ണ് നിറഞ്ഞൊഴുകിയാൽ ആളുകളെന്ത് കരുതും…. “തനിക്ക് ഉമ്മ ഒരിക്കലും നശ്ട്ടപ്പെട്ടിട്ടില്ല” എന്ന് മനസ്സിൽ നിന്ന് ആരോ ഉരുവിടുന്നു.

സുലൈമാൻ ആളുകൾക്കിടയിലൂടെ പന്തലിന്റെ പിറകിലേക്ക് നീങ്ങി.. അവിടെ ഏട്ടൻ നിൽക്കുന്നു.. അവൻ കണ്ണുകൾ തുടക്കുന്നു.. തനിക്കു മുന്നേ എത്തിയതാണ്. അവനെ കണ്ടപ്പോൾ കണ്ണു നീർ നിറഞ്ഞു പൊട്ടിയൊലിച്ചു പോയി.. അവനെ കെട്ടിപ്പിടിച്ചു കൊണ്ട് സുലൈമാൻ വിതുമ്പി.. ജേഷ്ഠാനുജന്മാർ പരസ്പരം ഇറുകെ പുണർന്നു.. സന്തോഷം കൊണ്ടോ ഓർമ്മകളുടെ തീഷ്ണത കൊണ്ടോ.. അവർ ഹൃദയം നൊന്ത് കരഞ്ഞു കൊണ്ടിരുന്നു..

* * *

രചന :- സൈനു ഓമി.

Leave a Reply

Your email address will not be published. Required fields are marked *