നെഞ്ചോരം

രചന: ശരത്ത്

സുമയുടെ ഒപ്പം കുറച്ചു നേരം ഇരിക്കുമ്പോൾ അല്ലെങ്കിൽ മടിയിൽ തലചേർത്ത് അൽപ്പനേരം കിടക്കുമ്പോൾ അവൻ പഴയ പോലെ സന്തോഷമുള്ളവനാകുന്നതാണ്.

💕💕💕💕💕💕💕

പുറകിൽ നിന്നുള്ള തങ്ങളുടെ വിളി പോലും കേൾക്കാതെ മുറിക്കുള്ളിൽ എന്തൊക്കെയോ തട്ടിത്തെറിപ്പിച്ച് ദേഷ്യത്തോടെ ഇറങ്ങിപ്പോകുന്ന മകനെ ആ അച്ഛനുമമ്മയും അത്ഭുതത്തോടെയാണ് നോക്കി നിന്നത്. ആദ്യമായാണ് അവന്റെ സ്വഭാവത്തിൽ ഇങ്ങനെയൊരു മാറ്റം ,എന്ത് വിഷമം ഉണ്ടെങ്കിലും തന്റെ അല്ലെങ്കിൽ സുമയുടെ ഒപ്പം കുറച്ചു നേരം ഇരിക്കുമ്പോൾ അല്ലെങ്കിൽ മടിയിൽ തലചേർത്ത് അൽപ്പനേരം കിടക്കുമ്പോൾ അവൻ പഴയ പോലെ സന്തോഷമുള്ളവനാകുന്നതാണ്. പിന്നെന്താണ് അവന് പറ്റിയത്??? ആ അച്ഛൻ ചിന്തിച്ചു.

അവൻ ഇറങ്ങിപ്പോയ വഴിയിലേക്ക് തന്നെ നോക്കി നിന്ന് തിരിയുമ്പോളാണ് രാജീവിന്റെ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് അയാൾ ശ്രദ്ധിച്ചത്. പതിയെ ആ മുറിക്കുളിലേക്ക് നടക്കുമ്പോൾ തന്നെ അവൻ വലിച്ചെറിഞ്ഞ സാധനങ്ങൾ മുറിയിൽ അങ്ങിങ്ങായി ചിതറികിടക്കുന്നത് കാണാമായിരുന്നു. തറയിൽ നിന്ന് ഓരോന്നായി പെറുക്കിയെടുത്ത് മേശപ്പുറത്ത് വയ്ക്കുമ്പോളാണ് അവന്റെ മൊബൈൽഫോൺ മുറിയുടെ ഒരു മൂലയിലായി കിടക്കുന്നത് അയാൾ ശ്രദ്ധിച്ചത്. ആ ഫോൺ കയ്യിലെടുത്ത് ഓൺ ആകിയപ്പോൾ തന്നെ ആദ്യം തെളിഞ്ഞു വന്നത് തന്റെയും സുമയുടെയും ചിത്രം. വിഷമത്തിനിടയിലും ആ അച്ഛന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു.

എന്നാൽ ആ പുഞ്ചിരി ഇല്ലാതാവാൻ ആ മൊബൈലിനുള്ളിലെ കാഴ്ചകൾ ദാരാളമായിരുന്നു. അവൻ സ്നേഹിക്കുന്ന പെൺകുട്ടിയോട് ശരീരം ആവശ്യപ്പെടുന്നതും അവൾ നിരസിക്കുന്നതുമായ മെസ്സേജുകൾ . അനാഥ പെണ്കുട്ടി ആയിരുന്നിട്ട് കൂടി തനിക്കും സുമക്കും ആ ബന്ധത്തിന് എതിർപ്പൊന്നും ഇല്ലായിരുന്നു. അവന്റെ ഏതിഷ്ടത്തിനും ഒപ്പം നിൽക്കുന്നത് കൊണ്ട് തന്നെ ഇതും സമ്മതിച്ചു. എന്നാൽ ഇപ്പോൾ എന്താണ് തന്റെ മകന് പറ്റിയത്?? പെണ്ണെന്നാൽ പുണ്യമാണെന്ന പാഠം തന്റെയും ഭാര്യയുടെയും മടിയിൽ കിടന്ന് കേട്ടു വളർന്ന തന്റെ മകൻ ഇങ്ങനെ ചിന്തിക്കുന്നു എന്ന് കണ്ടപ്പോൾ അദ്ദേഹത്തിന്റെ ഹൃദയം ഒന്ന് പിടഞ്ഞു.

ആ മനുഷ്യൻ മറ്റ് മെസ്സേജുകളിലേക്ക് കൂടി ഒന്ന് കണ്ണോടിച്ചു . സ്വന്തം പെണ്ണിനെ പോലും അനുഭവിക്കാത്ത പൊട്ടൻ എന്നും മറ്റുമുള്ള കൂട്ടുകാരുടെ കളിയാക്കലുകൾ. മകന്റെ സ്വഭാവത്തിലെ മാറ്റത്തിന്റെ കാരണം അതാണെന്ന് ആ അച്ഛൻ മനസ്സിലാക്കി.

കയ്യിലിരുന്ന ഫോൺ വീണ്ടും വിറച്ചു. ആ സ്ക്രീനിലേക്ക് ആ അച്ഛന്റെ കണ്ണുകൾ വീണ്ടും പതിഞ്ഞു. ആ കുട്ടിയുടെ മെസ്സേജ്.

രാജീവ് ടാ ഇങ്ങനെ മിണ്ടാതിരിക്കല്ലേ ടാ… നീ ഇത് വരെ ഇങ്ങനെ ഒന്നും പെരുമാറിയിട്ടില്ലല്ലോ?? അതിനൊപ്പം കരയുന്ന കുറച്ച് ഇമോജികളും .

ആ മെസേജിൽ നിന്ന് തന്നെ ആ പെൺകുട്ടി തന്റെ മകനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും , അവൾ സ്നേഹത്തിന് മുന്നിൽ എത്ര നിസഹായ ആണെന്നും ആ അച്ചന് മനസ്സിലാവുന്നുണ്ടായിരുന്നു.

കുറച്ചു നേരം കഴിഞ്ഞും റിപ്ലൈ ഒന്നും കാണാതായപ്പോൾ വീണ്ടും അവളുടെ മെസ്സേജ് വന്നു.

രാജീവ് നീ പറയുന്നത് പോലെ ഞാൻ സമ്മതിക്കാം . പക്ഷെ ഇന്നെങ്കിൽ ഇന്ന് നീ കെട്ടുന്ന താലി എന്റെ കഴുത്തിൽ വീണിരിക്കണം,ഏത് കഷ്ടപ്പാടിലും ഇലായ്മയിലും നിനക്കൊപ്പം ജീവിക്കാൻ ഞാൻ തയാറാണ്. ഇത്രയും പറഞ്ഞ് ആ മെസ്സേജ് അവസാനിച്ചു.

ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പതിയെ അയാളുടെ കണ്ണുകൾ അവളുടെ നമ്പർ തിരഞ്ഞു. ബെല്ലടിച്ച് ആദ്യ റിങ്ങിൽ തന്നെ ഫോൺ എടുക്കുമ്പോളും മറുപുറത്ത് നിന്ന് മുഴങ്ങിക്കേൾക്കുന്ന തേങ്ങൽ അയാൾക്ക് വ്യക്തമായിരുന്നു.

രാജീവ്… ടാ….. അവളുടെ കണ്ണുനീർ കലർന്ന ശബ്ദം കേൾക്കവേ ആ അച്ഛൻ സംസാരിച്ചു തുടങ്ങി.

മോളെ ഇത് രാജീവിന്റെ അച്ഛനാണ് സംസാരിക്കുന്നത്.

ആ വാക്കുകൾ കേട്ടതും മറുപുറം പെട്ടെന്ന് നിശബ്ദമായി . എന്നാൽ ആ നിശ്ശബ്ദതയെ കീറിമുറിച്ചു കൊണ്ട് അടുത്ത നിമിഷം അച്ഛാ എന്ന് വിളിച്ച് അവൾ പൊട്ടിക്കരഞ്ഞു.

തന്റെ സ്വന്ത മകളെപ്പോലെ അവളെ ആശ്വസിപ്പിച്ച അയാൾ ഫോൺ വയ്ക്കാൻ നേരം ഇന്ന് തന്നെ വീട്ടിലേക്ക് വരണം എന്ന് മാത്രം പറഞ്ഞു.

പ്രതീക്ഷിച്ച പോലെ പതിവിലും വൈകിയാണ് രാജീവ് അന്ന് വീട്ടിലേക്ക് വന്നത്. ഉമ്മറത്ത് തന്നെ നോക്കി ഇരിക്കുന്ന അച്ഛനെയും അമ്മയെയും കണ്ടപ്പോൾ തന്നെ അവന്റെ തല കുനിഞ്ഞിരുന്നു. ഒന്നും മിണ്ടാതെ ഉള്ളിലേക്ക് നടക്കാൻ പോയ അവൻ പുറകിൽ നിന്നുള്ള അച്ഛന്റെ വിളികേട്ട് ഒരു നിമിഷം നിന്നു. എന്നാൽ ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച അവനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ അച്ഛൻ വളരെ സ്നേഹത്തോടെയാണ് അവനോട് സംസാരിച്ചത്. ഇരു വശത്തായി ഇരുന്ന അച്ഛന്റെയും അമ്മയുടെയും നടുവിൽ അവനെ ഇരുത്തിയ ശേഷം അയാൾ അവന്റെ മൊബൈൽ അവന് മുന്നിലായി വച്ചു. സ്ക്രീനിൽ തെളിഞ്ഞു നിന്ന മെസ്സേജുകൾ കണ്ട അവന്റെ ശിരസ്സ് അപമാനഭാരത്താൽ കുനിഞ്ഞു.

മോനെ ….. സൗമ്യതയോടെയുള്ള അമ്മയുടെ വിളി കേട്ട അവന്റെ കണ്ണുകൾ നിറഞ്ഞു. എന്നാൽ തലയുയർത്തി നോക്കിയ അവൻ കണ്ടത് തനിക്ക് മുന്നിൽ ഇരിക്കുന്ന ദീപയെ ആയിരുന്നു. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ കണ്ട നിമിഷം അവന്റെ ഹൃദയമൊന്ന് പിടഞ്ഞു.

മോനെ … ഈ ഇരിക്കുന്നത് ആരാണെന്ന് നിനക്ക് അറിയാമോ??? സുമയെ ചൂണ്ടിക്കാട്ടി ആ അച്ഛൻ അത് ചോദിക്കുമ്പോൾ അവന്റെ നാവ് ഉച്ചരിച്ചത് അമ്മ എന്നായിരുന്നു.

അല്ല…… ഇത് നിന്റെ അമ്മയല്ല, ഞാൻ നിന്റെ അച്ഛനുമല്ല….. ആ അച്ഛന്റെ നാവിൽ നിന്ന് കേട്ട വാക്കുകൾക്ക് അവൻ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി.

സത്യമാണ്…. ഞങ്ങളല്ല നിന്റെ മാതാപിതാക്കൾ, ഇത്ര നാൾ പറയാതിരുന്ന സത്യം . എന്നാൽ ഇപ്പോൾ നീ അത് അറിയണം.

നിന്റെ അമ്മ ഒരു പാവമായിരുന്നു മോനെ ഇവളെ പോലെ. മുന്നിലിരിക്കുന്ന ദീപയെ ചൂണ്ടി അയാൾ പറഞ്ഞു. കയ്യിൽ സൂക്ഷിച്ചിരുന്ന പഴയ ചില പത്രകടലാസുകൾ ആ അച്ഛൻ അവർക്ക് മുന്നിലേക്ക് ഇട്ടു. ആ കടലാസുകളിൽ നിറഞ്ഞു നിന്ന ഒരു പെണ്മുഖത്തിൽ അവന്റെ കണ്ണുടക്കി.

ഇതാ… ഇതാണ് നിന്റെ അമ്മ. പ്രണയിച്ചവന്റെ ചതിയോ, വിധിയുടെ വിളയാട്ടമോ കാരണം സ്വന്തം നഗ്ന ദൃശ്യങ്ങൾ ലോകമെമ്പാടും കണ്ടാസ്വദിച്ചപ്പോൾ മൂർച്ചയേറിയ ഒരു കത്തി മുനയിൽ സ്വയം ജീവിത അവസാനിപ്പിച്ചവൾ. സുമയുടെ ക്ലാസ്മേറ്റ് ആയിരുന്നു നിന്റെ അമ്മ . പടിപ്പിലും മറ്റും മുന്നിൽ നിന്നിരുന്നവൾ. കൂട്ടുകാരികൾ പോലുമറിയാതെ കാത്തുസൂക്ഷിച്ച പ്രണയം അതിനവൾ കൊടുക്കേണ്ടി വന്നത് സ്വന്തം ജീവനായിരുന്നു. പത്രങ്ങളും മാധ്യമങ്ങളും വഴിപിഴച്ച കോളേജ് വിദ്യാർത്ഥിനിയുടെ ജീവിതത്തെ ആഘോഷിച്ചു. എന്നാൽ ഒരാൾ പോലും അവളുടെ അവസ്ഥക്ക് കാരണമായ പുരുഷനെ കുറ്റം പറയുകയോ അവനെ അന്വേക്ഷിക്കുകയോ ചെയ്തില്ല . എന്തിന് സമൂഹം പോലും അവളെ മാത്രം കുറ്റം പറഞ്ഞു. അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ എവിടെയും സ്ത്രീ മാത്രം തെറ്റുകാരി. കല്യാണം കഴിക്കുമ്പോൾ കന്യകയെ തേടുന്ന പുരുഷന്മാർ എത്ര പേർക്ക് പറയാൻ കഴിയും അവൻ മറ്റൊരു പെണ്കുട്ടിയുമായി ബന്ധമില്ല എന്ന്??? ആദ്യരാത്രിയിൽ പൊടിയുന്ന രണ്ട് തുള്ളി ചോ രയിൽ പെണ്ണിന്റെ വിശുദ്ധി നിശ്ചയിക്കുന്ന പുരുഷന്മാർ നമ്മുടെ നാട്ടിൽ വിരളമല്ല. എന്നാൽ പുരുഷന്റെ കന്യകാത്വം തെളിയിക്കാൻ എന്താണ് ഉള്ളത്??? എന്ത് തെറ്റ് ചെയ്താലും അവൻ മാത്രം വിശുദ്ധൻ.

ആ അച്ഛന്റെ വാക്കുകൾ ഓരോന്നും കേട്ടിരിക്കുമ്പോൾ രാജീവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

അത്ര നേരം മിണ്ടാതിരുന്ന ആ അമ്മ അവനോടായി സംസാരിച്ച് തുടങ്ങി.

മോനെ പ്രണയമെന്നത് ഒരിക്കലും ശരീരത്തോട് തോന്നേണ്ട ഒന്നല്ല. കൂട്ടുകാരുടെയും മറ്റും മുൻപിൽ ആണത്തം തെളിയിക്കാൻ പ്രണയിക്കുന്ന പെണ്ണിന്റെ ശരീരം ആണ് വേണ്ടതെങ്കിൽ അവിടെ നീ തെളിയിക്കുന്നത് ആണത്തം അല്ല . അവളുടെ വിശ്വാസത്തിന് വിലപറഞ്ഞ് അവളെ സ്വന്തമാക്കുമ്പോൾ അവൾക്ക് നിന്നോടുള്ള സ്നേഹം കൂടിയാണ് നീ നശിപ്പിക്കുന്നത്. കല്യാണശേഷം മാത്രം നിനക്ക് സ്വന്തമാകേണ്ട ആ ശരീരം പിടിച്ചു വാങ്ങുമ്പോൾ പ്രണയത്തെ തന്നെ നീ കൊല്ലുകയാണ്. അച്ഛൻ ഇപ്പോൾ നിന്നോട് പറഞ്ഞ കാര്യങ്ങൾ ഒരിക്കലും നീ അറിയരുതെന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നതാണ്, എന്നാൽ ഈ മകളുടെ കണ്ണീരിന് മുന്നിൽ ഈ സത്യം നീ അറിയണം. നിന്നോടുള്ള അവളുടെ സ്നേഹം എത്രത്തോളം ആണെന്ന് നീ തിരിച്ചറിയണം .

ഇനി തീരുമാനം എടുക്കേണ്ടത് നീയാണ്. നിന്റെ ഇഷ്ടത്തിന് എതിര് നിന്നത് കൊണ്ട് വേണമെങ്കിൽ ഇവളെ നിനക്ക് വേണ്ടാന്ന് വയ്ക്കാം പക്ഷെ അങ്ങനെ നീ ചെയ്താൽ നിന്നെ ഇത്ര നാൾ വളർത്തിയ ഞങ്ങളെ നീ കൊല്ലുന്നതിന് സമമാണ്. ഒരിക്കൽ പോലും സ്വന്തം മകനായി അല്ലാതെ നിന്നെ ഞങ്ങൾ കണ്ടിട്ടില്ല. ഞങ്ങൾക്കായി ഒരു കുഞ്ഞു വേണ്ട എന്ന് തീരുമാനിച്ചത് കൂടി നിനക്ക് വേണ്ടിയാണ്. നീ തീരുമാനിച്ചാൽ ഞങ്ങളുടെ മകളായി ഇവളും ഇനി ഇവിടെ ഉണ്ടാകും ആ അമ്മ ദീപയുടെ നെറുകയിൽ തലോടി പറഞ്ഞു.

സമയം ഒരുപാടായി ഇപ്പോൾ നീ മോളെ ഹോസ്റ്റലിൽ കൊണ്ട് പോയി വിട് . നിനക്ക് ആലോചിക്കാൻ സമയമുണ്ട്. നിന്റെ തീരുമാനം എന്ത് തന്നെ ആയാലും ഞങ്ങൾക്ക് സമ്മതമാണ്. അത് പറഞ്ഞ് ബൈക്കിന്റെ ചാവി അച്ഛൻ അവന് നേരെ നീട്ടി.

ഹോസ്റ്റലിലേക്കുള്ള യാത്രയിൽ അവനും അവളും ഒന്നും സംസാരിച്ചില്ല. അവളെ ഹോസ്റ്റലിൽ ഇറക്കി തിരികെ പോകാൻ തുടങ്ങിയ അവനെ നിസ്സഹായയായി അവൾ ഒന്ന് തിരിഞ്ഞു നോക്കി.

ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോകാൻ ഒരുങ്ങുന്ന അവനെ കണ്ട് കണ്ണ് നിറക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു. നിറകണ്ണുകളോടെ തിരിഞ്ഞു നടന്ന അവൾ പെട്ടെന്ന് പുറകിൽ നിന്നൊരു വിളി കേട്ട് ഒരു നിമിഷം നിന്നു. തൊട്ട് പുറകിൽ രാജീവ്. വിശ്വാസം വരാതെ നിന്ന അവൾക്കരികിലേക്ക് ചേർന്ന് നിന്ന് ആ കാതോരം അവൻ മന്ത്രിച്ചു .

നമുക്ക് കല്യാണം കഴിച്ചാലോ??????

ആ ചോദ്യത്തിന് മറുപടിയെന്നോണം അവന്റെ നെഞ്ചോട് ചേരുമ്പോൾ പ്രായശ്ചിതത്തിന്റെ എന്ന പോലെ രണ്ട് തുള്ളി കണ്ണുനീർ അവന്റെ കണ്ണിൽ നിന്ന് അവളുടെ കാൽപാതത്തിലേക്ക് പതിഞ്ഞു.

രചന: ശരത്ത്

Leave a Reply

Your email address will not be published. Required fields are marked *