മാംസനിബദ്ധമല്ല രാഗം

രചന : പ്രവീൺ ചന്ദ്രൻ

“അച്ഛാ പ്രേമിക്കുന്നത് തെറ്റാണോ?” കോളേജിൽ പഠിക്കുന്ന മകളുടെ ആ ചോദ്യം എന്നെ ഒന്ന് ചിന്തിപ്പിച്ചു..

“ആകെ ഒരു മോളേയുളളൂന്ന് കരുതി ലാളിച്ച് വഷളാക്കുംമ്പോ ആലോചിക്കണം.. അകത്ത് പോയിരുന്ന് പഠിക്കടീ.. വേണ്ടാത്ത കാര്യങ്ങളന്വേഷിക്കാണ്ട്” .. അവളുടെ അമ്മയുടെ മറുപടിയായിരുന്നു അത്..

“ഞാൻ പഠിച്ചോളാം.. അമ്മയ്ക്കെന്താ? ഞാനച്ഛനോടല്ലേ ചോദിച്ചത്.. ഇത്ര പ്രശ്നമുണ്ടാക്കാൻ ഇത്ര വല്ല്യ തെറ്റാണോ പ്രേമം?”

അത് കേട്ടതോടെ ഭാര്യയുടെ ദേഷ്യം ഇരട്ടിച്ചതേയുളളൂ..

“അധികപ്രസംഗം പറയുന്നോ ധിക്കാരി.. കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കി വക്കാനാ നിന്റെ പുറപ്പാട് എങ്കിൽ പിന്നെ നീ എന്നെ കാണില്ല”

ഇനിയും ഇടയിൽ കയറിയില്ലെങ്കിൽ രംഗം വഷളാവും എന്നെനിക്ക് തോന്നി.. ഭാര്യ ദേഷ്യപെടുന്നതിന്റെ കാരണം എനിക്ക് മനസ്സിലായി.. പത്രത്തിൽ വരുന്ന ഒരോരോ വാർത്തകൾ പെൺമക്കളുളള ഏതൊരമ്മമാരുടേയും ആധി കൂട്ടുന്നതാണ്..

“മതി മതി..ഇതിന്റെ പേരിൽ നിങ്ങൾ വഴക്കടിക്കണ്ട.. പ്രേമിക്കുന്നത് തെറ്റാണെന്ന അഭിപ്രായം എനിക്കില്ല..പക്ഷെ പ്രേമം പരിശുദ്ധമായിരിക്കണം എന്ന് മാത്രം..ഇന്നത്തെ കാലത്ത് അങ്ങനെ ഒന്നുണ്ടോ എന്ന് സംശയമാണ്”

“അതെങ്ങനെ അറിയും അച്ഛാ.. ഒരാളുടെ പ്രേമം പരിശുദ്ധമാണോന്ന്?” അവൾ ആകാംക്ഷയോടെ ചോദിച്ചു..

അവളുടെ ആ ചോദ്യത്തിന് പക്ഷെ ഭാര്യയാണ് ഉത്തരം പറഞ്ഞത്..

“നിന്റെ അച്ഛന്റെ പോലെ!..”

അവളുടെ ആ മറുപടിക്ക് മുന്നിൽ ഞാൻ ആശ്ചര്യപെട്ടു..

ഞങ്ങളും പ്രേമിച്ച് കല്ല്യാണം കഴിച്ചവരാണ്
ഇന്നേവരെ അവള് എന്റെ സ്നേഹത്തിന്റെ പരിശുദ്ധിയെപറ്റി പറഞ്ഞു കേട്ടിട്ടില്ല.. അവളുടെ വായിൽ നിന്നത് കേൾക്കാൻ മകളേക്കാളേറെ എനിക്ക് ആകാംക്ഷയായി..

“അതെന്താ അമ്മേ?””

കൊടുങ്കാറ്റ് പോലെ വന്ന അവൾ ശാന്തമായത് കണ്ട് ഞാനും അതിശയിച്ചു.. ഒരു പക്ഷെ ഇതിനുത്തരം അവൾക്ക് മാത്രമേ നൽകാനാവൂ എന്നെനിക്കും തോന്നി..

“മോളേ.. നിന്റെ അച്ഛൻ എന്നെ പ്രേമിച്ചിരുന്ന കാലത്ത് ഒരിക്കൽപോലും അദ്ദേഹം എന്റെ ദേഹത്ത് സ്പർശിച്ചിട്ടില്ല..എന്തിന് അനാവശ്യമായ ഒരു വാക്ക്പോലും പറഞ്ഞിട്ടില്ല.. മാന്യമായി ഒരു ജോലി സംമ്പാദിച്ചതിന് ശേഷം എന്റെ വീട്ടിൽ വന്ന് എന്നെ പെണ്ണാലോചിക്കുക യാണുണ്ടായത്.. വീട്ടുകാരുടെ സമ്മതത്തിന് വേണ്ടി അദ്ദേഹം ക്ഷമയോടെ കാത്തിരുന്നു.. അതിനെയാണ് പരിശുദ്ധ സ്നേഹം എന്ന് പറയുന്നത്.. അല്ലാതെ ഇപ്പോളത്തെ ചില ആൺപിള്ളേരെപ്പോലെ പ്രേമിക്കുമ്പോഴേക്കും ഉടുതുണിയില്ലാത്ത ഫോട്ടോ ചോദിക്കുന്നതും പാർക്കുകളിലും സിനിമാതീയേറ്ററുകളിലും പോയി ആഗ്രഹങ്ങൾ തീർക്കുന്നതിനും പ്രേമം എന്നു പറയില്ല.. അതിനെ കാമം എന്നേ പറയാനൊക്കൂ.. പ്രേമം തോന്നേണ്ടത് മനസ്സിനോടാണ് ശരീരത്തോടല്ല!”

അവളുടെ ആ സംസാരത്തിൽ എനിക്ക് അത്യധികം സന്തോഷം തോന്നി.. അഭിഭാന ത്തോടെ ഞാനെന്റെ മകളോട് ചോദിച്ചു..

“ഇപ്പോൾ മോള് ചോദിച്ചതിന് ഉത്തരം കിട്ടിയില്ലേ? ..”

അവളുടെ മുഖം വാടിപ്പോയിരുന്നു.. ഭാര്യ അകത്തേക്ക് പോയതും അവൾ എന്നോട് പറഞ്ഞു..

“ഞാൻ ചോദിച്ചതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം അച്ഛാ.. എനിക്കെല്ലാം ഇപ്പോൾ മനസ്സിലായി” അവൾ വിഷമത്തോടെ പറഞ്ഞു..

അത് പറയുമ്പോൾ അവളുടെ കണ്ണ് നനഞ്ഞിരുന്നത് ഞാൻ ശ്രദ്ധിച്ചു..

അവളെ ഞാനിന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ.അത് കൊണ്ട് കാര്യങ്ങൾ ഏകദേശം എനിക്ക് ഊഹിക്കാൻ പറ്റി..

ഞാനവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു..

“എന്താണ് മോളു നീ അവന് ഉത്തരം കൊടുക്കാൻ പോകുന്നത് യെസ് ഓർ നോ?”

കണ്ണിൽ നിന്ന് ഊർന്നു വീണ കണ്ണുനീരിനൊപ്പം ആത്മവിശ്വാസത്തോടെ അവൾ പറഞ്ഞു..

“നോ”

രചന : പ്രവീൺ ചന്ദ്രൻ

Leave a Reply

Your email address will not be published. Required fields are marked *