വിവാഹംകഴിഞ്ഞു മൂന്നു വർഷമായി, നീ ഇവളുടെ കൂടെ നിന്നതോ വിരലിലെണ്ണാവുന്ന കുറച്ചു ദിവസങ്ങളും.ഞാനൊന്നും പറയുന്നില്ല…

രചന: സുരേഷ് സി കെ സുരേഷ്

“ദേ ചേട്ടാ എന്താ ഈ കാണിക്കുന്നത് അമ്മ അപ്പുറത്തുണ്ട്…”

“നീയൊന്നു അടങ്ങിനില്ല്.. ഞാനൊന്നുമ്മവെക്കട്ടെടി…”

“ദേ ഞാനീ മുളകെടുത്തു കണ്ണിൽത്തേക്കുവേ…”

“ന്റെ പെണ്ണേ ആ മുളകെടുക്കുന്ന സമയംപോരെ ഒന്നുമ്മവെക്കാൻ…”

“അമ്മേ ദേ ഈ സജിത്തേട്ടൻ…”

“എന്താ അപ്പു അവിടൊരു ബഹളം…”

“ഒന്നുമില്ല അമ്മേ ഞാനിച്ചിരി ചിരവിയ തേങ്ങയെടുത്തതിനാ അമ്മേടെ മരുമോൾ കിടന്നു കയറുപൊട്ടിക്കുന്നത്…”

“ചിരവിയ തേങ്ങതിന്നിട്ട് ചുണ്ടിൽ സിന്ദൂരം പറ്റിപിടിക്കുന്നത് കാണുന്നത് ആദ്യായിട്ടാ…”

“ഡാ പ്രസവം അടുത്തിരിക്കുന്ന കുട്ടിയാ.നിന്റെ കുസൃതി ഇത്തിരി കുറക്കുന്നത് നല്ലതാ.നീ നാളെ കഴിഞ്ഞാൽ ബാഗും തൂക്കി അതിർത്തിയിലോട്ടു പോകും. പിന്നെ ഇവളേംകൊണ്ടു ബുദ്ധിമുട്ടേണ്ടതു ഞാനാ…”

“അമ്മേടെ ആ തമാശ എനിക്കങ്ങു ദഹിച്ചില്ലട്ടോ…”

“തമാശയല്ല.. വിവാഹംകഴിഞ്ഞു മൂന്നു വർഷമായി.നീ ഇവളുടെ കൂടെ നിന്നതോ വിരലിലെണ്ണാവുന്ന കുറച്ചു ദിവസങ്ങളും.ഞാനൊന്നും പറയുന്നില്ല നീ കണ്ടതുപോലെ ചെയ്യ്.. മോളെ ഞാനൊന്ന് ദിവാകാരന്റെ വീടുവരെ പോയേച്ചുവരാം…”

“നിങ്ങൾ പറയിപ്പിച്ചു മനുഷ്യ..ഒന്നുമില്ലെങ്കിലും നിങ്ങളൊരു പട്ടാളക്കാരനല്ലേ.അമ്മ കണ്ടെന്നു തോനുന്നു..കഷ്ടം…”

“എന്തുകഷ്ടം.. അമ്മ നമുക്കുവേണ്ടി മാറിത്തന്നതല്ലേ.. അതോണ്ട് കിട്ടുന്ന അവസരം പാഴാക്കരുത്… ഗർഭിണിയായ അമ്മയെ എട്ടാം മാസത്തിൽഉമ്മവെച്ചാൽ ജനിക്കുന്ന കുട്ടിക്ക്‌ സൗന്ദര്യം കൂടുമത്രെ..”

“ആഹാ അത് പുതിയൊരറിവാണല്ലോ.എന്തായാലും അത്ര സൗന്ദര്യമൊന്നും ഇപ്പൊ കുട്ടിക്ക് വേണ്ടാ..ഇനി നിർബന്ധമാണെങ്കിൽ അമ്മവരുന്നതിനുമുമ്പു ഒരേയൊരു പ്രാവിശ്യം സൗന്ദര്യം കൂട്ടിക്കോ….”

“ശരി ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ.?…”

“നമുക്കിടയിൽ എന്തിനാ ചേട്ടാ ഈ ചോദ്യോം പറച്ചിലും…”

“അതല്ലെടി മോളെ നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഒരുപട്ടാളകാരനെ കല്യാണം കഴിച്ചത് വിഡ്ഢിത്തമായിപ്പോയി എന്ന്….” .

“അതെന്താപ്പോ അങ്ങനെ ചോദിക്കാൻ…”

“അതല്ലേടോ…അമ്മ പറഞ്ഞതു എത്രയോ ശരിയാണ്..കല്യാണം കഴിഞ്ഞിട്ട് അധിക നാളൊന്നും നമ്മൾ ഒരുമിച്ചു കഴിഞ്ഞിട്ടില്ല..നിന്റെ ഇഷ്ടങ്ങളൊന്നും കൂടുതൽ അറിയാൻ ശ്രമിച്ചിട്ടില്ല..നിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാനും സമയമില്ല… എന്നിട്ടും നീയെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്…പക്ഷേ എനിക്കതുമുഴുവൻ തിരിച്ചുതരാൻ സാധിക്കുന്നില്ലല്ലോ.. ആകെ ജീവിതം എന്നുപറയുന്നത് നാട്ടിൽ നിങ്ങളോടൊപ്പം ചിലവഴിക്കുന്ന ഈ നിമിഷങ്ങളാണ്..ജോലിയിൽ പ്രവേശിച്ചാൽ പിന്നെ നാടും വീടും എന്ന ചിന്തയൊന്നുമില്ല.വെറും ജോലിമാത്രം..ഒരു മനുഷ്യനാവുന്നത് ഇവിടെ വരുമ്പോഴാ…”

“രാജ്യത്തിന് കാവൽനിൽക്കുന്ന ഒരു ജവാന്റെ ഭാര്യയാകുന്നതിലും വല്യ കാര്യം വേറെയെന്തുണ്ട്. വല്ലപ്പോഴും അവധിക്കു നാട്ടിൽ വരുമ്പോൾ നിങ്ങൾതരുന്ന ഈ സ്നേഹവും സന്തോഷവും അതുപോരെ എന്നെപ്പോലെ ഒരു ഭാര്യക്ക് തൃപ്തിയാകാൻ..രാജ്യംകാക്കുന്ന ഒരു പട്ടാളക്കാരന് തന്റെ കുടുംബവും ഒരുപോറലേൽക്കാതെ സംരക്ഷിക്കാൻ മറ്റാരേക്കാളും നന്നായി അറിയും.. പിന്നെ എനിക്ക് നിങ്ങൾ അടുത്തുണ്ടങ്കിൽ സ്വപ്നങ്ങളുണ്ട് മോഹങ്ങളുണ്ട്…നിങ്ങളില്ലെങ്കിൽ നിന്റെ ജീവിതം ഈ അടുക്കളയിൽ തേങ്ങയും ചിരവി തീരും…അമ്മ ഇപ്പൊ വരും അതിനു മുന്നേ നമ്മുടെ മോന് സൗന്ദര്യം കൂട്ടിക്കേ…” ******* “ഹലോ സജിത് നേരത്തെ വീട്ടിൽ നിന്നും കാൾ വന്നപ്പോ മുതൽ ആകെ അപ്സെറ്റാണല്ലോ…. ഇടയ്ക്കു കയറിവന്നു സ്വപ്നത്തിൽ ഒരു കട്ടുറുമ്പായോ….?”

“അയ്യോ സാർ അങ്ങനെയൊന്നുമില്ല…ഇന്ന് മോന്റെ ചോറൂണായിരുന്നു.. ഭാര്യവിളിച്ചപ്പോൾ അതും പറഞ്ഞു കരഞ്ഞു..ജനിച്ചുവീണ മോനെ ഏറ്റുവാങ്ങാൻ എനിക്ക് കഴിഞ്ഞില്ല…ഇപ്പോൾ മടിയിലിരുത്തി ചോറ് കൊടുക്കാനും കഴിഞ്ഞില്ല..ഇതുവരെ എന്നോട് ഈ ജോലിയെക്കുറിച്ചു അവൾ പരാതിപറഞ്ഞിട്ടില്ല..അവൾക്കും ഒരുപാട് മോഹമുണ്ടാകില്ലേ .പറഞ്ഞുതീരും മുമ്പ് ഫോണിന്റെ സിഗ്നൽ പോയി അതാ ഇവിടെത്തന്നെ ഇങ്ങനെയിരിക്കുന്നത്…

തന്റെ വീട് നോക്കാനറിയാത്തവൻ എങ്ങനെയാ സർ നാടുകാക്കുന്നത്. അവൾ എട്ടുമാസം ഗർഭിണിയായിരിക്കുമ്പോഴാണ് അവസാനമായി നാട്ടിൽ പോകുന്നത്… ഏകദേശം പത്തുമാസമായില്ലേ..ന്റെ മോനെയൊന്നു കണ്ണുനിറയെ കാണാൻ എത്ര ആഗ്രഹമുണ്ട്. ഇതെല്ലാംകൂടി ആലോചിച്ചപ്പോൾ മനസ്സിലൊരു വിങ്ങൽ…”

“സജിത്തിനു ഇത് ആദ്യമായതുകൊണ്ടാണ്..ഞാൻ ഇരുപത് വർഷമായി ഇവിടെ സർവീസ് ചെയ്യുന്നു.. അച്ഛൻ മരിച്ചിട്ട് ഒരുപിടി മണ്ണുവാരിയിടാൻ കൂടി പോകാൻ കഴിഞ്ഞിട്ടില്ല.ഒറ്റമോനാ ഞാൻ. നമ്മുടേതൊക്കെ ഒരു ജീവിതമാടോ.. ചിലപ്പോൾ തിരിച്ചുപോകുന്നത് ജീവനറ്റ ശരീരവുമായിട്ടായിരിക്കും.. ഒരു പട്ടാളക്കാരനുവേണ്ടതു അടിപതറാത്ത മനസ്സാണ്..എത്രയെത്ര പ്രതിസന്ധികൾ നമ്മൾ തരണം ചെയ്തിട്ടുണ്ട് ..മരണത്തെ വരെ മുഖമുഖം കണ്ടിട്ടില്ലെനമ്മൾ.അത്രയുംവരില്ലല്ലോ ഇതൊന്നും..

നമ്മുടെ കുടുംബം സംരക്ഷിക്കുന്നതുപോലെത്തന്നെയാണ് നമ്മൾ ഒരു രാജ്യത്തെ സംരക്ഷിക്കേണ്ടത് നമ്മൾ തളർന്നാൽ ഒരു കുടുംബവും തളർന്നു ഈ രാജ്യവും തളർന്നു..അതുകൊണ്ടു എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി രാജ്യത്തിന് വേണ്ടി പോരാടുക..അത് നമ്മളെപ്പോലത്തെ ഒരുപാട് കുടുംബങ്ങൾക്ക് ഗുണം ചെയ്യും..

പിന്നെ എത്രയൊക്കെ രാജ്യത്തിനുവേണ്ടി ജീവനും ജീവിതവും കളഞ്ഞു പ്രയത്നിച്ചാലും പലരും പറയും പട്ടാളത്തിൽചേരുന്നത് മാസംകിട്ടുന്ന 30,000 രൂപക്കും ജോലിയിൽനിന്നും വിരമിച്ചാൽ മുടങ്ങാതെകിട്ടുന്ന മദ്യത്തിനും വേണ്ടിയാണെന്ന്. ഇങ്ങനെയുള്ളവന്മാരുടെ വായ അടക്കാൻ നമുക്കാവില്ലല്ലോ.. നമ്മളെപ്പോലെത്തവർ ജീവനും ജീവിതവും ജനങ്ങൾക്കുവേണ്ടി ത്വജിക്കുമ്പോൾ അവരോർക്കണം നമുക്കുമുണ്ട് ഒരുകുടുംബം.ജീവിക്കാൻ മറന്ന നിമിഷങ്ങൾ ആരറിയുന്നു ഇതെല്ലാം അല്ലെ…

നീ വാ ഭക്ഷണത്തിനുള്ള അലാറം മുഴങ്ങുന്നു…

വീട്ടിലെപ്പോലെയല്ല നേരത്തിനു ചെന്നില്ലെങ്കിൽ പട്ടിണി കിടക്കേണ്ടിവരും…”

“സാർ പൊയ്ക്കോളൂ ..ഇപ്പൊ മൊബൈലിൽ റേഞ്ച് വന്നിട്ടുണ്ട് ഞാനൊന്ന് വീട്ടിലേക്കുവിളിക്കട്ടെ….”

Nb: ജീവിതം ആഘോഷമാക്കിയ നമ്മെളെപ്പോലുള്ളവരുടെ ജീവനും ജീവിതവും കാക്കുന്ന ഒരുകൂട്ടം പട്ടാളക്കാർക്കുവേണ്ടി സ്വന്തം ജീവിതത്തിന്റെ നല്ലൊരു ഭാഗം നാടിനുവേണ്ടി ചിലവഴിക്കുന്ന ജീവിക്കാൻ മറന്നുപോയ ധീര ജവാന്മാർക്കുവേണ്ടി ഞാനീ എഴുത്ത് സമർപ്പിക്കുന്നു…ജയ് ഹിന്ദ്

ഇഷ്ടമായെങ്കിൽ ലൈക്ക് കമന്റ് ചെയ്യണേ…കഥകൾ ഈ പേജിലേക്ക് അയക്കൂ.

രചന: സുരേഷ് സി കെ സുരേഷ്

Leave a Reply

Your email address will not be published. Required fields are marked *