ഞാനായിരുന്നു അവളുടടെ ലോകം

രചന :- അമൃത ലക്ഷ്മി.

*എൻ്റെ രാജകുമാരി ദയ* – എന്ന ക്യാപ്ഷനൊപ്പം മോളുടെ ഫോട്ടോ എഫ് ബി യിൽ പോസ്റ്റ് ചെയ്യ്തു. “ഏട്ടനെന്താ ഈ പേരിനോട് ഇത്ര ഇഷ്ട്ടം….”

അവളുടെ ആ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. അല്ലെങ്കിൽ ആ ഉത്തരം ഒരിക്കലും അവളോട് പറയാൻ എനിക്ക് കഴിയില്ല എന്നതു കൊണ്ട് തന്നെ ഞാൻ അതൊരു പുഞ്ചിരിയിൽ ഒതുക്കി…..

*ദയ*

ആദ്യമായി ഞാനെൻ്റെ മോളെ ആ പേര് വിളിച്ചു.

ഒരിക്കൽ പോലും ഒരു കോളോ മെസേജോ ഉണ്ടായിട്ടില്ലെങ്കിലും എൻ്റെ കോൺടാക്റ്റ് ലിസ്റ്റിൽ ആ പേരും നമ്പരും ഇപ്പോഴും ഉണ്ട്. ആഗ്രഹിച്ചിട്ടുണ്ട് പലപ്പോഴും അവളോട് ഒന്ന് സംസാരിക്കാൻ പക്ഷെ കഴിഞ്ഞില്ല….. കോൺടാക്റ്റ് ലിസ്റ്റിൽ ആ പേരിലേക്ക് നോക്കിയിരിക്കുമ്പോൾ ഹൃദയo വല്ലതെ ഇടിക്കുന്നുണ്ട്. കാലം കടന്നു പോകുംന്തോറും മുറിവുകൾ ഉണങ്ങുക മാത്രമല്ല നഷ്ട്ടങ്ങൾ ഒരിക്കലും ഉണങ്ങാത്ത വൃണമായി നമ്മളെ വേദനിപ്പിക്കുമെന്ന് എനിക്ക് മനസിലാക്കി തന്നതും അവൾ തന്നെയാണ് ദയ. അമല പറഞ്ഞതുപോലെ ദയ എന്ന പേരിനോട് എനിക്കുള്ളത് കേവലം ഒരിഷ്ട്ടമല്ല ഞാൻ അവളെ ഇത്രയും പ്രണയിച്ചിരുന്നോ…? സ്നേഹിച്ചിരുന്നോ…..? അറിയില്ല.. പക്ഷെ ഒരു നിശ്വാസത്തിനപ്പുറം അവൾ എനിക്ക് വേണ്ടി കാത്തിരുന്നിരുന്നു…. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു അവൾ.. ഒരു വഴക്കാളി…. ഞാൻ ആരോടെങ്കിലും അൽപ്പം സ്നേഹക്കൂടുതൽ കാണിച്ചാൽ പോലും സഹിക്കാത്ത കുശുമ്പി. ഒരു കാര്യവും ഇല്ലാതെ ഒത്തിരി വഴക്കിട്ടിട്ടുണ്ട് ഞങ്ങൾ. എന്നോട് പിണങ്ങി പോകുന്നതിലും വേഗത്തിൽ അവൾ എന്നോട് ഇണങ്ങിയിരുന്നു. ഫെയ്സ് ബുക്ക് ചാറ്റിൽ തുടങ്ങിയ സൗഹൃദം എന്നെ വാട്ട്സ് അപ്പ് ചാറ്റിലേക്കും പിന്നെ എൻ്റെ കോൾ ലിസ്റ്റിലേക്കും ചേക്കേറി. ആദ്യമൊക്കെ അവൾ എനിക്കൊരു അത്ഭുതമായിരുന്നു എന്നെ മുഷിപ്പിക്കാതെ സംസാരിക്കുന്ന ദേഷ്യം പിടിപ്പിക്കാതെ കളിയാക്കുന്ന ഉള്ളുലക്കാതെ വഴക്കിടുന്ന എൻ്റെ അസാന്നിദ്ധ്യങ്ങളിൽ കണ്ണ് നിറയ്ക്കുന്ന എൻ്റെ സാന്നിദ്ധ്യങ്ങളിൽ സ്വയം മറക്കുന്ന ഒരു പാവം പെണ്ണ്. ഇടയ്ക്കെപ്പോഴോ വെച്ച് അവൾ എനിക്കൊരു ശല്യമായി തുടങ്ങി… അവളുടെ കുഞ്ഞു കുഞ്ഞു സങ്കടങ്ങളും വലിയ സന്തോഷങ്ങളും എന്നോട് മാത്രമാണ് അവൾ പങ്കിടാൻ ആഗ്രഹിച്ചിരുന്നത് അതിനു വേണ്ടിയുള്ള ഒരോ ശ്രമങ്ങളും ഒഴിഞ്ഞു മാറ്റങ്ങളിലൂടെ ഞാൻ പരാജയപ്പെടുത്തി. അവളുടെ സംസാരം എനിക്ക് അലോസരമായി. മണിക്കൂറുകൾ നീണ്ട സംസാരം മിനിറ്റുകളിലേക്കും സെക്കൻ്റുകളിലേക്കും മിസ് കോളിലേക്കും വഴി മാറി പതിയെ പതിയെ എൻ്റെ കോൾ ലിസ്റ്റിൽ അവളുടെ പേരില്ലാതെയായി വാട്ട്സ് അപ്പ് ചാറ്റിൽ ആ പേര് താഴേക്ക് താഴേക്ക് പോയി…. പതിയെ പതിയെ അവളെ ഞാൻ മറന്നു…. പിന്നെ അവളെ ഞാൻ കാണുന്നത് എൻ്റെ വിവാഹ ദിവസമാണ് അമലയുടെ കൈ പിടിച്ച് ശ്രീകോവിലിന് വലം വെയ്ക്കുമ്പോൾ ആൽത്തറയിൽ നിറഞ്ഞൊഴുകുന്ന രണ്ട് കണ്ണുകൾ ഞാൻ കണ്ടു. പിന്നീടൊരിക്കലും ആ കണ്ണുകൾ എന്നെ തേടി വന്നിട്ടില്ല. അന്ന് മുതൽ അവൾ എൻ്റെ ഉള്ളിൽ ഒരു നോവാണ്. മറ്റാരെക്കാളും അവൾ എന്നെ സ്നേഹിച്ചിരുന്നു ഒരു പക്ഷെ അമലയെക്കാളും ഒരു നിമിഷം പോലും അവൾക്കരികിൽ ഞാൻ ഇരുന്നിട്ടില്ല സ്നേഹത്തോടെ ഒന്ന് തലോടിയിട്ടില്ല പ്രണയപൂർവം നോക്കിയിട്ടില്ല ഒരു സ്നേഹ സമ്മാനവും നൽകിയിട്ടില്ല. എന്നിട്ടും അവൾ.. ഇന്നവളെ വിളിക്കണം മാപ്പ് ചോദിക്കണം മോള് ജനിച്ച കാര്യം പറയണം. ആ നമ്പർ ഡയൽ ചെയ്യ്തു ഓരോ റിങ്ങിലും ധൈര്യം ചേരുന്ന പോലെ… :

“ഹലോ.. ”

“ദയ………”

“സോറി. റോങ്ങ് നമ്പർ..”

ശരിയാണ് അത് അവളുടെ ശബ്ദമല്ല. ഒരു പക്ഷെ എൻ്റെ നമ്പർ കണ്ട് മറ്റ് ആരെയെങ്കിലും കൊണ്ട് ഫോൺ അറ്റൻഡ് ചെയ്യിച്ചതാകുമോ….. അറിയില്ല. ഇനി വിളിക്കണ്ട എൻ്റെ ഒരു വിളിക്കായി അവൾ കാത്തിരുന്നപ്പോഴൊന്നും അവളെ ഞാൻ ഓർക്കുക കൂടി ചെയ്തിട്ടില്ല ഇനി അവളിലേക്ക് ഇറങ്ങി ചെല്ലാൻ എനിക്കും കഴിയില്ല.

ഫോൺ റിങ്ങ് ചെയ്യുന്നതു കേട്ടാണ് ചിന്തകളിൽ നിന്ന് ഞാനുണർന്നത്. അലീനയാണ് എൻ്റെയും അവളുടെയും ഒരേയൊരു കോമൺ ഫ്രണ്ട്.

“രോഹിത്ത്…. ഓർമ്മയുണ്ടോ ടാ… എഫ് ബി പോസ്റ്റ് കണ്ടു മോൾക്ക് ദയ എന്നാ പേരിട്ടത് അല്ലെ അവളെ ഓർക്കാനാണെങ്കിലും അത് വേണ്ടായിരുന്നു മരിച്ചവരുടെ പേര് കുട്ടികൾക്ക് ഇടുന്നത് നല്ലതല്ല”

“മരിച്ചോ….? ആര്….?”

“അപ്പൊ നീ അറിഞ്ഞിരുന്നില്ലേ…? നിൻ്റെ വിവാഹ ദിവസം അല്ലെ അവൾ മരിച്ചേ ആക്സിടൻ്റ് ആയിരുന്നു….”

പിന്നീട് അവൾ പറഞ്ഞത് ഒന്നും ഞാൻ കേട്ടില്ല. പുറത്ത് കാറ്റ് വീശുന്നുണ്ട് അതിനിടലിൽ എവിടെയോ ഒരു പ്രതിധ്വനി പോലെ അവളുടെ ശബ്ദം കേട്ടു

മറക്കാൻ പല വഴിയും നോക്കിയെടാ മരിച്ചിട്ടും അതിന് കഴിഞ്ഞില്ല..

ദയാ….

അറിയാതെ പോയത് ഞാനാണ്… ഞാനായിരുന്നു അവളുടെ ലോകം….

രചന :- അമൃത ലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *