തിരിനാളം

രചന :- Amritha Rajeev

“മോളെ എല്ലാം എടുത്ത് വച്ചില്ലേ ഇനി ഒന്നും ഇല്ലല്ലോ” “ഇല്ല അച്ഛാ..എല്ലാമായി..” “ഹ്മ്മ്..എങ്കിൽ പോയി കിടന്നോ..ലേറ്റ് ആവണ്ട..രാവിലെ ഇറങ്ങണ്ടേ..” അച്ഛൻ മുറിയിലേക്ക് നടന്നപ്പോൾ ലൈറ്റ് ഓഫ്‌ ചെയ്ത് ഞാനും കിടന്നു..അലമാരയിൽ നിന്ന് അമ്മയുടെ ഫോട്ടോ എടുത്ത് നെഞ്ചോട് ചേർത്തു.”അമ്മേ ഞങ്ങൾ വരുവാ..അമ്മേടെ ഓർമ്മകൾ ഉള്ള നമ്മുടെ വീട്ടിലേക്ക്..പക്ഷെ..അമ്മ ഇല്ലാതെ എങ്ങനെയാ അവിടെ..”പറഞ്ഞുമുഴുവനാക്കും മുന്നേ തൊണ്ടകുഴിയിൽ കനം നിറഞ്ഞു.. അമ്മയെ കുറിച്ച് ഓർക്കുമ്പോൾ ഇത് പതിവാണ്..പക്ഷെ.. ഏറെ നാളുകൾക്ക് ശേഷം അമ്മയില്ലാത്ത വീട്ടിലേക്ക് പോകുന്നതോർക്കുമ്പോൾ അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകി… *** “ദേവൂട്ടി..ഓടല്ലേ…നിക്ക് പെണ്ണേ..

ദേ വീഴുംട്ടോ..അവിടെ നിറയെ ചളിയാ..വഴുതി വീഴുവേ..” പറഞ്ഞു തീരുമ്പോഴേക്കും പാടവരമ്പിലെ ചളിയിൽ ചവിട്ടി പാടത്തിലെക്ക് വീണിരുന്നു. ഓടി അടുത്തെത്തിയ വിച്ചേട്ടൻ വായപൊത്തി ചിരിച്ചു. “നിന്നോട് പറഞ്ഞതല്ലേ വീഴുംന്ന്..എങ്ങനെയാ വീഴാതിരിക്കാ..ഉണ്ടകണ്ണ് രണ്ടും ആകാശത്തല്ലേ..നോക്ക്യേ മുഴുവൻ ചളി ആയി..കുളത്തിൽ ചെന്ന് കഴുകാം..ഈ കോലത്തിൽ വീട്ടിൽ പോയാൽ ചിറ്റ നിന്നെ ഓടിച്ചിട്ട് തല്ലും.വാ എണീക്ക്..” അപ്പോഴും വിച്ചേട്ടന്റെ മുഖത്ത് നിറയെ കളിയാക്കി കൊണ്ടുള്ള ചിരി ആയിരുന്നു.എഴുന്നേൽക്കാൻ വേണ്ടി നീട്ടിയ കൈ വാശിയോടെ തട്ടിമാറ്റി.

“വേണ്ട വിച്ചേട്ടൻ എന്നെ തൊടണ്ട.ഞാൻ ഒറ്റക്ക് എണീച്ചോളാം.” കൈ മുന്നിലേക്ക് കുത്തി പാടവരമ്പിലേക്ക് ഒരുകാൽ എടുത്ത് വച്ചു മറുകാൽ പൊക്കിയതും പുറകോട്ട് വീണ്ടും മലർന്നടിച്ചു വീണു.നേരത്തെ വീണപ്പോ കാലിന് മാത്രാ ചളി പറ്റിയതെങ്കിൽ ഇപ്പോ മുഴുവനും ആയി..അപ്പൊ വിച്ചേട്ടന്റെ ചിരിക്ക് ഒന്നൂടെ വോൾടേജ് കൂടി.സങ്കടവും ദേഷ്യവും കൊണ്ട് കണ്ണ് നിറഞ്ഞു. “അയ്യോടാ എന്റെ ദേവൂട്ടി കരയാൻ തുടങ്ങ്യോ..സാരില്ല..പറഞ്ഞതല്ലേ ഓടണ്ടാന്ന്.”പാടത്തിലേക്കിറങ്ങി വിച്ചേട്ടൻ എടുത്തുയർത്തി തോളിലിരുത്തി കുളത്തിലേക്ക് കൊണ്ട്പോയി പടവിലിരുത്തി കുളത്തിലിറങ്ങി കൈയ്യും കാലും കഴുകിതന്നു.”വിച്ചേട്ടാ ദാ അവിടെ..

പിന്നെ ….പിന്നെ ദേ ഇവിടേം..”കഴുകിതരുമ്പോൾ ഓരോ സ്ഥലമായി വീണ്ടും വീണ്ടും കാണിച്ചുകൊടുത്തു.രണ്ട്പേരുടെയും ദേഹത്തെ ചളി ഒക്കെ കഴുകി കളഞ്ഞു വീട്ടിലേക്ക് നടന്നു. “വീണപ്പോ നൊന്തോ ദേവൂട്ടിക്ക്..” ഇല്ലായെന്ന് ചുമലുകൂച്ചി കാണിച്ചപ്പോൾ ഒരു ചിരിയോടെ വിച്ചേട്ടൻ മുടിയിൽ തഴുകി. “അല്ല ദേവു ഇതെന്ത് കോലാ നിന്റെ..എത്ര മര്യാദക്ക് സ്കൂളിൽ വിട്ടതാ..” “അത് ചിറ്റേ വരുന്ന വഴി ദേവൂട്ടി പാടത്തു വീണു.കുളത്തിൽ പോയി കഴുകിട്ടാ വന്നേ…” “അല്ലേലും പെണ്ണിന്റെ കണ്ണ് തറയിൽ ഉറക്കില്ലല്ലോ..മുറിഞ്ഞൊ എവിടേലും..” അമ്മ ദേഹം മുഴുവൻ നോക്കി. “കണ്ടില്ലേ മുഖം വീർപ്പിച്ചു നിക്കണത്.നിന്റെ മുഖം കണ്ടാൽ ഇപ്പോ ഞാൻ തള്ളി ഇട്ടപോലെ ആണല്ലോ” അമ്മയെ ചുണ്ട്കോട്ടി കാണിച്ചു അകത്തുകയറി. “വിച്ചു വാ കേറ്..ഇനി ആ മുഖം അച്ഛമ്മയും വല്യമ്മയും വരാതെ തെളിയില്ല” “അവർ എവിടെ പോയതാ ചിറ്റേ..വരാറായില്ലേ..” “വൈദ്യരുടെ അടുത്ത് പോയതാ..അച്ഛമ്മേടെ കാലിന് നീര് കുറവില്ല..ഉച്ചയൂണ് കഴിഞ്ഞു പോയതാ..വരാറായിക്കാണും..നീ കേറ്..” “വേണ്ട ചിറ്റേ..ഞാൻ വീട്ടിലേക്ക് പോവാ..പിന്നൊരു ദിവസം വരാം..നാളെ പരീക്ഷ ണ്ട്..ഇപ്പോ എപ്പഴും പരീക്ഷയാ..” “ഹാ പത്താം ക്ലാസ്സല്ലേ ഒത്തിരി പഠിക്കാൻ കാണും..എന്നാ വേഗം പൊയ്ക്കോ..”

“അച്ഛമ്മേടെ ദേവു എന്ത്യേ..ഒളിച് നിക്കാ..ഇങ്ങട് വാ..അച്ഛമ്മ എന്താ ദേവൂന് കൊണ്ട്വന്നെന്ന് നോക്ക്യേ..” “ഹാാായ്..ജിലേബി..” “എന്താ ദേവുമോള് അച്ഛമ്മ വന്നിട്ട് അച്ഛമ്മേടെ അടുത്ത് വരാഞ്ഞേ..” “അമ്മ ന്നെ ചുമ്മാ വഴക്ക് പറഞ്ഞു അച്ഛമ്മേ..” “ചുമ്മാതൊ..കള്ളിപ്പാറു..എന്റെ അമ്മേ..ഞാൻ വഴക്കൊന്നും പറഞ്ഞില്ല..സ്കൂളിൽന്ന് വരുന്ന വഴി പാടത്തു വീണത്രെ..വിഷ്ണു ചളി ഒക്കെ കഴുകി കളഞ്ഞാ ഇവിടെ ആക്കിയത്..അപ്പൊ തറയിൽ നോക്കാതല്ലേ നടത്തംന്ന് പറഞ്ഞു ഞാൻ.അപ്പോ പിണങ്ങിയതാ..വയസ്സ് പത്തായതല്ലേ ഉള്ളു..ഇപ്പോഴേ എടുത്താൽ പൊങ്ങാത്ത ദേഷ്യവും വാശിയുമാ പെണ്ണിന്..” അമ്മ ഒന്ന് നോക്കിപേടിപ്പിച്ചു തിരിഞ്ഞുനടന്നു. “ആണോ അച്ഛമ്മേ..നിക്ക് വാശി ഉണ്ടോ..വിച്ചേട്ടൻ പറയാറുണ്ടല്ലോ എന്റെ ദേഷ്യം കാണാൻ വിച്ചേട്ടന് നല്ലിഷ്ടാണെന്ന്..”അച്ഛമ്മയുടെ മടിയിൽ കയറിയിരുന്ന് തലചരിച്ചു അച്ഛമ്മയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. “ഇല്ലാട്ടോ എന്റെ മോൾക്ക് വാശിയൊന്നും ഇല്ല..അച്ഛമ്മേടെ ദേവു നല്ല മോളാ..” “ഞാൻ അച്ഛ വിളിക്കുമ്പോ പറഞ്ഞു കൊടുക്കുലോ അമ്മ എന്നെ വഴക്ക് പറഞ്ഞുന്ന്.അപ്പൊ അച്ഛ അമ്മേനെ വഴക്ക് പറയുലോ..”കുസൃതിചിരിയോടെ പറഞ്ഞുകൊണ്ട് അടുക്കളയിലേക്കോടി.

“എങ്ങോട്ടാ ദേവു ഓടണേ..” “വല്യമ്മക്ക് ജിലേബി കൊടുക്കട്ടെ അച്ഛമ്മേ..വല്യമ്മക്ക് ഞാൻ മാത്രല്ലേ ഉള്ളു..കൊടുത്തിട്ട് വരാം..”ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു. ***** “മോളെ..എണീക്ക്..പോണ്ടേ..” അച്ഛന്റെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. “ഇന്നലെ ഓരോന്നോർത്ത് ഉറങ്ങിയപ്പോ വൈകി അച്ഛാ..ഞാൻ റെഡി ആയി വരാം..” ഫ്ലൈറ്റിൽ കയറി കണ്ണടച്ചിരുന്നു.മനസ്സപ്പോഴേക്കും പഴയ പത്തുവയസ്കാരിയുടെ ഓർമയിലെക്കെത്തിയിരുന്നു.. അമ്മയും അച്ഛമ്മയും വല്യമ്മയും വിച്ചേട്ടനും..വിച്ചേട്ടന്റെ വിരലിൽ തൂങ്ങി സ്കൂളും വിച്ചേട്ടന്റെ വീടും..ഗൾഫിൽ നിന്ന് അച്ഛൻ വിളിക്കുമ്പോൾ ഒറ്റശ്വാസത്തിൽ അന്നന്നു നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കണം..അത് മാത്രമായിരുന്നു അന്നത്തെ ലോകം..ഒരുനാൾ അതുവരെ കാണാത്ത ചുവന്നനിറം പടർന്നപ്പോൾ ദേവു വലിയ കുട്ടിയായല്ലോ എന്ന് പറഞ്ഞു ചേർത്ത് പിടിച്ച അമ്മയെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞു..എല്ലാവരും മധുരം തന്നപ്പോൾ വിച്ചേട്ടനും തരണമെന്ന് അന്നാ പതിമൂന്ന്കാരിക്ക് വാശി ആയിരുന്നു.പ്ലസ് ടു പരീക്ഷ കഴിഞ്ഞ് കൂട്ടുകാരുടെ കൂടെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയായിരുന്ന എന്നെ വിച്ചേട്ടന്റെ അച്ഛൻ,രഘുമാമൻ തിടുക്കത്തിൽ വീട്ടിലേക്ക് കൂട്ടികൊണ്ട്പോകുമ്പോൾ എന്താണെന്ന് എത്ര ചോദിച്ചിട്ടും വിട്ടുപറഞ്ഞിരുന്നില്ല.വീട്ടിൽ ഒരുപാട് ആൾക്കാരെ കണ്ടപ്പോൾ ആദ്യം അച്ഛമ്മയുടെ മുഖമാണ് മനസിൽ വന്നത്..”വെള്ളം കോരുവായിരുന്നു..ആൾമറ ഇല്ലാത്ത കിണറല്ലേ..

വഴുതിയതാവും..തല കല്ലിനിടിച്ചിരുന്നു..ഇല്ലേൽ ജീവനെങ്കിലും ബാക്കി ആയേനെ “ആരോ പറയുന്നത് കേട്ടു..വന്നവരുടെ നോട്ടം കാണാത്തപോലെ രഘുമാമന്റെ കൈയിൽ മുറുകെ പിടിച്ചു അകത്തേക്ക് കയറിയപ്പോ കണ്ടത് വെള്ളയിൽ പുതച്ചു കിടത്തിയ അമ്മയെ ആണ്..എന്റെ അമ്മ..ഓടിയിരുന്നു അമ്മയുടെ അടുത്തേക്ക്..അവിടെ തന്നെ ബോധം മറഞ്ഞുവീണു.പിന്നെ കണ്ണ് തുറന്നപ്പോൾ വല്യമ്മയുടെ മടിയിൽ തലവച്ച് കിടക്കുകയായിരുന്നു.അച്ഛൻ എത്തുന്നത് വരെ കാത്തുനിൽക്കാൻ വയ്യെന്ന് ആരൊക്കെയോ പറയുന്നത് പാതിമയക്കത്തിലും കേട്ടു.സമയമായി എന്ന് പറഞ്ഞപ്പോൾ വല്യമ്മ അമ്മയുടെ അടുത്തേക്ക് കൊണ്ട്പോയി.ആ തണുത്തു മരവിച്ച നെറ്റിയിൽ ചുണ്ട് ചേർത്തപ്പോൾ അറിയാതെ അമ്മയെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞുപോയി..പിന്നീട് എന്താണ് നടന്നതെന്ന് അറിഞ്ഞില്ല.മണിക്കൂറുകൾക്ക് ശേഷം കണ്ണ് തുറന്നപ്പോൾ വിച്ചേട്ടൻ അടുത്തുണ്ട്.നിക്ക് അമ്മയെ

കാണണം..വിച്ചേട്ടാ ന്റെ അമ്മ..അമ്മേ..എന്നവിളിയിൽ വിച്ചേട്ടൻ ആ നെഞ്ചിലേക്കമർത്തിപിടിച്ചു.അടുത്ത ദിവസം സന്ധ്യക്ക് അച്ഛൻ എത്തിയ ഉടനെ ചേർത്ത്പിടിച്ച് കരഞ്ഞു..ആദ്യമായും അവസാനമായും അച്ഛൻ കരയുന്നത് ഞാൻ അന്നാണ് കണ്ടത്.അമ്മയെ അവസാനമായി ഒന്ന് കാണാൻ പറ്റാത്ത വിഷമം ഉണ്ടായിരുന്നു ആ കണ്ണുനീരിൽ നിറയെ.അമ്മ ഇല്ലാത്ത ആ വീട്ടിൽ മിനുട്ടുകൾ മണിക്കൂറുകൾ പോലെയായിരുന്നു കടന്നുപോയത്.വല്യമ്മയും അച്ഛമ്മയും അമ്മയെക്കാളേറെ ശ്രദ്ധയോടെ എന്റെ കാര്യങ്ങൾ ചെയ്തെങ്കിലും അമ്മ മാത്രമായിരുന്നു മനസ്സ് നിറയെ..രണ്ട് മാസങ്ങൾക്ക് ശേഷം അച്ഛൻ തിരിച്ചുപോകാനൊരുങ്ങിയപ്പോൾ അച്ഛന്റെ കൂടെ ഞാനും പോകുമെന്ന് പറഞ്ഞുകരഞ്ഞു.ആരും പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല..

അമ്മ പോയതിന് ശേഷം കളിയും ചിരിയും നഷ്ടപെട്ട എന്നെ പഴയപോലെ ആക്കണം എന്ന് മാത്രമാണ് വല്യമ്മയും അച്ഛമ്മയും അച്ഛനോട്‌ പറഞ്ഞത്.അന്നിറങ്ങാൻ നേരം അമ്മയുടെ അസ്ഥിതറയിലേക്ക് ഗേറ്റിൽ നിന്ന് വീണ്ടുമൊന്ന് പാളിനോക്കിയപ്പോൾ എന്നെ അനുഗ്രഹിച്ചത് പോലെ ആ തിരിനാളം ചെറുതായി ആളിക്കത്തിയതായി തോന്നി. “ദേവു..മോളെ..ഇറങ്ങണ്ടേ”അച്ഛൻ വിളിച്ചപ്പോൾ കണ്ണുകൾ അമർത്തി തുടച്ചു.കണ്ണുനീർ കണ്ടിട്ടും അച്ഛൻ ഒന്നും ചോദിച്ചില്ല.അച്ഛന്റെ മനസും അതുപോലെ വേദനിക്കുന്നുണ്ടെന്ന് എനിക്കറിയാം.എയർപോർട്ടിലേക്ക് ആരും വരണ്ടായെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു.ഒരു ടാക്സിയിൽ നാട്ടിലേക്ക് തിരിച്ചപ്പോൾ ഓർമ്മകൾ വീണ്ടും മനസിലേക്ക് വന്നു.

“ദേവൂട്ടി..” “മ്മ്മ്” “പോണോ ദേവൂട്ടിക്ക്……. ഞങ്ങളെ ല്ലാരേം വിട്ട് പോണോ..” “അമ്മയില്ലാതെ എനിക്കവിടെ പറ്റണില്ല വിച്ചേട്ടാ..” തേങ്ങിതുടങ്ങിയിരുന്നു അപ്പോഴേക്കും. വിച്ചേട്ടൻ ചേർത്ത് പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു.കണ്ണുകളടച്ച് അത് സ്വീകരിച്ചപ്പോൾ കൺപീലികളെ വകഞ്ഞുമാറ്റി നീർതുള്ളികൾ താഴേക്ക് പതിച്ചു. ആ ചുംബനവും വാങ്ങികൊണ്ടാണ് ഞാൻ കടൽകടന്ന് അച്ഛന്റെ കൂടെ പോയത്..

കണ്ണ് തുറന്ന് അച്ഛന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.”മൂന്ന്-നാല് വർഷം കഴിഞ്ഞിട്ടും ഇവിടെയൊന്നും ഒരു മാറ്റവും ഇല്ലല്ലേ അച്ഛാ” അച്ഛൻ അച്ഛന്റെ കൈകൾ എന്റെ കവിളിൽ ചേർത്ത് വച്ചു. ടാക്സി ഗേറ്റ് കടന്നകത്ത് കയറിയപ്പോഴേക്കും വല്യമ്മ അകത്തുനിന്ന് ഓടി വന്നു.എന്നെ കണ്ടതും കെട്ടിപിടിച്ചു കുറെ സമയം നിന്നു.”വരാൻ തോന്നിലല്ലോ ഞങ്ങളെ കാണാൻ”കണ്ണ് തുടച്ചുകൊണ്ട് വല്യമ്മ ചോദിച്ചു. “യാത്ര സുഖായിരുന്നില്ലേ ചന്ദ്രാ..” “അതേ ചേച്ചി” അമ്മയുടെ അസ്ഥിതറയിലേക്ക് നോക്കിയപ്പോൾ ഞങ്ങളെ കണ്ട സന്തോഷമെന്നോണം തിരി ഒന്നുലഞ്ഞു.വല്യമ്മയുടെ കൈ മുറുകെ പിടിച്ച് അകത്തു കയറി.

“അച്ഛമ്മ മുറിക്കകത്തുണ്ട്.നിങ്ങൾ പോയെപിന്നെ അതിനകത്തു തന്നെയാ ഏറെ നേരവും.ഇപ്പോ പഴയ പോലെ എഴുന്നേറ്റ് നടക്കാനും വയ്യ..” “അച്ഛമ്മേ..” ശബ്ദം കേട്ടപ്പോൾ അച്ഛമ്മ കട്ടിലിൽ നിന്നെഴുന്നേറ്റിരുന്നു. “ദേവു…” ആ ഒരു വിളിയിൽ തന്നെ അച്ഛമ്മയുടെ മാറിലേക്ക് വീണു.ചേർത്ത്പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു. “അച്ഛമ്മയെ ഓർമിണ്ടോ ന്റെ മോൾക്ക്..കാണാൻ പറ്റുംന്ന് നിരീച്ചതല്ല..ന്തായാലും കണ്ടില്ലേ ന്റെ കുട്ട്യെ..സന്തോഷായി..”നേര്യതിന്റെ തുമ്പ് കൊണ്ട് കണ്ണും മൂക്കും പിഴിഞ്ഞ് അച്ഛമ്മ എഴുന്നേറ്റു.കൈ പിടിച്ച് പുറത്തേക്കിറക്കിയപ്പോൾ അച്ഛനെ ചേർത്ത് പിടിച്ചു കരഞ്ഞു. “മോള് കുളിച്ചുവാ..വല്യമ്മ കഴിക്കാൻ എടുക്കാം..” വീടിന്റെ ഓരോ മുക്കിലും മൂലയിലും അമ്മയുടെ ഗന്ധമായിരുന്നു.വീട്ടിലെ ഓരോ കോണിലേക്ക് പോകുന്തോറും അമ്മയുടെ ഓർമ്മകൾ ഏറിവന്നു.കരയാതിരിക്കാൻ കണ്ണുകൾ ഇറുക്കെ അടച്ചു.എന്നിട്ടും എന്നെ തോൽപിച്ചെന്നോണം രണ്ട് നീർതുള്ളികൾ താഴേക്ക് പതിച്ചു.

രാത്രി ഭക്ഷണവും കഴിഞ്ഞ് കിടന്നപ്പോൾ കിടക്കയിൽ അമ്മയുടെ ഗന്ധം തങ്ങിനിൽക്കുന്ന പോലെ..അമ്മയുടെ സാമീപ്യം അടുത്തുള്ളത് പോലെ.. കുറച്ച് ദിവസങ്ങൾ വീട്ടിൽ തന്നെ ഇരുന്നു തീർത്തു..മടുത്തു തുടങ്ങിയപ്പോൾ ഒരു ദിവസം രാവിലെ കുളക്കടവിലിരുന്നു കല്ലെറിഞ്ഞു വെള്ളത്തിലെ ഓളങ്ങലിൽ കൺനട്ടിരിക്കുകയായിരുന്നു. “ദേവൂട്ടി…” തിരിഞ്ഞു നോക്കാതെ തന്നെ മനസിലായി..വിച്ചേട്ടനല്ലാതെ മറ്റാരും ദേവൂട്ടിന്ന് വിളിക്കാറില്ലല്ലോ.. “ഇത്ര കാലായിട്ടും ഒന്ന് വിളിക്കാൻ പോലും തോന്നിലല്ലോ ദേവൂട്ടി..” “വിച്ചേട്ടൻ ഇപ്പോ…ന്താ ചെയ്യണേ..” “ഞാൻ നമ്മുടെ സ്കൂളിൽ മാഷായിട്ട് കേറീട്ട് ഏഴ് മാസം കഴിഞ്ഞു..ഇവിടേക്ക് വിളിക്കുമ്പോഴും എന്നെക്കുറിച്ച് അന്വേഷിക്കാറില്ല ല്ലേ..”ഒരു ദീർഘനിശ്വാസത്തോടെ വിച്ചേട്ടൻ കുളത്തിലേക്ക് നോക്കിയിരുന്നു. “അച്ഛനെ കണ്ടിരുന്നോ?” “ഹ്മ്മ്..അവിടെ പോയപ്പോഴാ നീ ഇവിടുണ്ടെന്നറിഞ്ഞത്..” “മ്മ്മ്..ഞാൻ പോവ്വാ വിച്ചേട്ടാ..പിന്നെ കാണാം..” പോകാൻ തുടങ്ങിയ എന്റെ കൈ പിടിച്ച് വിച്ചേട്ടൻ അവിടെ തന്നെ ഇരുത്തിച്ചു. “ദേവൂട്ടി..തനിക്ക് ഇപ്പഴും മനസ്സിലായില്ലേ..എനിക്ക് തന്നോടുള്ളത് സാധാരണ ഒരിഷ്ടമല്ലാന്ന്..

അതോ മനസ്സിലായിട്ടും അഭിനയിക്കാണോ നീ..” ഒരുപാട് സമയത്തെ മൗനത്തിന് ശേഷം ഞാൻ തന്നെ സംസാരിച്ചു തുടങ്ങി. “വിച്ചേട്ടനറിയോ എന്റെ ഓരോ ദിവസവും ആരംഭിക്കുന്നതും അവസാനിക്കുന്നതും വിച്ചേട്ടന്റെ ഓർമകളിൽ ആയിരുന്നു..അവിടന്ന് ഇങ്ങോട്ട് വന്നാലോന്ന് ഒരുപാട് തവണ ആലോചിച്ചിട്ടുണ്ട്..പക്ഷെ അമ്മ ഇല്ലാത്ത വീടിനെ സങ്കൽപ്പിക്കുമ്പോൾ തന്നെ ആ ചിന്ത മാറ്റും..ഇവിടുന്ന് പോകുമ്പോ വിച്ചേട്ടൻ തന്ന ആ ചുംബനമാണ് എന്നെ ഇത്രനാൾ വിച്ചേട്ടനിൽ തന്നെ ചേർത്ത് നിർത്തിയത്..ദിവസങ്ങൾ കഴിയുന്തോറും വിച്ചേട്ടനോടുള്ള എന്റെ സ്നേഹം..അല്ല പ്രണയം..കൂടിവരുവായിരുന്നു…പക്ഷെ വിച്ചേട്ടൻ സ്നേഹിച്ചത് പഴയ ആ വായാടിയായ കുറുമ്പി ദേവൂട്ടിയെ അല്ലേ..ആ ദേവൂട്ടി മരിച്ചു..അമ്മയോടൊപ്പം ആ ദേവൂട്ടിയും പോയി..

ഇപ്പോ ഞാൻ ദേവൂട്ടി അല്ല..ആരോടും മിണ്ടാൻ ഇഷ്ടമില്ലാതെ എവിടെയെങ്കിലും ചാടഞ്ഞുകൂടിയിരിക്കാൻ മാത്രം ഇഷ്ടപ്പെടുന്ന ദേവപ്രിയ ആണ്..ഈ ദേവുനെ വിച്ചേട്ടന് ഇനി ഇഷ്ടാവില്ല..” “ന്റെ ദേവൂട്ടിക്ക് ന്താ പറ്റ്യേ..അമ്മേടെ കൂടെ സന്തോഷങ്ങളൊക്കെ പോയിന്ന് പറയാൻ..അമ്മക്ക് അത്രേ വിധി ഉണ്ടായുള്ളൂ തന്റെ കൂടെ ജീവിക്കാൻ..എന്ന് വച്ച് ദേവൂട്ടി അമ്മയെ ഓർത്ത് കരഞ്ഞുജീവിക്കുവാണോ വേണ്ടേ..ദേവൂട്ടിനെ ഇങ്ങനെ കണ്ടാൽ അമ്മക്ക് വിഷമാകുവല്ലേ ചെയ്യാ..ഓർത്ത് നോക്യേ..പഴയ ദേവൂട്ടിനെ കാണുമ്പോ അല്ലെ ന്റെ ചിറ്റക്ക് സന്തോഷാവു..” ഒരു തേങ്ങലോടെ കാൽമുട്ടിനകത്തെക്ക് മുഖം പൂഴ്ത്തി. “ഇങ്ങോട്ട് നോക്യേ ദേവൂട്ടി..മറ്റൊരു ലോകത്ത് നിന്ന് നിന്നെ കാണുന്ന അമ്മ വിഷമിക്കുവാണോ വേണ്ടേ?മ്മ്മ്..?” “അല്ല..” “എന്നാൽ ന്റെ ദേവൂട്ടി ഇനി പഴേ ദേവൂട്ടി ആവണം..വാശിയും കുറുമ്പും ഉള്ള ആ പഴയ വായാടി ദേവൂട്ടി..കേട്ടോ..”

“വിച്ചേട്ടാ…ഞാൻ അന്ന് അമ്മയോടു പിണങ്ങിട്ടാ സ്കൂളിൽ പോയെ..രാത്രി പരീക്ഷക്ക് പഠിക്കാതിരുന്നപ്പോ വഴക്ക് പറഞ്ഞതിന് രാവിലെ അമ്മയോട് ഒന്നും മിണ്ടീല.ഉമ്മറത്തു നിന്ന് വിളിച്ചെങ്കിലും തിരിഞ്ഞു പോലും നോക്കാതെയാ പോയെ..ന്റെ നല്ലതിന് വേണ്ട്യാ അമ്മ വഴക്ക് പറഞ്ഞെന്ന് ഓർത്തുടായിരുന്നോ നിക്ക്..ന്റെ വാശി കൊണ്ടല്ലേ അങ്ങനെ..അമ്മയോട് അന്നൊന്നും മിണ്ടാൻ പറ്റീലല്ലോ..അമ്മക്ക് എത്ര വിഷമായിക്കാണും..അവസാനനിമിഷത്തിലും അമ്മ അത് ആലോചിച്ചു കാണില്ലേ..അതൊക്കെ ഓർക്കുമ്പോഴാ..ഇത്ര വർഷം കഴിഞ്ഞിട്ടും ഉമ്മറത്തു എന്നെ നോക്കി നിന്ന അമ്മയുടെ സങ്കടം നിറഞ്ഞ ആ മുഖം മനസ്സിൽന്ന് പോണില്ല..ഒരു ചിരിയോടെയാ അമ്മയെ അവസാനായി കണ്ടതെങ്കിൽ..”ഒരു കരച്ചിലോടെ വിച്ചേട്ടന്റെ നെഞ്ചിലെക്ക് വീണു.ആ കരവലയത്തിൽ വിച്ചേട്ടൻ പറഞ്ഞതിനെല്ലാം മൂളികൊണ്ടിരുന്നു. “ന്റെ ദേവൂട്ടിടെ കുറുമ്പും വാശിയും ചിറ്റക്കല്ലാതെ മറ്റാർക്കാ നന്നായിട്ടറിയാ..

ആ സങ്കടമൊന്നും ചിറ്റക്കുണ്ടാവില്ല..ചിറ്റ ദേവൂട്ടിനെ സന്തോഷത്തോടെ കാണാൻ മാത്രല്ലേ ആഗ്രഹിക്കു..അങ്ങനെ ദേവൂട്ടിയെ കണ്ടാൽ മാത്രല്ലേ ചിറ്റയ്ക്കും സന്തോഷാവൂ..” “മ്മ്മ്” “ഇനി ന്റെ ദേവൂട്ടി പഴയ ദേവൂട്ടി ആവില്ലേ..മ്മ്മ്?ദേവൂട്ടിടെ അമ്മ ആഗ്രഹിക്കുന്ന ദേവൂട്ടി..പറ..” “മ്മ്മ് ആവും..” വിച്ചേട്ടൻ എന്റെ കൈയിൽ പിടിച്ച് വീട്ടിലെ അസ്ഥിതറയ്ക്ക് മുന്നിൽ നിന്നു. “ചിറ്റേ..പറഞ്ഞിട്ടില്ലേ എന്നോട് ദേവുനെ നിന്റെ കൈയിൽ തരാനാ ഞങ്ങൾക്കെല്ലാം ഇഷ്ടമെന്ന്..അന്ന് ഞാനും വാക്ക് തന്നതല്ലേ ദേവൂട്ടി എന്റെ മാത്രം ആയിരിക്കുംന്ന്..ആ വാക്ക് ഞാനിന്ന് പാലിക്കാ..കൊണ്ടോവാ ഇവളെ ഞാൻ എന്റെ മാത്രം ആയിട്ട്..” വിച്ചേട്ടൻ അത് പറഞ്ഞു തിരിഞ്ഞുനോക്കിയപ്പോൾ കണ്ടു സന്തോഷത്തോടെ കണ്ണീർ തുടക്കുന്ന അച്ഛനെയും അച്ഛമ്മയെയും വല്യമ്മയെയും..ഒരു പ്രത്യേകതിളക്കത്തോടെ അച്ഛന്റെ തൊട്ടടുത്ത് ചിരിച്ചുകൊണ്ട് എന്നെയും വിച്ചേട്ടനെയും അനുഗ്രഹിക്കുന്ന അമ്മയെയും..വിച്ചേട്ടന്റെ കൈയിൽ പിടിച്ച് ഗേറ്റ് കടക്കുമ്പോൾ ഒന്നുകൂടെ ആ അസ്ഥിതറയിലേക്ക് തിരിഞ്ഞുനോക്കി…ഇത്രനാളും കാണാത്ത ഒരു ശോഭ ഉണ്ടായിരുന്നു അപ്പോൾ ആ തിരിനാളത്തിന്..എന്റെ അമ്മയുടെ ചിരി പോലെ..

രചന :- Amritha Rajeev

Leave a Reply

Your email address will not be published. Required fields are marked *