നഴ്സ്മാരുടെ ജോലിയെ ഇങ്ങനെ വില കുറച്ചു കാണരുത്, വെറുതെ മരുന്ന് കൊടുക്കുന്നത് മാത്രമല്ല അവരുടെ ജോലി…

രചന: Angel Kollam

അഭിരാമി ഡ്യൂട്ടിയ്ക്ക് കയറി അൽപസമയത്തിന് ശേഷം, കോട്ടിന്റെ പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. ഓൺ ഡ്യൂട്ടിയിൽ ഫോൺ യൂസ് ചെയ്യാൻ പാടില്ലെന്നാണ് നിയമം, എന്നാലും വീട്ടിൽ നിന്ന് എന്തെങ്കിലും അത്യാവശ്യത്തിനു വിളിച്ചാൽ അറിയണമല്ലോ എന്ന് കരുതി ഫോൺ ഓൺ ആക്കിയിട്ടതാണ്. അഭിരാമി ഫോണുമെടുത്തു എമർജൻസിയുടെ ഒരു ആളൊഴിഞ്ഞ കോണിലേക് മാറി. ഫോൺ ഡിസ്‌പ്ലേയിൽ അമ്മയുടെ പേര് കണ്ടപ്പോൾ അവൾക് ആശങ്ക തോന്നി ‘എന്തെങ്കിലും ആവശ്യം ഇല്ലാതെ ഡ്യൂട്ടി ടൈമിൽ അമ്മ വിളിക്കാറില്ല ‘ ആശങ്കയോടെയാണ് അവൾ കാൾ എടുത്തത്

“എന്താ അമ്മേ? ”

“മോളെ അച്ഛന് അസുഖം കുറച്ചു കൂടുതലാണ്, നിന്റെ അടുത്തേക്ക് കൊണ്ട് വരാൻ അച്ഛന്റെ കൂട്ടുകാരെല്ലാം പറയുന്നു, നിനക്ക് ഇഷ്ടമാകില്ലെന്നു കരുതി നിന്നോട് ചോദിച്ചിട്ട് തീരുമാനിച്ചാൽ മതിയെന്നു അച്ഛനാണ് പറഞ്ഞത് ”

“എന്നെ അവിടെയുള്ളവരുടെ മുന്നിൽ നാണം കെടുത്തിയത് പോരാഞ്ഞിട്ട് , ഇനി ജോലി ചെയ്യുന്നിടത്തു കൂടി നാണം കെടുത്താനാണോ ഇങ്ങോട്ടെക് വരണമെന്ന് പറയുന്നത് ”

“മോളെ നിന്റെ അച്ഛനല്ലേ? ”

“അച്ഛൻ ! വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ, അധ്വാനിച്ചു കുടുംബം നോക്കിയിട്ട് വന്ന അസുഖo ഒന്നുമല്ലല്ലോ, ആയകാലത്തു കള്ളു കുടിച്ചു കൂത്താടി നടന്നിട്ടു വന്നതല്ലേ? അനുഭവിച്ചോളാൻ പറയു, എനിക്ക് തിരക്കാണ്. ഡ്യൂട്ടി കഴിഞ്ഞു വന്നു വിളിക്കാം ” അവൾ ദേഷ്യത്തിൽ ഫോൺ വച്ചു. അവളുടെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ ദീപ്തി അടുത്തേക് വന്നു

“എന്ത് പറ്റി അഭി? ”

“അമ്മ വിളിച്ചതാ, അച്ഛന്റെ അസുഖവിവരം പറയാൻ ”

ദീപ്തി എന്തോ പറയാൻ തുടങ്ങിയപോളെക്കും ധന്യ അവിടേക്കു വന്നു. രണ്ടുപേരെയും മാറി മാറി നോക്കിയിട്ട് ചോദിച്ചു

“എന്താ അഭിരാമി രമേശും ദീപ്തി ഹരീഷും കൂടി ഒരു ഗുഡാലോചന? ”

“ദേ, ധന്യേച്ചി, ഒരു 100 തവണ ഞാൻ പറഞ്ഞിട്ടുണ്ട്, സ്കൂൾ പിള്ളേരെപ്പോലെ അഭിരാമി രമേശ്‌ എന്ന് നീട്ടി വിളിക്കരുതെന്ന്. എന്റെ പേരിന്റെ കൂടെ അയാളുടെ പേര് പറയുന്നത് പോലും എനിക്കിഷ്ടമല്ല ”

“എന്താടി ഇതു, ഒന്നുമല്ലെങ്കിലും അച്ഛന്റെ പേരല്ലേ വിളിച്ചത് ”

“എന്റെ പേര് വിളിക്കാൻ താല്പര്യം ഇല്ലെങ്കിൽ സിസ്റ്റർ എന്ന് വിളിച്ചോ, എന്നാലും രമേശ്‌ എന്ന പേര് ചേർത്തു വിളിക്കണ്ട, അത്രയ്ക്കു വെറുപ്പാണ് എനിക്ക് ”

” അച്ഛൻ ജീവിച്ചിരിക്കുമ്പോൾ നിനക്ക് മനസിലാകില്ല, നഷ്ടപെട്ടവർക്കറിയാം അതിന്റെ വേദന ”

“എങ്കിൽ എന്റെ അച്ഛനെ കൊണ്ട് പൊയ്ക്കോ, ആ വേദന അങ്ങ് മാറട്ടെ ”

“നിന്നോട് സംസാരിച്ചു ജയിക്കാൻ പറ്റില്ല ”

ധന്യ അവിടുന്ന് പോയി.

അഭിരാമിയുടെ അച്ഛൻ ബസ് ഡ്രൈവർ ആയിരുന്നു. തികഞ്ഞ മദ്യപാനിയും. നിറമില്ലാത്ത ബാല്യവും സഫലമാകാത്ത സ്വപ്നങ്ങളും ആയിരുന്നു അവളുടെ അച്ഛന്റെ മദ്യപാന ശീലം അവൾക് സമ്മാനിച്ചത്. ചെറുപ്പം മുതലേ അച്ഛനോട് ദേഷ്യം ആയിരുന്നെങ്കിലും, പ്രണയിച്ച പയ്യനുമായുള്ള വിവാഹം, അച്ഛന്റെ സ്വഭാവദൂഷ്യം കാരണം നടക്കാതെ വന്നപ്പോളാണ് ആ ദേഷ്യം വെറുപ്പ് ആയിമാറിയത്. ആ പ്രണയനഷ്ടം അവളുടെ ജീവിതത്തെ ഒരുപാട് ഉലച്ചു . പഴയ ഓർമ്മകൾ മനസ്സിലേക്ക് കടന്നു വന്നതോടെ അഭിരാമിക്ക് ഒന്ന് പൊട്ടിക്കരയണമെന്നു തോന്നി. ധന്യയുടെ ഉച്ചത്തിൽ ഉള്ള സ്വരം കേട്ടപ്പോളാണ് അഭിരാമിക്ക് സ്ഥലകാലബോധം വന്നത്. അവൾ ധന്യയുടെ അടുക്കലെത്തി. ഏതോ രോഗിയുടെ ബന്ധുവിനോട് കയർത്തു സംസാരിക്കുകയാണ് ധന്യ. എന്താ പ്രശ്നമെന്നറിയാന്നറിയാൻ മറ്റുള്ളവർ അവളുടെ അടുത്തെക്ക് വന്നു.ഡോക്ടർ രാജീവ്‌ ധന്യയോട് ചോദിച്ചു

“എന്താ സിസ്റ്റർ, പ്രശ്നം? ”

“സർ, ഇദേഹത്തിന്റെ അച്ഛനെ ബെഡിൽ നേരെ കിടത്താൻ ഒന്ന് സഹായിക്കാൻ പറഞ്ഞപ്പോൾ, ഇതൊക്കെ നഴ്സ്മാരുടെ ജോലിയാണ് അതിനാണ് പൈസ കൊടുത്തു ചികിത്സയ്ക്ക് ഇങ്ങോട്ട് കൊണ്ട് വന്നതെന്ന് പറഞ്ഞു ചൂടാകുകയാണ് ഇദേഹം, സ്വന്തം അച്ഛനോടുള്ള കടമ ഇവിടെ ഹോസ്പിറ്റലിൽ കൊണ്ട് വരുന്നതോടെ തീരുമോ? ”

“മാതാപിതാക്കളെ വൃദ്ധസദനത്തിലും വഴിയോരത്തുo ഉപേക്ഷിച്ചു പോകുന്ന തലമുറയാണ് ഇന്നത്തെ തലമുറ. ഇവരിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല ”

ഡോക്ടർ രാജീവ്‌ ധന്യയെ സമാധാനിപിച്ചതിന് ശേഷം ആ രോഗിയുടെ മകന്റെ നേർക്ക് നോക്കിപ്പറഞ്ഞു.

“നിങ്ങൾ മാതാപിതാക്കളെ ഹോസ്പിറ്റലിൽ കൊണ്ട് വരുന്നതോടെ നിങ്ങളുടെ ഉത്തരവാദിത്തo തീരുന്നതായി കരുതുന്നു. എന്നാൽ ഇവിടെ വരുന്ന ഓരോ രോഗികളെയും സ്വന്തം മാതാപിതാക്കളെ പോലെ കരുതിയാണ് എല്ലാ നഴ്സ്മാരും നോക്കുന്നത്. ഇപ്പോൾ സ്വന്തം അച്ഛനെ നേരെ കിടത്താനല്ലേ ഈ സിസ്റ്റർ സഹായം ചോദിച്ചതു, അതിൽ എന്താ ഇത്ര ബുദ്ധിമുട്ട്?”

“രോഗികളെ നോക്കാനല്ലേ നിങ്ങൾ ഇവിടെ ഉള്ളത്? മരുന്ന് കൊടുക്കുന്നതല്ലാതെ വേറെ എന്ത് പണിയാണ് നിങ്ങൾക് ഉള്ളത്?”

“നഴ്സ്മാരുടെ ജോലിയെ ഇങ്ങനെ വില കുറച്ചു കാണരുത്, വെറുതെ മരുന്ന് കൊടുക്കുന്നത് മാത്രമല്ല അവരുടെ ജോലി. 8 മണിക്കൂർ ഡ്യൂട്ടി ടൈമിൽ ഭക്ഷണം പോലും കഴിക്കാൻ ടൈം കിട്ടാറില്ല അവർക്ക്, എന്നാലും ആരോടും ഒരു പരാതിയും പറയാതെ തന്റെഅടുക്കലെത്തുന്ന ഓരോ രോഗിയെയും പുഞ്ചിരിയോടെ സ്വീകരികുന്നവരാണ്, നൈറ്റ് ഡ്യൂട്ടിയിൽ കണ്ണിമ ചിമ്മാതെ ഓരോ രോഗിയുടെയും ആയുസിനു കാവൽ ഇരിക്കുന്നവരാണ്,എന്തൊക്കെ ചെയ്താലും ദേഷ്യം വരുമ്പോൾ ഡോക്ടർമാരുടെയും രോഗികളുടെ ബന്ധുക്കളുടെയും ശകാരംകേൾക്കാൻ മാത്രം വിധിക്കപെട്ടവർ, ഡോക്ടർ റൗണ്ട്സിനു വരാൻ താമസിച്ചാൽ, കാന്റീനിൽ ഓർഡർ ചെയ്ത ഭക്ഷണം താമസിച്ചാൽ, സർജറി കഴിയാൻ താമസിച്ചാൽ അതിനെല്ലാം ശകാരo കേൾക്കേണ്ടി വരുന്നത് നഴ്സ്മാരാണ്. വളരെ ചുരുക്കo ചിലർ മാത്രമാണ് ഡിസ്ചാർജ് ആകുമ്പോൾ ഒരു നന്ദി വാക്ക് എങ്കിലും പറയുന്നത്. ”

ഡോക്ടർ രാജീവിന്റെ വാക്കുകൾ കേട്ടപ്പോൾ അയാൾക് കുറ്റബോധം തോന്നി

“സോറി സിസ്റ്റർ ”

ധന്യയോട് പറഞ്ഞിട്ട് അയാൾ അച്ഛന്റെ അടുക്കലെത്തി നേരെ കിടത്തി.

ഇതേസമയം അഭിരാമിയുടെ മുഖത്തു നോക്കിയിട്ട് ധന്യ പറഞ്ഞു.

“സുഖമില്ലാത്ത നിന്റെ അച്ഛനോടുള്ള വാശിയും അവസാനിപ്പിക്കാo കേട്ടോ, നഷ്ടപെട്ടു കഴിഞ്ഞു പിന്നെ ദുഃഖിച്ചിട്ട് എന്താ കാര്യം?”

അവൾ മറുപടി പറഞ്ഞില്ല. മൂകമായി നിന്ന് എന്തോ ആലോചിക്കുകയായിരുന്നു.

എമർജൻസിയുടെ മുന്നിൽ ഒരു കാർ വന്നു നിന്നു. അതിൽ നിന്നു ഒരു സ്ത്രീയും ഏകദേശം 18 വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഇറങ്ങി,അവളുടെ വസ്ത്രത്തിൽ രക്തക്കറ പുരണ്ടിരിക്കുന്നു.എമർജൻസിയിലെ ബെഡിൽ ആ പെൺകുട്ടിയെ പിടിച്ചു കിടത്തുമ്പോൾ അവൾ അഭിരാമിയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.

“എനിക്ക് പേടിയാകുന്നു. എന്റെ അമ്മയെ അടുത്ത് വേണം എനിക്ക് ”

“എന്തിനാ പേടിക്കുന്നെ, ഞങ്ങൾ എല്ലാരും ഉണ്ടല്ലോ ഇവിടെ? ”

“എന്റെ അമ്മയെ വിളിക്ക് ”

അവൾ ഉച്ചത്തിൽ അലറി. പെട്ടന്ന് ആ സ്ത്രീ കടന്നു വന്നു.അവൾ അമ്മയുടെ മാറിൽ തലവച്ചു കരയാൻ തുടങ്ങി. ഒന്നും മനസ്സിലാകാതെ എമർജൻസിയിൽ ഉള്ളവർ പരസ്പരം നോക്കി ഡോക്ടർ രാജീവ്‌ ചോദിച്ചു

“എന്തു പറ്റി ഈ കുട്ടിക്ക്?”

“ലേഡി ഡോക്ടർ ഉണ്ടെങ്കിൽ വിളിക്കുമോ സാറെ ”

ആ അമ്മ തേങ്ങികരഞ്ഞു കൊണ്ട് ചോദിച്ചു. ഡോക്ടർ ഹിമ പെട്ടന്ന് അവിടേക്കു വന്നു. അഭിരാമി ഒഴികെ ബാക്കി എല്ലാവരും അവിടുന്ന് മാറികൊടുത്തു. ആ സ്ത്രീ കരച്ചിലടക്കാൻ പാടുപെട്ടു കൊണ്ട് പറഞ്ഞു.

“എന്റെ കുട്ടിയെ അയാൾ നശിപ്പിച്ചു ഡോക്ടറെ”

ഹിമയും അഭിരാമിയും ഞെട്ടലോടെ പരസ്പരം നോക്കി.

“ആരാ? ഇങ്ങനെ ചെയ്തത്? ”

“ഇവളുടെ അച്ഛൻ തന്നെയാണ്”

അഭിരാമി കേട്ടത് വിശ്വസിക്കാനാകാതെ നിന്നു. ആ സ്ത്രീ തേങ്ങൽ അടക്കി കൊണ്ട് പറഞ്ഞു

“രാവിലെ ഞാൻ പണിക്ക് പോകാൻ ഇറങ്ങിയപ്പോൾ അയാൾക് സുഖമില്ലെന്നു പറഞ്ഞു വീട്ടിൽ നിന്നപ്പോൾ ഞാൻ മനസ്സിൽ പോലും ഓർത്തില്ല സാറെ ആ മഹാപാപി എന്റെ കൊച്ചിനോട് ഇങ്ങനെ ചെയ്യുമെന്ന്, സ്വന്തം അച്ഛന്റെയടുത്തായത് കൊണ്ടല്ലേ ഞാൻ വിശ്വസിച്ചു പണിക്ക് പോയത്, കുറച്ചു മുൻപ് ഇവൾ ഫോണിൽ വിളിച്ചു ഈ വിവരം പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി സാറെ ”

അമ്മയും മകളും പൊട്ടിക്കരഞ്ഞു. അവരെ ആശ്വസിപ്പിക്കാൻ അഭിരാമി ശ്രമിച്ചു .

ഹിമയും അഭിരാമിയും ചേർന്ന് ആ പെൺകുട്ടിയുടെ ശരീരം പരിശോധിച്ചു. അവളുടെ ശരീരത്തിൽ ദന്തക്ഷതങ്ങളുടെയും നഖക്ഷതങ്ങളുടെയും പാടുകളും, ബലം പ്രയോഗിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നു. അതു കണ്ടപ്പോൾ ഒരു അച്ഛൻ ഇത്ര ക്രൂരത കാണിക്കുമോ എന്ന് അഭിരാമി ചിന്തിച്ചു. ഹിമ അവരോട് ചോദിച്ചു

“അയാളിപ്പോൾ എവിടെ ഉണ്ട്? ”

“അറിയില്ല സാറെ, ഞാൻ വീട്ടിൽ വരുമ്പോൾ അയാൾ അവിടെ ഇല്ലായിരുന്നു ”

“ഞങ്ങൾ പോലീസിൽ അറിയിക്കാൻ പോകുകയാണ് ”

അതു പറഞ്ഞിട്ട് ഡോക്ടർ ഹിമ പോലീസ് സ്റ്റേഷനിൽ വിളിച്ചു വിവരം പറഞ്ഞു.അവളുടെ ശരീരത്തിലെ മുറിവുകൾ വൃത്തിയാക്കുമ്പോൾ, ആ കുട്ടിയുടെ ശരീരത്തിനേക്കാൾ മുറിവേറ്റത് അവളുടെ മനസ്സിൽ ആണെന്ന് അഭിരാമിക്ക് മനസ്സിലായി.അവൾക് കൗൺസിലിങ് ആവശ്യമാണെന്ന് ഡോക്ടർ ഹിമ പറഞ്ഞു. സൈക്കോളജി ഡിപ്പാർട്മെന്റിൽ വിവരം അറിയിച്ചതിനെ തുടർന്ന്, അല്പസമയം കഴിഞ്ഞപ്പോൾ ഡോക്ടർ സവിത അവിടെയെത്തി. എല്ലാവരെയും അവിടെ നിന്നു മാറ്റിയതിനു ശേഷം അവർ ആ പെൺകുട്ടിയോട് സംസാരിച്ചു തുടങ്ങി. ആ കുട്ടിയുടെ അമ്മയെയും അരികിൽ വിളിച്ചു ചില നിർദേശങ്ങൾ നൽകിയിട്ട് ഡോക്ടർ സവിത പോയി.ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ മൊഴി എടുക്കാൻ പോലീസ് എത്തി.

“ഈ ചെറിയ കുട്ടിയോട് ഇങ്ങനെ ചെയ്യാൻ അയാൾക് എങ്ങനെ തോന്നി?”

ഒരു പോലീസുകാരൻ ആത്മഗതം പോലെ പറഞ്ഞു. ഹോസ്പിറ്റലിലെ ഫോർമാലിറ്റീസ് എല്ലാം തീർത്തിട്ട് അവരെ വിട്ടയച്ചു. വീണ്ടും ആ വീട്ടിലേക്ക് പോകാൻ അവർ ഒരുക്കമല്ലായിരുന്നു. സഭയുടെ ഉത്തരവാദിത്തത്തിൽ പ്രവർത്തിക്കുന്ന അശണരുടെ സങ്കേതകേന്ദ്രത്തിലേക്കാണ് ആ അമ്മയും മകളും പോയത്. ആ പെൺകുട്ടിയുടെ ശരീരത്തിനേറ്റ മുറിവ് പെട്ടന്ന് ഭേദമായേക്കാം, പക്ഷേ മനസിനേറ്റ മുറിവ് ഒരിക്കലും മായാതെ ഉണങ്ങാത്ത മുറിവായി അവളുടെ മനസ്സിൽ കാണും.

ഡോക്ടർ ഹിമ ആശങ്കയോടെ പറഞ്ഞു

“സ്വന്തം അച്ഛന്റെ അടുത്ത് പെൺകുട്ടികൾ സുരക്ഷിതരല്ലെങ്കിൽ പിന്നെ എവിടുന്ന് സുരക്ഷ കിട്ടും, തലോടേണ്ട കൈകൾ കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ ആളുകൾക്കു എങ്ങനെ കഴിയുന്നു. ഒരു നല്ല അച്ഛന്റെ മകളായി ജനിച്ചാലേ ഇനി പെൺകുട്ടികൾക്ക് ജീവിക്കാൻ പറ്റുള്ളൂ.. ”

അഭിരാമിക് പെട്ടന്ന് അച്ഛനെ ഓർമ്മ വന്നു. മദ്യപാനി ആണ്, കുടിച്ചു ബോധമില്ലാതെ നടക്കുന്നയാളാണ്‌ പക്ഷേ ഒരിക്കൽ പോലും തന്നോട് മോശമായി പെരുമാറിയിട്ടില്ല. പ്രായപൂർത്തി ആയതിനു ശേഷം തന്റെ റൂമിൽ പോലും കടന്നു വന്നിട്ടില്ല. സ്വന്തം പെണ്മക്കളോട് പോലും ക്രൂരത കാണിക്കുന്ന നരാധമന്മാർ ഉള്ള ഈ ലോകത്തിൽ , എത്ര മദ്യലഹരിയിൽ ആയാലും തന്നെ മോശമായി നോക്കുക പോലും ചെയ്യാത്ത അച്ഛനെകുറിച്ച് ഓർത്തപ്പോൾ ജീവിതത്തിൽ ആദ്യമായി അവൾക് അച്ഛനോട് സ്നേഹം തോന്നി. അഭിരാമി ഫോൺ എടുത്ത് അമ്മയുടെ നമ്പർ ഡയൽ ചെയ്തു. അച്ഛനെ താൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് കൊണ്ട് വരാൻ അറിയിച്ചു..അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇത്ര വർഷങ്ങൾ അച്ഛനോട് സൂക്ഷിച്ചിരുന്ന വെറുപ്പ് ഉരുകിയൊലിച്ചു. ചില സംഭവങ്ങൾ നമ്മൾ കാണുമ്പോളാണ് ജീവിതത്തിൽ തിരിച്ചറിവുകൾ ഉണ്ടാകുന്നത്.

എന്റെ ബാല്യവും കൗമാരവും യൗവനവും മദ്യം നശിപ്പിച്ചതാണ്, എന്റെ സ്വപ്നങ്ങളും ചിതലരിച്ചു പോയിരുന്നു. എന്നാൽ ഈ സമൂഹത്തിൽ സ്വന്തം മക്കളെ പോലും കാമപൂർത്തീകരണത്തിനുപയോഗിക്കുന്ന നീചന്മാർ ഉള്ളപ്പോൾ, കഴുകൻ കണ്ണുകളിൽ നിന്നു ഞങ്ങളെ സംരക്ഷിച്ച എന്റെ പിതാവിനെ സ്നേഹപൂർവ്വം ഓർക്കുന്നു….ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: Angel Kollam

Leave a Reply

Your email address will not be published. Required fields are marked *