നിന്റെ സംസാരം കഴിഞ്ഞെങ്കിൽ ഇച്ചിരി നേരം ഇവളെ ഞങ്ങൾക്ക് തരുവോ, ഞങ്ങക്കും ഇച്ചിരി സംസാരിക്കാൻ…

രചന: കണ്ണൻ സാജു

നിഹാലയുടെ ഇടുപ്പിനു വട്ടം പിടിച്ചു മുസബ്ബിൻ അവളെ തന്നോട് അടുപ്പിച്ചുകൊണ്ടു അധരങ്ങളിൽ ചുംബിക്കുവാൻ ഒരുങ്ങി…

” എനിക്ക് പേടിയാവുന്നു മുസ്‌ബി… ആരേലും കണ്ടാലോ…. ”

ചുറ്റും നോക്കിക്കൊണ്ടു അവൾ ഭയത്തോടെ പറഞ്ഞു….

” ഹോ എന്റെ നിഹാല…. ഇവിടൊന്നും ഒരാളും വരില്ല… എനിക്കത്ര ഉറപ്പുണ്ട്… ”

” അതെന്ന നീ ഇതിനു മുൻപ് വേറാരെലും കൊണ്ടു ഇവിടെ വന്നിട്ടുണ്ടോ…. ? ”

മുസബ്ബിന്റെ മൂഡ് പോയി…

” നിന്റെ ഒടുക്കത്തെ ഒരു സംശയം…. ”

” അല്ലാതെ പിന്നെ ??? സിറ്റിന്നു രണ്ട് കിലോമീറ്റർ മാറി അവിടുന്നു ഉള്ളിലേക്ക് പത്തു മിനിട്ടു നടന്നാൽ ഇങ്ങനൊരു സ്ഥലം ഉണ്ടന്ന് ഇത്രയും കൃത്യമായിട്ട് നിനക്ക് എങ്ങിനെ അറിയാം ??? ”

നിഹാല അവന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി…

ഈ സമയം വെള്ളമടിക്കാൻ വന്ന നാല് പേർ ദൂരെ നിന്നും അവരെ കണ്ടു….

” അളിയാ സീനാണുട്ടാ.. കിടു സാധനം…. പൊക്കിയാലോ…. ”

” നിക്ക് സീൻ വല്ലോം കിട്ടുവോന്നു നോക്കാം ആദ്യം…. ”

ഇതേ സമയം അതിനടുത്തുള്ള മറ്റൊരു വീട്ടിൽ.

അടുക്കളയിൽ പായസം ഉണ്ടാക്കാൻ തയ്യാറെടുക്കുന്ന ആശ…

” അയ്യോ ! ”

താടക്കു കയ്യും കൊടുത്തുള്ള ആ നിപ്പ് കണ്ടു മകൾ വൈഗ ഒന്ന് ഞെട്ടി…

” എന്നാ പറ്റി അമ്മേ? ”

” അണ്ടിപ്പരിപ്പും മുന്തിരീം മേടിക്കാൻ പറയാൻ മറന്നു പോയെടി മോളേ ! ”

” ശോ.. ഇനി ഇപ്പൊ എന്നാ ചെയ്യും? ”

വൈഗയും താടക്കു കൈ കൊടുത്തു…

” എന്റെ പൊന്നു മോളല്ലേ, ആ സൈക്കിളെടുത്തോണ്ടു സിറ്റിയിൽ പോയി ഇച്ചിരി അണ്ടിപ്പരിപ്പും മുന്തിരീം മേടിച്ചോണ്ടു വാടി ”

” അയ്യടാ… എന്ന ഒരു ഒലിപ്പീരു… ഞാൻ പോവില്ല… ദേ അകത്തു വെറുതെ പൊതച്ചു മൂടി കിടപ്പണ്ടല്ലോ ഒരെണ്ണം… അമ്മേടെ പുന്നാര മോൻ…അതിനെ പറഞ്ഞു വിട്… ”

വൈഗ സ്ഥലം വിട്ടു……

ആശ കണ്ണന്റെ മുറിയിലേക്ക് ചെന്നു…

കാട്.

” എന്നെക്കൊണ്ട് ഇതിനൊന്നും പറ്റില്ല മുസ്‌ബി. എന്നെ വേഗം വീട്ടിൽ കൊണ്ടു വിട്… ”

” ശേ… എന്താ മോളേ ഇങ്ങനെ…. ”

” ദേ കൂടുതൽ ഒലിപ്പീരൊന്നും വേണ്ട…. അല്ലേൽ നിനക്കെങ്ങനെ ഈ സ്ഥലം അറിയാം എന്ന് പറ ”

” നമ്മുടെ മിന്നുവും ജോസും ഇവിടെ വരാറുണ്ട്… അവൻ പറഞ്ഞതാ ”

” ശരിക്കും ??? ”

അവൾ സംശയത്തോടെ ചോദിച്ചു….

” അതേടി പെണ്ണെ ”

” ഉം.. എന്നാലും നമുക്കീ സ്ഥലം വേണ്ട മുസ്‌ബി… ഞാൻ ഒട്ടും കംഫർട്ടബിൾ അല്ല… ”

” എന്താടാ മക്കളെ ഇവിടെ പരിപാടി ?? ”

അവരുടെ അരികിലേക്ക് ആ നാല് പേരും വന്നു..

” ഞങ്ങള് വെറുതെ സംസാരിക്കാൻ വന്നതാ ചേട്ടാ ”

നാല് പേരും പരസ്പരം നോക്കി ചിരിച്ചു…

” എന്നാ പിന്നെ നിന്റെ സംസാരം കഴിഞ്ഞെങ്കിൽ ഇച്ചിരി നേരം ഇവളെ ഞങ്ങൾക്ക് തരുവോ ??? ഞങ്ങക്കും ഇച്ചിരി സംസാരിക്കാൻ ഉണ്ടായിരുന്നു… ”

അത് കേട്ടു ബാക്കി മൂന്ന് പേരും ചിരിച്ചു…

നിഹാല പേടിയോടെ മുസബ്ബിയുടെ കയ്യിൽ പിടിച്ചു അവനു പിന്നിലേക്ക് മാറി…

” അതിനെന്ന ചേട്ടന്റെ അമ്മേനെയോ പെങ്ങളേയോ തന്നിട്ട് നിങ്ങളിവളെ കൊണ്ടു പൊയ്ക്കോ… അല്ലെങ്കിൽ എനിക്ക് ബോറടിക്കില്ലേ ???? ”

അവരുടെ മുഖം മാറി…..

” ഡാ ** മോനേ നിന്നെ ഞാൻ

അയ്യാൾ കയ്യോങ്ങിയതും മുസ്‌ബി കൈ വീശി അവന്റെ മോന്തക്ക് ഒന്ന് കൊടുത്തു… അടികൊണ്ടു കിറുങ്ങി അയ്യാൾ നിലത്തേക്ക് വീണു…

നിഹാല അമ്പരന്നു നിന്നു

ബാക്കി മൂന്ന് പേരും മുണ്ടഴിച്ചിട്ടു കൈ കെട്ടി നിന്നു….

വീട്.

സൈക്കിളിൽ പോവാൻ തയ്യാറായി നിക്കുന്ന കണ്ണൻ.. ഉറക്കം തൂങ്ങി ഒടിഞ്ഞു കുത്തി നിക്കുന്നു…

” അതില് വളഞ്ഞു കുത്തി നിന്നാ സൈക്കിള് പോവൂലാ കണ്ണപ്പ… കയറി ഇരുന്നു ചവിട്ടണം… ”

” അമ്മേ…. ”

അവൻ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു

” എന്താടാ…. ??? ”

” എന്നെ കളിയാക്കിയ ഞാൻ പോവേലാ കെട്ടോ… ”

” എഞ്ചിനീയറിംഗ് കഴിഞ്ഞു ഒരു പണിക്കും പോവൂലാ പക്വതയും ഇല്ല… എടി പെണ്ണെ ഒന്ന് മിണ്ടാതിരി.. ആ ചെറുക്കൻ പോയിട്ടു വരട്ടെ… ”

” ഓഹ് ഇങ്ങനൊരു പായസ കൊതിച്ചി… ഞാൻ ഒന്നും മിണ്ടുന്നില്ലേ… കഴിഞ്ഞ തവണ അരി മേടിക്കാൻ വിട്ടത് ഓർമയുണ്ടല്ലോ…. പിന്നെ തമിഴ്‌നാട്ടിലെ ദുരിതാശ്വാസ ക്യാമ്പീന്നാ കണ്ടു കിട്ടിയത്… അതിനു മുന്നത്തെ തവണ പാല് മേടിക്കാൻ പോയിട്ടു ഹൈദരാബാദിന്നു അമ്മാവൻ പോയ വിളിച്ചോണ്ട് വന്നേ.. ഇനി ഇന്നെങ്ങോടാണാവോ? ”

” ഓ കരിനാക് വളച്ചു ഒന്നും പറയാതടി പോത്തേ… ന്റെ കൊച്ച് പോയിട്ട് വേഗം വന്നട്ടോ.. ആരേലും വിളിച്ച ആ കൂടെ പോയേക്കരുത്… ”

അവൻ തലയാട്ടി… അമ്മ പൈസ കൊടുത്തു..

” ഇത് മുപ്പതു രൂപ ഉള്ളല്ലോ…? ”

” അതുപോരെ… സൈക്കിളിനു പെട്രോളൊന്നും അടിക്കണ്ടല്ലോ ”

” എന്താ അമ്മ… സിപ്പപ്പ് മേടിക്കാൻ ഒരു അഞ്ചു രൂപ കൂടി താന്നേ ”

” ഈ ചെറുക്കന്റെ ഒരു കാര്യം ”

കാട്…

വീണവനെയും പിടിച്ചു കൊണ്ടു അവർ സ്ഥലം വിട്ടു….

” ആരും വരില്ലെന്ന് പറഞ്ഞിട്ട് ഇപ്പൊ എന്തായി.. നമ്മൾ എന്തേലും ചെയ്തോണ്ടിരിക്കുവായിരുന്നെങ്കിലോ ???? അവരെങ്ങാനും അത് വീഡിയോ എടുത്തു ഭീഷണി പെടുത്തിയിരുന്നെങ്കിലോ ??? ഞാൻ ഇപ്പൊ അവന്മാരുടെ മുന്നിൽ തുണീം അഴിച്ചു നിക്കണ്ട വന്നേനെ… ”

മുസ്‌ബി തല ചൊറിഞ്ഞു….

” ഇത് ശരിയാവില്ല മുസ്‌ബി.. നമുക്ക് ആൾക്കാർ ഉള്ള എവിടേലും പോയിരിക്കാം… ”

” എന്നാ ഞാനൊരു റൂം എടുക്കട്ടെ ??? ”

അവൾ ഒന്നും മിണ്ടിയില്ല…

” നിഹാല… ഒരു മണിക്കൂറത്തെ കാര്യല്ലേ ഉളളൂ.. അത് കഴിഞ്ഞു നമുക്കു എവിടേലും പോയിരുന്നു കൊറേ സംസാരിക്കാം ”

” മൊതലെടുക്കുവാണല്ലേ സജി ??? ”

” എടി ഞാൻ… അതല്ല … ”

” നിനക്കത്ര മുട്ടി നിക്കുവാന്നെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കട… പിന്നെ ഈ ഒളിച്ചും പാത്തും കളിക്കണ്ടല്ലോ… ”

” അത്.. അത് പിന്നെ.. കുറച്ചു കഴിയട്ടെ നിഹാല.. ബാപ്പിച്ചി ഒക്കെ ഒന്ന് ”

” നിന്നു പരുങ്ങണ്ട…. നീ പറയുന്ന പകുതിയും പള്ളിക്കു കൊടുക്കണം… ഞാൻ പോവാ.. വരുന്നുണ്ടേൽ വാ ”

അവൾ മുകളിലേക്ക് നടന്നു. .

കട.

” ചേട്ടാ ഓരോ പാക്കറ്റ് അണ്ടിപ്പരിപ്പും മുന്തിരിയും… പിന്നെ ഒരു സിപ്പപ്പും.. ”

കണ്ണൻ സിപ്പപ്പ് ആസ്വദിച്ചു വലിച്ചു കുടിക്കാൻ തുടങ്ങി…..

അതിലെ ബൈക്കിനു വന്ന രണ്ട് ചെറുപ്പക്കാരിൽ ഒരാൾ : ആഹാ VIP എന്താ ഈ വഴി….

” നിന്റെ അച്ഛനൊരു പെണ്ണ് കാണാൻ… എന്തെ വരുന്നുണ്ടാ…. ”

” ഞാൻ ഒരു തമാശ പറഞ്ഞതല്ലേടാ… അപ്പോഴേക്കും ചൂടായോ… ”

” പോടാ.. പോടാ…. ”

റോഡ്..

നിഹാലയും മുസബ്ബിയും നിഹലായുടെ കാറിനു അരികിലേക്ക് വന്നു…

” നമുക്ക് പോവാം… ”

മുസ്‌ബി നിരാശയോടെ അത് കേട്ടു നിഹാലയെ നോക്കി

” ശരി ഒരു ഫോട്ടോ എങ്കിലും എടുത്തിട്ടു പോവാം ”

അവർ സെൽഫിക്ക് പോസ്സ് ചെയ്തു…

” ശേ… ഇതൊരു ഭംഗിയില്ല… ആരെക്കൊണ്ടെങ്കിലും എടുപ്പിക്ക്…. ”

” ഈ പട്ടിക്കാട്ടിൽ ആരേലും കാണണ്ടേ…. ”

ഈ സമയം സൈക്കിൾ ചവിട്ടി പാട്ടും പാടി കണ്ണൻ അതുവഴി വരുന്നത്….

മുസ്‌ബി കൈ കാണിച്ചു… കണ്ണൻ നിർത്തി..

” അതെ ഞങ്ങടെ ഒരു ഫോട്ടോ എടുത്തു തരുവോ… ”

” ഓഹ്.. അതിനെന്ന….. എടുത്തു തരാലോ.. അവൻ സൈക്കിൾ സ്റ്റാൻഡിൽ വെച്ചു ഇറങ്ങി ”

” എന്റെ ഫോണിൽ എടുത്താ മതി… ”

അവൾ കണ്ണന് നേരെ ഫോൺ നീട്ടി…

അതിഷ്ടപ്പെടാത്ത രീതിയിൽ മുസ്‌ബി അവളെ ഒന്ന് നോക്കി….

രണ്ട് പേരും പല പല പോസുകളിൽ നിന്നു… അവൻ ഫോട്ടോ എടുക്കാൻ തുടങ്ങിയപ്പോഴേക്കും അടികൊണ്ടു പോയവർ ദൂരെ നിന്നും നടന്നു വരുന്നത് മുസ്‌ബി കണ്ടു.. തൊട്ടു പിന്നാലെ പോലീസ് ജീപ്പും.. മുസ്‌ബി മെല്ലെ ഫോണെടുത്തു ചെവിയിൽ വെച്ചു സംസാരിക്കുമ്പോലെ

” നിഹാല ഞാനിപ്പോ വരാവേ… ”

” ആം ”

വളവിൽ…

അവരുടെ അരികിൽ പോലീസ് വണ്ടി നിർത്തി..

” സർ അവരവിടെ ഉണ്ട് സർ…. ഞങ്ങളു തോട്ടിൽ മീൻ പിടിക്കാൻ വന്നതായിരുന്നു… അന്നേരം… ശോ ആ പെൺകൊച്ചു അവന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു… ഏഹ്… എനിക്ക് പറയാനെ അറപ്പാവുന്നു… ”

” ഉം.. നിങ്ങള് വീഡിയോ ഒന്നും എടുത്തില്ലല്ലോ അല്ലേ ?? ”

” ഇല്ല സർ.. കണ്ട പാടെ ഞങ്ങള് സാറിനെ വിളിക്കുവായിരുന്നു… ”

” ഉം.. ഇത് ഞാൻ നോക്കിക്കോളാം ”

കണ്ണൻ നിഹാലക്ക് ഫോൺ കൊടുത്തു… അപ്പോഴേക്കും പോലീസ് വണ്ടി അവിടെ എത്തിയിരുന്നു…

” ഉം ”

ജീപ്പിൽ ഇരുന്നുകൊണ്ട് si കണ്ണനെ നോക്കി ചോദിച്ചു…

” ഊഹും ”

കണ്ണൻ കണ്ണടച്ച് കാണിച്ചു….

” കൂക്കും എന്നല്ല.. രണ്ട് പേർക്കും കാട്ടിൽ എന്തായിരുന്നു പരുപാടി എന്ന്??? ”

നിഹാല ഭയത്തോടെ ചുറ്റും നോക്കി… മുസ്‌ബിയെ കാണുന്നില്ല… ഫോൺ ഡയൽ ചെയ്തു സ്വിച്ഡ് ഓഫ്….

അവളുടെ ഉള്ളൂ പിടച്ചു…

si വണ്ടിയിൽ നിന്നും ചാടി ഇറങ്ങി…

” ചോദിച്ചത് കേട്ടില്ലെടാ ??? നീയും ഈ പെണ്ണും കൂടി കാട്ടിൽ എന്തായിരുന്നു പരിപാടി എന്ന് ?? ”

” സർ എനിക്കിവളെ അറിയില്ല… ഞാൻ അണ്ടിപ്പരിപ്പും മുന്തിരീം വാങ്ങാൻ “…..

” മിണ്ടാതിരുന്നില്ലേൽ നിന്റെ…. ആ.. എന്നെക്കൊണ്ടൊന്നും പറയിക്കരുത്… ”

” സർ… സത്യായിട്ടും ഞാൻ പായസം ഉണ്ടാക്കാൻ അണ്ടിപ്പരിപ്പും മുന്തിരീം മേടിക്കാൻ പോയതാണ്.. എനിക്കീ കുട്ടിയെ അറിയില്ല ”

കണ്ണന്റെ കണ്ണുകൾ നിറഞ്ഞു…

” അയ്യേ… വാ അടക്കടാ…. ”

” നിന്റെ വീടെവിടയാടി കൊച്ചെ ??? ”

” സർ.. എനിക്കിവനെ… ”

” ഇങ്ങോടൊന്നും പണയണ്ട…. ചോയ്ക്കാണെന്നു മാത്രം മറുപടി പറഞ്ഞ മതി… കേട്ടല്ലോ… ”

” ഉം… ”

” എന്താടി നിന്റെ പേര് ”

” നിഹാല ”

” വീട്?? ”

” പോത്താനിക്കാട് ”

” നിന്റെയൊട ?? ”

” ഇവിടെ അടുത്താ… ”

” പേര് ???? ”

” കണ്ണൻ ”

” ആഹാ… അതുകൊള്ളാം… ഹിന്ദു മുസ്ളീം പ്രണയം ”

” സർ ഞങ്ങൾ തമ്മിൽ ”

” മിണ്ടരുത് നീ… കാട്ടില് വന്നു ഓരോന്ന് ഒപ്പിച്ചു വെച്ചേച്ചു ”

ഈ സമയം അതുവഴി കടന്നു വന്ന രണ്ട് പുരോഗമന ചിന്താഗതിക്കാർ ബൈക്ക് നിർത്തി..

” എന്താ സാറേ പ്രശ്നം??? ”

” ഏമാന്മാർ ഏതാണാവോ ”

” ഞങ്ങളിവിടുത്തെ യുവജന പ്രസ്ഥാനത്തിന്റെ പ്രതിനിധികൾ ആണ്…. ”

” പൊതുസ്ഥലത്തു അനാശാസ്യം… അതാണ് പ്രശ്നം ”

” എന്നിട്ടു ഞങ്ങൾ ഒന്നും കണ്ടില്ലല്ലോ… ദേ സാറേ പ്രായം തെറ്റിയെന്റെ കഴപ്പ് ഞങ്ങളു പിള്ളേരോട് കാണിക്കല്ലേ… പണി പാളുവേ… ”

” അയ്യോ എന്റെ പൊന്നു ചേട്ടാ പ്രശ്നക്കല്ലേ.. സാറെ പ്രശ്നമാക്കല്ലേ പ്ലീസ്.. ഉപ്പയെങ്ങാനും അറിഞ്ഞാൽ എന്നെ വീട്ടിൽ പോലും കയറ്റില്ല… ”

” ഹാ എനിക്ക് പ്രശ്നം ഉണ്ടാക്കണം എന്നൊന്നും ഇല്ല കൊച്ചെ… ചോദിച്ചപ്പോ പരസ്പരം അറിയില്ലെന്നും കൂടി കള്ളം പറഞ്ഞ പിന്നെ ഞാൻ എങ്ങിനെ വിടാനാ… ”

si മറുപടി പറഞ്ഞു..

” നീ ഇങ്ങു വന്നേ…”

ഒരുവൻ കണ്ണനെ പിടിച്ചു അവളുടെ അടുത്തേക്ക് നിർത്തി…

” നിങ്ങള് ധൈര്യായിട്ടു പറ പിള്ളേരെ പരസ്പരം ഇഷ്ടമാണെന്നു.. ഈ കാക്കി ഇട്ടവരെ പേടിച്ചു നിങ്ങൾ ഒന്നും മറക്കണ്ട …. ഇവമ്മാർക്കുള്ള പണി നമുക്കു ഇപ്പോ കൊടുക്കാം ”

അയ്യാൾ മൊബൈൽ എടുത്തു ഫയാബൂകിൽ ലൈവ് ഓണാക്കി… മറ്റെയാൾ ഷൂട്ട് ചെയ്തു

” സുഹൃത്തുക്കളെ വഴിയരുകിൽ സംസാരിച്ചു നിക്കുവായിരുന്ന രണ്ട് കമിതാക്കളെ ഇവിട അനാശാസ്യം എന്ന് പറഞ്ഞു തടഞ്ഞു നിർത്തി പോലീസ് കൈക്കൂലി ചോദിക്കുക ആയിരുന്നു.. എന്തൊരു അനീതി ആണിത്…

നിഹാല മുഖം മറക്കാൻ ശ്രമിച്ചു

ഒരു നിമിഷം നിർത്തി

” ദാ നോക്കു… നടു റോഡിൽ വെച്ചു അവർ എന്ത് അനാശാസ്യം ചെയ്യാനാണ്….

അയ്യാൾ തുടർന്നു….

സോഷ്യൽ മീഡിയയിൽ വയറലായി

ന്യൂസ് ചാനലുകാർ ഏറ്റു പിടിച്ചു….

അണ്ടിപ്പരിപ്പും മുന്തിരിയും വരുന്നതും കാത്തിരുന്ന ആശയോട് മകൾ

” അമ്മാ ദേ ടീവിയിൽ ചേട്ടൻ ”

അവൾ ടിവിയുടെ മുന്നിലേക്ക് ഓടി വന്നു..

” എന്റെ പൊന്നു ദൈവമേ… ഇനി അവക്കും കൂടി ഞാൻ ചിലവിനു കൊടുക്കേണ്ടി വരുമല്ലോ ”

” അതൊക്കെ സഹിക്കാം.. ആ പെണ്ണിനെ നോക്ക്യേ മുസ്‌ലിം ആന്നാ തോന്നണേ… അമ്മേടെ മോന്റെ കാര്യം ഏതാണ്ട് തീരുമാനം ആയി ”

” എന്നാലും ഇവനിതെങ്ങനെ ഒപ്പിച്ചു… അവന്റടുത്താ കൊച്ച് നിക്കുമ്പോൾ ഒണക്ക മുന്തിരിടെ കൂടെ അണ്ടിപ്പരിപ്പ് വെച്ച പോലുണ്ട് ”

” നല്ല ബെസ്റ്റ് ഉപമ ”

പ്രശ്നം വഷളായി…

സദാചാര പോലീസിങ്ങിനു എതിരെ സോഷ്യൽ മീഡിയ ആഞ്ഞടിച്ചു…

പരമ്പര ശത്രുക്കൾ ആയ ചില വർഗീയ പാർട്ടിക്കാർ പരസ്പരം ചെളി വാരി എറിഞ്ഞു…

സ്റ്റേഷനിൽ പോലീസുകാരുടെ മധ്യസ്ഥതയിൽ ഇരു വീട്ടുകാരും ഇരുന്നു… ആരും അവരോടു മാത്രം ഒന്നും ചോദിച്ചില്ല.. പറയുന്നത് കേൾക്കാനും നിന്നില്ല…

സ്റ്റേഷന് പുറത്തെ ബഞ്ചിൽ ഇരുവശങ്ങളിലും ആയി അപരിചിതരെ പോലെ അവർ ഇരുന്നു

” എന്താ തന്റെ പേര്? ”

നിഹാല അവനോടു ചോദിച്ചു…

” കണ്ണൻ ”

മുഖത്ത് നോക്കാതെ അവൻ മറുപടി പറഞ്ഞു…

” എന്നെ എന്തായാലും താൻ വീട്ടിൽ കൊണ്ടു പോവേണ്ടി വരും ”

ഞെട്ടലോടെ കണ്ണൻ അവളെ നോക്കി

” നോക്കാൻ ഒന്നും ഇല്ല… ഒന്നെങ്കിൽ ഉപ്പ നമ്മളെ രണ്ട് പേരേം കൊല്ലും അല്ലെങ്കിൽ എന്നെ ഉപേക്ഷിക്കും… ഇതിൽ ഏതു നടന്നാലും താൻ കൂടെ ഉണ്ടാവും ”

” ഞാൻ കൊണ്ടോവാത്തൊന്നും ഇല്ല… അയ്യടി മനമേ…. ”

” പിന്നെ തന്റെ പെണ്ണാണെന്ന് പറഞ്ഞു നാട്ടുകാര് മുഴുവൻ കണ്ട എന്നെ ഇനി ആര് കെട്ടാനാണ്? ”

” ഞാൻ സത്യായിട്ടും അണ്ടിപരിപ്പും മുന്തിരീം മേടിക്കാൻ പോയതാണ്…. എനിക്ക് പ്രേമിക്കാൻ ഒന്നും അറിയൂലാ ”

അവൾക്കു ചിരി വന്നു…

” എന്നിട്ടാ അണ്ടിപ്പരിപ്പും മുന്തിരീം എവിടെ ??? ”

കണ്ണൻ പോക്കറ്റിൽ തപ്പി…

” അയ്യോ സിപ്പപ്പ് തിന്നുന്നതിനിടയിൽ അതെടുക്കാൻ മറന്നു… ”

” ബെസ്റ്റ്…. ”

” തനിക്കു ടെൻഷൻ ഒന്നും ഇല്ലേ ??? തന്റെ ആ കാമുകൻ എവിടെ പോയി.. അയ്യാളെ വിളിച്ച സത്യം എല്ലാര്ക്കും മനസ്സിലാവില്ലേ ???

” ഫോൺ സ്വിച് ഓഫാ.. അവൻ വരില്ലെടോ… എനിക്ക് ഒരു ചതി മണത്തിരുന്നു…ഞങ്ങടെ ആദ്യത്തെ കൂടിക്കാഴ്ച്ചയാ…. അതിങ്ങനായി ”

കുറച്ചു നേരം രണ്ട് പേരും മിണ്ടാതിരുന്നു…

” തനിക്കു ജോലി ഉണ്ടോ ??? ”

കണ്ണൻ അവളെ നോക്കി ചോദിച്ചു…

” ഉണ്ട് ”

” എത്ര സാലറി ഉണ്ട് ? ”

” ഒന്നര ലക്ഷം മാസ്സം കിട്ടും ”

” ഭർത്താവിന് ജോലി വേണോന്നു നിർബന്ധം ഉണ്ടോ ??? ”

അവൾക്കു ചിരി വന്നു… അവനെ അടിമുടി നോക്കി

” ഇല്ല ”

കണ്ണന്റെ മുഖം തെളിഞ്ഞു…..

” എന്തെ മനസ്സിൽ ലഡ്ഡു പൊട്ടിച്ചോ ?? ”

” എല്ലാം ഒരു ഈശ്വര നിമിത്തം.. ലേ ”

കണ്ണൻ കുറച്ചൂടെ അവളുടെ അരികിലേക്ക് ഇരുന്നു…

” ഉപ്പ കൊല്ലൂലായിരിക്കും ലേ… 😁 ”

” ഇല്ലായിരിക്കും 🤭 ”

” അമ്മയോ ??? ”

” അമ്മ…. നിനക്ക് പായസം ഉണ്ടാക്കാൻ അറിയുവോ ??? ”

” പായസം 🙄 ആ.. ഒരു കൈ നോക്കാം 😁 ”

” അപ്പൊ പിന്നെ അമ്മ ഫ്ലാറ്റ്… ”

” എനിക്കൊരു ആഗ്രഹം… ”

” എന്താ ??? ”

” എന്നെ ആ സൈക്കിളിനു ഫ്രണ്ടിൽ കയറ്റി രണ്ട് റൌണ്ട് ഓടിക്കുവോ… ??? ”

” ഓ… അതിനെന്ന…. ”

അകത്തു പൊരിഞ്ഞ ചർച്ച നടക്കവേ സൈക്കിളും തള്ളി പുറത്തിറക്കി നിഹാലയും കണ്ണനും റോഡിലേക്കിറങ്ങി… അവൾ സൈക്കിളിനു ഫ്രണ്ടിൽ ഇരുന്നു.. കണ്ണൻ ചവിട്ടാൻ തുടങ്ങി…..

“പേടിയുണ്ടോ…? ”

” ഏയ്‌ ”

” എന്നാലും പിടിച്ചിരുന്നോ പറപ്പിക്കും ഞാൻ ”

” നിഹാല പൊട്ടി ചിരിച്ചു ”

അങ്ങനെ ഉർവശി ശാപം ഉപകാരം എന്ന പോലെ ചില സദാചാര തെണ്ടികൾ മൂലം അവർക്കു സന്തോഷമുള്ളൊരു ജീവിതം കിട്ടി.. ചില നിമിത്തങ്ങൾ അങ്ങനാണ് ❣️

രചന: കണ്ണൻ സാജു

Leave a Reply

Your email address will not be published. Required fields are marked *