പ്രേമിച്ച ആളെ തന്നെ കല്ല്യാണം കഴിക്കാ എന്ന്ള്ളത് ഈ ബിരിയാണി വിളമ്പ്ന്ന മാതിരി അത്ര എള്പ്പള്ള കേസ് കെട്ടല്ല…

രചന: shabna shamsu

ഒരു പ്രേമക്കഥ

ഞാൻ പ്ലസ് ടു വിന് പഠിക്ക്ണ സമയം.,, ടൗണില് ബസിറങ്ങിയിട്ട് ഒരു അര കിലോമീറ്ററ് നടക്കണം സ്ക്കൂളിലെത്താൻ…

എൻ്റെ റൂട്ടില് വേറെ ആരും ഇല്ലാത്തോണ്ട് രാവിലെ പോവുമ്പോ കൂട്ടിന് ആരും ഉണ്ടാവൂല…

വൈകിട്ട് തിരിച്ച് വരുമ്പോ എല്ലാരു ടിയാണ് വരാ… ബസ് ഇറങ്ങുന്ന സ്റ്റോപ്പിനടുത്ത് കുറച്ച് മാറി ഒരു കോഴിക്കടയുണ്ട്. ചെറുപ്പം തൊട്ടേ കോഴികളോട് എനിക്ക് വല്ലാത്തൊരു പിരിശമാണ് … എവിടെ കണ്ടാലും ഞാൻ നോക്കും.. അത് നാട്ടിലെ കോഴി കൂട്ടിലെ കോഴീന്നൊന്നുല്ല… അതിനെ നല്ല മസാല തേച്ച്പൊരിക്കണതും ചാറ് വെക്ക്ണതും നെയ്ച്ചോറിൻ്റെ മേലെ ചുറ്റിച്ച് ഒയിച്ച് കൂട്ടികൊയച്ച് തിന്ന്ണതും കിനാവ് കാണല് സ്ഥിരം പരിപാടിയാണ്. അതോണ്ടെന്നെ ആ കോഴിക്കടേല്ക്ക് എന്നും രാവിലെ കൊതിയോടെ നോക്കാറുണ്ട്..

ഒരീസം കോഴിക്കടേലെ കറുത്ത പാൻ്റും ചുമപ്പ് ടീ ഷെർട്ടും ഇട്ട സുമുഖനായ ഒരു ചെങ്ങായി എന്നെ പ്രണയപൂർവ്വം നോക്കിയ പോലെ എനിക്ക് തോന്നി…. എൻ്റെ സ്ഥിരമായുള്ള നോട്ടം കാരണം ആവും… ഞാൻ നോക്കിയത് അയാളെ കോഴി കളെയാണന്ന് മൂപ്പർക്ക റീലാലോ…. അതീപിന്നെ കോഴിക്കടയിലേക്ക് നോക്കാതെയാണ് ഞാൻ പോവാറ് (സത്യായിട്ടും)… ഞാൻ വായ് നോക്കുന്ന ഒരു അലവലാതിയാണെന്ന് മൂപ്പർക്ക് തോന്നാൻ പാടില്ല….. എനിക്ക് ഇമ്മായിരി കാര്യത്തിലൊന്നും തീരെ താൽപര്യല്ലാന്ന് തോന്നിക്കാൻ ഒടുക്കത്തെ ഗമ ഇട്ടിട്ടാണ് പിന്നീട് നടക്കാറ്….

ഞാൻ നോട്ടം അവസാനിപ്പിച്ചതിൽ പിന്നെ ഒരു ദിവസം കോഴിക്കടേലെ ചെങ്ങായിണ്ട് ഒരു സൈക്കിളിൽ എൻ്റെ പുറകെ വരുന്നു… കോയികളെ മാത്രം നോക്കി ശീലിച്ച ഓൻ്റെ കണ്ണ് കണ്ടപ്പോ പ്രേമം നിറച്ച കണ്ണുള്ള ഒരു കുറുക്കനെ പോലെ തോന്നി.

പിറ്റേ ദിവസവും അതേപോലെ സൈക്കിളിൽ പുറകെ വന്നു. കൂട്ടുകാരികളുടെ ലൗ ലെറ്റർ വായിക്കാൻ മാത്രം വിധിക്കപ്പെട്ട എനിക്ക് ആദ്യായിട്ടാണ് ഇങ്ങനൊരു അനുഭവം. അതും ഒരു കോയി മൊതലാളി…. പിറ്റേന്നും പിറ്റേന്നും ഒക്കെ അങ്ങനെ തന്നെ… ഞാൻ സ്ക്കൂളില് എത്തണ വരെ ഓൻ പുറകെ വരും. ഗേറ്റ് കടന്നാ തിരിച്ച് പോവും.. ഞാനാണെങ്കിലോ, എൻ്റെ മുമ്പിന്ന് മേലോട്ട് നോക്ക്യാലും ആകാശം കാണും.,…. ന്നാലും ബാക്കിൽ കൂടി മുകളിലേക്ക് നോക്കി സൂര്യനൊക്കെ ഉദിച്ചത് ശരിയായിറ്റ് തന്നെയല്ലേ എന്ന് നോക്കും… ഓനാണെങ്കിലോ ഒന്നും പറയും ല്ല. മുണ്ടും ല്ല. അങ്ങനെ കുറേ ദിവസം കഴിഞ്ഞു ..

CID മൂസയിലെ ദിലീപിനെ പോലെ മേം നെ പ്യാർ കിയാ പാടിയില്ലേലും ഭാവനയെക്കാൾ അഹങ്കാരത്തിലായിരുന്നു എൻ്റെ നടപ്പും ഭാവവും… ന്നിട്ടും ഓൻ്റെ വരവിനും നോട്ടത്തിനും ഒരു ദിവസം പോലും മുടക്കം വന്നില്ല…. പ്രത്യേകിച്ച് ശല്യം ഒന്നും ഇല്ലാത്തോണ്ട് ഞാൻ ഇക്കാര്യം ആരോടും പറഞ്ഞില്ല….

ഒരു ദിവസം മൂപ്പരെ കാണ്ന്നില്ല… ഇന്നെന്ത് പറ്റീന്ന് ആലോയ്ച്ചപ്പൾത്തേക്കും മുന്നില്ണ്ട് ആൾ…. പെട്ടെന്ന് ഓനെ കണ്ടതും ഞാൻ ആകപ്പാടെ വിജിലമ്പിച്ച് പോയി … സ്ക്കൂളില് എത്ത്ന്നതിന് മുമ്പ് ഒരു ശ്മശാനം ഉണ്ട്. അതിൻ്റെ സൈഡില് കറുപ്പും ചോപ്പും കളറില് മൂപ്പരും മൂപ്പരെ സൈക്കിളും…

അന്നാദ്യമായിട്ട് എനിക്കിത്തിരി പേടി തോന്നി. ഇതെന്തിനുള്ള പുറപ്പാടാ… അടുത്തെത്തിയപ്പോ മനസിലായി.. ആള് ഭയങ്കര ബേജാറിലാണ്… ഇമ്മായിരി പരിപാടിയൊന്നും ശീലമില്ലാന്ന് തോന്നുന്നു.ചെർതായി വിറക്കുന്നുണ്ട്…ഞാൻ അടുത്തെതിയതും

“ഒന്ന് നിക്കോ… എനിക്കൊരു കാര്യം പറയാൻണ്ട്‌”

“ആ…. എന്ത് കാര്യാ….. ”

“അൻ്റെ പേരെന്താന്നൊന്നും എനിക്കറിയൂല…. പക്ഷേങ്കില് ഇനിക്ക് അന്നെ ഭയങ്കര ഇഷ്ടാ… മറുപടി ഇന്ന് പറയണ്ട… ആലോയ്ച്ച്ട്ട് നാളെ പറഞ്ഞാ മതി.. ”

“അത് മാണ്ട… ഇന്നെന്നെ പറയാ… ഇനിക്കൊരു ലൈൻ ണ്ട് … ദുബായിലാ…ഞാൻ ഓനെയേ കെട്ടുള്ളൂ…. ഇതും പറഞ്ഞിനി ൻ്റെ പുറകില് വരണ്ട ട്ടോ …”

“അത് യ്യ് വെർതെ പറയല്ലേ ”

”അല്ല… കാര്യായിറ്റാ.. ”

” ഉം”

ഒന്ന് മൂളി…. വേറൊന്നും പറഞ്ഞില്ല… ഓൻ്റെ മുഖമൊക്കെ ചോന്ന് ചുണ്ടൊക്കെ വിറച്ച് കണ്ണ്ന്ന് ലേശം വെള്ളവും ചാടി.. ( തളളിയതല്ല ട്ടോ … ശരിക്കും ചാടി) എന്നിട്ട് മെല്ലെ സൈക്കിളും ഉരുട്ടി നടന്ന് പോയി … തിരിഞ്ഞ് നോക്കിയതേ ഇല്ല… ഞാൻ നേരെ സ്ക്കൂളിലേക്കും പോയി … പിന്നെ ആ മനുഷ്യനെ ഞാൻ കണ്ടിട്ടില്ല… ഒരു ആറ് മാസം കൂടി ഞാൻ അവിടെ പഠിച്ചു.ഒരിക്കൽ പോലും കണ്ടില്ല. അത്ര കടുപ്പിച്ച് പറയ ണ്ടായ്നു.. ഒന്നൂല്ലേലും ഒരു മെനക്കെടും ഇല്ലാണ്ട് ഇത്രേം ആത്മാർത്ഥമായിട്ട്ള്ള എസ്കോർട്ട് വേറെ ആർക്കേലും കിട്ടോ…ദുൽഖർ സൽമാൻ്റെ ആളാ…. പുറകെ നടക്കാനല്ല ഒപ്പം നടക്കാനാ ഇഷ്ടംന്ന് തോന്നുന്നു. അത് നടക്കൂലാന്ന് തോന്നിയപ്പം പിന്നെ വന്നിട്ടില്ല…

അങ്ങനെ കൊല്ലങ്ങള് കുറേ കഴിഞ്ഞു… ഞാൻ കല്യാണം കഴിച്ച് മൂന്ന് കുട്ടികളായി…. ഓട്ടപ്പാച്ചിലും ജോലിത്തിരക്കും ഒക്കെയായി ജീവിതത്തില് അത്ര കണ്ട് പ്രധാന്യം കൊടുക്കാത്ത പലതിനെയും മറന്നെന്ന് അഭിനയിക്കുന്ന കൂട്ടത്തില് ഇതും പെട്ടു….

കഴിഞ്ഞ ആഴ്ച കുട്ട്യോളേം കൂട്ടി എൻ്റെ തറവാട്ടിൽ ഒരു കല്യാണം കൂടാൻ പോയി …. ഏകദേശം ഉച്ച 12 മണിയായിട്ടുണ്ട്… ചെന്ന് കേറിയപ്പോ തൊട്ട് നല്ല കോയി ബിരിയാണിൻ്റെ മണം.. ഒക്കത്തിരിക്കുന്ന എൻ്റെ മോൾ മെല്ലെ ചിണുങ്ങാൻ തുടങ്ങി…

“മ്മച്ചീ…. ഇനിക്ക് വെശന്നിട്ടേ വെയ്യ ”

“അയ്ന് സമയായിക്കില്ലാലോ… കൊറച്ച് കയിഞ്ഞിട്ട് തിന്നാ ട്ടോ ”

” പറ്റൂല.,,, ഇപ്പോ തന്നെ മാ ണം…. ഇനിക്ക് ബിണിയാണി മാണം ”

ഓള് തൊടങ്ങ്യാ പിന്നെ നിർത്തൂല… ബിരിയാണിൻ്റെ മണം അടിച്ച്ട്ട്ളള വെശപ്പാണ് … ഉമ്മാൻ്റെ മോളെന്നെ… ഇനിപ്പോ വിശപ്പ് മാറിയാലേ ആരോടേലും ഒന്ന് വർത്താനം പറയാനെങ്കിലും സമ്മയ്ക്കുള്ളൂ… ഞാൻ അടുക്കളേന്ന് ഒരു പ്ലേറ്റ് എടുത്ത് വീടിൻ്റെ പുറകില് ബിരിയാണി വെക്കുന്നിടത്തേക്ക് പോയി… അവിടെണ്ട് അധികം പ്രായല്ലാത്ത ഒരു ചെറുപ്പക്കാരൻ ഭക്ഷണം വിളമ്പുന്നു.,,

” ഇതോക്ക്… ഇതില് കൊറച്ച് ചോറ് തരോ… ലേശം മതി .. മോൾക്ക് കൊട്ക്കാനാ…”

തിരിഞ്ഞ് നിന്ന് അയാള് പ്ലേറ്റ് വാങ്ങിയപ്പോ ഞാൻ ഞെട്ടിപ്പോയി… അന്ന് വെള്ളം ചാടിയ അതേ കണ്ണ്…. അന്നത്തെ കോയിപ്പീടിയക്കാരൻ ഇപ്പോ ബിരിയാണി വെപ്പ് കാരനായി പ്രൊമോഷൻ കിട്ടീക്ക്ണ്… മൂപ്പർക്ക് യാതൊരു ഭാവ വ്യത്യാസവും ഇല്ല. ബിരിയാണി വിളമ്പി കയ്യിൽ തന്നു…. ഞാനും ഒന്നും പറഞ്ഞില്ല… അതും വാങ്ങി അകത്തോട്ട് പോയി.. പിന്നെയാണ് എനിക്ക് കത്തിയത്… എൻ്റെ മുഖത്ത് മാസ്ക്ക് ഉണ്ടായിരുന്നു… അതാണ് ഓനിക്ക് മനസ്സിലാവാത്തത്…. ഹൗ ൻ്റെ കൊറോണേ.. 18 കൊല്ലത്തിന് ശേഷാ ഞങ്ങള് കാണുന്നതെന്നുള്ള വല്ല വിജാരോം അനക്ക് ണ്ടോ …

ഏതായാലും ഞാൻ പിന്നെ ആ ഭാഗത്തേക്ക് പോയില്ല…. കുറേ കാലം എസ്കോർട്ട് വന്നതല്ലേ… ഒന്ന് വർത്താനം പറയണംന്ന് ഉണ്ടായിരുന്നു….

കുറേ കഴിഞ്ഞ് ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോ പെട്ടെന്ന്ണ്ട് മുമ്പിലൊരാള് ബിരിയാണി പാത്രവും പിടിച്ച് അന്തം വിട്ട് നിക്ക്ന്ന്… ഞാൻ നോക്കിയതും ഞങ്ങള് രണ്ടാളും വീണ്ടാമതും വിജിലമ്പിച്ചു…. ഞാൻ ചെർതായിട്ടൊന്ന് ചിരിച്ച്… അപ്പോ അടുത്ത് വന്ന് അറിയോന്ന് ചോദിച്ച്…

“പിന്നെ അറിയാണ്ടോ ‘… ഇപ്പോ കോയിക്കച്ചോടെല്ലെ?”

” ണ്ട്…. ഒയിവുള്ളപ്പോ ഇതും ചെയ്യും… കോറോണ ഒക്കെ അല്ലേ…. പിടിച്ച് നിക്കണ്ടേ….ഞ്ഞി എങ്ങനെ ഇവ്ടെത്തി?”

“ഇത് ൻ്റെ തറവാടാ… ദാ ആ കാണുന്നതാ ൻ്റെ വീട്…”

“അത് ശരി…. വേറെന്താ….ഇതൊക്കെ അൻ്റെ മക്കളാണോ?… എത്ര ആളാ…”

“ഉം.. മൂന്നാള്… മൂന്നും പെങ്കുട്ട്യോളാ…. അനക്കോ?”

“രണ്ടാള്…. ഒരാണും ഒരു പെണ്ണും…. അതല്ലാ.. ഞമ്മളെ പഴേ ലൈൻ തന്നെ അല്ലേ ഇവരെ വാപ്പ…”

നല്ലൊരു കോയിൻ്റെ കഷണം വായിന്ന് പ്ലേറ്റ് ക്കെന്നെ വീണു…. നാല് ഭാഗത്തേക്കും നോക്കി …. ഓൻ്റെ ഒരു ഒലക്കമ്മലെ ചോദ്യം….

” പിന്നേ… പ്രേമിച്ച ആളെ തന്നെ കല്ല്യാണം കഴിക്കാ എന്ന്ള്ളത് ഈ ബിരിയാണി വിളമ്പ്ന്ന മാതിരി അത്ര എള്പ്പള്ള കേസ് കെട്ടല്ല…. ലേശം നയിപ്പ് ണ്ട്”

ലേശം ശബ്ദം താഴ്ത്തിയാ ഞാൻ പറഞ്ഞത്…..

“ന്തേയ്… അപ്പോ കെട്ടീലേ…”

“മ്ചും ”

” അതെന്തേ… ”

” നിറം കുറവാണോലേ… ചൊർക്കില്ലാന്ന്…. ന്നിട്ട് വെളുത്ത് ചോന്ന് മദാമൻ്റെ പോലെള്ള ഒരുത്തീനെ കെട്ടി…. അതാണെങ്കി ൻ്റെ കൂടെ പഠിച്ചോളാ…. ”

“ആഹാ… ബെസ്റ്റ്… എനിക്കന്നേ അറിയായിരുന്നു ഓൻ ഇത് പറയും ന്ന്…. അതല്ലേ ഞാൻ പിന്നെ അൻ്റെ ബേക്കില് വരവ് നിർത്തിയത്….”

അതും പറഞ്ഞ് ബിരിയാണി പാത്രവും പിടിച്ച് ഓൻ സ്ലോ മോഷനിൽ ഒരു പോക്ക് പോയി..

ആ പറഞ്ഞതിന് വേറെ ഒരർത്ഥം ഇല്ലേ എന്ന് ചിന്തിക്കുമ്പളേക്കും ബിരിയാണി തൊണ്ടയിൽ കെട്ടി അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാണ്ട് കണ്ണും തള്ളി ഇരുന്നു പോയി….

NB :(ഓൻ്റെ അവസാനത്തെ ഡയലോഗ് വായിച്ചിട്ട് ങ്ങൾ ക്കാർക്കെങ്കിലും തഗ് ലൈഫിലെ കണ്ണടയും ബീഡിക്കുറ്റിയും ഓൻ്റെ ചുണ്ട് മ്മലും കണ്ണ്മ്മലും വെക്കാൻ തോന്നുന്നുണ്ടേൽ വെച്ചോളി… ഇനിക്കൊരു കൊയപ്പോം ഇല്ല….)

ഒരു NB കൂടി…. ഈ കഥ ആരും ൻ്റെ മാപ്പൾനോട് പറയരുത് ട്ടോ…….😛😛

രചന: shabna shamsu

Leave a Reply

Your email address will not be published. Required fields are marked *