സ്നേഹം കൊണ്ട് ഒരിക്കൽ തോറ്റു പോയവനാണ് ഞാൻ, ഇപ്പൊൾ അത് പൂർണ്ണമായും ഞാൻ മറികടന്നു…

രചന: നീതു നീതു

” ജീനാ…വൈകിട്ട് പോയിട്ട് ധൃതി ഉണ്ടോ??””

” ഇ …ഇല്ല സാർ…എന്തേ!!!???”

” എങ്കിൽ ഓഫീസ് വിടുമ്പോൾ ഒന്ന് കോഫീ ഷോപ്പ് വരെ വരുമോ?? എനിക്കൊരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു..”

” എ…എന്താണ് സർ…പറഞ്ഞോളൂ…”

” ഇവിടെ വെച്ച് പറ്റില്ല ജീന…ഇത് പേഴ്സണൽ കാര്യം ആണ്….ബുദ്ധിമുട്ട് ആകില്ല എങ്കിൽ വൈകിട്ട് കാണാം…വരുമോ???”

” വ..വരാം സർ….എനിക്ക് ബുദ്ധിമുട്ടില്ല”

” ഓകെ…എങ്കിൽ വൈകിട്ട് കാണാം…ബൈ..”

മിഥുൻ പോയിട്ടും ജീന കണ്ണും മിഴിച്ചു അതേ നിൽപ്പ് തുടർന്നു….രമ്യ വന്നു കയ്യിൽ ആഞ്ഞ് ഒരു തട്ട് കൊടുത്തപ്പോൾ ആണ് അവൾക്ക് ബോധം വന്നത്..ചുറ്റും നോക്കിയപ്പോൾ മറ്റു സ്റ്റ്റാഫുകൾ എല്ലാം വിചിത്ര ജീവിയെ പോലെ അവളെ നോക്കി നിൽപ്പുണ്ട്….

” അങ്ങേരു എന്താഡീ നിന്നോട് മാത്രം വന്നു പറഞ്ഞിട്ട് പോയെ??” രമ്യയുടെ ചോദ്യം കേട്ടിട്ട് ജീന അവളെ മിഴിച്ചു നോക്കി

” എടീ പൊട്ടി നിന്നോടാ ചോടിച്ചേ….സർ എന്താ നിന്നോട് പറഞ്ഞെ എന്ന്”” രമ്യ അവളെ കയ്യിൽ പിടിച്ചു ശക്തമായി കുലുക്കി..

” അ ..അത്…വൈകിട്ട് കാണണം എന്ന്…””

” എന്തിന്!!!!”””

” ആവോ… എനിക്ക് അറിഞ്ഞൂടാ””

” നിനക്ക് അറിയില്ലേ??” രമ്യ അമ്പരപ്പ് മാറാതെ പിന്നെയും അവളോട് ചോദിച്ചു

” ആ…വൈകിട്ട് സംസാരിക്കാൻ ഉണ്ടെന്ന് മാത്രം പറഞ്ഞു….എന്താണെന്ന് പറഞ്ഞില്ലടീ..”

“ഹുംം…കൊള്ളാം….എന്തോ ചുറ്റി കളി ആകും മോളെ….അല്ലെങ്കിൽ ഇരുപത്തി നാല് മണിക്കൂറും മുഖവും വീർപ്പിച്ചു ആരോടും മിണ്ടാതെ നടക്കുന്ന അങ്ങേരു നിന്നോട് മാത്രം എന്ത് സംസാരിക്കാൻ ആണ്??”

രമ്യയുടെ പറച്ചിൽ കേട്ട് ജീന അവളെ ഒന്ന് കൂർപ്പിച്ചു നോക്കി….അവള് ഒന്ന് ഇളിച്ച് കാട്ടി അവളുടെ സീറ്റിൽ പോയിരുന്നു …ചുറ്റും നോക്കി നിന്നവരെ ഒന്ന് നോക്കി ചിരിച്ചു കാട്ടി ജീനയും സീറ്റിലേക്ക് ഇരുന്നു.

മിഥുൻ എന്താണ് അങ്ങനെ പറഞ്ഞത് എന്ന് എത്ര ആലോചച്ചിട്ടും അവൾക്ക് ഒരു പിടിയും കിട്ടിയില്ല…..ആകെ മൊത്തം ഒരു അമ്പരപ്പിൽ ആയിരുന്നു അവള്….മൂന്ന് മാസം മുന്നേ ആണ് മിഥുൻ അവരുടെ കമ്പനിയിൽ ജോയിൻ ചെയ്തത്….അവളുടെ ഒക്കെ സീനിയർ പോസ്റ്റ്….ചെറുപ്പക്കാരൻ ആണെങ്കിലും ഒരു പ്രത്യേക ടൈപ്പ് ആണ് പുള്ളി….ആരോടും ആവശ്യം ഇല്ലാതെ മിണ്ടുന്നതോ കൂട്ടുകൂടുന്നതോ ഇതുവരെ കണ്ടിട്ടില്ല….ജൂനിയർ സ്റ്റാഫ് പോയിട്ട് അയാളുടെ അതേ പോസ്റ്റിലെ മറ്റു സീനിയർ സ്റ്റാഫിന്റെ പോലും കമ്പനി ഇല്ല……എന്തൊക്കെ പറഞ്ഞാലും വർക്കിന്റെ കാര്യത്തിൽ ആളു പുലി ആണ്…അതുകൊണ്ട് തന്നെ എംഡി ക്ക് ഒക്കെ വലിയ കാര്യം ആണ് പുള്ളിയെ….കൃത്യ സമയത്ത് വരും ജോലി ചെയ്യും പോകും…..ആളു കല്യാണം കഴിഞ്ഞത് ആണെന്ന് മാത്രം അറിയാം…മറ്റു കാര്യങ്ങൽ ഒന്നും തന്നെ ബാക്കി ആർക്കും അറിഞ്ഞൂട..

അന്ന് മുഴുവൻ ജീന ആകെ ആലോചനയിൽ ആയിരുന്നു….എന്താണ് മിഥുൻ പറയാൻ പോകുന്നത് എന്ന് എത്ര ചിന്തിച്ചിടടും അവൾക്ക് ഒരു രൂപവും കിട്ടിയില്ല…ജോലിയുടെ കാര്യങ്ങൽ ഒന്നും അങ്ങനെ പിന്നേക്ക്‌ വക്കുന്ന രീതി മിഥുന് ഇല്ല….പിന്നെ എന്താകും…ആലോചിച്ചു ആലോചിച്ചു ആകെ വട്ട് പിടിക്കുന്നത് പോലെ തോന്നി അവൾക്ക്…വൈകുന്നേരം വരെ എങ്ങനെയോ തള്ളി നീക്കി ഓഫീസിന് താഴെ ഫ്ലോറിൽ ഉള്ള കോഫി ഷോപ്പിൽ പോയി ഇരിപ്പായി അവള്. ജീന വന്ന് ഏകദേശം പത്തു മിനിറ്റോളം കഴിഞ്ഞാണ് മിഥുൻ അവിടേക്ക് എത്തിയത്..അവൾക്കായി നേർത്ത ഒരു ചിരി വരുത്തി ഒപ്പോസിട് ചെയറിൽ അവനും ഇരുന്നു….

” ജീനക്ക്‌ ബുദ്ധിമുട്ടായി അല്ലേ??”

” ഹേയ് ഇല്ല സർ…സർ കാര്യം പറഞ്ഞോളൂ”

മിഥുൻ അവന്റെ പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു അവൾക്ക് നേരെ നീട്ടി….കാര്യം മനസ്സിലായി ഇല്ലെങ്കിലും അവളത് വാങ്ങി നോക്കി….ഒരു വിവാഹ ഫോട്ടോ ആയിരുന്നു അത്….കണ്ണുകൾ ആദ്യം പോയത് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന പെൺകുട്ടി യിലേക്ക് ആണ്…”””സ്വാതി””‘ അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.വരനെ കണ്ട് അമ്പരന്നു ജീന ഒന്നുകൂടി മിഥുന്റെ മുഖത്തേക്ക് നോക്കി…അത് അവൻ തന്നെ ആണെന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല….തന്റെ മുമ്പിൽ ഇരിക്കുന്ന ആളു ഫോട്ടോയിൽ കാണുന്ന മിഥുന്റെ ഒരു നിഴൽ രൂപം പോലെ തോന്നി….തന്റെ വധുവിനെ ചേർത്ത് പിടിച്ചു നിൽക്കുന്ന , മുഖത്ത് സന്തോഷമോ അഭിമാനമോ ഒക്കെ നിറച്ച് ഉത്സാഹവാനായ ഒരു പയ്യൻ… അൽഭുതം വിട്ടു മാറാതെ അവള് മിഥുന് ചോദ്യ ഭാവത്തിൽ നോക്കി…

” എന്റെ…എന്റെ വൈഫ് ആണ്…. സ്വാതി..”

അവൻ എന്താണ് പറഞ്ഞു വരുന്നത് എന്ന് കേൾക്കാൻ ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി ഇരിപ്പാണ് ജീന….അത് കണ്ടിട്ടാവണം ചെറിയൊരു പതർച്ച അവന്റെ മുഖത്ത് വന്നു.

“ആറു മാസങ്ങൾക്കു മുൻപ് ആയിരുന്നു എന്റെം സ്വാതിയുടെയും വിവാഹം….വീട്ടുകാരുടെ അനുഗ്രഹത്തോടെ ഒരു അറേഞ്ച് മാര്യേജ്…പക്ഷേ മൂന്ന് , നാല് മാസമേ ഞങൾ ഒരുമിച്ച് താമസിച്ച് ഒള്ളു….അവള് ഇപ്പൊ എന്റെ കൂടെ ഇല്ല….ബാംഗളൂർ ആണ്…ഹെയർസ്റ്റടിക്ക് വേണ്ടി പോയേക്കുന്നൂ…” അത്രയും പറഞ്ഞു മിഥുൻ ഒന്ന് നിർത്തി…എന്തോ കഥ കേൾക്കും പോലെ ഇരിപ്പാണ് ജീന….ഇയാൽ ഇതൊക്കെ എന്നോട് പറയുന്നത് എന്തിനാണ് എന്ന ഭാവവും മുഖത്തുണ്ട്.

” എനിക്ക് ഇത് തന്നോട് എങ്ങനേ പറയണം എന്ന് അയിയില്ലഡോ….വേറെ ആരോടും പറയാൻ തോന്നുന്നില്ല….”

” എനിക്ക് ഒന്നും മനസിലാകുന്നില്ല സാർ…ഇത് വരെ കാര്യം പറഞ്ഞില്ല…” ജീനയുടെ വാക്കുകളിൽ തെല്ലൊരു നീരസം കടന്നു വന്നു.

” ഞാൻ പറയാം ജീന…

ഒരു ബ്രോക്കർ വഴി വന്ന ആലോചന ആണ് സ്വാതിയുടെ….പിന്നെ നേരിട്ട് അന്വേഷിച്ചു…തരക്കേട് ഇല്ലാത്തത് കൊണ്ട് പെണ്ണുകാണാൻ പോയി….കണ്ട് ഇഷ്ട്ട്‌പ്പെട്ട് വീട്ടുകാർ തമ്മിൽ സംസാരിച്ചു ഉറപ്പിച്ച് തിന് ശേഷം ആണ് എന്ന് പിരിഞ്ഞത്…. സ്വാതി പഠിച്ചത് ഒക്കെ ബാംഗളൂർ ആണ്….ഡിഗ്രീ കമ്പ്ലീറ്റ് ചെയ്തു നിൽക്കുന്ന സമയത്താണ് ഞാൻ പെണ്ണ് കാണാൻ പോയത്….രണ്ടു കാര്യങ്ങൽ മാത്രേ അവള് എന്നോട് ആവശ്യപ്പെട്ടുള്ള….ഒന്ന് തുടർ പഠനം…പിന്നേ പെട്ടെന്ന് കല്യാണം ഉണ്ടെങ്കിൽ അവൾക്ക് പൊരുത്തപ്പെടാൻ കുറച്ചു സമയം കൂടി കൊടുക്കണം എന്ന്….തുടർ പഠനം എനിക്കൊരു വിഷയമേ അല്ല… എത്ര വേണേലും പഠിപ്പിക്കാൻ ഞാൻ റെഡി ആണെന്ന് പറഞ്ഞു…പിന്നെ രണ്ടാമത്തെ കാര്യം…എത്ര വേണേലും സമയം എടുത്തോളാം ഞാൻ പറഞ്ഞു…അത് രണ്ടും ഒഴിച്ചാൽ വേറെ ഒന്നും തന്നെ പ്രശ്നങ്ങൾ ആയിട്ട് ഉണ്ടായിരുന്നില്ല….. നിശ്ചയം നടക്കുമ്പോളും കല്യാണത്തിനും അവള് വളരെ ഹാപ്പി ആണെന്ന് ആണ് എനിക്ക് തോന്നിയത്….എന്റെ വീട്ടിൽ ഞാനും അച്ഛനും പിന്നെ ഒരു അനിയത്തിയും ആണ് ഉള്ളത്…..അനിയത്തിയുടെ വിവാഹം ഒരു കൊല്ലം മുൻപ് കഴിഞ്ഞു…വിദേശത്ത് ആണ്…

സ്വാതി പ്രത്യേകിച്ച് ഒരു അടുപ്പവും ഞങ്ങളോട് കാട്ടിയിരുന്നില്ല….എന്നോട് ഒരു സുഹൃത്തിനെ പോലെ സംസാരിക്കും…അത്രേ ഒള്ളു……സമയം കൊടുക്കണം എന്ന് നേരെത്തെ പറഞ്ഞത് കൊണ്ട് ഞാനും അത് കാര്യം ആക്കിയില്ല…മിക്കവാറും അവളുടെ വീട്ടിൽ പോയി നിൽക്കും….ഒരുപോക്ക് പോയാൽ അഞ്ചോ ആറോ ദിവസം കഴിഞ്ഞേ വരൂ…പോയാൽ പിന്നെ ഫോൺ വിളി ഒന്നും ഇല്ലേ…ഞാൻ അങ്ങോട്ട് വിളിച്ചാൽ തന്നെ ഒന്നോ രണ്ടോ വാക്ക് മിണ്ടും….അങ്ങനെ മൂണ് , നാലു മാസം എങ്ങനെയോ പോയി….ഒരു ദിവസം അവളുടെ വീട്ടിൽ പോയതാ…ഒരാഴ്ച കഴിഞ്ഞിട്ടും വന്നില്ല…വിളിച്ചിട്ടും ഫോണെടുത്തില്ല …..അവളുടെ വീട്ടിൽ വിളിച്ചിട്ടും ഒരു റസ്പോൺസ് കിട്ടിയില്ല…പിന്നെ രണ്ടും കൽപ്പിച്ചു അങ്ങോട്ട് ചെന്നു…അവളെ കണ്ടില്ല …അവളുടെ വീട്ടുകാർ വളരെ മോശം ആയി എന്നോട് പെരുമാറി…ഞാൻ അവളെ തല്ലിയെന്നോ മറ്റോ ആണ് അവള് അവിടെ പറഞ്ഞു കൊടുത്തിരിക്കുന്നത്…..എത്ര വട്ടം അല്ലെന്നു പറഞ്ഞിട്ടും അവരു വിശ്വസിക്കാൻ തയ്യാറായില്ല….ഒടുക്കം അവളെ പഠിക്കാൻ ബാംഗ്ലൂർ പോയി എന്നും ഇൗ ബന്ധം തുടരാൻ താൽപര്യം ഇല്ലെന്നും അവരു പറഞ്ഞു….ഞാൻ…. എനിക്ക് മറ്റു സ്ത്രീകളും ഒക്കെ ആയി റിലേഷൻ ഉണ്ടെന്ന് ഒക്കെ അവരു പറഞ്ഞു കളഞ്ഞു….ഞാൻ തകർന്നു പോയെടോ…..അമ്മ ഇല്ലെങ്കിലും വളരെ മര്യാദയോട് കൂടി ആണ് അച്ഛൻ ഞങ്ങളെ വളർത്തിയത്….ഞാൻ അവളുടെ വിരൽത്തുമ്പിൽ പോലും തൊട്ടിട്ടില്ല… ആ ഞാൻ എങ്ങനെ ആടോ….മറ്റൊരു പെണ്ണിനെ??”

വളരെ സൗമ്യതയും പറഞ്ഞു തുടങ്ങിയ മിഥുന്റെ വാക്കുകൾ അവസാനം ഇടരി പോയി….കണ്ണുകളിൽ ചെറിയൊരു നീർ തിളക്കം വന്നു നിന്നു്…ജീനക്ക് അത് കണ്ട് എന്തോപോലെ തോന്നി…

” ഇതിന് ഞാൻ…ഞാൻ എന്ത് ചെയ്യാനാ സർ???””

” ജീനക്ക് സ്വാതിയെ അറിയില്ലേ??”

” അങ്ങനെ ചോദിച്ചാൽ അറിയാം….എന്റെ ക്ലാസ്സിൽ ആയിരുന്നു ഡിഗ്രീ ആദ്യ വർഷം…രണ്ടാം വർഷം പകുതിയോടെ അവള് അത് നിർത്തി പോയി…ബാംഗളൂർ പോകുവാ എന്നൊക്കെ പറഞ്ഞതായി ഓർക്കുന്നു”

” അതേ…അവളുടെ മറ്റു സുഹൃത്തുക്കളെ ഒന്നും എനിക്ക് പരിചയം ഇല്ല…ജീന അവളോട് ഒന്ന് സംസാരിക്കണം….എന്താണ് ഞാൻ ചെയ്ത തെറ്റ് എന്ന് ഒന്ന് അറിഞ്ഞാൽ മാത്രം മതി”

” ഞാൻ..ഞാനോ??!!! ഞാനെന്തു സംസാരിക്കാൻ ആണ്??? കുറച്ചു നാൾ കൂടെ പഠിച്ചു എന്ന് അല്ലാതെ അവളും ആയി എനിക്ക് യാതൊരു ബന്ധവും ഇല്ല??””

” ജീന പറഞ്ഞത് ഒക്കെ ശരിയാണ്…പക്ഷേ എനിക്ക് വേണ്ടി ദയവായി ഒന്ന് ശ്രമിച്ചൂടെ??”

” സാറിന് അവരോട് എന്തേലും സംസാരിക്കാൻ ഉണ്ടേൽ നേരിട്ട് ചോദിക്ക്…അല്ലാതെ മറ്റൊരാളെ ഇതിൽ ഇൻവോൾ ചെയ്യിക്കണ്ട…അല്ലെങ്കിൽ തന്നെ സാറിന്റെ ഫാമിലിയിൽ വേറെ ആളുകൾ ഇല്ലേ…അവരോട് ആരോടെങ്കിലും സംസാരിക്കാൻ പറയൂ..ഞാൻ ഇതിൽ എന്ത് ചെയ്യാനാണ്???!!”

” ഇതുവരെ എന്റെ ഫാമിലിയിൽ ഇതൊന്നും ആർക്കും അറിയില്ല….അച്ഛനോട് പോലും അവള് പഠിക്കാൻ പോയേക്കുവാണ് എന്നേ പറഞ്ഞിട്ടുള്ളൂ…പിന്നെ ഉള്ളത് അനിയത്തി ആണ്…എന്നെക്കാൾ ഒത്തിരി ഇളയത് ആണ്..എന്റെ ഒരു കാര്യത്തിൽ അവള് ഇടപെടുന്നതിന് ഒരു പരിധി ഉണ്ട്…. പ്ലീസ് ജീന…ഒന്ന് എന്നെ സഹായിച്ചൂടെ…തനിക്ക് പറ്റും…ഒന്നുമല്ലെങ്കിലും ഒരു സുഹൃത്ത് എന്ന രീതിയിൽ തനിക്ക് അവളോട് സംസാരിക്കാൻ പറ്റൂ മല്ലോ….ഞാൻ ….എന്നെ കണ്ടാൽ എങ്ങനെ ആകും അവള് പ്രതികരിക്കുക എന്നൊന്നും അറിയില്ല….കൂടുതൽ പ്രശനം ഒന്നും ഉണ്ടാക്കാതെ സോൾവ് ചെയ്യാൻ പറ്റുമെങ്കിൽ നല്ലതല്ലേ???””

ജീന ക്ക് തീരുമാനം എടുക്കാൻ പറ്റാതെ ആകെ ഒരു ബുദ്ധിമുട്ട് ആയി….ആലോചിച്ചിട്ട് പറയാം എന്ന് അവനോടു പറഞ്ഞു പിരിഞ്ഞു വീട്ടിലെത്തി ജീന ക്ക് വല്ലാത്ത അസ്വസ്ഥത തോന്നി….ആവശ്യം ഇല്ലാതെ ഓരോ കാര്യങ്ങൽ ലൈഫിൽ കടന്നു വരും പോലെ…

ഫോൺ എടുത്തു fb യിൽ അവള് മിഥുൻ നെ തിരഞ്ഞു….അവരുടെ വിവാഹത്തിന്റെ നിരവധി ഫോട്ടോസ് അപ് ലോഡ് ചെയ്തിട്ടുണ്ട്…..അതിനു ശേഷം ഉള്ളത് ഒന്ന് പോലും ഇല്ല….പിന്നെ കുറെ പഴയ ചിത്രങ്ങൾ…പഠിക്കുന്ന കാലത്തും മറ്റും ഉള്ളത്…ഇപ്പൊൾ കാണുന്ന മിഥുൻ അല്ല അതിൽ….നോക്കിലും നിൽപ്പിലും ഒക്കെ ഉത്സാഹവാനായ ഒരു ചെറുപ്പക്കാരൻ….ഏറെ നേരം തിറഞ്ഞതിനു ശേഷം ആണ് സ്വാതിയെ കണ്ടെത്തിയത്….ഏതോ പുതിയ ഐഡി ആകണം….കുറെ പുതിയ ഫോട്ടോസ്…..ബാംഗളൂർ ഉള്ളത്…..വിവാഹ ഫോട്ടോസ് ഒന്ന് പോലും ഇല്ല….തങ്ങളുടെ കൂടെ പഠിച്ച ആരും അവളുടെ ഫ്രണ്ട് ലിസ്റ്റില് കണ്ടില്ല.

പിറ്റേന്ന് ഓഫീസിൽ ചെല്ലുമ്പോൾ പ്രതീക്ഷയോടെ നോക്കുന്ന മിഥുന് നിരാശനാക്കാൻ തോന്നിയില്ല….സമ്മതം പറയുമ്പോൾ വല്ലാത്തൊരു തിളക്കം അയാളുടെ കണ്ണിൽ വന്നത് ആയി തോന്നി… വരുന്ന ഫ്രൈഡേ പോകാൻ തീരുമാനം ആയി….വീട്ടിൽ എന്ത് പറയും എന്നുള്ള വിഷമത്തിൽ ആയിരുന്നു അവള്….ഇതുവരെ ഇങ്ങനെ ഒരു അവസ്ഥ വന്നിട്ടില്ല….മമ്മ സമ്മതിക്കാൻ ഒരു വഴിയും ഇല്ല…പിന്നെ പപ്പ…അത് മാത്രേ ഒരു പ്രതീക്ഷ ഒള്ളു…. വൈകിട്ട് വീട്ടിൽ ചെന്ന് പപ്പയോട് സ്വകാര്യം ആയി കാര്യങ്ങൽ അവതരിപ്പിച്ചു….സ്വാതി വളരെ അടുത്ത സുഹൃത്താണ് എന്ന് കള്ളം പറഞ്ഞു …ആദ്യമൊന്നും പപ്പ സമ്മതിച്ചില്ല … പിന്നെ മിഥുൻ സാറിനെ പറ്റി ഒക്കെ വിശദം ആയി പറഞ്ഞു കൊടുത്തു…ഇതുവരെ ഒരു മോശം ആർക്കും തോന്നിയിട്ടില്ല എന്നൊക്കെ…സ്വാതി കൂടി അറിഞ്ഞു കൊണ്ട് ആണ് ഇൗ പോക്ക് എന്നൊക്കെ പറയേണ്ടി വന്നു….മനസ്സിൽ വല്ലാത്ത കുറ്റബോധം തോന്നി….ചെറിയ കാര്യങ്ങൽ പോലും പപ്പയോടും മമ്മയോടും ഒളിക്കാരില്ല….ഇതിപ്പോ കുറെ നുണകൾ…പക്ഷേ എന്തിന് വേണ്ടി എന്ന് മാത്രം അവൾക്കും മനസ്സിലായില്ല..

വെള്ളിയാഴ്ച്ച രാവിലെ ഓഫീസിൽ കാണാം എന്ന് പറഞ്ഞിട്ട് മിഥുൻ സമ്മതിച്ചില്ല … വീട്ടിൽ വന്നു കൂട്ടി പോകാം എന്ന് പറഞ്ഞു…. മമ്മയോടു ജോലിയുടെ കാര്യത്തിന് പോകുവാ എന്ന് മാത്രം പറഞ്ഞു…

ഫ്രൈഡേ അതിരാവിലെ തന്നെ മിഥുൻ കാറും ആയി എത്തി….പപ്പയോടും മമ്മയൊടും വളരെ സ്നേഹത്തോടെ ആണ് സംസാരം….ഇറങ്ങാൻ നേരം അയാളുടെ ഫോൺ നമ്പർ പപ്പക്ക് കൊടുക്കുന്നത് കണ്ടൂ…

അങ്ങോട്ടുള്ള യാത്രയിൽ വളരെ ഉത്സാഹ വാനായിരുന്ന് മിഥുൻ….വാ തോരാതെ സംസാരിക്കുന്ന അവനെ ആദ്യമായി കാണും പോലെ ജീനക്കു തോന്നി… ഉടനീളം സ്വാതി ആയിരുന്നു അവന്റെ സംസാര വിഷയം ..അവളുടെ ഇഷ്ട്ടങ്ങൾ, ആഗ്രഹങ്ങൾ, ആദ്യമായ് പെണ്ണ് കാണാൻ പോയത്,അവളും ആയി ഉണ്ടായിട്ടുള്ള ചെറിയ സംഭവങ്ങൾ ഒക്കെ ഓർത്ത് ഓർത്ത് പറയുന്നുണ്ടായിരുന്നു….. എന്ത് തന്നെ ആയാലും അയാൽ അവളെ ഒരുപാട് മനസ്സിലാക്കിയിട്ടുണ്ട് ……. ഒരു നിമിഷം അവളോട് വല്ലാത്ത അസൂയ തോന്നി പോയി…അവളോടുള്ള സകല റസ്പെക്ടും അയാൽ കൊടുത്തിട്ടുണ്ട്…ശാരീരികമായും മാനസികമായും അകറ്റി നിർത്തിയിട്ടും അവളെ മനസ്സിലാക്കാൻ അയാൽ ശ്രമിച്ചിട്ടുണ്ട്..

വലിയൊരു കെട്ടിടത്തിന് മുന്നിൽ കാർ നിർത്തി സ്വാതിയുടെ ഫ്ലാറ്റ് നമ്പർ അവൾക്ക് പറഞ്ഞു തരുമ്പോൾ മിഥുൻ ന്റെ മുഖത്ത് വല്ലാത്ത ടെൻഷൻ നിറഞ്ഞിരുന്നു….അപ്പോൾ പോലും അവളോട് എന്ത് പറഞ്ഞു തുടങ്ങും എന്നുള്ള ആലോചനയിൽ ആയിരുന്നു ജീന….

ഏറെ നേരം കോളിംഗ് ബെല്ല് അടിച്ചു കാത്തു നിന്നതിനു ശേഷം ആണ് ഫ്ലാറ്റിന്റെ വാതിൽ തുറന്നത്…..ഉറക്ക ചടവോട് കൂടി ഒരു പെൺകുട്ടി മുന്നിൽ വന്നു…അവള് സ്വാതി തന്നെ ആണോ എന്ന് ജീനക്ക് സംശയം തോന്നി …എനിക്ക് പരിചയം ഉള്ള സ്വാതി യില് നിന്നു ഏറെ മാറിപ്പോയിരിക്കുന്നു.അവളും കൗതുകത്തോടെ ജീനയെ നോക്കുന്നുണ്ട്….ആദ്യം ഒരു സംശയത്തോടെ യും പിന്നെ അതൊരു അൽഭുതവും ആയി മാറുന്നത് കണ്ടൂ… മനസ്സിലായി എങ്കിലും വിളറിയ ഒരു ചിരിയാണ് അവളുടെ മുഖത്ത് വിരിഞ്ഞത്..

” ജീ…ജീന…നീ ഇവിടെ???”

” ഞാൻ നിന്നെ ഒന്ന് കാണാൻ വന്നതാണ്”

“എ…എന്നെയോ???എന്തിന്???” അവളുടെ ശബ്ദം ഇടരുന്നതും മുഖത്ത് വിരിഞ്ഞ പറവേശവും ജീന ക്ക് കുറച്ചു ധൈര്യം കൊടുത്തു.

” അതൊക്കെ പറയാം…എന്നെ നീ അകത്തേക്ക് വിളിക്കുന്നില്ലെ??”

” ഓ… സോറി…. വരൂ..””

അവരുടെ സംസാരം കേട്ട് ആകണം അകത്തെ മുറിയിൽ നിന്നും ചെമ്പൻ മുടിയുള്ള ഒരു പയ്യൻ ഇറങ്ങി വന്നു…ആളു ചോദ്യ ഭാവത്തിൽ സ്വാതിയെ നോക്കുന്നത് കണ്ടൂ…..ജീനയും അവനെ ഒന്ന് നോക്കി സ്വാതിയെ തിരിഞ്ഞു നോക്കി…

” എന്റെ…എന്റെ ഹസ്‌ ആണ്…” പതിഞ്ഞ ശബ്ദത്തിൽ സ്വാതി പറഞ്ഞു. പ്രതീക്ഷിച്ചിരുന്നു എങ്കിലും കേട്ടപ്പോൾ അവൾക്ക് വല്ലാത്ത വിഷമം തോന്നി…. വഴിയിൽ ഉടനീളം ഭാര്യയെപറ്റി വാ തോരാതെ സംസാരിച്ച മിഥു നേ അവൾക്ക് ഓർമ്മ വന്നു.

” ആഹാ…അപ്പോൽ മിഥുൻ നിന്റെ ആരാ??? മിഥുൻ മോഹൻ???”

ഞെട്ടലോടെ തല പൊക്കി സ്വാതി ചോദ്യ ഭാവത്തിൽ ജീനയെ നോക്കി….അവളുടെ മുഖത്ത് വിയർപ്പ് പോടിയുന്നതും ശ്വാസഗതി മാറിയതും ജീനക്ക് മനസ്സിലാക്കാൻ കഴിഞ്ഞു…അവരെ ഒന്ന് നോക്കി ചെമ്പൻ മുടിക്കാരൻ പുറത്തേക്ക് പോയി….സ്വാതി തല കുമ്പിട്ടു തന്നെ നിൽപ്പാണ്….

ജീനക്ക് ഒന്നും ചോദിക്കേണ്ടി വന്നില്ല…തെല്ലൊരു മൗനത്തിനു ശേഷം സ്വാതി തന്നെ പറഞ്ഞു തുടങ്ങി.

“ജോബിനും ഞാനും പഠിക്കുന്ന കാലം തൊട്ടേ ഇഷ്ട്ടത്തിലായിരുന്നൂ….വീട്ടിലും അറിയാം…പക്ഷേ അച്ഛൻ എതിർത്തു…കുറെ ബഹളം ഉണ്ടാക്കി…അവസാനം ജോബിന്റെ വീട്ടിൽ പോയി ഭീഷണിപെടുത്തി…അതോടെ അവന്റെ വീട്ടുകാരും കൈവിട്ടു .. നിൽക്കകള്ളി ഇല്ലാതായി ആണ് ഞാൻ മിഥുനും ആയുള്ള വിവാഹത്തിന് സമ്മതിച്ചത്…..”

” വിവാഹ നാടകം കഴിഞ്ഞപ്പോൾ എങ്കിലും നിനക്ക് മിഥുന് നോട് എല്ലാം പറയാം ആയിരുന്നു…”

“പൊരുത്തപ്പെടാൻ ഞാൻ ശ്രമിച്ചത് ആണ്…കഴിഞ്ഞില്ല…ജോബിൻ എനിക്ക് വേണ്ടി ലൈഫ് സ്പോയിൽ ചെയ്യുന്നു എന്ന് അറിഞ്ഞപ്പോൾ സഹിച്ചില്ല..” തല ഉയർത്തി സ്വാതി അവളെ ദയനീയം ആയി നോക്കി.

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല…തിരിച്ചു ഇറങ്ങുമ്പോൾ ഒരുപാട് ചോദ്യങ്ങൾ സ്വാതിയിൽ ഉണ്ടായിരുന്നു എന്നു മനസ്സിലായി…ഒരു വിശദീകരണം കൊടുക്കാൻ തോന്നിയില്ല…താഴെ എന്നെ പ്രതീക്ഷയോടെ കാത്തുനിൽക്കുന്ന ആളേ കുറിച്ച് മാത്രം ആയി ചിന്ത.

താൻ വരുന്ന വഴിയിലേക്ക് ആകാംക്ഷയോടെ നോക്കി നിൽക്കുന്ന സാറിനെ കണ്ടപ്പോൾ ഒരു വേദന അവളുടെ മനസ്സിൽ തോന്നി….കുറച്ചു ദിവസം മുൻപ് തന്റെ മുന്നിൽ അപേക്ഷയും ആയി വന്നപ്പോൾ തോന്നാതെ ഇരുന്ന എന്തോ ഒന്ന്‌ സംസാരത്തിന് ഇട കൊടുക്കാതെ അവള് വണ്ടിയിൽ കയറി…ഒന്ന് രണ്ടു നിമിഷം കഴിഞ്ഞാണ് മിഥുൻ കയറിയത്…അവളുടെ മുഖഭാവം കണ്ടിട്ട് ആകണം ഒന്നും ചോദിക്കാതെ വണ്ടി മുന്നോട്ട് എടുത്തു….ഒന്നും പറയാതെ ഇരുന്നിട്ട് കാര്യം ഇല്ലെന്ന് ജീനക്ക് തോന്നി….അവിടെ കണ്ടതും സ്വാതി പറഞ്ഞതും ആയ കാര്യങ്ങൽ മുഖത്ത് നോക്കാതെ എങ്ങനെയോ പറഞ്ഞു…

അവനിൽ ഭാവഭേദം ഒന്നും കണ്ടില്ല….ഡ്രൈവിങ്ങിൽ ശ്രദ്ധിക്കുന്നത് ആയി തോന്നി….ഒട്ടൊരു ദൂരം പോയി കാണണം വണ്ടി ഒതുക്കി നിർത്തുന്നത് കണ്ടൂ…സ്റ്റിയറിങ്ങിൽ തല കുമ്പിട്ടു കിടക്കുന്നത് കണ്ടാണ് ജീന പുറത്തേക്ക് നോക്കിയത്….കരച്ചിലിന്റെ ചെറിയ ചീളുകൾ കാതിൽ വന്നലചൂ…ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ലേക്കും കരച്ചിൽ ഉച്ചസ്ഥായിയിൽ എത്തി യിരുന്നു… സ്നേഹത്തിന്റെ പേരിൽ ഒരു മനുഷ്യൻ കരയുന്നു…അതും ഒരു പുരുഷൻ…. ഏതു വിഷമ സമയത്തും മമ്മയെ ആശ്വസിപ്പിക്കുന്ന ചേർത്ത് നിർത്തുന്ന പപ്പയെ ഓർമ്മ വന്നു….എന്താണ് ചെയ്യേണ്ടത് എന്ന് ഒരു രൂപവും കിട്ടുന്നില്ല…ആശ്വാസ വാക്കുകൾ വിലപ്പോകില്ല എന്ന് തോന്നി….സ്വാതിയോടു തോന്നിയ ചെറിയ നീരസം വലിയൊരു ദേഷ്യമായി അവളിൽ നിറഞ്ഞു….

” സാറിന് നാണം ഇല്ലേ അവളെ ഓർത്തു കരയാൻ….അവൾക്ക് നിങ്ങളുടെ വേണ്ട…നിങ്ങളുടെ സ്നേഹവും…പിന്നെ എന്തിനാണ് അവളെ പോലെ ഒരുത്തിക്ക് വേണ്ടി കരയുന്നത്….സ്നേഹത്തിന്റെ വില മനസ്സിലാക്കാത്ത അവള് ഒക്കെ നാളെ അനുഭവിക്കും ഇതിനൊക്കെ…”

” നിർത്തൂ ജീന….നിന്നെ ഇവിടെ കൊണ്ട് വന്നു എന്ന് കരുതി അത് അവളെ പറ്റി എന്തും പറയാൻ ഉള്ള ലൈസൻസ് അല്ല…ഇനി ഒരക്ഷരം അവളെ പറ്റി മോശമായി മിണ്ടിപ്പോകരുത്..” മിഥുന്റെ കണ്ണിൽ അവളെ കൊല്ലാനുള്ള ദേഷ്യം വന്നു നിറയുന്നത് കണ്ടൂ…അമ്പരന്നു നോക്കിയപ്പോലേക്കും വണ്ടി മുന്നോട്ട് എടുത്തു….ഇങ്ങനെയും ഓരാൾ സ്നേഹി ക്കുമോ എന്ന് തോന്നിപ്പോയി അവൾക്ക്…വാ ല്ലത്ത ഒരു അസൂയ അവളിൽ നിറഞ്ഞു….വീടെത്തും വരെ അത് തന്നെ ആയി ചിന്ത…..ഭാഗ്യം ചെയ്ത പെണ്ണാണ് സ്വാതി….ചുരുങ്ങിയ കാലം കൊണ്ട് ഒരു മനുഷ്യന്റെ മുഴുവൻ സ്നേഹവും തട്ടിപ്പറിച്ചു എടുത്തിരിക്കുന്നു….

വീട്ടിൽ എത്തി രാത്രി ഏറെ വൈകിയാണ് കിടക്കാൻ നോക്കിയത്…ബാഗിൽ കിടന്ന ഫോൺ എടുത്തപ്പോൾ മിഥുൻ സാറിന്റെ മിസ്സ് കാൾ ഉണ്ട്….എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുമ്പോൾ പിന്നെയും റിംഗ് വന്നു….അറ്റെണ്ട് ചെയ്തു ചെവിയോട് ചേർത്തു….

” സോറി ജീന…ദേഷ്യപെടനം എന്ന് കരുതി അല്ല….നിന്റെ മുന്നിൽ കരഞ്ഞപ്പോൾ ഉണ്ടായ ചമ്മലോ, വിഷമമോ ഒക്കെ കൂടി… സോറി”

” സാരമില്ല…എനിക്ക് മനസ്സിലാകും..” അത്രയും പറഞ്ഞു ഫോൺ വെച്ചു…..ചെറിയൊരു പിണക്കം അവളിൽ ഉണ്ടായിരുന്നത് പാടെ മാഞ്ഞു പോയി….ഫോൺ എടുത്തു മിഥുന്റെ ഫോട്ടോസ് വീണ്ടും വീണ്ടും നോക്കി….

പിറ്റേന്ന് ഓഫീസിൽ മിഥുൻ വന്നില്ല…ആദ്യം അതൊരു ആശ്വാസമായി തോന്നി എങ്കിലും സമയം പോകുമ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി…. അവൻ പിന്നെയും അവളുടെ കാലു പിടിക്കാൻ പോയോ എന്നൊരു ചിന്ത….കാറിലിരുന്ന് നെഞ്ച് പൊട്ടി കരയുന്ന രൂപമാണ് മനസ്സ് നിറയെ….ഇന്നേവരെ അടുത്ത് ഉണ്ടായിട്ടും തീരെ ശ്രദ്ധിച്ചിട്ടു ഇല്ലാത്ത ഒരാരാൾ….ഇപ്പൊൾ മനസ്സിന്റെ ഓരോ കോണിലും നിറഞ്ഞു നിൽക്കുന്നു…

പിറ്റേന്നും അതിന്റെ അടുത്ത ദിവസവും മിഥുൻ വന്നില്ല…..ജീന ആകെ അസ്വസ്ഥതയും ആയി ഓരോ ദിവസവും തള്ളി നീക്കി….അവനോടു തോന്നിയ സഹതാപം മറ്റൊരു രൂപം പ്രാപിക്കുന്നത് അറിഞ്ഞു…അത് അവളെ കരയിപ്പി ച്ചു….അവനെ ഒരു നോക്ക് വെറുതെ കണ്ടാൽ മാത്രം മതി എന്നവൾക്ക്‌ തോന്നിപ്പോയി..

ഒരാഴ്ചക്ക് ശേഷം ആണ് പിന്നെ മിഥുൻ ഓഫീസിൽ എത്തിയത്…അവന്റെ ക്ഷീണിച്ച മുഖം ജീനയിൽ വേദന ഉണ്ടാക്കി…അവനോടു ഒന്ന് സംസാരിക്കണം എന്നുണ്ടെങ്കിലും അതിനുള്ള ധൈര്യം കിട്ടിയില്ല …. ദിവസങ്ങൾ ഓടി പോയി….മിഥുൻ ഒന്നും സംസാരിക്കാൻ വരാത്തത് അവളിൽ വേദന നിറച്ചു എങ്കിലും അവൾക്കായി മാത്രം വിരിയുന്ന നേർത്ത പുഞ്ചിരി അവളെ ഒരുപാട് സന്തോഷിപ്പിച്ചു…അവന്റെ മനസ്സിലെ സ്നേഹം അനുഭവിക്കാൻ ഉള്ള ആഗ്രഹവും കൂടി കൂടി വന്നു…

അവൻ നോക്കുന്നില്ല എങ്കിലും അവളുടെ നോട്ടവും പുഞ്ചിരിയും അറിയാതെ തന്നെ അവനിൽ പാറി വീണു….അത് മനസ്സിലായിട്ട്‌ ആകണം അവൾക്ക് നൽകിയിരുന്ന പുഞ്ചിരിയും അവൻ ഒഴിവാക്കി….അവള് പിന്നെയും അവനു തീർത്തും അപരിചിത ആയിപ്പോയി ….. മാസങ്ങൾ കടന്നു പോയി…ഒരു ദിവസം ഓഫീസിലേക്ക് ചെന്ന ജീനയെ രമ്യയുടെ സന്തോഷം നിറഞ്ഞ മുഖമാണ് സ്വീകരിച്ചത്…

” എടീ …നീ അറിഞ്ഞോ…മിഥുൻ സാറു പോകുവാ!!!”

“എ… എങ്ങോട്ട്???!!!!”

” പുള്ളിക്ക് ട്രാൻസ്ഫർ ആയി… ഹെഡ് ഓഫീസിലേക്ക്…”

തലയ്ക്ക് ആരോ ശക്തമായി പ്രഹരിച്ചത് പോലെ ആണ് ജീനക്കു തോന്നിയത്….എന്നും അവനെ കൺമുന്നിൽ കാണാം എന്നൊരു ആശ്വാസം ഉണ്ടായിരുന്നു…ഇപ്പൊൾ അതും അണഞ്ഞിരിക്കുന്നൂ…..കയ്യും കാലും തളർന്ന പോലെ അവളു സീറ്റിൽ വന്നിരുന്നു….ഒരിക്കലും കൈ എത്തി പിടിക്കാൻ പറ്റാത്ത പോലെ അവന് പോകുന്നു….ഓടി ചെല്ലണം, ജീവനാണ് എന്ന് പറയണം എന്നൊക്കെ അവൾക്ക് തോന്നി….എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അവൾക്ക് അറിയില്ല…പ്രിയപ്പെട്ട ഒരു ഗന്ധം അടുത്ത് വന്നപോലെ തോന്നിയപ്പോൾ ആണ് തല ഉയർത്തിയത്…മങ്ങിയ കാഴ്ചയിലും മിഥുനേ തിരിച്ചറിഞ്ഞു അവള് ചാടി എഴുന്നേറ്റു….സങ്കടമോ ദേഷ്യമോ എന്തൊക്കെയോ അവനോടു തോന്നി….വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടിക്കും പോലെ ….

” സ്നേഹം കൊണ്ട് ഒരിക്കൽ തോറ്റു പോയവനാണ് ഞാൻ….ഇപ്പൊൾ അത് പൂർണ്ണമായും ഞാൻ മറികടന്നു…നിയമ പരമായും മാനസികമായും….നിന്റെ കണ്ണിൽ കാണുന്ന തിളക്കം ഒരു സഹതാപം കൊണ്ട് ഉണ്ടായത് അല്ല എങ്കിൽ കാത്തിരിക്കണം…ഞാൻ വരും”

നേർത്ത പുഞ്ചിരിയോടെ അവൻ പറഞ്ഞു നിർത്തി….അവൻ പറഞ്ഞത് മനസ്സിലാകാതെ ജീന അവന്റെ വാക്കുകൾ വീണ്ടും മനസ്സിൽ ഉരുവിട്ടു…..അർത്ഥം മനസ്സിലായ പോലെ അവളുടെ മുഖം വിടർന്നു….കണ്ണിൽ നിന്നും അത് വരെ തടഞ്ഞു നിർത്തിയ തുള്ളികൾ ഒഴുകി ഇറങ്ങി…. അവളെ തന്നെ തിരിഞ്ഞു നോക്കി നടന്ന മിഥുൻ അത് നോക്കി പുഞ്ചിരിച്ചു…നിറഞ്ഞ പുഞ്ചിരി.

രചന: നീതു നീതു

Leave a Reply

Your email address will not be published. Required fields are marked *