രണ്ടു വർഷം ജീവന് തുല്യം സ്നേഹിച്ചതാണ് ഇരുവരും, തന്റെ പ്രണയത്തിൽ ഒരുപാട് ആത്മാർത്ഥത കാണിച്ച പെൺകുട്ടി ആയിരുന്നു അവൾ.

രചന: Angel Kollam

“മോനെ ബ്രോക്കർ കൊണ്ട് വന്ന ഈ ആലോചന വളരെ നല്ലതാടാ, ആ പെണ്ണിന്റെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് ഇഷ്ടമായെടാ, ഞായറാഴ്ച നിന്നെയും കൂട്ടി പെണ്ണ് കാണാൻ ചെല്ലാമെന്ന് ഞാനവർക്ക് വാക്കു കൊടുത്തു. ”

പ്രഭാതഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിൽ ജൈനി മകനോട് പറഞ്ഞു. കല്യാണക്കാര്യം കേൾക്കുന്നതേ കലിയാണ് എൽദോയ്ക്ക് . അതുകൊണ്ട് തന്നെ ഇഷ്ടപ്പെടാത്ത രീതിയിൽ ജൈനിയുടെ മുഖത്തേക്ക് നോക്കിയിട്ട് തറപ്പിച്ചു പറഞ്ഞു.

“അമ്മച്ചിയല്ലേ വാക്കു കൊടുത്തത്, ഒരു കാര്യം ചെയ്യ്, ഞായറാഴ്ച ചാച്ചനെയും കൂട്ടി പോയി പെണ്ണ് കണ്ടോ, എന്നിട്ട് ചാച്ചനിഷ്ടപെട്ടാൽ കെട്ടിച്ചു കൊടുത്തോ, അമ്മച്ചിക്ക് വയസായി വരുവല്ലേ അപ്പോൾ അടുക്കളയിൽ ഒരു സഹായമാകുകയും ചെയ്യും ”

“നിന്റെ ചാച്ചനെ ഈ വയസാം കാലത്ത് രണ്ടാമത് കെട്ടിക്കുന്ന കാര്യമല്ല പറഞ്ഞത്, നിന്റെ നല്ല പ്രായം കഴിയുന്നതിന് മുൻപ് ഒരു പെങ്കൊച്ചിനെ കണ്ടു പിടിക്കുന്ന കാര്യമാണ് ”

“എനിക്ക് കല്യാണം വേണമെന്ന് തോന്നുമ്പോൾ ഞാൻ അറിയിച്ചോളാം, അതിന് മുൻപ് എനിക്ക് പെണ്ണന്വേഷിച്ച് ആരും ബുദ്ധിമുട്ടണ്ട”

എൽദോ ഭക്ഷണം കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു പോയി.

“വയസ് പത്തു മുപ്പതായ ചെറുക്കാനാണ്, പറഞ്ഞിട്ടെന്താ കാര്യo, കല്യാണക്കാര്യം പറയുന്നത് കേട്ടാൽ പിശാച് കുരിശ് കണ്ടത് പോലെയുള്ള വെപ്രാളമാണ് ”

എൽദോ അമ്മച്ചിയെ ദേഷ്യത്തിൽ നോക്കിയിട്ട് പുറത്തേക്കിറങ്ങിയതും ഹാളിലിരുന്ന അവന്റെ സഹോദരി എമിലി അവന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.

“ആ പെണ്ണിന്റെ കല്യാണം കഴിഞ്ഞിട്ടിപ്പോൾ നാലഞ്ച് വർഷമായില്ലേ? ഇപ്പോളും അവളെയും ഓർത്ത് കൊണ്ടിരിക്കുവാണോ? ”

“നീ ആവശ്യം ഇല്ലാത്തതിലൊന്നും തലയിടണ്ട ”

എമിലിയുടെ തലയ്ക്കു ഒരു കിഴുക്ക് കൊടുത്തിട്ട് അവൻ പുറത്തേക്കിറങ്ങി. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. മേരിഗിരി ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്മെന്റ് ഇൻചാർജ് ആണ് എൽദോ.

എൽദോ ഹോസ്പിറ്റലിൽ എത്തിയപ്പോൾ തിരക്ക് കുറവായിരുന്നു. നൈറ്റ്‌ ഡ്യൂട്ടി സ്റ്റാഫിനോട് രാത്രിയിലെ ഡ്യൂട്ടിയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്ന് ചോദിച്ചറിഞ്ഞതിനു ശേഷം അവൻ സ്റ്റോർ റൂമിലേക്കു പോയി. അടുത്ത ആഴ്ചയിലേക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുക്കണം. സഹായത്തിനു വേണ്ടി ആയിടെ ജോയിൻ ചെയ്ത ജൂനിയർ കൊച്ചിനെയും കൂടെ കൂട്ടി.

പതിവിലും ശാന്തമായ ഒരു ദിവസം ആയിരുന്നു അത്. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ എമർജൻസിയിൽ വല്യ ബഹളം കേട്ടു. ഏതോ സ്ത്രീ കരയുന്ന ഒച്ച കേൾക്കാം. എൽദോയുടെ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി അവനോട് ചോദിച്ചു.

“ചേട്ടാ, അവിടെ വല്യ ബഹളം കേൾക്കുന്നു, ഞാനൊന്ന് പോയി നോക്കട്ടെ ”

“എമർജൻസിയിൽ ഇതൊക്കെ സർവ്വസാധാരണമാണ്. നീ പുതിയതായി ജോയിൻ ചെയ്തതല്ലേ? അതാണ് നിനക്ക് അറിയാത്തത്, ക്രമേണ ശീലമായിക്കോളുo ”

“എന്നാലും ഞാനൊന്ന് പോയി നോക്കട്ടെ ചേട്ടാ ”

“നോക്കിയിട്ട് പെട്ടന്ന് വാ, ഇന്ന് തന്നെ ഈ ലിസ്റ്റ് തീർക്കണം”

“ഓക്കേ ചേട്ടാ ”

അവൾ എമർജൻസിയിൽ എന്താണ് സംഭവിച്ചതെന്നറിയാനുള്ള ആകാംഷയിൽ വേഗം സ്റ്റോർ റൂമിൽ നിന്നും പുറത്തേക്കിറങ്ങി. അല്പസമയം കഴിഞ്ഞപ്പോൾ പോയതിനേക്കാൾ വേഗത്തിൽ അവൾ തിരിച്ചെത്തി . പിന്നെ തെല്ലൊരു കിതപ്പോടെ പറഞ്ഞു.

“ചേട്ടാ, ഇവിടത്തെ എമർജൻസിയിൽ നേരത്തെ വർക്ക്‌ ചെയ്തിരുന്ന സ്റ്റാഫ്‌ ആണെന്ന് തോന്നുന്നു, സൂയിസൈഡ് ചെയ്തു കൊണ്ട് വന്നു, അവിടെ കലചേച്ചിയൊക്കെ ഭയങ്കര കരച്ചിൽ ”

“ഇവിടത്തെ പഴയ സ്റ്റാഫോ? അതാരാ? പേരെന്താ? ”

“അതൊന്നും അറിയില്ല ചേട്ടാ, അവിടെയെല്ലാരും കരയുന്നത് കണ്ടപ്പോൾ എനിക്കൊന്നും ചോദിക്കാൻ തോന്നിയില്ല. ഡോക്ടർ പ്രകാശ് പറയുന്നത് കേട്ടപ്പോളാണ് ഇവിടത്തെ പഴയ സ്റ്റാഫ്‌ ആയിരുന്നെന്ന് മനസിലായത് ”

“നീ ഇവിടെ നിൽക്ക്, ഞാനൊന്ന് പോയി നോക്കിയിട്ട് വരട്ടെ ”

“ഞാനും വരുന്നു ”

എൽദോയോടൊപ്പം അവളും പുറത്തേക്കിറങ്ങി. അവൻ സ്റ്റോർ റൂം പൂട്ടിയിട്ട് എമർജൻസിയിലേക്ക് നടന്നു. വാതിൽ തുറന്നപ്പോൾ തന്നെ കീടനാശിനിയുടെ രൂക്ഷഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. ഒരു ബെഡിന് ചുറ്റും കുറേ ആളുകൾ കൂടി നിൽക്കുന്നു. എല്ലാവരും ഹോസ്പിറ്റലിലെ വിവിധ ഡിപ്പാർട്മെന്റിലുള്ളവരാണ്. ഭിത്തിയോട് ചേർന്ന് നിന്ന് കലയും സൗമ്യയും തേങ്ങിക്കരയുന്നു. ഡ്യൂട്ടിയിൽ ഉള്ളപ്പോൾ യൂണിഫോമിൽ നിന്ന് കരയരുതെന്ന് എത്ര പറഞ്ഞാലും കല കേൾക്കില്ല, അവളുടെ വളരെ ലോല ഹൃദയമാണ്. പക്ഷേ സൗമ്യ അതുപോലെയല്ലല്ലോ ഭയങ്കര ധൈര്യശാലി ആണല്ലോ? ഇന്നെന്ത് പറ്റി, പതിവില്ലാതെ അവളും കരയുന്നുണ്ടല്ലോ? ഓരോന്ന് ചിന്തിച്ചു കൊണ്ട് അവൻ ആ ബെഡിനരികിലെത്തി .

ചുറ്റും നിന്നവരെ വകഞ്ഞു മാറ്റി, അവൻ ബെഡിന്റെ തൊട്ടരികിൽ നിന്നു. തന്റെ ശരീരത്തിൽ നിന്നും പ്രാണൻ വേർപെട്ടു പോകുന്നത് പോലെ ഒരു പിടച്ചിൽ അവന് അനുഭവപെട്ടു. തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ ഒരിക്കൽ കൂടി അവൻ ആ മുഖത്തേക്ക് നോക്കി. വെള്ളത്തുണിയിൽ പുതച്ചു കിടത്തിയിരിക്കുന്ന ആ ചേതനയറ്റ ശരീരം കണ്ടപ്പോൾ അവന്റെ നെഞ്ചിൽ നിന്നൊരു പിടച്ചിൽ അനുഭവപ്പെട്ടു, കരച്ചിൽ തൊണ്ടക്കുഴിയിലെത്തി നിൽക്കുന്നു, താഴെ വീണേക്കുമെന്ന് തോന്നിയപ്പോൾ അവൻ തളർച്ചയോടെ ഭിത്തിയിലേക്ക് ചാരി നിന്നു. കണ്ണുകളിൽ രണ്ടു കുഞ്ഞു നക്ഷത്രങ്ങളെ ഒളിപ്പിച്ചു വച്ചിരുന്ന പെണ്ണാണിപ്പോൾ തന്റെ മുന്നിൽ ശവശരീരമായി കിടക്കുന്നത്. താൻ പ്രാണനെക്കാളേറെ സ്നേഹിച്ച പെണ്ണിന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ അവന് പൊട്ടിക്കരയാൻ തോന്നി. ചുറ്റും നിൽക്കുന്നവരുടെ കണ്ണിലെ സഹതാപം കണ്ടപ്പോൾ അവന് വീണ്ടും അവിടെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

എൽദോ വേഗത്തിൽ അവിടെ നിന്നും നടന്നു നീങ്ങി, സ്റ്റോർ റൂമിന്റെ വാതിൽ തുറന്നതും ആ വാതിൽ വലിച്ചടച്ചിട്ടു അവൻ പൊട്ടിക്കരഞ്ഞു.

“അഭി, തോൽപിച്ചു കളഞ്ഞല്ലോ മോളെ നീ, എന്റെ ജീവനായിരുന്നു പെണ്ണേ നീ, മറക്കാൻ കഴിഞ്ഞില്ലെങ്കിലും മറന്നെന്നു ഞാൻ അഭിനയിക്കുകയായിരുന്നു മോളെ ”

അവന് നെഞ്ചു പൊട്ടുന്നത് പോലെ തോന്നി. അവിടെ ഒഴിഞ്ഞു കിടന്ന കസേരകളിലൊന്നിൽ തളർന്നിരിക്കുമ്പോൾ അഭിരാമിയെ ആദ്യം കണ്ടത് മുതലുള്ള രംഗങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു.

* * *

എൽദോ മേരിഗിരിയിലെ സീനിയർ സ്റ്റാഫ്‌ ആയി ജോലി ചെയ്യുമ്പോളാണ് അഭിരാമി അവിടെ ജോയിൻ ചെയ്യുന്നത്. തമിഴ് നാട്ടിലെ ഏതോ ഒരു നഴ്സിംഗ് കോളേജിൽ പഠിച്ചിട്ട് വന്നത് കാരണം അവൾക്ക് രോഗികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു. എൽദോയാണ് അവൾക്ക് അതെല്ലാം പറഞ്ഞു കൊടുത്തത്. അഭിരാമിയുടെ വിടർന്ന കണ്ണുകളിൽ ആകാംഷ ആയിരുന്നു എപ്പോളും, എന്ത് പഠിപ്പിച്ചാലും പെട്ടന്ന് പഠിച്ചെടുക്കുന്ന മിടുക്കികുട്ടി ആയിരുന്നു അവൾ.

അവളുടെ മിഴികളിൽ രണ്ടു നക്ഷത്രങ്ങളെ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് പറഞ്ഞു എപ്പോളും അവൻ കളിയാക്കുമായിരുന്നു. അവളോട് തനിക്ക് പ്രണയമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ, അവളെ തന്റെ പ്രണയം അറിയിച്ചു. നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാമെന്നും വ്യത്യസ്ത മതത്തിൽ ആയത് കൊണ്ട് വീട്ടുകാർ സമ്മതിക്കില്ലെന്നും അവൾ പറഞ്ഞതാണ്. പക്ഷേ ആ ബന്ധം പ്രണയമായി വളരണമെന്ന് തനിക്കായിരുന്നു നിർബന്ധം. രണ്ടു വർഷം ജീവന് തുല്യം സ്നേഹിച്ചതാണ് ഇരുവരും. തന്റെ പ്രണയത്തിൽ ഒരുപാട് ആത്മാർത്ഥത കാണിച്ച പെൺകുട്ടി ആയിരുന്നു അവൾ. എൽദോയുടെ ഇഷ്ടങ്ങൾ എല്ലാമറിഞ്ഞു പെരുമാറിയവൾ. ഈ രണ്ടു വർഷത്തിനിടയിൽ ഒരിക്കൽ പോലും തമ്മിൽ വഴക്കിട്ടിട്ടില്ല.

അഭിരാമിയുടെ വീട്ടിൽ കല്യാണാലോചന വന്നു തുടങ്ങിയപ്പോൾ അവൾ അവന്റെ അരികിലെത്തി.

“ഞാൻ നമ്മുടെ കാര്യം വീട്ടിൽ പറയാൻ പോവാണ്, വീട്ടുകാർ സമ്മതിക്കുമോ എന്നൊന്നുമറിയില്ല, പക്ഷേ നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല ”

“ഇത്ര പെട്ടന്ന് വേണോ? ”

“ഇല്ലെങ്കിൽ എന്നെ വേറെ ആരെങ്കിലും കെട്ടികൊണ്ട് പോകും, അപ്പോൾ പിന്നെ നിരാശാകാമുകനായി മാനസമൈനേ പാടി നടക്കേണ്ടി വരും ”

“അങ്ങനെ നിന്നെയാർക്കും ഞാൻ വിട്ടു കൊടുക്കില്ല എന്റെ പെണ്ണേ, നീ വീട്ടിൽ പറയൂ, സമ്മതിച്ചില്ലെങ്കിൽ ഞാൻ നിന്നെ വിളിച്ചിറക്കി കൊണ്ട് പോകും ”

അവന്റെ വാക്കുകളിലുള്ള ദൃഡനിശ്ചയത്തിൽ അവൾ സന്തോഷിച്ചു. ആ സന്തോഷത്തിലാണ് വീട്ടിൽ കാര്യം അവതരിപ്പിച്ചത് . പ്രതീക്ഷിച്ചത് പോലെ അച്ഛനും അമ്മയും എതിർത്തു . അച്ഛൻ ക്രോധത്തോടെ പറഞ്ഞു.

“നിന്റെ ഈ ആഗ്രഹം നടക്കില്ല, കെട്ടിക്കുമെങ്കിൽ ഒരു നായർ ചെക്കനെ കൊണ്ട് തന്നെ, അല്ലാതെ അന്യജാതിക്കാരന്റെ ഒപ്പം പോയി ജീവിക്കാമെന്ന് നീ സ്വപ്നത്തിൽ പോലും കരുതണ്ട ”

“നിങ്ങൾ സമ്മതിച്ചാൽ എല്ലാവരുടെയും അനുഗ്രഹത്തോടെ ഈ വിവാഹം നടക്കും, ഇല്ലെങ്കിൽ നിങ്ങളെ ധിക്കരിച്ചു ഞാൻ എൽദോയോടൊപ്പം ഇറങ്ങിപ്പോകും ”

“എങ്കിൽ നിന്റെ അമ്മയ്ക്കും അനിയത്തിമാർക്കും വിഷം കൊടുത്തു ഞാനും ചാവും ”

“ചുമ്മാ സിനിമ ഡയലോഗ് പറയരുതേ അച്ഛാ, ആത്മഹത്യാ ഭീഷണി മുഴക്കിയൊന്നും എന്റെ മനസ്സ് മാറ്റാമെന്ന് കരുതണ്ട, ഈ ജന്മത്തിൽ എനിക്കൊരു ഭർത്താവുണ്ടെങ്കിൽ അത് എൽദോ ആയിരിക്കും. ഒരാളെ പ്രണയിച്ചിട്ട് മറ്റൊരാളുടെ ഭാര്യ ആകാൻ എനിക്ക് പറ്റില്ല. അച്ഛന് ഞാൻ ഒരാഴ്ച സമയം തരാം, അതിനുള്ളിൽ ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ എൽദോയോടൊപ്പം ഇറങ്ങിപ്പോകും ”

അവളുടെ അച്ഛൻ സ്തംബ്ധനായി നിന്നു. അഭിരാമി വീട്ടിൽ നടന്ന പ്രശ്നങ്ങൾ അപ്പോൾ തന്നെ എൽദോയെ അറിയിച്ചു. ഒരാഴ്ച കഴ്ഞ്ഞിട്ടും വീട്ടിൽ എതിർപ്പാണെങ്കിൽ അവളെ കൂട്ടിക്കൊണ്ട് പോകാമെന്നു അവൻ വാക്കു കൊടുത്തു.

അഭിരാമി ഭയങ്കര സന്തോഷവതിയായിരുന്നു. താനും എൽദോയും ഒരുമിച്ചുള്ള ജീവിതം അവൾ സ്വപ്നം കണ്ടു.

ഒരാഴ്ച കടന്നു പോയി, അച്ഛന്റെ തീരുമാനത്തിൽ മാറ്റമൊന്നുമില്ല. അതിനെപ്പറ്റി സംസാരിക്കാൻ എൽദോയെ ഫോൺ ചെയ്തപ്പോൾ അവന്റെ സംസാരത്തിൽ പഴയ ഉത്സാഹം ഒന്നുമില്ല. അവൾക്ക് ആധിയായി, നേരിട്ട് കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോളാണ് അവൻ ഹോസ്പിറ്റലിന്റെ മുന്നിലുള്ള ചാപ്പലിന്റെ മുറ്റത്ത് അവളെ കാത്തിരുന്നത്. അവിടെ തണൽ മരത്തിന്റെ താഴെയുള്ള ബെഞ്ചിൽ അവൻ അഭിരാമിയെ കാത്തിരുന്നു.

അഭിരാമി നിറമിഴികളോടെയാണ് സംസാരിച്ചത്.

“അച്ഛൻ സമ്മതിക്കില്ല, നീ വന്നു വിളിച്ചാൽ ഞാൻ ഇറങ്ങി വരാം”

അവളുടെ മുഖത്ത് നോക്കാതെയാണ് എൽദോ മറുപടി പറഞ്ഞത്.

“അതൊന്നും ശരിയാകില്ല അഭി, നമ്മൾ ചെറുപ്പത്തിന്റെ ചോരതിളപ്പിൽ എന്തെങ്കിലും കാണിച്ചു കൂട്ടിയാൽ പിന്നീട് ദുഖിക്കേണ്ടി വരും ”

“നീയെന്താ എൽദോ ഇങ്ങനെയൊക്കെ പറയുന്നത്? ”

“നീ എന്നോട് ക്ഷമിക്കണം അഭി, എന്റെ വീട്ടുകാർ നമ്മുടെ ബന്ധത്തിന് സമ്മതിക്കില്ല, അന്യജാതിക്കാരിയെയും കൊണ്ട് വീട്ടിൽ കയറരുതെന്നാണ് ചാച്ചൻ പറഞ്ഞത് ”

“എന്നെ പ്രണയിച്ചപ്പോൾ നിനക്ക് അറിയില്ലായിരുന്നോ ഞാൻ വേറെ ജാതിയാണെന്ന്, പ്ലീസ് എൽദോ നീയില്ലാതെ എനിക്ക് പറ്റില്ലടാ ”

“അഭി, നമ്മൾ വിവാഹം കഴിച്ചാൽ ഭാവിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും . നമുക്ക് കുഞ്ഞുങ്ങൾ ഉണ്ടായാൽ ഏത് മതത്തിൽ വളർത്തും? മതമില്ലാതെ വളർത്താൻ പറ്റുമോ?

“ഏത് മതത്തിലായാലും നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ നല്ല വ്യക്തികളായി വളർത്താം. നമുക്ക് രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായാൽ ഒരാളെ ഹിന്ദു ആയും ഒരാളെ ക്രിസ്ത്യൻ ആയും വളർത്താം. അല്ലെങ്കിൽ കുഞ്ഞുങ്ങൾ വളരുമ്പോൾ അവര്ക്കിഷ്ടമുള്ള മതം സ്വീകരിക്കട്ടെ ”

“അതൊന്നും ശരിയാകില്ല ”

“ഇതൊന്നും ആലോചിക്കാതെയാണോ നീയെന്നെ പ്രണയിച്ചത്? എന്റെ മനസ്സിൽ നീ മാത്രമേയുള്ളൂ, എനിക്ക് നിന്നെ മറക്കാൻ പറ്റില്ലടാ ”

അഭിരാമിയുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിച്ചു അവനെഴുന്നേറ്റു. പിന്നെ അവളുടെ മുഖത്തേക്ക് നോക്കാതെ വിദൂരതയിൽ ദൃഷ്ടി ഊന്നിക്കൊണ്ട് പറഞ്ഞു.

“കഴിഞ്ഞതെല്ലാം മറന്നു നിന്റെ മതത്തിലുള്ള ആരെയെങ്കിലും നീ വിവാഹം കഴിക്കണം, ചാച്ചൻ എനിക്ക് വേണ്ടി ആലോചനകൾ നോക്കുന്നുണ്ട്, എന്റെ വിവാഹവും ഉടനെയുണ്ടാകും ”

അഭിരാമി അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപിടിച്ചു.

“ചതിയാ, സ്നേഹിച്ചു വഞ്ചിച്ചില്ലേടാ നീയെന്നെ? ഞാൻ ആദ്യമേ പറഞ്ഞതല്ലേ നമുക്ക് നല്ല സുഹൃത്തുക്കൾ ആയിരിക്കാമെന്ന്, എന്നിട്ട് നിർബന്ധിച്ചു പ്രണയിച്ചിട്ട്, നമ്മൾ ഒരുമിച്ചുള്ള ജീവിതം സ്വപ്നം കാണാൻ എന്നെ പ്രേരിപ്പിച്ചിട്ട്, നീയെന്നെ ഉപേക്ഷിച്ചു പോവാണോ? ”

“അഭി ചുമ്മാ ഇവിടെ കിടന്നു കരഞ്ഞു സീനാക്കരുത്, നമ്മുടെ വിവാഹo നടക്കില്ല, കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ കരുതി നീ മറക്കണം”

“ഞാൻ മറന്നോളാം, ഇനി കരഞ്ഞു കാലു പിടിക്കാൻ ഞാൻ നിന്റെ പിന്നാലെ വരത്തില്ല, പക്ഷേ നീ ഒന്നോർത്തോ, എന്നെങ്കിലും എന്റെ സ്നേഹം നഷ്ടപ്പെടുത്തിയതോർത്തു നീ വിഷമിക്കും, അന്ന് ഞാൻ ഒരിക്കലും നിന്റെ അരികിൽ തിരിച്ചെത്താനാകാത്തത്രയും ദൂരത്തിൽ ആയിരിക്കും ”

അഭിരാമി നടന്നു നീങ്ങി. അവൾ കണ്ണിൽ നിന്നു മറയുന്നത് വരെ എൽദോ നോക്കി നിന്നു.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ അഭിരാമി അച്ഛന്റെ മുന്നിലെത്തി പറഞ്ഞു.

“അച്ഛൻ ആരെയാണെന്ന് വച്ചാൽ ആലോചിച്ചോളൂ, എനിക്ക് കല്യാണത്തിന് സമ്മതമാണ് ”

എൽദോയോടുള്ള വാശിയിൽ അങ്ങനെ പറഞ്ഞെങ്കിലും അവന്റെ മനസ് മാറി തിരിച്ചു വരുമെന്ന പ്രതീക്ഷ അവൾക്കുണ്ടായിരുന്നു. ഗൾഫിൽ ജോലിയുള്ള സുമേഷുമായി തന്റെ വിവാഹനിശ്ചയം കഴിയുന്നത് വരെ അവൾ എൽദോയുടെ മനസ് മാറി തിരിച്ചു വരുന്നതിനായി കാത്തിരുന്നു.

നിശ്ചയം കഴിഞ്ഞതും അവൾ ജോലി റിസൈൻ ചെയ്തു, പിന്നീട് കല്യാണം കഴിഞ്ഞിട്ടു അവളുടെ ഭർത്താവിന്റെ വീടിനടുത്തുള്ള ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു. അവളുടെ വിവാഹശേഷം എൽദോ അവളെ കാണാൻ ശ്രമിച്ചതേയില്ല. എങ്കിലും അവൾക്ക് ഒരു മോളുണ്ടായതും അവളുടെ ഭർത്താവിന്റെ ഗൾഫിലെ ജോലി പോയതുമൊക്കെ ആരൊക്കെയോ പറഞ്ഞിട്ട് അവൻ അറിഞ്ഞിരുന്നു.

ഒരാഴ്ച മുൻപാണ് തികച്ചും യാദൃശ്ചികമായി അവളെ വീണ്ടും കാണുന്നത്, ടൗണിലെ ഒരു തുണിക്കടയിൽ നിന്നും താൻ പുറത്തേക്ക് വരുമ്പോൾ അഭിരാമി നാലു വയസ് പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെയും കൊണ്ട് അവിടെ കസേരയിൽ ഇരിക്കുന്നത് കണ്ടു. അവളെ കാണാത്ത ഭാവത്തിൽ കടന്നു പോകാൻ താൻ ശ്രമിച്ചതാണ്, അപ്പോളേക്കും അവൾ തന്നെ ശ്രദ്ധിച്ചിരുന്നു. തന്റെ അടുക്കലേക്ക് നടന്നു വരുന്ന അവളെ കണ്ടതും പതർച്ചയോടെ അവൻ നിന്നു. പതിയെ ചോദിച്ചു.

“സുഖമാണോ അഭി?”

അവൾ ചുണ്ട് വക്രിച്ചു പുച്ഛത്തോടെ ചിരിച്ചിട്ട് പറഞ്ഞു.

“പിന്നേ, പരമസുഖം, എൽദോയ്ക്ക് സുഖമല്ലേ ”

“അതേ ”

“വീട്ടുകാർ കല്യാണം നോക്കുവാണെന്നല്ലേ അന്നെന്നോട് പറഞ്ഞത്? എന്നിട്ടെന്താ എൽദോ ഇതുവരെ കല്യാണം കഴിക്കാഞ്ഞത്? ”

“ഇനിയും സമയമുണ്ടല്ലോ ”

“ഉം, സമയമുണ്ട്, അന്നെന്നെ ഒഴിവാക്കാൻ പറഞ്ഞതായിരുന്നു, അല്ലേ? ”

“അഭി.. ഞാൻ… ”

“സാരമില്ല എൽദോ, ഇനിയും ഓരോ കള്ളങ്ങൾ ആലോചിക്കണ്ട ”

മദ്യപിച്ചു ലക്ക് കെട്ട് നടക്കാൻ പോലുമാകാത്ത ഒരു യുവാവ് അടുത്തേക്ക് വരുന്നത് കണ്ടപ്പോൾ അഭിരാമി സംസാരം നിർത്തി. അവൻ തങ്ങളുടെ അടുത്തെത്തിയപ്പോൾ അവൾ എൽദോയോട് പറഞ്ഞു.

“എന്റെ ഭർത്താവാണ് ”

എൽദോയ്ക്ക് അമ്പരപ്പ് തോന്നി. എമർജൻസിയിൽ ഒപ്പമുള്ള കലയുടെ ഫോണിൽ അഭിരാമിയുടെ കല്യാണഫോട്ടോ താൻ കണ്ടതാണ്. സുമുഖനായ ഒരു ചെറുപ്പക്കാരനായിരുന്നു ആ ഫോട്ടോയിൽ. ഇതിപ്പോൾ അയാളുടെ പ്രേതത്തെപ്പോലെ ഒരു രൂപം.

അയാൾ അഭിരാമിയോട് ദേഷ്യത്തിൽ ചോദിച്ചു.

“ആരോട് കിന്നരിച്ചു കൊണ്ട് നിൽക്കുവാടി? ”

“ഇതെന്റെ കൂടെ നേരത്തേ വർക്ക്‌ ചെയ്ത ആളാണ്, ഇവിടെ വച്ചു കണ്ടപ്പോൾ ചുമ്മാ വിശേഷം തിരക്കിയതാണ് ”

അയാൾ എൽദോയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“എന്താ പേര്? ”

“എൽദോ ”

“ഓ? ! നീയാണോ എൽദോ? ഞാൻ നിന്നെയൊന്നു കാണാൻ വേണ്ടിയിരിക്കുകയായിരുന്നു. കുറേനാൾ കൊണ്ട് നടന്നതല്ലേ നീ ഇവളെ, പിന്നെന്തിനാടാ എന്റെ ജീവിതം തുലയ്ക്കാൻ വേണ്ടി എന്റെ തലയിൽ കെട്ടി വച്ചത്? ”

“കുറച്ച് കൂടി മാന്യമായ ഭാഷയിൽ സംസാരിക്കണം ”

“ത്ഫൂ… വേശ്യയുടെ സദാചാരപ്രസംഗം പോലെ നീയെന്നെ മാന്യത പഠിപ്പിക്കണ്ട”

ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി, അഭിരാമി നാണക്കേട് കാരണo സുമേഷിന്റെ കൈകളിൽ പിടിച്ചു കൊണ്ട് കെഞ്ചി.

“ഏട്ടാ, എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്, ഇവിടെ വച്ച് പ്രശ്നമുണ്ടാക്കരുതേ പ്ലീസ് ”

അവളുടെ കണ്ണുനീർ കവിളിൽ കൂടി ഒലിച്ചിറങ്ങുന്നു. എൽദോയുടെ ഹൃദയം വിങ്ങി, തന്റെ കൈ നീട്ടി ആ കണ്ണുനീർ തുടയ്ക്കണം എന്ന് അവന് തോന്നി അവൾ മറ്റൊരാളുടെ ഭാര്യ ആണല്ലോ എന്നോർത്തപ്പോൾ അവൻ സ്വയം നിയന്ത്രിച്ചു.

സുമേഷ് അവളെ തെറി പറയുന്നുണ്ടായിരുന്നു. അവൾ അതൊന്നും കാര്യമാക്കാതെ ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി അവനെയും പിടിച്ചു കയറ്റി പോയി. അഭിരാമി തന്റെ നേർക്ക് ഒരു നോട്ടം നോക്കി അതിപ്പോളും കണ്മുന്നിൽ തന്നെയുണ്ട്. ‘ഈ ദുഷ്ടന് തട്ടിക്കളിക്കാൻ എന്നെ വിട്ടു കൊടുത്തല്ലോ’ എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം.

അന്ന് രാത്രി മുഴുവൻ അവളായിരുന്നു മനസ്സിൽ . ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു

* ** **

സ്റ്റോർ റൂമിന്റെ ഡോറിൽ ആരോ തട്ടിയപ്പോൾ എൽദോ ചെന്ന് തുറന്നു. കല മുന്നിൽ നിൽക്കുന്നു.

“എൽദോ, അവളെ മോർച്ചറിയിലേക്ക് മാറ്റി, പോലീസ് വന്നിട്ടുണ്ട്, അവർ ഡോക്ടർ പ്രകാശിന്റെ സ്റ്റേറ്റ്മെന്റ് എടുക്കുന്നുണ്ട് അതുകഴിഞ്ഞു ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ കൊണ്ട് പോകും. അതിന് മുൻപ് നിനക്ക് ഒരിക്കൽ കൂടി അവളെ കാണണ്ടേ?”.

തങ്ങളുടെ പ്രണയവും അതിന് ശേഷം ജീവിതത്തിൽ നടന്നതെല്ലാം അറിയുന്ന ആളാണ് കല.

എൽദോ പെട്ടന്ന് മുഖം തുടച്ചു കൊണ്ട് പറഞ്ഞു.

“എനിക്ക് കാണണം അവളെ ”

അവർ ഒരുമിച്ച് മോർച്ചറിയിലേക്ക് നടന്നു. അവിടത്തെ ശീതികരിച്ച റൂമിനുള്ളിൽ ഒരു ബെഡിൽ കിടത്തിയിരിക്കുന്നു അവളെ. മുഖo മൂടിയിരിക്കുന്ന ആ തുണി മാറ്റിയപ്പോൾ എൽദോ ഒരു കൊച്ചു കുഞ്ഞിനെപോലെ കരഞ്ഞു. കല അവന്റെ തോളിൽ തട്ടി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

അവൻ ഒരു ഭ്രാന്തനെപ്പോലെ അവളുടെ കാലിൽ പിടിച്ചു, പിന്നെ ആ കാലുകളിൽ തന്റെ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു.

“അഭി നീ എന്നോട് ക്ഷമിക്കണം, നിന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല മോളെ നിന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് ഞാൻ അന്നങ്ങനെ ചെയ്തത്. നമ്മൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച അന്ന് രാത്രിയിൽ എന്നെക്കാണാൻ നിന്റെ അച്ഛൻ വന്നിരുന്നു. ഒരു കുപ്പി വിഷവുമായി വന്നിട്ട് അത് കാണിച്ചെന്നെ ഭീഷണിപ്പെടുത്തി. നിന്റെ അച്ഛന്റെ മുഖം കണ്ടപ്പോൾ അയാൾ വെറുതെ എന്നെ പിന്തിരിപ്പിക്കാൻ വേണ്ടി മാത്രം പറയുന്നതായി തോന്നിയില്ല. നമ്മൾ ഒരുമിച്ചാൽ നിന്റെ അമ്മയെയും അനിയത്തിമാരെയും വിഷം കൊടുത്തു കൊന്ന് അച്ഛനും മരിക്കുമെന്ന് പറഞ്ഞപ്പോൾ, ഞാൻ നിന്നെ മറക്കാമെന്ന് വാക്കു കൊടുത്തു പോയി മോളെ.. പക്ഷേ… ഒരിക്കലും എനിക്കതിനു കഴിഞ്ഞിട്ടില്ല… നീ എന്തിനാഡീ ഈ കടുംകൈ ചെയ്തത്? നിനക്ക് എന്റെ അടുത്തേക്ക് വരാമായിരുന്നല്ലോ ഞാൻ പൊന്നു പോലെ നോക്കിയേനെ നിന്നെയും മോളെയും ”

അവന്റെ കണ്ണുനീർ കണ്ടിട്ട് കലയ്ക്കു സഹിക്കാൻ കഴിഞ്ഞില്ല , അവൾ എൽദോയുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു

“വാ.. എൽദോ പോകാം ”

എൽദോ കലയുടെ കൈ തട്ടി മാറ്റിയിട്ട് അഭിരാമിയുടെ മുഖം കൈകളിൽ കോരിയെടുത്തു ഒരു ഭ്രാന്തനെപ്പോലെ അവൻ ആ നെറ്റിയിൽ ചുംബിച്ചു.

“എന്റെ പെണ്ണേ, നിനക്കെന്റെ ആദ്യത്തെയും അവസാനത്തെയും ചുംബനം ”

പിന്നെ മോർച്ചറിയ്ക്ക് പുറത്തേക്ക് വന്നു. ആ ഭിത്തിയിൽ മുഖം വച്ചു അലറികരഞ്ഞു. ആരോ തോളിൽ തട്ടിയപ്പോൾ അവൻ തിരിഞ്ഞു നോക്കി. അഭിരാമിയുടെ അച്ഛൻ മുന്നിൽ നിൽക്കുന്നു. ദുഃഖത്തിൽ കുതിർന്ന സ്വരത്തിൽ അയാൾ പറഞ്ഞു.

“എന്റെ മോളെ പൊന്നു പോലെ നോക്കുമായിരുന്ന നിന്റെ കൈയിൽ നിന്നും തട്ടിപ്പറിച്ചു അവന് കൊടുത്തതിനു ദൈവം തന്ന ശിക്ഷയാണ്. എന്നാലും എന്റെ മോൾ അവളുടെ ജീവിതം കൊണ്ട് എന്നോട് പകരം വീട്ടുമെന്ന് ഞാൻ കരുതിയില്ല മോനെ”

എൽദോ ഒന്നും പറയാതെ അവിടെ നിന്നും നടന്നു നീങ്ങി. അഭിരാമിയുടെ അമ്മയുടെ കൈയിലിരുന്ന് അവളുടെ നാലു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് ഉറക്കെ കരയുന്നുണ്ടായിരുന്നു…..

ജാതിയുടെയും മതത്തിന്റെയും പേരിൽ പ്രണയിക്കുന്നവരെ തമ്മിൽ വേർപിരിക്കുമ്പോൾ അവരുടെ നല്ല ഭാവി ആയിരിക്കും പല മാതാപിതാക്കളും സ്വപ്നം കാണുന്നത്. പക്ഷെ പല ജീവിതങ്ങളും അഭിരാമിയെപ്പോലെ ഒരു തുള്ളി വിഷത്തിലോ ഒരു തുണ്ട് കയറിലോ അവസാനിക്കുകയാണ്. സ്നേഹിക്കുന്നവരെ തമ്മിൽ ഒന്നിപ്പിക്കുകയാണ് വേണ്ടത് അതിന് മതത്തിന്റെ വേലിക്കെട്ടുകൾ തടസം സൃഷ്ടിക്കാത്ത ഒരു ദിനം ഭാവിയിൽ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം..

രചന: Angel Kollam

Leave a Reply

Your email address will not be published. Required fields are marked *