സഖാവിന്റെ പ്രണയിനി

രചന :- സിയാദ് ചിലങ്ക

“മാളൂ നീ കയ്യിൽ നിന്ന് വിട്ടേ.. ആളുകൾ നോക്കുന്നു… പടച്ചോനെ ഈ പെണ്ണിനെ കൊണ്ട് തോറ്റല്ല.. ”

“അയ്യേ… എന്ത് പേടിയാ ഈ ചെക്കന്, നാട്ടിൽ അറിയപ്പെടുന്ന ഉശിരുള്ള സഖാവിന്റെ അരുമ ശിഷ്യനാണെന്ന് പറയാൻ എനിക്ക് നാണക്കേട് തോനുന്നു…

എല്ലാരും പറയുന്നത് വെറുതെയാ… രാഘവൻ മാഷ് കഴിഞ്ഞാൽ വരാൻ പോകുന്ന അടുത്ത നേതാവ് അക്കു സഖാവാണെന്ന്……

എനിക്ക് വിശ്വാസമില്ല, സ്നേഹിക്കുന്ന പെണ്ണിന്റെ കൈ പിടിച്ച് നടക്കാൻ പേടിയുള്ള പേടിത്തൊണ്ടനാണ് ഇതെന്ന് എനിക്ക് മാത്രമല്ലെ അറിയൂ… ‘

” പെണ്ണെ നിനക്ക് കളി കൂട്ടുന്നുണ്ട്, പണ്ട് കളിച്ച് നടന്ന കുട്ടികളല്ല നമ്മൾ ഇപ്പോൾ, വളർന്ന് വലുതായി..മുതിർന്നവരായില്ലെ..”

” ആണോ എവിടെയാ വലുതായത്, ഞാനറിഞ്ഞില്ലല്ലൊ….'”

“ഒരു വീക്ക് വെച്ച് തരും ഞാൻ, നിന്നെ കണ്ടാൽ എന്നെ ദാ വേഗം കെട്ടിച്ചയക്കണെ എന്ന് പറയുന്ന കോലമാണ് ,പോരാത്തതിന് രാഘവൻ മാഷിന്റെ ഒറ്റ മോളും നിന്റെ കൈകളിൽ പിടിച്ച് നെഞ്ച് വിരിച്ച് നടക്കാൻ മോഹമില്ലാതല്ല പെണ്ണെ, സമയം ആവട്ടെ..

നിന്റെ അച്ഛൻ കറ കളഞ്ഞ ആദർശമുള്ള ആളാ, സമയം ആകുമ്പോൾ അദ്ദേഹം തന്നെ നടത്തി തരും നമ്മുടെ കാര്യം, ആദ്യം ഞാനൊന്ന് എഴുന്നേറ്റ് നിൽക്കട്ടെ എന്നിട്ട് ഇരിക്കാം അല്ലെങ്കിൽ വീണ് പോകും..”

” അത് വരെ ഞാൻ കാത്തിരിക്കാൻ തയ്യാറാണ് മോനെ, പക്ഷെ വീട്ടിൽ ഒരു പാട് കല്യാണ ആലോചനകൾ വരുന്നുണ്ട്, ഇത് വരെ പഠിത്തം തീരട്ടെ എന്ന് പറഞ്ഞാണ് പിടിച്ച് നിന്നത്,

ഇനി അധികം വൈകിക്കല്ലെ എത്രയും വേഗം അച്ഛനോട് നമ്മുടെ കാര്യം പറ.. വിവാഹം എല്ലാം നമുക്ക് പിന്നെ മതി ,നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം ആയാൽ സമാധാനമായി കാത്തിരിക്കാലോ.. ”

നഴ്സറിയിൽ ചേർത്തിയ ദിവസം രാഘവൻ മാഷ് മാളുവിന്റെ കൈ പിടിച്ച് അക്ബറിന്റെ കൈകളിൽ വെച്ചു.

” ഇനി രണ്ടാളും ഒന്നിച്ച് നടന്നാൽ മതീട്ടാ… അക്കു മാളൂന്റെ കൈ വിടരുതേ….”

തൊട്ടടുത്ത വീടുകളിൽ ഒരേ ദിവസം ജനിച്ച് വീണതാണ് മാളുവും അക്ബറും.അക്ബറിന്റെ വാപ്പ അലി സാഹിബ് അവന് രണ്ട് വയസ്സ് കഴിഞ്ഞ സമയത്ത് ധീര രകതസാക്ഷിത്വം വരിച്ച സഖാവാണ്. അന്ന് നാട്ടുകാരുടെ കണ്ണിലുണ്ണിയും പ്രധാന നേതാവുമായിരുന്നു അലി സാഹിബ്.

രാഘവൻമാഷിന്റെ ഉറ്റ ചങ്ങാതിയായിരുന്നു അലി സാഹിബ്.രാഘവൻ മാഷ് ഇടക്ക് പറയും.

“സാഹിബിനെ ചതിച്ച് കൊന്നതാ… പത്താള് മുന്നിൽ വന്ന് നിന്നാലും ഒറ്റക്ക് പൊരുതി ജയിക്കും സാഹിബ്…. ഉശിരുള്ളവനായിരുന്നു അലി സാഹിബ് ”

ഉമ്മയും മോനും മാത്രമായിരുന്നു ആ കുടിലിൽ കഴിഞ്ഞിരുന്നത്.രാഘവൻ മാഷിന്റെ പറമ്പിന്റെ ഒരറ്റത്ത് വേലി കെട്ടി കൊടുത്തതാണ് കൂട്ടുകാരൻ രാഘവൻ മാഷ് സാഹിബിന്.നാട് നന്നാക്കാൻ നടക്കുന്ന കൂട്ടത്തിൽ സ്വന്തം കാര്യം മറന്ന ആളാണ് സാഹിബ്.

എല്ലാരും പറയും അലി സാഹിബിനെ കാണണമെങ്കിൽ അക്കു വിന്റെ മുഖത്തേക്ക് നോക്കിയാൽ മതി ,വാപ്പാനെ അങ്ങനെ തന്നെ മുറിച്ച് വെച്ചിരിക്കാണെന്ന്.

രാഘവൻ മാഷിന്റെ വീട്ടിൽ ചെറിയ പണികൾ ചെയ്ത് കിട്ടുന്ന പണം കൊണ്ട് ആണ് ഉമ്മ അക്ബറിനെ വളർത്തിയത്.രാഘവൻ മാഷിനും അക്കു വിനെ നല്ല ഇഷ്ടമായിരുന്നു, വളർന്നപ്പോൾ സാഹിബിനെ പോലെ മിടുക്കനായിരുന്നു അക്കു.

തൃശ്ശൂരിൽ നിന്ന് കണ്ണൂർ ഏരിയയിലെ ഇലക്ഷൻ പ്രചരണത്തിന്റെ കാര്യങ്ങൾക്കായി രാഘവൻ മാഷ് അക്കുവി നെ പറഞ്ഞയക്കാൻ തീരുമാനമെടുത്തു.

രണ്ട് മാസം അവിടെ പ്രവർത്തിക്കാൻ അവന് നിർദ്ദേശം നൽകി.വഴിച്ചിലവിനും അവിടെ താമസിക്കാനുള്ള പണവും അവന് നൽകി രാഘവൻ മാഷ് പറഞ്ഞയച്ചു.

രാത്രിയിലെ ട്രെയിൻ പിടിച്ച് പോകാമെന്ന തീരുമാനത്തിലായിരുന്നു അവൻ.

സാധനങ്ങൾ വെക്കാനുള്ള ബാഗ് തുടച്ച് കൊണ്ടിരിക്കുമ്പോഴാണ് മാളു കയറി വന്നത്.

” ഉമ്മ എന്തെ സഖാവെ..?…

” ഉമ്മ കോട്ടപ്പുറത്തേക്ക് പോയി, മാമമാരുടെ അരികിൽ നിന്ന് കുറച്ച് കാശ് തരപ്പെടുത്തി വരാമെന്ന് പറഞ്ഞ് പോയതാ പാവം, ആദ്യമായിട്ടല്ലെ ഉമ്മയെയും വിട്ട് അകലെ യാത്ര പോകുന്നത്, രണ്ട് മാസം കഴിഞ്ഞ് വരുള്ളു എന്ന് പറഞ്ഞപ്പോൾ ആധിയായി അതിന്…”

” ഉമ്മാക്ക് മാത്രമല്ല എനിക്കും കേട്ടപ്പോൾ തൊട്ട് മനസ്സിൽ കല്ല് കയറ്റി വെച്ച പോലെ തോനുന്നു.. രണ്ട് മാസം കാണാൻ കഴിയാതെ എങ്ങനെയാ… ”

“നിങ്ങളുടെ വർത്താനം കേൾക്കുമ്പോൾ ഞാൻ വല്ല റഷ്യയിലേക്കോ ചൈനയിലേക്കോ പോകണപോലെ ഉണ്ടല്ലൊ…

വല്ല്യ ധൈര്യവും സാമർത്ഥ്യവും ഉള്ള ആള് നിന്ന് കിണുങ്ങാതിരിക്കോ….

എന്താ കയ്യിൽ മറച്ച് പിടിച്ചിരിക്കുന്നത് നോക്കട്ടെ….”

” ധൃതി പിടിക്കണ്ട ഇത് തരാനാ വന്നത്… അതിന് മുമ്പ് ഞാൻ ഒത്തിരി നാളായി ആഗ്രഹിക്കുന്നു ഒരു കാര്യം അത് എനിക്ക് ഇന്ന് തരണം…. ”

” എന്താന്ന് പറ മാളു… ”

‘”ഇതില് അവസാനത്തെ പേജിൽ എഴുതിയിട്ടുണ്ട് അത്….. ”

” ഇത് മുഴുവൻ കവിതകളാണല്ലൊ മാളു… അപ്പോൾ നീ വെറുതെ പുളു അടിക്കുന്നതല്ലല്ലെ എന്നെ കുറിച്ച് കവിതകൾ എഴുതുമെന്ന്…. ”

“പിന്നെ ഈ മരമോന്തനെ കുറിച്ച് എന്ത് എഴുതാനാ… ഞാൻ അതിൽ എഴുതിയത് എന്റെ പ്രണയത്തെ കുറിച്ചാണ്… മോൻ കണ്ണൂർ എത്തി ഒറ്റക്കിരിക്കുന്ന രാത്രികളിൽ ഇത് വായിച്ചാൽ മതി…. ഇപ്പോൾ അവസാനത്തെ പേജ് വായിക്കൂ…”

” നിൻ ചുംബനമേറ്റ് വിടരാൻ വെമ്പും , പനിനീർ ഇതളുകൾ എന്നിൽ മൊഴിഞ്ഞു…

നിൻ പ്രിയതമൻ കാത്തിരിപ്പുണ്ട് .. നിൻ അധരങ്ങൾ കുളിരാൽ മൂടുവാൻ

ഇത് വരെ കാണാത്ത പൂങ്കാവനത്തിലെ തേൻ നുകരാനായ് കാത്തിരിപ്പുണ്ടവൻ..”

“അല്ല മാളൂ നിന്നെയും കാത്തിരിക്കാൻ മാത്രം ആരാണാ ഹതഭാഗ്യൻ….”

“ഓ… ഈ മുരടനോട് കവിതയല്ല ഇനി അപ്സരസുകളെ പോലെ നൃത്തം ചെയ്ത് കാണിച്ചിട്ടും കാര്യമില്ല…. ഞാൻ പോകുന്നു”

” നിൽക്കൂ പിണങ്ങല്ലെ…”

അവൻ അവളുടെ കൈകളിൽ പിടിച്ച് തന്റെ ദേഹത്തിലേക്ക് അവളെ അടുപ്പിച്ചു. അവളുടെ വിടർന്ന കണ്ണുകളിലേക്ക് നോക്കിയപ്പോൾ നാണം കൊണ്ട് അവളുടെ വെളുത്ത് തുടുത്ത കവിളുകൾ രകത വർണ്ണമണിത്തു.

ചുവന്ന അവളുടെ അധരങ്ങൾ വിറക്കുന്നുണ്ടായിരുന്നു, അവളുടെ ചുണ്ടുകൾ നുകർന്നപ്പോൾ അവന്റെ ധമനികളിൽ രക്തം ഇരമ്പി…

അവർ ഭൂമി ലോകത്ത് നിന്ന് പറന്നുയർന്നു, അടക്കി വെച്ചിരുന്ന പ്രണയദാഹം ശമിപ്പിക്കാൻ രണ്ടാളും മത്സരിച്ചു…

വാതിലിൽ മുട്ട് കേട്ടപ്പോഴാണ് അവൾ അവന്റെ മാറിൽ മയക്കത്തിൽ കിടന്നിരുന്ന അവൾ ഉണ്ടർന്നത്..

” ഉമ്മ വന്നു ……”

ചാടി എണീറ്റു വസ്ത്രങ്ങളെല്ലാം എടുത്തണിഞ്ഞ് വാതിൽ തുറന്ന് അവൾ ഓടി.വാതിലിനരികിൽ നിന്നിരുന്ന ഉമ്മയുടെ മുഖത്തേക്ക് നോക്കാൻ അവന് ലജ്ജ തോന്നി.

“മോനെ സമയം കുറേ ആയി വേഗം പുറപ്പെടാൻ നോക്ക്, നേരം ഇരുട്ടി തുടങ്ങി. ”

ഉമ്മയോട് യാത്ര പറഞ്ഞ് കയ്യിൽ ചെറിയ ഒരു ടോർച്ചിന്റെ വെളിച്ചത്തിൽ അവൻ നടന്നു…. മനസ്സ് നിറയെ മാളുവുമായുള്ള നിമിഷങ്ങളായിരുന്നു.ഇത് വരെ ഒരു സ്പർശനം കൊണ്ട് പോലും തെറ്റായ ഒന്നും ഉണ്ടായിട്ടില്ല, പക്ഷെ ഇന്ന് എല്ലാം നിയന്ത്രണവും വിട്ട് പോയി. അവളെ ഒരു വട്ടം കൂടി കണ്ട് യാത്ര പറയണം എന്ന് മനസ്സ് മന്ത്രിക്കുന്നു.

” അക്കു….”

ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ ദിവാകരനും ഉണ്ണിയുമാണ്….

“എന്താ നിങ്ങൾ ഈ സമയത്ത്… ഞാൻ കണ്ണൂർക്ക് പുറപ്പെടുകയാണ്…”

” അക്കു… രാഘവൻ മാഷ് നിന്നോട് ഒരു കാര്യം പറയാൻ പറഞ്ഞയച്ചതാ…. ”

” എന്താ ദിവാകരാ…. ”

അക്കുവിന്റെ തോളിൽ കൈയ്യിട്ട് ദിവാകരൻ… ഉണ്ണി എന്തോ ഒന്ന് ദിവാകരന്റെ വലത് കയ്യിൽ കൊടുത്തു…

അക്കുവിന്റെ കണ്ഠത്തിൽ നിന്ന് അസഹനീയമായ ശബ്ദം ഉയർന്നു… പള്ളയിലേക്ക് പച്ചയിരുമ്പ് കുത്തി കയറിയ വേദനയിൽ നിലത്ത് വീണു.

അക്കുവിന്റെ മുഖത്തേക്ക് ആഞ്ഞു വെട്ടുന്നതിന് മുമ്പ് ഉണ്ണി ഉറക്കെ പറഞ്ഞു. രാഘവൻ മാഷിന്റെ മോളെ പ്രണയിക്കാൻ നീ വളർന്നിട്ടില്ല എന്ന് പറയാനും പറഞ്ഞു രാഘവൻ മാഷ്. നിന്റെ ഈ മരണം നാളെ പാർട്ടിക്ക് നല്ല ഒരു രക്ത സാക്ഷിയെ കിട്ടുമെടാ…. ”

വാളിൽ നിന്നുള്ള വെട്ടിൽ നിന്ന് ഒഴിഞ്ഞ് മാറിയ അക്കു ശരീരത്തിൽ നിന്ന് കത്തി വലിച്ചൂരി, ഒരു ചവിട്ടിന് ഉണ്ണി അകലേക്ക് തെറിച്ച് വീണു. രക്തം ചീറ്റുന്നുണ്ടെങ്കിലും അലി സാഹിബിന്റെ മകന്റെ ശരീരത്തിന് കാരിരുമ്പിന്റെ ശക്തിയുണ്ടായിരുന്നു.

അക്കുവിന്റെ കൈകളുടെ ശക്തിക്ക് മുമ്പിൽ ദിവാകരനും ഉണ്ണിയും ബോധമറ്റ് വീണു.

ബാഗിൽ നിന്ന് മുണ്ട് എടുത്ത് രക്തം ഒഴുകിന്നിടത്ത് മുറുക്കി കെട്ടി വെച്ചു.

ഏന്തി വലിഞ്ഞ് പാർട്ടി ഓഫീസിന്റെ തിണ്ണ വരെ എത്തി…

നാടിനെ സ്നേഹിക്കുന്ന പാവങ്ങളുടെ കൈകോർക്കുന്ന അക്കുവിന്റെ നല്ലവരായ കൂട്ടുകാർ ഏത് പാതി രാത്രിയിലും അവിടെ തന്നെ ഉണ്ടാവും.

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി ഇറങ്ങിയ അക്കു നേരെ ചെന്നത് രാഘവൻ മാഷിന്റെ വീടിന് മുമ്പിലേക്കാണ്. അവന്റെ പിറകിൽ ഒരു നാട് മുഴുവനും ഉണ്ടായിരുന്നു.

പുറത്തിറങ്ങിയ രാഘവൻ മാഷിന്റെ മുമ്പിലേക്ക് വന്ന് നിന്ന അക്കുവിന്റെ രൗദ്രഭാവം കണ്ട് അയാൾ ഒന്ന് നടുങ്ങി.

” ഞാൻ വന്നത് മാളുവിനെ കൊണ്ട് പോവാനാണ്, അവൾ എന്റെ പെണ്ണാണ്, എന്നോട് ചെയ്ത അക്രമത്തിന് പകരം ചോദിക്കാൻ വന്നതല്ല ഞാൻ. എന്റെ ഭാര്യയാക്കി അവളെ എന്റെ കൂടെ പൊറുപ്പിക്കാൻ കൊണ്ട് പോകാൻ വന്നതാണ്, മാഷിന് തടയാൻ പറ്റുമെങ്കിൽ തടഞ്ഞോളൂ…. ”

“മാളൂ…….”

ആരൊക്കെയോ തടഞ്ഞ് വെച്ചിരിക്കുകയായിരുന്ന മാളു, തന്റെ പ്രാണേശ്വരന്റെ വിളിയുടെ ശക്തിയിൽ എല്ലാ ബന്ധനങ്ങളും പൊട്ടിച്ച് അവന്റെ അരികിലേക്ക് അവൾ ഓടി അണഞ്ഞു, അക്കുവിന്റെ മാറിലേക്ക് അവൾ തളർന്ന് വീണു.

ജനങ്ങളുടെ മുമ്പിൽ വെച്ച് രാഘവൻ മാഷിന് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.

അക്കുവിന്റെ വീട്ടിൽ വന്ന് കയറിയതിന്റെ പിറ്റേ ദിവസം തന്നെ മാളുവിന് തലകറക്കവും ചർദ്ദിയും,.. സംഭവം അത്ര പന്തിയുള്ളതല്ല എന്ന് മനസ്സിലായ.. അക്കുവിന്റെ ഉമ്മ താടിക്ക് കൈ വെച്ച് നിന്ന് പോയി…

നല്ല നിലാവുണ്ടായിരുന്നു ആ രാത്രിക്ക്..

“മാളൂ ……….”

“എന്താ സഖാവെ…….”

” ആകാശത്തെ താരകങ്ങളെ കണ്ടോ നീ, അതിലൊന്നിനെ എറിഞ്ഞ് വീഴ്ത്തി നിനക്ക് സമ്മാനിക്കട്ടെ..?”

മാളു കള്ളച്ചിരിയോടെ ഉദരത്തിൽ തന്റെ തലോടി കൊണ്ട് പറഞ്ഞു….

“വേഗം ആയിക്കോട്ടെ സഖാവ് ഒരു ഏറ് മതി ഒരു താരകം അടർന്ന് വീഴാൻ ”

“നീ അന്ന് ആ കവിതയും കൊണ്ട് വന്നത് കൊണ്ട്, ഇന്ന് ആകാശം നോക്കി ചുമ്മാ കിടക്കേണ്ട വന്നല്ലൊ.. മാളു..,കവിത ചെയ്തത് വല്ലാത്ത ഒരു ചെയ്ത്തായി പോയി….. ”

“കള്ള സഖാവെ ഞാൻ ഒരു ചുംബനം അല്ലെ ചോദിച്ചുള്ളു, പാവത്താനെ പോലെ ഇരുന്നിട്ട് ഞാൻ കരുതിയാ കയ്യിലിരിപ്പ് ഇതായിരുക്കുമെന്ന്….. ”

അക്കുവിന്റെ കവിളിൽ ഒരു നുള്ളു കൊടുത്തപ്പോൾ, അവന്റെ കണ്ണുകൾ നിറഞ്ഞത് വേദന കൊണ്ടോ അതോ സന്തോഷം കൊണ്ടോ?

രചന :- സിയാദ് ചിലങ്ക

Leave a Reply

Your email address will not be published. Required fields are marked *