ഓരോരുത്തരുടെ ഇഷ്ടം അല്ലേ അവര് എന്ത് ഇടണം എന്നുള്ളത്, എനിക്ക് ഇങ്ങനത്തെ ഡ്രെസ്സുകൾ ഇടനാ ഇഷ്ടം…

രചന: കണ്ണൻ സാജു

“അവള് തൊടേം കാണിച്ചു ഫെയ്‌സ്‌ബുക്കിൽ ഫോട്ടോ ഇട്ടേക്കണു”

ആനന്ദ് കലിയോടെ ബൈക്കിൽ നിന്നും ഇറങ്ങി സ്വയം പറഞ്ഞുകൊണ്ട് വീട്ടിലേക്കു ഓടി കയറി വന്നു… ഹാളിന്റെ നടുക്കെത്തിയ അവൻ മുകളിലേക്ക് നോക്കി

“ഡീ… അച്ചൂ… ഇറങ്ങി വന്നീടി ഇങ്ങോട്”

അവന്റെ ശബ്ദം കേട്ടു അശ്വതി കൈവരിക്കു അരികെ വന്നു അവനെ നോക്കി….

“എന്താടാ രാവിലെ തന്നെ കിടന്നു അലറുന്നെ ???”

“ഓഹ്… ഒന്നും അറിയാത്ത ഒരു ഉണ്ണാ പിള്ള.. എന്നാ പിന്നെ നിനക്ക് തുണിയില്ലാത്ത ഒരു ഫോട്ടോ എടുത്തു ഇടാൻ മേലായിരുന്നോടി ഫെയ്‌സ്‌ബുക്കിൽ ??”

“ഓ… അതാണോ കാര്യം… എന്റെ ഫെയ്‌സ്‌ബുക്കിൽ ഞാൻ എനിക്ക് ഇഷ്ടമുള്ളത് ഇടും… അതിനു നിനക്കെന്നാന്നെ ???”

“എന്നാന്നോ ??? എന്റെ കൂട്ടുകാരു ഓരോന്ന് പറയണ കേട്ടു എന്റെ തൊലി ഉരിഞ്ഞു പോയി”

“ഇതിനു മാത്രം ഉരിഞ്ഞു പോവാൻ ഞാൻ ഒന്നും കണ്ടില്ല അതില്… എനിക്കിഷ്ടപ്പെട്ടു ഞാൻ ഇട്ടു.. ഒരു ഫോട്ടോ ഇടാൻ ഉള്ള സ്വാതന്ത്ര്യം പോലും ഇല്ലേ മനുഷ്യന് ??…”

“എടീ.. നീ ഒരു പെണ്ണാണ്”

“അതിനു ???”

അവൾക്കു ദേഷ്യം വന്നു

“എന്നതാ നന്ദൂട്ടാ പ്രശ്നം???”

ഇരുവരുടെയും ഒച്ചപ്പാട് കേട്ടു അടുക്കളയിൽ പാചകത്തിൽ ആയിരുന്ന ഏടത്തി കയ്യിൽ തവിയുമായി ഹാളിലേക്ക് വന്നു

“ഏടത്തി ഇത് നോക്കിയേ… ഇവളെന്ന ഈ കാണിച്ചേക്കണെന്നു ഒന്ന് നോക്കിയേ”

അവൻ ഏടത്തിയുടെ അടുത്തു ചെന്നു തന്റെ ഫെയ്‌സ്‌ബുക്കിൽ അച്ചുവിന്റെ ഫോട്ടോ കാണിച്ചു…

“ഹയ്‌ നല്ല ഫോട്ടോ ആണല്ലോടാ… എത്രയാണ് 2കെ ലൈക്കോ… പൊളിച്ചല്ലോടി അച്ചു”

ആനന്ദ് ദയനീയതയോടെ ഏടത്തിയുടെ മുഖത്തേക്കൊന്നു നോക്കി

“ഇത് കണ്ടിട്ട് എടത്തിക്കു വേറൊന്നും തോന്നിയില്ല?”

“വേറെന്തു തോന്നനെടാ ??? നല്ല രസില്ലേ അവളെ കാണാൻ അതില്?”

“എന്റെ ഏടത്തി എന്ന പിന്നെ ഇവൾക്ക് ഷഡി ഇട്ടു നിന്നു ഫോട്ടോ എടുത്തൂടാരുന്നോ… ? ഇതിലിപ്പോ അവളുടെ തുടയോക്കെ കാണന്നേ”

“അതിനിപ്പോ എന്താ കുഴപ്പം ???”

“ഓഹോ… ഏടത്തി പുറത്തു പോവുമ്പോ ഏതാ ഇടാറുള്ളത്???”

“സാരി”

” വീട്ടിലോ? ”

” നൈറ്റി… ”

” അപ്പൊ ഏടത്തി എന്തെ ഇങ്ങനത്തെ ഡ്രസ്സ് ഒന്നും ഇടാത്തെ ?? ഏട്ടത്തിക്ക് അറിയാം ഇത് മോശമാണെന്നും ഏട്ടൻ സമ്മതിക്കില്ലെന്നും… ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാൽ നല്ല ശേലാണല്ലോ… അതുകൊണ്ട് അവളിട്ടപ്പോ സപ്പോർട്ടും ”

ഏടത്തി ചിരിച്ചു

” എന്റെ നന്ദൂട്ടാ… ഓരോരുത്തരുടെ ഇഷ്ടം അല്ലേ അവര് എന്ത് ഇടണം എന്നുള്ളത്… എനിക്ക് ഇങ്ങനത്തെ ഡ്രെസ്സുകൾ ഇടനാ ഇഷ്ടം.. അതുകൊണ്ട് ഞാൻ ഇതിട്ടു.. ചെറിയ പ്രായത്തിൽ ഇപ്പൊ ഇവൾ ഇട്ടതു പോലുള്ളതൊക്കെ ഇടാൻ കൊതി തോന്നിയിരുന്നു.. പക്ഷെ അന്നത് വാങ്ങി തരാൻ ഉള്ളിൽ ആഗ്രഹം ഉണ്ടായിട്ടും അച്ഛനും അമ്മയ്ക്കും മറ്റുള്ളവർ മോളേ പറ്റി എന്ത് പറയും എന്ന് ഭയമായിരുന്നു… വളർന്നു വന്നപ്പോ എനിക്കെന്തോ ഈ നൈറ്റിയോടും സാരിയോടും ഒക്കെ ഒരിഷ്ടം തോന്നി.. അതെന്റെ മാത്രം ഇഷ്ടമാണ്.. ഞാൻ ഇഷ്ടപ്പെടുന്നത് ധരിക്കുന്നെന് എനിക്ക് നിന്റെ ചേട്ടന്റെ അനുവാദവും ആവശ്യം ഇല്ല അദ്ദേഹം ഒട്ടു അത് വേണ്ടാന്നും പറയത്തില്ല.. പിന്നെ അവൾക്കു അത് വാങ്ങി കൊടുത്തത് ഞാനാണ്.. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ്.. അവൾ ആഗ്രഹിക്കുന്നത് ശരിയാണെന്നു തോന്നിയാൽ ആ ആഗ്രഹം നടത്തി കൊടുക്കണ്ട ഉത്തരവാദിത്വം എനിക്കുണ്ട് ”

ആനന്ദിന് കലി കയറി…

” ഏടത്തിക്കതു പറയാം.. ചേച്ചി വീട്ടിലിരിക്കുന്ന ആളാ.. ഏടത്തിക്ക് പുറത്താരോടും മറുപടി പറയണ്ട… പുറത്തു പോവുന്നതും ആളുകളുമായി ഇടപെടുന്നതും ഞാനല്ലേ.. എന്റെ കൂട്ടുകാർ ഇവളുടെ ഫോട്ടോ കണ്ടു ഓരോന്ന് പറയുമ്പോൾ തൊലി ഉറഞ്ഞു പോവാ ”

” എനിക്കാ ഫോട്ടോയിൽ ഒരു വൃത്തികേടും തോന്നിയില്ല… അവളുടെ ഫോട്ടോ കണ്ടപ്പോ ആദ്യം തുടയിലേക്കു നോക്കാൻ തോന്നിയെങ്കിൽ മാറ്റേണ്ടത് അവളുടെ വസ്ത്രം അല്ല… നിന്റെം നിന്റെ കൂട്ടുകാരുടെയും മനോഭാവം ആണ്… മുഖത്ത് നോക്കുന്നതിനേക്കാൾ മുലയിൽ നോക്കുന്നവരുടെ നാട്ടിൽ പറഞ്ഞിട്ടെന്തു കാര്യം ”

” അപ്പൊ ഞങ്ങളുടെ കാഴ്ചപ്പാടാണ് പ്രശ്നം എന്നാണോ ഏടത്തി പറയുന്നേ ??? ”

” അതെ… എന്താ സംശയം… ഇവൾ ഇതേ പോലത്തെ ഡ്രെസ്സുകൾ ഇട്ടല്ലേ ഇതിലെ നടക്കാറ് അപ്പൊ അവളുടെ തുട കണ്ടിട്ട് നിനക്കെന്തെലും തോന്നിയോ ??? ”

” ഏടത്തി ”

ഒരു ഞെട്ടലോടെ അവൻ വിളിച്ചു

” പറയടാ നിനക്കെന്തെലും തോന്നിയോ ??? ”

” ഇല്ല ”

മുഖം താഴ്ത്തിക്കൊണ്ടു അവൻ പറഞ്ഞു

” എന്തെ തോന്നാഞ്ഞേ ?? ”

” അവൾ… ”

” അവൾ… ? മുഴുവൻ പറയ്‌ നീ ”

” അവളെന്റെ പെങ്ങളല്ലേ ”

” അപ്പൊ അവള് നിന്റെ പെങ്ങളാണെന്ന ബോധം നിനക്കുള്ളത് കൊണ്ടു അവളുടെ തുട കണ്ടാലും നിനക്ക് പ്രത്യേകിച്ച് ഒന്നും തോന്നില്ല.. ശരി… ഇനി അവൾക്കു പകരം നീ പ്രേമിക്കുന്ന നിയ ആണ് തുട കാണിച്ചു ഇതിലെ നടന്നതെങ്കിൽ നിനക്ക് എന്തേലും തോന്നുവോ ??? ”

” തോന്നും ”

” എന്ത് കൊണ്ടു ?? ”

” അവളെന്റെ പെണ്ണായതു കൊണ്ട് ”

” അപ്പൊ എന്റെ മോനു നല്ല തിരിച്ചറിവുണ്ട്… മോൻ പോയിട്ട് മോന്റെ കൂട്ടുകാരോട് പറഞ്ഞ മതി ഈ കാര്യം…. അവനവന്റെ പെണ്ണിനെ ഒഴികെ മറ്റു പെണ്ണിനെ നോക്കുമ്പോൾ അവളെ എങ്ങനെ ഓരോ ആണും കാണുന്നു എന്നുള്ളതിലാണ് അവർക്ക് അവളോട് തോന്നുന്ന വികാരം ഇരിക്കുന്നത്… മുന്നിൽ വരുന്ന ഏതു പെണ്ണും ഭോഗവസ്തു ആണെന്ന തോന്നൽ ഉള്ളവന് പെണ്ണിനെ വെറുതെ കണ്ടാലും കാമം തോന്നും… അല്ലാതെ അവളുടെ തുടയിൽ തൃശൂർ പൂരം ഒന്നും നടക്കുന്നില്ലല്ലോ ആസ്വദിച്ചു കാണാൻ.. ?? നീയും ഒരു പെണ്ണിനെ സ്നേഹിക്കുന്നവൻ അല്ലേ? കഴിഞ്ഞ ദിവസം രാത്രി നീ അവളെ ഫോണിൽ വിളിച്ച തെറി ഒക്കെ ഞങ്ങള് കേക്കുന്നുണ്ടായിരുന്നു… നിലത്തു വീണ കീ എടുക്കാൻ കുനിഞ്ഞപ്പോ മാറത്തു കൈ വെക്കാൻ മറന്നതാണ് അവൾ ചെയ്ത തെറ്റ്?? ആ തക്കം നോക്കി അവളുടെ വിടവുകളിലേക്കു ഒളിഞ്ഞു നോക്കിയവർ എല്ലാം മാന്യന്മാർ… അവളോട് നീ ചോദിച്ചു നോക്ക് ശരിക്കും നീ എന്താ ധരിക്കാൻ ഇഷ്ട്ടപെടുന്നേ എന്ന്… നീ ഞെട്ടും.. ഒരു പെണ്ണ് അവൾ ആഗ്രഹിക്കുന്നത് ധരിക്കട്ടെ.. അതിനെ നിങ്ങൾ എന്തിനാണ് ഭയപ്പെടുന്നത്.. നിങ്ങൾ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്ക് നന്ദൂട്ടാ ആദ്യം.. ഈ ലൈംഗീകത എന്ന് പറയുന്നതൊക്കെ ഒരു തരാം മെഡിറ്റേഷൻ പോലെ ആണ്.. അതിനെ കുറിച്ചുള്ള വ്യക്തമായ അറിവില്ലായ്മ ആണ് പെണ്ണെന്നു കേക്കുമ്പോൾ ഉള്ള ഈ ത്വര ഉണ്ടാവാൻ കാരണം.. നല്ലൊരു പങ്കാളിയുമൊത്തു ആസ്വദിച്ചു അറിവോടെ അത് സാധ്യമായാൽ ഈ കാഴ്ചപ്പാട് തന്നെ മാറും.. ആദ്യം നീ നീ സ്നേഹിക്കുന്ന പെണ്ണിലൂടെ പെണ്ണെന്താണെന്നു അറിയാൻ ശ്രമിക്കണം.. രണ്ടാമത് നിന്റെ പെങ്ങളെ പറ്റി അപവാദം പറയുന്ന കൂട്ടുകാരെ വേണ്ടെന്നു വെക്കണം… അപ്പൊ തന്നെ പകുതി മാറ്റം വരും.. ”

ആനന്ദ് ഒന്നും മിണ്ടാതെ നിന്നു..

” ദോശ ആയിട്ടുണ്ട് കൈ കഴുകിയിട്ടു വാ കഴിക്കാം ”

അവനെ നോക്കി ചിരിച്ചു കൊണ്ട് ഏടത്തി പറഞ്ഞു…

” ഏയ്‌.. അവനു ദോശ പറ്റില്ല ഏടത്തി… ഡാ നിനക്ക് കുറച്ചു കഞ്ഞി എടുക്കട്ടെ ??? ”

ആനന്ദിന്റെ ഗൗരവം മാറി മുഖത്ത് ചിരി വിടർന്നു…

“മാറ്റങ്ങൾ കുടുംബത്തിൽ നിന്നും ആരംഭിക്കട്ടെ… ബന്ധങ്ങൾ എന്നും മൂല്യമുള്ളതാവട്ടെ… പെണ്ണിനെ അവളുടെ വഴിക്കു വിടട്ടെ… അവർക്കറിയാം അവരെ പറ്റി നമ്മളെക്കാൾ കൂടുതൽ.. അതോണ്ട് നിങ്ങളതോർത്തു ബേജാറാവണ്ട”

രചന: കണ്ണൻ സാജു

Leave a Reply

Your email address will not be published. Required fields are marked *