നമ്മളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളെങ്കിലും കൂടെയുണ്ടാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല…

രചന: സ്വാതി കെ.എസ്

യാത്രാമൊഴി

“ആ നൈവേദ്യ ആത്മഹത്യ ചെയ്തൂന്ന്…..!!!”

കഴിഞ്ഞയാഴ്ച നൈവേദ്യ കാണാതെ അവളെക്കുറിച്ചു അടക്കം പറഞ്ഞു പുച്ഛിച്ച രമ്യയുടെ ശബ്ദം എന്റെ ചെവിയിലെത്തി….

വരച്ചുകൊണ്ടിരുന്ന ചിത്രം പാതിയിൽ തറഞ്ഞു പോയതുപോലെ തോന്നി…..!!

ആദ്യത്തെ ഞെട്ടലിൽ നിന്നും മുക്തി നേടി ഞാൻ പരിസര ബോധം വീണ്ടെടുത്തു……

അവളുടെ മുഖത്തെ സങ്കടഭാവത്തിനു നേരെ നോക്കി എനിയ്ക്കൊന്നുറക്കെ ചിരിയ്ക്കാൻ തോന്നി…

“കോളേജിൽ പൊതു ദർശനത്തിനു വയ്ക്കുന്നുണ്ടത്രേ….!!!! ഇപ്പൊ എത്തും…”

കൂട്ടത്തിലിരുന്നുകൊണ്ടു എല്ലാരും മൂകത സ്വീകരിച്ചു….

“പാവം….!! കുറെ വേദനിപ്പിച്ചിട്ടുണ്ട് അവളെ…”

ഞാൻ കാതിനു മീതെ കൈകളമർത്തി….

ഇടനെഞ്ചു തകർക്കും വിധം വല്ലാത്തൊരു വേദന എന്നെ ശ്വാസം മുട്ടിച്ചു….!!!

അവർക്കൊക്കെ എന്താണ് നഷ്ടം…???

എനിയ്ക്കത് മനസ്സിലായില്ല….!!!

എനിയ്ക്കവരുടെ സഹതാപ ചർച്ചയിലോ വേദനയിലോ പങ്കെടുക്കണമെന്ന് തോന്നിയില്ല….

പകരം കപട വിഷാദത്തിന്റെ കലർപ്പില്ലാത്ത ശുദ്ധവായു ശ്വസിയ്ക്കണമെന്നു തോന്നി…

മനപ്പൂർവ്വം ക്ലാസ് മുറി വിട്ട് ഞാൻ പുറത്തേക്കിറങ്ങി….

കോളേജ് അങ്കണത്തിൽ പടർന്നു നിന്നിരുന്ന മുത്തശ്ശൻ മാവിന് ചുവട്ടിലേയ്ക്ക് നടന്നു….

അവൾ സ്ഥിരം ചായാറുള്ള വലിയ വേരിൽ ചാഞ്ഞിരുന്നു….

മാവിന്റെ ഇലകളിലെവിടെയോ നിന്നും ഒരു തുള്ളി കണ്ണീർ ഉച്ചിയിൽ വീണത് പോലെ തോന്നി….

സാരമില്ലെന്നു പറഞ്ഞു ഞാനാ വേരുകളെ പതിയെ തലോടി…..

അവളെങ്ങും പോയിട്ടില്ല….

അടർന്നു വീണ രണ്ടു തുള്ളി കണ്ണുനീരിനെ ഷാളിൻ തുമ്പുകൊണ്ടു തുടച്ചു നീക്കി….

ഞാൻ വെറുതെ ഓർക്കാൻ ശ്രമിച്ചു….

അവളെ ആദ്യമായി കണ്ട ദിവസം….!!!

ക്ലാസിലെ നേത്ര, മന്ത്രിയ്ക്കുന്ന സ്വരത്തിൽ കാതിൽ പറഞ്ഞത്….

“ദേ… അതാണ് നൈവേദ്യ…..”

അതെന്തിനാണിത്ര രഹസ്യമായി പറയുന്നതെന്ന് ഞാൻ അതിശയപ്പെട്ടു….

“ആ കുട്ടി ലെസ്ബിയൻ ആണെന്ന്….”

“ലെസ്ബിയനോ…???”

“അതേ… സ്വവർഗ്ഗാനുരാഗി…. ഫേസ് ബുക്ക് പ്രൊഫൈലിൽ ഐഡന്റിറ്റി വെളിപ്പെടുത്തിയിരുന്നു…..”

“അതിനെന്താ….???”

പ്രതീക്ഷിച്ച അത്ഭുതം എന്റെ മുഖത്തു കാണാഞ്ഞത് അവളെ ചൊടിപ്പിച്ചെന്നു തോന്നി….

“അതിലെന്താണിത്ര അസ്വാഭാവികത….??? നീയിങ്ങനെ അത്ഭുതപ്പെടാനും സഹതപിയ്ക്കാനും എന്തിരിയ്ക്കുന്നു….???”

അവൾ മറുപടി പറഞ്ഞില്ല….

പകരം എന്നെയൊന്നു ചൂഴ്ന്നു നോക്കി ക്ലാസ്സിലേയ്ക്ക് കയറിപ്പോയി…

നൈവേദ്യ…..!!!

കണ്ണുകൾ അവളുടെ കഴുത്തൊപ്പം വെട്ടിയിറക്കിയ തലമുടിയിലും വലിയ മൂക്കുത്തിയിലും തറഞ്ഞു…

അവൾക്ക് വിരലിലെണ്ണാവുന്ന കൂട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ….

രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും ജീവിതം അവളെ മുറുകെ പിടിച്ചു…

തീവ്രമായ വിഷാദരോഗം അവളെ കീഴ്പ്പെടുത്തിയിരുന്നു….

വീട്ടുകാരടങ്ങിയ സമൂഹം ഒറ്റപ്പെടുത്തിയ പെണ്കുട്ടി….

സമൂഹം….???

ഇപ്പോഴും ശിലായുഗത്തിൽ ജീവിയ്ക്കുന്ന ഒരുപറ്റം വിഡ്ഢികളാണോ ഈ പറഞ്ഞ സമൂഹം…???

സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തി എന്നൊരൊറ്റ കാരണം കൊണ്ട് മാത്രം അവളൊറ്റപ്പെട്ടു പോയെന്ന്….!!!

എനിയ്ക്കതിന്റെ ഔചിത്യം മനസ്സിലായില്ല….!!!

ഒരാളുടെ സ്വകാര്യതയെയും ഇഷ്ടങ്ങളെയും ചോദ്യം ചെയ്യാനും പുച്ഛിയ്ക്കാനും അപരന് എന്താണാധികാരം….???

എനിയ്ക്കവളുടെ നിശ്ശബ്ദതയും കറുപ്പ് വലയങ്ങൾ അലങ്കാരം തീർത്ത കണ്ണുകളും ആകർഷണീയമായി തോന്നിയിരുന്നു….

ഇടയ്ക്കിടെ അവളുടെ ഫേസ് ബുക്ക് പ്രൊഫൈലിൽ കയറി അവൾ വേദനയോടെ കോറിയിട്ട വരികളിലൂടെ സഞ്ചരിയ്ക്കാനിഷ്ടമായിരുന്നു…..

അവൾക്ക് വേണ്ടി രണ്ടക്ഷരം പകർന്നെഴുതാൻ ഒരിയ്ക്കൽ ശ്രമിച്ചിരുന്നു…

മറ്റുള്ളവരെന്തു കരുതും എന്നോർത്തു പിൻവലിഞ്ഞു….

ആരെങ്കിലും എന്തെങ്കിലും കരുതട്ടെ എന്നോർക്കാനുള്ള മനക്കരുത്താർജ്ജിയ്ക്കാൻ അവളുടെ അവസാന ദിനവും പിന്നിടേണ്ടി വന്നു…

ഒരിയ്ക്കൽ ഇതേ മരച്ചുവട്ടിൽ വച്ചാണ് ആദ്യമായി അവളെ പരിചയപ്പെട്ടതും…..

“താനല്ലേ മീര….???”

“അതേ….”

“ബുള്ളറ്റിൻ ബോർഡിലെഴുതിയ നാലുവരിക്കവിത അസ്സലായിരുന്നു…..”

അവൾ നേർത്ത ചിരി സമ്മാനിച്ചു….

“താങ്ക്യൂ…..”

സംശയത്തോടെ ഞാനാ ചിരി പകർന്നെടുത്തു….

“എഴുത്തു തുടരണം…. ഇങ്ങനെ എഴുതാനുള്ള കഴിവ് എല്ലാർക്കും കിട്ടില്ല….. അത് അംഗീകരിയ്ക്കപ്പെടാനുള്ള ഭാഗ്യവും…..”

“നൈവേദ്യ എഴുതോ…??”

“ഓഹ്… ഇയാൾക്കും എന്നെ അറിയോ….”

മറുപടി പറയാൻ വാക്കുകളൊന്നും എന്നെ കടാക്ഷിച്ചില്ല…..

“എഴുത്തിനെ ഒരു റിലീഫായി കൊണ്ടു നടക്കാൻ എനിക്കിഷ്ടമാണ്…..”

അവൾ ദൂരേയ്ക്ക് നോക്കി നെടുവീർപ്പിട്ടു…..

“കാണാം….”

നീണ്ട ബെൽ മുഴങ്ങിയപ്പോൾ അവളെഴുന്നേറ്റു നടന്നു…..

പിന്നീടെപ്പോഴാണ് ഒഴിഞ്ഞുപോക്കിൽ ശൂന്യത നിറയ്ക്കും വിധം വായനയിലൂടെ അവളെന്നിൽ വേരിറങ്ങിയത്….???

ഒരു ചിരിയ്ക്ക് ഇത്രയധികം ആഴമുണ്ടാവുന്നതെങ്ങിനെയാണ്….???

അറിയില്ല…..!!

ഒരിയ്ക്കൽ ഇതേ മരച്ചുവട്ടിൽ തനിച്ചിരിയ്ക്കവെയാണ് വീണ്ടും അവളോട് സംസാരിച്ചത്….

“മീര ഇപ്പൊ എഴുതാറില്ലേ…..???”

“വല്ലപ്പോഴും…..”

“എഴുത്തു നിർത്തരുത്….. തനിയ്ക്കൊരു നല്ല ഭാവിയുണ്ട്…..”

“ഞാനിടയ്ക്ക് നൈവേദ്യയുടെ എഴുത്തുകൾ വായിച്ചിരുന്നു…. മനോഹരമായിരുന്നു….. ഒരുപാട് പേർക്ക് പ്രചോദനമായേക്കാവുന്ന തുറന്നെഴുത്തുകൾ….”

മറുപടിയായി അവളെന്റെ കണ്ണുകളിലേക്ക് നിസ്സംഗതയോടെ ഉറ്റു നോക്കിയത് ഇന്നലെ കഴിഞ്ഞത് പോലെ ഓർക്കാം….

“തുറന്നെഴുത്തുകൾ….!! ”

അവൾ ചിരിച്ചു….

“ആൾക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടു പോയവളുടെ ജീവിയ്ക്കാനുള്ള മോഹങ്ങൾ… അതാണെന്റെ വരികളെ ജനിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത്…..”

ഒന്നും മനസ്സിലാവാതെ ഞാനവളെ നോക്കിയിരുന്നു…..

“ജീവിതം അഭിനയിയ്ക്കാനുള്ളതല്ലഡോ…. അങ്ങനെ അഭിനയിച്ചു ജീവിയ്ക്കുന്നവർ ജീവിയ്ക്കുന്നുവെന്നേയുള്ളൂ…. സന്തോഷിയ്ക്കുന്നുണ്ടാവില്ല….. എനിയ്ക്കങ്ങിനെയൊരു നാട്യക്കാരിയായി തുടരണ്ട….. ഒരുപാട് സഹിച്ചിട്ടാണെങ്കിലും എനിയ്ക്ക് ഞാനായാൽ മതി…”

അവളെനിയ്ക്ക് വിളറിയ ചിരി സമ്മാനിച്ചു…

എല്ലാം ശരിയാവുമെന്നു ഞാൻ പതിയെ പറഞ്ഞത് അവൾ കേട്ടിരുന്നോ….??

പിന്നീടെപ്പോഴോ അവളുടെ ഫേസ്‌ബുക്ക് വാളിൽ അന്യദേശക്കാരിയായ ദയ എന്ന സുന്ദരിയായ പെൺകുട്ടിയുടെ ചിത്രം കണ്ടു….. അവർ തമ്മിൽ പ്രണയമാണെന്നറിഞ്ഞു…..

അതെങ്ങിനെയാണ് ഒരു പെൺകുട്ടിയോട് പ്രണയം തോന്നുന്നതെന്നു ഞാൻ നൈവേദ്യയോട് ചോദിച്ചിരുന്നു…..

അവൾ ചിരിച്ചു….

“തനിക്കെങ്ങിനെയാണ് ഒരു ആൺകുട്ടിയോട് പ്രണയം തോന്നുന്നത്….????”

അവൾ തിരിച്ചു ചോദിച്ചപ്പോൾ ഞാനൽപ്പ നേരം ആലോചനയിലാണ്ടു…..!!! അതേക്കുറിച്ചു മുൻപ് ചിന്തിച്ചില്ലെന്നതായിരുന്നു സത്യം….

“തനിക്കതിൽ അസ്വാഭാവികതയൊന്നും തോന്നിയില്ല…. അതുകൊണ്ടു താൻ ചിന്തിച്ചിട്ടില്ല അല്ലെ…??? പിന്നെ എന്തുകൊണ്ടാണ് എന്നോടങ്ങിനെ ചോദിയ്ക്കാൻ തോന്നിയത്…..??

നമുക്കറിയാത്തതൊക്കെ നോൺസെൻസ് ആണെന്ന് ചിന്തിയ്ക്കുന്ന കപട ലോകത്തിന്റെ പ്രോഡക്റ്റ് ആണ് താനും….

പഠിച്ചു വച്ചതിനപ്പുറം എന്തെങ്കിലും കണ്ടാൽ ബാധയാണെന്നും മാനസിക പ്രശ്നമാണെന്നും സ്വയം തീരുമാനിയ്ക്കുന്ന വിഡ്ഢികളുടെ ഡോമിനൻസാണ് അധികവും…..

ഒരുപാട് സ്ഥലങ്ങളിൽ മാറ്റങ്ങൾ കണ്ടു വരുന്നുണ്ട്…. നമ്മളെപ്പോലുള്ള ഓർത്തഡോക്സ് ഗ്രാമങ്ങൾ അപ്പോഴും അവരുടെ ചിന്തകളിൽ ഉറച്ചു ജീവിയ്ക്കും….

പഠിച്ചതിനും അറിഞ്ഞതിനുമപ്പുറം ഒരുപാട് കാര്യങ്ങളുണ്ട് കുട്ടി… എല്ലാത്തരം പ്രണയങ്ങളും പ്രകൃത്യാ അംഗീകരിയ്ക്കപ്പെട്ടതാണ്…..

പ്രണയവും ഇണ ചേരലുമെല്ലാം തലമുറ സൃഷ്ടിയ്ക്ക് വേണ്ടി മാത്രമാണെന്ന് ആരാണ് എഴുതി വച്ചത്….???

“എല്ലാരും മാറി ചിന്തിയ്ക്കുന്ന ഒരു കാലം വരും…. തീർച്ചയായും വരും….”

എന്റെ വാക്കുകൾക്ക് മറുപടിയെന്നോണം അവൾ വെറുതെ തലയാട്ടി….

“ദയയുടെ നാട് കുറച്ചുകൂടി അഡ്വാൻസ്ഡ് ആണ്…. അവളെ മനസ്സിലാക്കാൻ എല്ലാർക്കും കഴിയുന്നുണ്ട്…. ഒരുപാട് സഹിയ്ക്കാൻ പറ്റാതെ വന്നാൽ ഞാൻ എല്ലാം ഇട്ടെറിഞ്ഞു അങ്ങോട്ട് പോകും…..

കണ്ടു കൂട്ടിയ സ്വപ്നങ്ങളിൽ ഞങ്ങൾക്ക് ജീവിയ്ക്കണം….. ഒരുപാട് കാലം….”

ദൃഢതയുള്ള വാക്കുകളായിരുന്നു…..!!!

പിന്നീടെന്തിനായിരുന്നു….???

ഞാൻ ഫോണെടുത്തു വീണ്ടും അവളുടെ എഴുത്തുകളിലൂടെ കണ്ണോടിച്ചു…..

” തീർത്തും നോർമലായിരുന്നിട്ടും ഒറ്റപ്പെട്ടു പോയവരുടെ വേദന നിങ്ങൾക്കറിയണോ….?? എങ്കിൽ ആയിരം ഭ്രാന്തൻമ്മാർക്കിടയിൽ നിന്നും ഉച്ചത്തിലൊരു സത്യം വിളിച്ചു പറയൂ… അവർ നിങ്ങളെ ഭ്രാന്താനക്കുന്നത് വരെ അത് തുടരൂ….”

ഞാൻ വീണ്ടും വീണ്ടും ആ വരികളിൽ മാത്രം തറഞ്ഞു കയറി….

അറിയാതെ ഉള്ളിലൊരു നനവ് പടർന്നു….

അയൽക്കാരനോട് പ്രണയാഭ്യർത്ഥന നടത്തി അപഹസ്യനായ അജിത്തിനെ ഓർത്തുകൊണ്ടു തന്നെ ഞാൻ നൈവേദ്യയ്ക്ക് വേണ്ടി എന്തൊക്കെയോ കുറിച്ചു….

അവളുടെ മരണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് ചുറ്റുമുള്ള എല്ലാ നോട്ടങ്ങൾക്കു മീതെയും ചുമത്തികൊണ്ട് ആ വരികൾ ആരിലൊക്കെയോ ആഴ്ന്നിറങ്ങി……

ഒരുപാട് വൈകിപ്പോയിട്ടും നൈവേദ്യയെ മരണം കൊണ്ടു പോയിട്ടും ഒരു പ്രായ്ശ്ചിത്തം പോലെ ഒടുക്കം ഞാനത് ഫേസ് ബുക്ക് താളിൽ ഉപേക്ഷിച്ചു….

അപ്പോഴേയ്ക്കും മരണത്തിന്റെ ശബ്ദവും പേറി ഒരാമ്പുലൻസ് ചീറിപ്പാഞ്ഞു വന്നു….

ഉറുമ്പ് കൂട്ടങ്ങളെപ്പോലെ ആരൊക്കെയോ അവളെ കാണാൻ വരി വരിയായി പോകുന്നുണ്ടായിരുന്നു….

കരഞ്ഞു കരഞ്ഞു തളർന്നു പോയൊരു പെൺകുട്ടി അവളുടെ ദേഹത്തേക്ക് കുഴഞ്ഞു വീഴുന്ന കാഴ്ചയിലേയ്ക്ക് നോക്കി ഞാൻ അനങ്ങാതെ ഇരുന്നു….

അത് നൈവേദ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരിയ്ക്കാം…..

അവരിടക്കിടെ തമാശ പറയുന്നതും പാട്ടു പാടുന്നതും ഓർത്തെടുത്തു…..

പതിവിനു വിപരീതമായി ഒരു ചാറ്റൽ മഴ പെയ്തിറങ്ങി…..

“നമ്മളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളെങ്കിലും കൂടെയുണ്ടാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല….

പല തവണ എന്നെ ആത്മഹത്യയിലേക്ക് നയിച്ചതും അങ്ങനൊരാൾ കൂടെയില്ലാത്ത നേരങ്ങളാണ്….

ഒരു തെറ്റും ചെയ്യാതെ ശിക്ഷയനുഭവിയ്ക്കേണ്ടി വരുന്നതും ഒറ്റപ്പെടെണ്ടി വരുന്നതും എത്ര ഭീകരമാണെന്നു ഓർത്തു നോക്കൂ….

സ്വന്തം അമ്മ സ്നേഹത്തോടെ ചേർത്തു പിടിയ്ക്കുന്നൊരു ദിവസം സ്വപ്നം കാണേണ്ടി വരുന്നവർക്കെ അതിന്റെ ആഴം മനസ്സിലാവൂ…”

“എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരാൾക്ക് ജീവിയ്ക്കാൻ കഴിയില്ലല്ലോ…. ഇവിടെ തന്നെ മനസ്സിലാക്കുന്നവരില്ലേ…. ”

“അതാണ് ഏക ആശ്വാസം…!!

കരഞ്ഞിട്ടു ഉറങ്ങാറില്ലടോ പല രാത്രിയും…. കണ്ണടച്ചാൽ ചുറ്റിലും തുറിച്ചു നോട്ടങ്ങളാണ്…. വീട്ടുകാരെങ്കിലും കൂടെ നിന്നിരുന്നെങ്കിൽ….!!”

വീണ്ടും വീണ്ടും ഒരു തേങ്ങലോടെ അവളുടെ വാക്കുകൾ ഉള്ളിൽ വന്നു വീണു…

ഒരു തുള്ളി കണ്ണീർ അനുവാദം ചോദിയ്ക്കാതെ അടർന്നു വീണു….

അവളെയും വഹിച്ചു അകന്നു പോകുന്ന ആംബുലൻസിനെ കണ്ണുഴിഞ്ഞുകൊണ്ടു ഞാനാ മരത്തെ ചാഞ്ഞിരുന്നു…..

“മാപ്പ്….. ഒന്നും ചെയ്യാതിരുന്നതിന്…. ചുറ്റുമുള്ള വിഡ്ഢികളെ ഭയന്ന് നാവടക്കിയതിന്…. ആരൊക്കെയോ ചേർന്നുണ്ടാക്കിയ ജീവിത രീതികളെ കണ്ണടച്ചു വിശ്വസിയ്ക്കുന്ന മണ്ടത്തരത്തെ മിണ്ടാതെ സഹിച്ചതിന്…. ഒരു ആത്മഹത്യയെ ഒഴിവാക്കാൻ ശ്രമിയ്ക്കാതിരുന്നതിന്…..”

ചുണ്ടിൽ നിന്നും വഴുതി വീണ വാക്കുകളെ ഒപ്പിയെടുത്തുകൊണ്ടു ആ പടുമരം എന്റെ നെറുകയിൽ കണ്ണീർ പൊഴിച്ചു….

ദൂരെയൊരു പെൺകുട്ടിയുടെ കണ്ണീർ വറ്റിയ മുഖം മാത്രം എന്റെയുള്ളിൽ വാതിൽ തുറന്നു….

ദയ….!!

അവളൊരുപക്ഷെ അറിഞ്ഞു കാണില്ല….!!

അറിഞ്ഞാലും ഇനി ആർക്കെന്താണ് ചെയ്യാനുള്ളത്…??

ഒരു പുനർജ്ജന്മത്തിലൂടെ നിങ്ങൾ ഒന്നിയ്ക്കട്ടെ എന്നു മാത്രം ഞാൻ നിശ്ശബ്ദമായി പറഞ്ഞു….

ശേഷം ഒരു നിഴൽ മാഞ്ഞു പോയ വേദനയെ ചുമലേറ്റി ഞാനും നടന്നു….

അറിവില്ലായ്മ ചൂടി നടക്കുന്ന ഒരുപറ്റം ആളുകൾ മാത്രം കുരുതിക്കണ്ണുകളുമായി അപ്പോഴും ആരുടെയൊക്കെയോ കാൽപ്പാട് തേടി അലയുന്നുണ്ടായിരുന്നു…..

രചന: സ്വാതി കെ എസ്

( LGBTQ+ കമ്മ്യൂണിറ്റികളെക്കുറിച്ചു ഇപ്പോഴും പലർക്കും തെറ്റായ ധാരണകളാണ്…. അതൊരു മാനസിക വൈകല്യമോ ബാധയോ ഒന്നുമല്ലെന്നും സെക്ഷ്വാലിറ്റി എന്നത് ഓരോ മനുഷ്യനിലും ജന്മനാ സ്ഥിതീകരിയ്ക്കപ്പെട്ടതാണെന്നും പറഞ്ഞുകൊള്ളട്ടെ…. ആണും പെണ്ണും ചേർന്നാൽ മാത്രമേ ലൈംഗീകത രൂപപ്പെടുകയുള്ളൂ അവർക്ക് മാത്രമേ ഒന്നിച്ചു ജീവിതം പാടുള്ളൂ എന്നുള്ള മിഥ്യാധാരണ ഇപ്പോഴും നിലനിൽക്കുന്നുണ്ട്‌….വളരെ ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമാണെങ്കിലും…. ആൺ,.പെൺ , എന്നതിന് പുറമെ ട്രാൻസ് ജെന്റർ, ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ, അസെക്ഷ്വൽ തുടങ്ങിയ മറ്റനവധി ജെന്ററുകളും നമുക്കിടയിലുണ്ട്…. വീട്ടുകാരും നാട്ടുകാരും ഒറ്റപ്പെടുത്തിയതിനെ തുടർന്ന് പല കുട്ടികളും ആത്മഹത്യ ചെയ്യുന്ന വാർത്ത ദിനം പ്രതി വർധിച്ചു വരുന്നു…. ഇതൊന്നും വാർത്തയാക്കാനോ കൊട്ടി ഘോഷിയ്ക്കാനോ ആരും മുന്നോട്ട് വരുന്നില്ലെന്നതാണ് ഏറെ വേദനാജനകം…. ഇത്തരം അവഗണനകളാണ് ഡിപ്രഷനിലേയ്ക്കും തുടർന്ന് ആത്മഹത്യയിലേയ്ക്കും നയിയ്ക്കുന്ന കാരണങ്ങൾ…. മറ്റുള്ളവരുടെ ജീവിതത്തിൽ കൈ കടത്തിയും വേദനിപ്പിച്ചും അവരുടെ മരണത്തിനു കാരണക്കാരനാവാതെ എല്ലാവരെയും ജീവിയ്ക്കാൻ അനുവദിയ്ക്കുക… ഈ കഥ ഒരാളുടെയെങ്കിലും മനസ്സ് മറ്റുമെന്ന വിശ്വാസത്തോടെ നിർത്തട്ടെ…..)

രചന: സ്വാതി കെ.എസ്

Leave a Reply

Your email address will not be published. Required fields are marked *