മകൻ നടത്തിയ ഒരു പ്രായശ്ചിത്തം ആണ് ഈ വിവാഹമെന്ന് മോള് കരുതരുത്…

രചന: മാളവിക ശ്രീകൃഷ്ണ

ചങ്ങലകണ്ണികള്‍

വിധുവേട്ടന്റെ കയ്യും പിടിച്ചു കളപ്പുരക്കൽ വീട്ടിലേക്ക് കയറുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആതി ആയിരുന്നു..

ആ വീട്ടിലേക്ക് കയറി ചെല്ലാൻ മാത്രം യോഗ്യത തനിക്കില്ല എന്ന കുറ്റബോധം എന്നിൽ പടർന്നു പിടിക്കുമ്പോഴും കയ്യ് തണ്ടയെ മുറുകെ പിടിച്ച് വിധുവേട്ടൻ ആശ്വസമാകുകയായിരുന്നു …

ഏതോ ഒരു നിമിഷത്തിൽ ഓർക്കാൻ പോലും നേരമില്ലാതെ എടുത്ത ഈ തീരുമാനം അബദ്ധമായി പോയി എന്നതിന്റെ ഒരു നേർത്ത സൂചന പോലും അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നില്ല …

സ്വപ്നം പോലും കാണാൻ കഴിയാത്ത ആ വലിയ വീടിന്റെ പടി കയറാൻ നേരം നിറചിരിയോടെ എനിക്കു നേരെ നിലവിളക്കുനീട്ടിയ വിധുവേട്ടന്റെ അമ്മയാണ് എന്നെ ഏറ്റവുമധികം അത്ഭുതപ്പെടുത്തിയത് …

”മോളെ വേണി … ഇന്ന് മുതൽ നീയാണ് ഈ വീടിന്റെയും ഞങ്ങടെ ജീവിതത്തിന്റെയും വെളിച്ചം” എന്നു നെറുകയിൽ തലോടികൊണ്ട് അമ്മ പറയുമ്പോൾ ഇതുവരെ താനനുഭവിച്ചിട്ടില്ലാത്ത വാത്സല്യത്തിനു മുന്നിൽ കാലിൽ വീണു കരയാൻ മാത്രമേ എനിക്കയുള്ളൂ ….

കഴിഞ്ഞതെല്ലാം ഒരു ദുസ്വപ്നം പോലെ തോന്നുകയാണ് …

നേരം ഒന്ന് ഇരുട്ടി വെളുത്തപ്പോൾ എല്ലാം മാറി മറിഞ്ഞിരിക്കുന്നു ..!!

കഴിഞ്ഞു പോയ ആ രാത്രി …. എന്നെ ഓരോ നിമിഷവും ഇല്ലാതാക്കി കൊണ്ടിരിക്കുന്നു .

ഇന്നലെ ഈ നേരം ആയിരിക്കണം ഒരു പെണ്ണായി പോയതിന്റെ പേരിൽ ഞാൻ എന്നെ സ്വയം ശപിച്ചത് ..

########################

ജനിച്ചന്ന് മരിച്ചതാണ് അച്ഛൻ ..

”ജനിച്ചതേ അച്ഛന്റെ മരണം കുറിച്ചാണ് ”… എന്ന പഴിവാക്കു കേട്ടു വളർന്നവൾ …

ജീവനൊടുക്കിയ ആ കൂലിപണിക്കാരന്റെ കുടുംബം പട്ടിണിയായി തുടങ്ങിയപ്പോൾ ഒരു നേരത്തിനുള്ള വക കണ്ടെത്താൻ അമ്മ ഒരുപാട്‌ അലഞ്ഞിട്ടുണ്ടാകണം …

ബുദ്ധിയും ബോധവും വെച്ചു തുടങ്ങിയ കാലത്ത് ആണ് അറിഞ്ഞത് .. അപ്പോഴേക്കും ഞാനൊരു വേശിയുടെ മകളായിരിക്കുന്നുവെന്ന് … രാവിലെ പണിക്കു പോയി രാത്രിയായിട്ടും പണിയുണ്ടെന്നു പറഞ്ഞു പല രാത്രികളിൽ തന്നെ തനിച്ചാക്കിയിരുന്നതിന്റെ പൊരുൾ ..

അങ്ങനെ ഒരു ദിവസം സ്കൂൾ വിട്ട് വരണ വഴി ദാമുവേട്ടന്റെ ചായക്കടേല് ഒരു അടക്കം പറച്ചില് കേട്ടു …

‘ഏതോ ഒരു വലിയ ഹോട്ടലിൽ ആരുടെയോ കിടപ്പുമുറിയിൽ നിന്ന്‌ അമ്മയെ അനാശാസ്യ കേസിൽ അറസ്റ്റ് ചെയ്‌തു ‘ എന്നായിരുന്നു അത് …

പഴയ ആ ഒമ്പതാം ക്ലാസ്സുകാരി വേണിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത …

പിന്നീടുള്ള നാളുകളിൽ ഉറക്കമില്ലാത്ത എത്രയോ രാത്രികൾ ഉണ്ടായിട്ടുണ്ട് …..

ഇരുട്ട് വീണു തുടങ്ങിയാൽ പേടിയായിരുന്നു അവൾക്ക് …വേശിയുടെ മകളെ തേടി രാത്രിയിൽ മഞ്ഞവെളിച്ചം കാട്ടി ആരെങ്കിലും വന്നാൽ കൊന്നു കളയാൻ തീരുമാനിച്ച് ഒരു ഇരുമ്പു വടി കയ്യിൽ കരുതി അവൾ ഉറങ്ങി പോയിട്ടുണ്ട് …

തണുപ്പുറഞ്ഞ വേളകളിൽ അമ്മേടെ ചൂടുപറ്റി കിടക്കാൻ ആശിച്ച് ചാണം മെഴുകിയ തറയിൽ കിടന്നു ശബ്ദമടക്കി കരയുമ്പോൾ നെഞ്ചിൽ ഉരുണ്ടുകയറിയ ആ പേടിയാണ് കണ്ണടച്ചാൽ ഇന്നും മനസ്സിൽ …

ആകെ ഉണ്ടായിരുന്ന സഹായം അച്ഛന്റെ ഉറ്റ ചങ്ങാതി ആയിരുന്നെന്നറിയാവുന്ന ഭാസ്‌ക്കരേട്ടൻ മാത്രം ആയിരുന്നു …

സ്വന്തക്കാരൊന്നും ഇല്ലെന്നും കയ്യിൽ പണം മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ എന്നാവർത്തിച്ചു പറയുന്ന ആ മനുഷ്യന്റെ വല്ലപ്പോഴും ഉണ്ടായിരുന്ന വരവ് പോക്കുകളായിരുന്നു ആകെ കൂടി ഒരു കരുതലായി തോന്നിയിരുന്നത് …

ഒറ്റക്കായതിൽ പിന്നെ അച്ഛന്റെ കടബാധിതകൾ തീർക്കാൻ ചെറു പ്രായം തൊട്ടെ വീട്ടു ജോലികൾക്കെല്ലാം പോയി തുടങ്ങിയിരുന്നു …

കൊടുത്തു തീർക്കാനുള്ളതിൽ ഏറ്റവും വലിയ കടം ഭാസ്‌ക്കരേട്ടനുള്ളതായിരുന്നു . യാതൊരു നിർബന്ധവും ഇല്ലാതെ തവണകളായി തന്നാൽ മതിയെന്നും ശങ്കരേട്ടന്റെ മോള് എന്റെ കൂടി മകളാണ് എന്നു പറയുമ്പോൾ ആ നെഞ്ചിൽ കവിളമർത്തി കരഞ്ഞിട്ടുണ്ട് പലവട്ടം …

തന്റേടവും സാമർത്ഥ്യവും കൂടെ കൊണ്ടു നടന്നതുകൊണ്ടാവണം മാനം പണയം വെക്കാതെ തന്നെ ജീവിച്ചു …

പക്ഷേ …. ഞാൻ ഭയപ്പെട്ടിരുന്ന ആ രാത്രി എന്നിലേക്ക് അടുക്കുകയായിരുന്നു …

പതിവില്ലാതെ ആയിരുന്നു അന്ന് രാത്രി ഭാസ്‌ക്കരേട്ടന്റെ വരവ് …

വാതിൽ തുറന്ന് വന്ന എന്നെ കണ്ടതും വിലകുറഞ്ഞ മദ്യത്തിന്റെ മണവുമായി എന്നിലേക്ക് ഇഴുകി അറിയുമ്പോൾ ആദ്യമെല്ലാം പറയാറുള്ളതു പോലെ അച്ഛന്റെ സ്നേഹമാണെന്നു കരുതി ആശ്വസിച്ചു …

അകറ്റി മാറ്റാൻ പിടഞ്ഞു ശ്രമിക്കാൻ തുടങ്ങും തോറും അയാളെന്നെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു …

അയാൾക്ക് എങ്ങനെ അതിന് കഴിയുന്നു എന്നു പോലും ഓർത്തെടുക്കാൻ കഴിയാത്ത ആ നിമിഷം എന്നെ ചലിക്കാൻ പോലും അനുവദിച്ചില്ല . പിന്‍കഴുത്തിൽ കുറ്റിരോമങ്ങൾ തട്ടിച്ചുകൊണ്ടയാളുടെ കറുത്ത ചുണ്ടുകൾ അരിച്ചിറങ്ങുമ്പോൾ പറഞ്ഞ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി … ”നിന്റെ അമ്മയെങ്ങനാ വേശി ആയെന്നറിയോ …??

ആരാ അവളെ അങ്ങനെ ആക്കിയതെന്നറിയോ …???

ഞാനാ ….. ജീവിക്കാനുള്ള വഴി അവൾക്ക് കാട്ടിക്കൊടുത്തതും ഞാൻ തന്നെയാണ് … നീയെന്താ കരുതിയത് ഞാൻ എന്റെ കാശ് നിനക്ക് ദാനം തന്നു നിന്നെ മകളായി കണ്ടു നടക്കുന്ന പൊട്ടനാണെന്നോ …. നീയൊന്നു പെണ്ണാവാൻ കാത്തിരിക്കായിരുന്നൂടി ….. മോളെ …”

അത്രയും അയാൾ പറഞ്ഞവസാനിപ്പിക്കുമ്പോൾ ഇറുക്കിയടച്ച കണ്ണുകളിൽ നിന്ന് ചാലിട്ടൊഴുകിയ കണ്ണുനീരിൽ അയാളെ ജീവനോടെ കത്തിക്കാനുള്ള പകയുണ്ടായിരുന്നു …

കയ്യിൽ കിട്ടിയ കാരിരുമ്പ് തണ്ടിനെ മുറുകെ പിടിച്ചുകൊണ്ടൊരു നിമിഷം കൊലപാതകിയാവാൻ മനസ്സിനെ പാകപ്പെടുത്തുമ്പോഴായിരുന്നു പിന്നിൽ നിന്നാരോ അയാളെ ചവിട്ടി താഴേക്കിട്ടത് …!!

അതൊരു ചെറുപ്പക്കാരനായിരുന്നു …

എവിടെയോ കണ്ടുമറന്ന ആ മുഖം എനിക്കപ്പോൾ ദൈവ തുല്ല്യമായിരുന്നു .

ബഹളം കേട്ട് പുറത്തു കൂടിയ നാട്ടുകാരുടെ കണ്ണിൽ സദാചാര കുരു പൊട്ടിയപ്പോൾ എവിടെ നിന്നെന്നില്ലാതെ എന്നെ രക്ഷിക്കാനെത്തിയ ആ ചെറുപ്പക്കാരനായിരുന്നു ..

വേശിയുടെ മകളെന്നറിഞ്ഞിട്ടും എന്റെ മാനത്തിനു വില നിശ്ചയിക്കാൻ വിട്ടുകൊടുക്കാതെ അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു ….

” ഇവൾ എന്റെ പെണ്ണാണ് … ഞാൻ ഇവളെ കാണാൻ വേണ്ടി തന്നെ വന്നതാണ് ..”

നാളിതുവരെ കണ്ട ഓർമ്മ പോലുമില്ലാത്ത ഒരാള് ആ സാഹചര്യത്തിൽ അങ്ങനെ പറയുമ്പോൾ സ്വപ്നതുല്ല്യമായി ഏതോ സിനിമാ കഥയിലെന്നോണം നോക്കി നിൽക്കാനേ എനിക്കയുള്ളൂ ….

” ഞാൻ വിധിൻ; വിധു എന്നു വിളിക്കും ….. മാന്യമായൊരു തൊഴിലുണ്ട് …വീട്ടിൽ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു അമ്മയുമുണ്ട് … ഒൗധാര്യമല്ല ഇഷ്ടം തന്നെയാണ് ….കൂടെ വരണം …. ” എന്നും പറഞ്ഞയാൾ താലി കെട്ടി കൂടെ കൊണ്ടുപോവുമ്പോൾ ഏതു നരഗത്തിലേക്കായാലും കൂടെ ഇറങ്ങി പോവേണ്ടി വന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ ….

########################

”വേണി…… ടോ …. ഹലോ …….മേഡം …”

വിധുവായിരുന്നു അത് …

സ്വപ്നത്തിലെന്നോണം ജനലഴികളിൽ കയ്യ് കോർത്തു നക്ഷത്രങ്ങളെ നോക്കി നിന്ന അവൾ ഞെട്ടി തെറിച്ചുകൊണ്ട് വിധുവിന്റെ മുഖത്തേക്ക് നോക്കി.

” താൻ ഇതുവരെ ഫ്രഷ് ആയില്യേ … ഞാൻ കരുതി ഉറക്കം ആയി കാണുമെന്ന് …..”

അവൾ ഒന്നും മിണ്ടാതെ ഒരു ചെറു പുഞ്ചിരി നൽകി .

” കഴിഞ്ഞതൊക്കെ മറന്നേക്കൂ … കാണാൻ ഇഷ്ട്ടപ്പെടാത്തൊരു ദുസ്വപ്നം പോലെ വേണി ആ ദിവസങ്ങളെ മനസ്സിൽ നിന്നും എടുത്തു മാറ്റണം …കണ്ണടച്ചു തുറക്കും മുന്നെ ഒരു വിവാഹം … എനിക്കും നിനക്കും ഒരുപോലെ അത് ഉൾകൊള്ളാൻ കഴിയുന്നതല്ലെന്നറിയാം … താൻ സമയം എടുത്തോളൂ …. ഒരു വാക്ക് തരുന്നു വേണീടെ അനുവാദം ഇല്ലാതെ തന്റെ മനസ്സോ ശരീരമോ ഞാൻ ആഗ്രഹിക്കില്ല ……കിടന്നോളു …”

വിധുവിന്റെ ആ വാക്കുകൾ അവൾക്ക് സാന്ത്വനമാകുകയായിരുന്നു … കാറും കോളുമൊഴിഞ്ഞ് മനസ്സ് സ്വസ്ഥമായൊരു തോന്നൽ അവളിൽ ശേഷിച്ചു ….

” ആ …പിന്നെ തന്നോട് മറ്റൊരു കാര്യം കൂടി പറയാനുണ്ടായിരുന്നു … വേണി അത് അറിയേണ്ടതുണ്ട് …. എന്റെ കൂടെ ഒന്ന് വരൂ ….” എന്നും പറഞ്ഞവൻ ഹാളിലേക്ക് നടന്നു …പിന്തുടർന്ന് വേണിയും .

ഹാളിൽ വിധുവേട്ടന്റെ അമ്മയുമുണ്ടായിരുന്നു ….

ഭിത്തിയിൽ ചാരി കിടന്ന ഫ്രെയിം ചെയ്തിട്ട ഒരു ഫോട്ടോയിലേക്ക് നോക്കി അവൻ പറഞ്ഞു ….” ഭാസ്ക്കരൻ…. അയാളെന്റെ അച്ഛനാണ് ….”

ആ വാക്കുകൾ വേണിയെ അതി ശയപെടുത്തി കളഞ്ഞു … ജീവിച്ചിരുന്നിട്ടും മാലയിട്ടു വെച്ച അയ്യാളുടെ ഫോട്ടോയിലേക്ക് അവളുടെ കണ്ണുകൾ തറച്ചു നിന്നു.

ഇന്നലെ എന്റെ ശരീരം പണയം വെക്കാൻ ആശിച്ചു അടുത്ത് കൂടിയ ഒരാളുടെ ഭാര്യയും മകനുമാണിവർ എന്നറിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു നൊമ്പരം അവളുടെ ശരീരത്തെയും മനസ്സിനെയും തളർത്തി കളഞ്ഞു .

വിധുവേട്ടൻ എന്നിട്ടും എന്തിനുവേണ്ടിയാണ് തന്നെ വിവാഹം ചെയ്‍തതെന്ന ചോദ്യം എന്റെ മുഖത്തു നിന്നു വായിച്ചെടുത്തു കൊണ്ടായിരുന്നു വിധുവേട്ടന്റെ അമ്മ പറയാൻ തുടങ്ങിയത് …..

മറ്റൊരു സ്ത്രീയുടെ ചൂട് തേടിപോയതറിഞ്ഞ അന്ന് ഉപേക്ഷിച്ചതാണ് ഞാൻ ആ ബന്ധം …. അമ്മയെ അറിയാവുന്ന മകനായതുകൊണ്ട് ഇവനും എനിക്ക് താങ്ങായിരുന്നു …

അച്ഛന്റെ തെറ്റുകൾ തിരുത്താനായില്ലെങ്കിലും ചെയ്യാൻ പോകുന്ന ഈ ഒരു തെറ്റിനെ അവന് ദൈവം ആയിരിക്കണം കാട്ടി കൊടുത്തത് …. ഒരിക്കലും അച്ഛൻ ചെയ്ത തെറ്റിന് മകൻ നടത്തിയ ഒരു പ്രായശ്ചിത്തം ആണ് ഈ വിവാഹമെന്ന് മോള് കരുതരുത് … നിന്നെ പോലൊരു ചുണ കുട്ടിയെ മുമ്പൊരിക്കൽ കണ്ടപ്പോൾ തോന്നിയൊരു ഇഷ്ടം അവൻ അന്നേ പറഞ്ഞിരുന്നു … അന്ന് അതൊരു പക്ഷേ ആരുമില്ലാത്ത ഒരു പെൺകുട്ടിയെ ഏറ്റെടുക്കുവാനുള്ള സഹതാപം ആയിരുന്നിരിക്കാം …. എങ്കിലും ആ സഹതാപം നിന്നെ പോലൊരു മോൾക്ക് ജീവിതം തരാനായതിൽ ഈ അമ്മക്ക് സന്തോഷമേ ഉള്ളൂ ….

അത്രയും പറഞ്ഞ് അമ്മ വിധുവേട്ടനെയും എന്നെയും ചേർത്തുപിടിച്ചപ്പോൾ മനസ്സിൽ ഉടലെടുത്ത വികാരങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം വലുതായിരുന്നു.

എന്നോ പൊട്ടിപ്പോയ ഒരു സ്വപ്നത്തെ ആരോ കൂട്ടിവിളക്കിയതുപോലെ …..!

രചന: മാളവിക ശ്രീകൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *