ആറാമത്തെ പെണ്ണ്

രചന: Unnikrishnan Thachampara

അഞ്ചാം ക്ളാസിൽ എത്തിയപ്പോഴാണ് എൻ്റെ ആദ്യ പ്രണയം തുടങ്ങുന്നത്. 5B യിലെ രേഷ്മയായിരുന്നു ആദ്യപെണ്ണ്.. ചുരുണ്ടമുടിയുള്ള അവളുടെ ഒരു പുഞ്ചിരിക്കായ് കുറേ നടന്നു. ഒടുവിൽ അവളൊന്നു ചിരിച്ചപ്പോഴേക്കും ആ വർഷം കഴിഞ്ഞു..

ആറിൽ എൻ്റെ മനസ്സിൽ കയറിയ സുന്ദരി മിലി ഫിലിപ്പായിരുന്നു. വലിയ റബ്ബർ എസ്റ്റേറ്റൊക്കെ ഉള്ള ഫിലിപ്പേട്ടൻ്റെ മോള്. ഒരു പാവം കുട്ടി എപ്പോഴും ഒരു മന്ദസ്മിതം ആ മുഖത്തുണ്ടായിരുന്നു.. വിടർന്ന കണ്ണുകളായിരുന്നു അവളുടെ പ്രത്യേകത. എന്നെക്കാളും തണ്ടും തടിയുമുള്ള ഇടിയൻ ജേക്കബ്ബിൻ്റെ ആളായിരുന്നു അവളെന്നറിഞ്ഞപ്പോഴേക്കും ഏഴാം ക്ളാസിലെ മൃദുല എൻ്റെ മനം കവർന്നിരുന്നു..

നന്നായി മോണോ ആക്റ്റ് ചെയ്തിരുന്ന മൃദുലയുടെ അഭിനയം തെല്ലൊരത്ഭുതത്തോടെ ഞാനെപ്പോഴും നോക്കിനിന്നു. തടിച്ചിപാറു ആണെങ്കിലും കാണാനൊരു ചേലൊക്കെ ഉണ്ടായിരുന്നു. ‘തക്കാളി ‘ എന്നവളെ കളിയാക്കിയപ്പോൾ അവളുടെ കവിളുകൾ തക്കാളിപോലെ തുടുത്തിരുന്നു..TC വാങ്ങി അവൾ മറ്റൊരു സ്ക്കൂളിൽ ചേർന്നു…(എന്നെ പേടിച്ചിട്ടൊന്നും അല്ലാട്ടോ…)

എട്ടാം ക്ളാസിലെൻ്റെ നെഞ്ചിൽ കൂടു കൂട്ടാൻ അവൾ വന്നു ചന്ദനത്തിൻ്റെ നിറമുള്ള മൊഞ്ചത്തി നസീമ… വാപ്പ കൊണ്ടുവരുന്ന അത്തറും പൂശി അവൾ ക്ളാസിൽ കേറുമ്പോൾ തന്നെ നല്ല രസമായിരുന്നു. തട്ടത്തിനുള്ളിൽ ആ വെളുത്ത മുഖവും നുണക്കുഴി കവിളും എൻ്റെ മനസ്സിൽ മാരിവില്ലു തീർക്കുന്നത് അവളറിഞ്ഞു… ഉണ്ടക്കണ്ണുകൊണ്ട് തുറിച്ചൊരു നോട്ടം.. പോരേ പൂരം അന്നു നിർത്തി അവളോടുള്ള അനുരാഗം..

ഒൻപതിൽ എത്തിയപ്പോഴേക്കും പ്രണയത്തെകുറിച്ച് ഏകദേശ ധാരണയായി പക്ഷേ മനസ്സിനിണങ്ങിയ ആരേലും വേണ്ടേ..? ഒരുപാടു അന്വേക്ഷണങ്ങൾക്കൊടുവിൽ ആളെ കണ്ടെത്തി ആരാണെന്നല്ലേ ദിവ്യ കൃഷ്ണൻ.. അവളുടെ പേരിലും കൃഷ്ണൻ എൻ്റെ പേരിലും കൃഷ്ണൻ എന്തു നല്ല ചേർച്ച കല്ല്യാണം കഴിഞ്ഞാൽ പേരുപോലും മാറ്റേണ്ടല്ലോ.. എൻ്റെ ചിന്തകൾ കാടുകയറി. പക്ഷേ വിധി വീണ്ടും എനിക്കെതിരായിരുന്നു. ക്ളാസിലെ എല്ലാ കോന്തൻമാർക്കും അവളെ മതി. ഒടുവിൽ ഒരുപാടു വേദനയോടെ ആ മത്സരത്തിൽ നിന്നും ഞാൻ പിൻമാറി…

ഇനിയാണ് ആറാമത്തെ പെണ്ണിൻ്റെ രംഗപ്രവേശം അവൾ അശ്വതി എല്ലാവരും അച്ചൂ എന്നു വിളിക്കും. ആ വർഷമാണ് അവൾ ഞങ്ങളുടെ ക്ളാസിൽ വന്നത് അതുവരെ 9E യിൽ ആയിരുന്നു പഠിക്കുന്ന കുട്ടികളെയെല്ലാം ഒരു ക്ളാസിൽ ആക്കി. അതാണ് അവൾ ഇങ്ങോട്ടു വന്നത്. ഞാൻ പണ്ടേ പഠിപിസ്റ്റാണല്ലോ…

സ്ക്കൂളിൽ നിന്നും വീട്ടിലേക്കുള്ള രണ്ടു കിലോമീറ്റർ നടത്തം എന്തു രസമായിരുന്നെന്നോ എൻ്റെ മുന്നിലായി അവളുണ്ടാവും ഞാനവളെ മറികടക്കാതെ പുറകിലായി നടക്കും. ഇടക്കിടെ അവളൊന്നു തിരിഞ്ഞു നോക്കും. ആ നോട്ടം മാത്രം മതിയായിരുന്നു മനസ്സൊന്നു പൂത്തുലയാൻ…

നെല്ലിക്കുന്നിലെ ആ വലിയ നെല്ലിക്കമരത്തിൽ നിന്ന് കല്ലെറിഞ്ഞു വീഴ്ത്തിയ നെല്ലിക്ക വേഗത്തിൽ നടന്ന് അവളുടെ കയ്യിൽ കൊടുക്കുമ്പോൾ ആ മുഖത്തെ സന്തോഷമൊന്നു കാണണം… എൻ്റെ വീടു കഴിഞ്ഞ് അവളുടെ വീട്ടിലേക്കു വീണ്ടും പോകണം. അവൾ കണ്ണിൽ നിന്നും മായുന്നതുവരെ ഞാൻ വീട്ടിലേക്കു കയറില്ല…

വീട്ടിൽ ആരുമില്ലാത്ത സമയത്ത് കണ്ണാടിക്കുമുമ്പിൽ അവളോട് സംസാരിക്കുന്നത് എത്ര തവണ അഭിനയിച്ചു നോക്കിയിരിക്കുന്നു അപ്പോഴൊക്കെ എന്തൊരുത്സാഹമാണ് അടുത്തു ചെല്ലുമ്പോൾ ചങ്കിടിക്കും.. അല്ലെങ്കിലും ഈ നാണംകുണുങ്ങി ചെക്കന് അതൊന്നും ചേരില്ല..

അങ്ങനെ ആ ദിനം വന്നെത്തി പത്താം ക്ളാസിലെ അവസാന ദിവസം എല്ലാവരും ഓട്ടോഗ്രാഫ് വാങ്ങാനുള്ള തിരക്കിലാണ്. അന്നൊക്കെ അതായിരുന്നല്ലോ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആശ്വസിക്കാൻ ഉണ്ടായിരുന്നത്… ഓട്ടോഗ്രാഫ് വാങ്ങാൻ പൈസയില്ലാതെ വിഷമത്തോടെയാണ് ഞാൻ ക്ളാസിലെത്തിയത്. എല്ലാകുട്ടികളും തങ്ങൾക്കിഷ്ടമുള്ള വരികൾ പരസ്പരം പങ്കുവെക്കുന്നു. അച്ചുവും ഓട്ടോഗ്രാഫുമായി അരികിൽ വന്നു. അതിൽ ഞാൻ ഇങ്ങനെ എഴുതി…

”മറക്കില്ലൊരിക്കലും മണ്ണോടു ചേരും വരെ…”

എൻ്റെ ഓട്ടോഗ്രാഫ് എവിടെ എന്നവൾ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. ഞാൻ തലതാഴ്ത്തി നിന്നു. തച്ചമ്പാറ ദേശബന്ധു ഹൈസ്ക്കൂളിലെ ഗ്രൗണ്ടിൽ അന്ന് വലിയൊരു മാവുണ്ടായിരുന്നു. ഞാനവിടെ പോയിരുന്നു.. അറിയാതെ കണ്ണുകൾ നിറഞ്ഞു വന്നു… എത്ര ശ്രമിച്ചിട്ടും കണ്ണീരടക്കാൻ ഞാൻ പാടുപെട്ടു. എൻ്റെ വിഷമങ്ങളൊക്കെ അവൾക്ക് അറിയാം എന്നാലും അവളുടെ മുന്നിൽ ഇങ്ങനെ.. ഈശ്വരാ….

പുറകിൽ നിന്നും ഒരാൾ പതുക്കെ എൻ്റെ മുതുകിൽ തട്ടി.. അത് അച്ചുവായിരുന്നു അവളൊരു ഓട്ടോഗ്രാഫ് എൻ്റെ നേർക്ക് നീട്ടി..

”കുട്ട്യോളെ പോലെ കരയാൻ നാണമില്ലേ ചെക്കാ നിനക്ക് ?” ”ഞാൻ … എനിക്ക്…” ”ഞാനറിഞ്ഞു എല്ലാം പൈസയില്ലാത്ത വിഷമം എനിക്കറിയാം സാരല്ല്യടാ ഞാനല്ലേ പറയണേ ഈ ചെക്കൻ എന്നേം കരയിക്കും…” എന്നും പറഞ്ഞവൾ ഏങ്ങി കരഞ്ഞു… അവളെയൊന്നു ചേർത്തു നിർത്തി ആശ്വസിപ്പിക്കാൻ എൻ്റെ ഉള്ളു തുടിച്ചു…

”ഇതു നിനക്ക് വേണ്ടി വാങ്ങിയതാ.. എൻ്റെ വരികൾ ഇതിൽ കുറിച്ചിട്ടുണ്ട് നോക്കിക്കേ..”

ഓട്ടോഗ്രാഫ് ഞാൻ തുറന്നു നോക്കി. അതിൽ ഇങ്ങനെ എഴുതിയിരുന്നു..

”എൻ്റെ മിഴിയിണകൾക്കുള്ളിൽ ഞാൻ കെടാതെ സൂക്ഷിക്കും ഈ ചെക്കനെ ൻ്റെ ഉണ്ണിച്ചെക്കനെ…”

ഞാൻ അവളെ നോക്കി അവൾ എന്നെയും. കുറച്ചു നേരം ഞങ്ങളങ്ങനെ നോക്കിനിന്നു… ഞങ്ങൾ പതുക്കെ ക്ളാസിലേക്കു നടന്നു.. ഞങ്ങളറിയാതെ ഞങ്ങളുടെ കൈ വിരലുകൾ എപ്പോഴോ പരസ്പരം പുൽകിയിരുന്നു അപ്പോൾ….പുറകിൽ ആ വലിയ മാവ് ഇതിനെല്ലാം സാക്ഷിയായി നിന്നു….!!

രചന: Unnikrishnan Thachampara

Leave a Reply

Your email address will not be published. Required fields are marked *