അവിഹിതം ഉണ്ടായാൽ മാത്രം അല്ല ഏട്ടാ ഡിവോഴ്സ് ചോദിക്ക, കിട്ടണ്ടത് കിട്ടിയില്ലെങ്കിലും ചോദിക്കാം…

രചന: കണ്ണൻ സാജു

” ഏട്ടാ… എനിക്ക് ഡിവോഴ്സ് വേണം ”

അവളുടെ വാക്കുകൾ കേട്ടു വൈശാഖ് ഞെട്ടലോടെ അവളെ നോക്കി…

ചോറിൽ കയ്യിട്ടിളക്കിക്കൊണ്ടു എന്ത് പറയണം എന്നറിയാതെ അയ്യാൾ ഇരുന്നു

” ഞാൻ നല്ല പോലെ ആലോചിച്ചു എടുത്ത തീരുമാനം ആണ്..ഏട്ടന് എതിർപ്പൊന്നും ഇല്ലങ്കിൽ ”

ഭിത്തിയിൽ ചാരി നിന്നു കൊണ്ടു വിയർത്ത മുഖത്തോടെ ചാരു പറഞ്ഞു…

” ഡോവോഴ്‌സോ ??? ”

ഞെട്ടലോടെ ചോദിച്ചു കൊണ്ടു ഉറക്കം അഭിനയിച്ചു മുറിയിൽ കിടന്ന അമ്മ ചാടി എണീറ്റു വന്നു

” അമ്മയോട് ഞാൻ ഒന്നും പറഞ്ഞില്ല… ! ദയവു ചെയ്തു ഞങ്ങളുടെ കാര്യത്തിൽ ഇടപെടരുത്… ”

” കേട്ടോടാ.. അവള് പറയണ നീ കെട്ടോ ?? ”

” എന്റെ ചെവിക്കു കുഴപ്പൊന്നും ഇല്ല… അമ്മ അകത്തു പോണം പ്ലീസ് ! ”

അമ്മക്കതൊരു ഷോക്ക് ആയിരുന്നു…

അവർ അകത്തേക്ക് പോയി

” എന്തെ പെട്ടന്ന് അങ്ങനെ തോന്നാൻ?? ആരോടെങ്കിലും അഫയർ ഉണ്ടോ ??? ”

” അങ്ങനെയാണോ എന്നെ പറ്റി ധരിച്ചു വെച്ചിരിക്കുന്നെ ?? ”

” അല്ലാതെ മറ്റെന്താണ് ?? നല്ല ഭക്ഷണം ഇല്ലേ ?? ആവശ്യത്തിന് ഡ്രസ്സ് ഇല്ലേ?? രണ്ട് കുട്ടികളെ തന്നില്ലേ ?? ”

” അവിഹിതം ഉണ്ടായാൽ മാത്രം അല്ല ഏട്ടാ ഡിവോഴ്സ് ചോദിക്ക… കിട്ടണ്ടത് കിട്ടിയില്ലെങ്കിലും ചോദിക്കാം.. ഭക്ഷണവും വസ്ത്രവും തന്നു സന്തോഷിപ്പിക്കാൻ ഞാൻ ഏട്ടന്റെ അടിമയല്ല… പിന്നെ രണ്ട് മക്കളെ തന്നാൽ തീരുന്നതാണോ ഭർത്താവിന്റെ ഉത്തരവാദിത്വം ? ”

കസേരയിൽ ഇരുന്നുകൊണ്ട് അയ്യാൾ അവൾക്കു നേരെ തിരിഞ്ഞു….

” ഈ തിരക്കിനിടയിൽ നിന്നെ ശ്രദ്ധിക്കാൻ എനിക്ക് സമയം കിട്ടിയില്ല… ഇനി ഞാൻ മാറാൻ ശ്രമിക്കാം ചാരു ”

” ഇല്ല ഏട്ടാ… എനിക്ക് പറ്റില്ല… ആദ്യം ഒക്കെ നിങ്ങൾ എന്റെ കൂടെ കിടക്കുക എങ്കിലും ചെയ്തിരുന്നു… അടുത്തുണ്ടല്ലോ എന്നോർത്ത് ഞാൻ സമാധാനിച്ചു.. ഇടയ്ക്കു നിങ്ങൾ എന്നെ സ്പർശിക്കുമ്പോൾ വീണ്ടും പഴയ കാലം തിരിച്ചു വരുവാണല്ലോ എന്ന് ഞാൻ ആശിക്കും.. പക്ഷെ ഞാൻ ഉറങ്ങിയെന്നു കരുതി എന്നെ തൊട്ടും തലോടിയും നിങ്ങൾ സ്വയംഭോഗം ചെയ്തു കിടന്നുറങ്ങുമ്പോ പെണ്ണെന്ന നിലയിൽ ഞാൻ ഒന്നും അല്ലാതെ ആയി പോവുമായിരുന്നു.. പിന്നെ പിന്നെ നിങ്ങൾ എന്റെ കൂടെ കിടക്കാതായി… ഞാൻ എന്ത് ചെയ്യുന്നു എന്ന് പോലും നിങ്ങൾ അന്വേഷിക്കുന്നില്ല… നിങ്ങൾക്കു വേണ്ടി എന്റെ ജോലി ഞാൻ വേണ്ടെന്നു വെച്ചു… ഈ അടുക്കളയിൽ പുകയടിച്ചു ജീവിതം തീര്ത്താലും ഒരു പക്ഷെ വിധി എന്ന് കരുതി ഞാൻ സമാധാനിച്ചേനെ, എന്നെ ഒന്ന് ചേർത്തു പിടിച്ചിരുന്നെങ്കിൽ… നീ കഴിച്ചോ എന്നൊരു വാക്ക്, നിനക്ക് എന്തെങ്കിലും വേണോ എന്നൊരു വാക്ക്…. ഒന്നും ഉണ്ടായില്ല…. നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും അമ്മയ്ക്കും വെച്ചു വിളമ്പാൻ ഒരാളെ മാത്രമാണ് നിങ്ങള്ക്ക് വേണ്ടതെങ്കിൽ മാസം ശമ്പളം കൊടുത്താൽ നല്ല വേലക്കാരെ കിട്ടും ! ആ പണി ചെയ്യാൻ എനിക്ക് പറ്റില്ല.. മടുത്തു.. ഈ വീർപ്പുമുട്ടുന്ന ചുവരുകളിൽ നിന്നും എനിക്ക് പുറത്തേക്കു പോണം ! ”

“അപ്പൊ മക്കളോ?. ”

” അവരു തീരുമാനിക്കട്ടെ… ആഡംബര ജീവിതം കൊടുക്കുന്ന അച്ഛനൊപ്പം നിക്കണോ അതോ അമ്മയുടെ സാധാരണ ജീവിതത്തിനൊപ്പം നിക്കണോ എന്ന് ! ”

” ചാരു… ഇന്ന് മുതൽ ഞാൻ നിന്റെ കൂടെ കിടക്കാം… മാത്രല്ല ”

” വേണ്ട ഏട്ടാ… സുഖം കിട്ടാത്തതല്ല എന്റെ പ്രശ്നം.. മനസുഖം കിട്ടാത്തതാണ്… അല്ലാതെ… ”

” ഇപ്പോഴും നീ പോവരുത്.. എനിക്ക് നിന്നെ വേണം… നീയില്ലാതെ എങ്ങനാ ഞാൻ.. എന്നൊരു വാക്ക് പറയാൻ നിങ്ങൾ തയ്യാറല്ല.. !
നിങ്ങൾ എന്നെ ആശ്വസിപ്പിച്ചു എങ്ങനെ പിടിച്ചു നിർത്താം എന്ന് മാത്രമാണ് ചിന്തിച്ചത്… ഒരു ഭർത്താവെന്ന നിലയിൽ നിങ്ങൾ പരാജയമാണ്… എനിക്ക് തുടരാൻ കഴിയില്ല.. ഒരുപക്ഷെ ഞാൻ വേറെ ജീവിതം തിരഞ്ഞെടുക്കുമോ ഇല്ലയോ ഒന്നും അറിയില്ല.. പക്ഷെ ഈ ജീവിതം എനിക്ക് വേണ്ട… മക്കളുടെ കാര്യം ഓർക്കുമ്പോൾ എനിക്ക് വിഷമം ഉണ്ട്.. പക്ഷെ ഇത് കണ്ടു വളരുന്ന അവരും നാളെ ഏതേലും പെണ്ണിന്റെ കണ്ണീരിനു കാരണം ആവത്തെ ഉളളൂ.. അമ്മയെ മനസ്സിലാക്കുന്ന അച്ഛൻ ഇല്ലെങ്കിൽ മക്കൾക്ക് വരാവുന്ന ബുദ്ധിമുട്ട് അറിഞ്ഞു വളർന്നാൽ നാളെ അവരുടെ മക്കളെങ്കിലും അച്ഛന്റേം അമ്മേടേം യഥാർത്ഥ സ്നേഹം കിട്ടി വളരും.. ”

അയ്യാൾ ഒന്നും മിണ്ടാതെ ഇരുന്നു…

” നാളെ കുട്ടികൾ ഉണരും മുന്നേ ഞാൻ പോവും.. അവർക്കു എന്റെ കൂടെ നീക്കാനാണ് ഇഷ്ടം എങ്കിൽ അവരെ തടയരുത്.. അഭ്യർത്ഥന ആണ് ”

ഉറച്ച നിലപാടോടെ അവൾ മുറിയിലേക്ക് നടന്നു !
ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ…

രചന: കണ്ണൻ സാജു

Leave a Reply

Your email address will not be published. Required fields are marked *