സ്നേഹമർമ്മരം…ഭാഗം.38

മുപ്പത്തിആറാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 37\

ഭാഗം..38

പങ്കു കഴിച്ചയുടനെ വീട്ടിൽ നിന്നിറങ്ങി…….

ജാനിയുമായി ഷോപ്പിങിന് പോയി വന്നിട്ട് വേണം സ്റ്റോക്ക് എടുക്കാനുള്ള കാര്യങ്ങളൊക്കെ ചെയ്തു തീർക്കാൻ…..

കുഞ്ഞാറ്റ ഉള്ളതുകൊണ്ട് കാറും കൊണ്ടാണ് പങ്കു പോയത്….

ജാനി കുഞ്ഞാറ്റയെ ഉടുപ്പൊക്കെ ഇടീച്ച്…… തലയിൽ ഭംഗിയുള്ള ഒരു ചെറിയ തൊപ്പിയൊക്കെ വച്ച് സുന്ദരിയായി ഒരുക്കിയെടുത്തു…..

തലേദിവസം ഉറങ്ങാത്തതിന്റെ ക്ഷീണം പോലെ കുഞ്ഞാറ്റയുടെ മുഖം വാടിയിരുന്നു…….

“അമ്മേടെ ചക്കരേ…….എന്താ എന്റെ കൊച്ചിന്റെ മുഖം വല്ലാണ്ടിരിക്കുന്നത്……..

അച്ഛേനെ കാണാഞ്ഞിട്ടാണോ…….”

ജാനി കൊഞ്ചലോടെ ചോദിച്ചപ്പോൾ ആ കുഞ്ഞിക്കണ്ണുകൾ ചുറ്റും ധ്രുവിനായി പരതി…..

അത് കണ്ടതും ജാനിയുടെ കണ്ണ് നിറഞ്ഞു…..

പാവം…….കുഞ്ഞിനറിയില്ലല്ലോ ഒന്നും…..

ഇവിടെ വന്നതിന് ശേഷം മോള് വല്ലാതെ ഒതുങ്ങിപ്പോയെന്ന് അവളോർത്തു…..

കളിയില്ല…ചിരിയില്ല….എപ്പോഴും വാടിത്തളർന്നത് പോലെ……….

ധ്രുവിന്റെ അസാന്നിധ്യം അവളെ കാര്യമായി ബാധിച്ചിട്ടുണ്ട്…….

തനിക്കും അങ്ങനെയാണല്ലോ……ജീവനായി കണ്ട് സ്നേഹിച്ചതല്ലേ…..

എന്നിട്ടും……ഒന്നും എന്നോട് പറയാതെ മൂടി വച്ചു……

ഓർമ്മകൾ നെഞ്ചിനെ പൊള്ളിച്ചപ്പോൾ അവൾ വേദനയോടെ മോളെ വാരിയെടുത്തു…

കുഞ്ഞിനെയും കൊണ്ട് ഹാളിലേക്ക് വന്നപ്പോൾ ആരെയും കണ്ടില്ല….

അമ്മ എപ്പോഴും അടുക്കളയിൽ എന്തെങ്കിലും കാര്യങ്ങളിൽ തിരക്കഭിനയിച്ച് അങ്ങനെ നിൽക്കും….

അച്ഛനും അമ്മയും പരസ്പരം മിണ്ടാറില്ല……

അമ്മുവും ആകെ ക്ഷീണിച്ച അവസ്ഥയാണ്…..അച്ഛയെന്നാൽ അവൾക്കും ജീവനായിരുന്നു…….

മാധവന്റെ മുറി എപ്പോഴും അടഞ്ഞ് കിടപ്പാണ്….പുറത്തൊന്നും ആളെ കാണാനില്ല…….

ആകെപ്പാടെ ഒരു മരണവീടിന്റെ അവസ്ഥയാണ്…….

ജാനി നെടുവീർപ്പോടെ കുഞ്ഞാറ്റയെ ചേർത്ത് പിടിച്ചു…..

പങ്കുവിന്റെ വണ്ടിയുടെ ശബ്ദം കേട്ട് അവൾ കുഞ്ഞാറ്റയെയും കൊണ്ട് പുറത്തിറങ്ങി…..

ഗേറ്റിന് പുറത്ത് അവരെയും കാത്ത് നിൽക്കുന്ന പങ്കുവിനെയും കണ്ടതും അവൾ അങ്ങോട്ട് ചെന്നു…..

“നീ കയറുന്നില്ലേ പങ്കൂ……”

“ഇല്ല ജാനീ………മധുവങ്കിളിനെ കാണാൻ വയ്യ……..ചിലപ്പോൾ പ്രതികരിച്ച് പോവും…..”

അവൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞത് കേട്ട് ജാനി ഒന്നും മിണ്ടാതെ കാറിലേക്ക് കയറി…..

വണ്ടി ഓടിത്തുടങ്ങിയപ്പോൾ തൊട്ട് കുഞ്ഞാറ്റ പങ്കുവിനെ കുറച്ച് ഗൗരവത്തിൽ നോക്കിയിരിപ്പാണ്…….

“എന്താടീ കുറുമ്പീ……നീയെന്നെ തുറിച്ചു നോക്കുന്നെ……

നിന്റെ അച്ഛനെ കാണാഞ്ഞിട്ടാണോ…….”

പങ്കു കൊഞ്ചലോടെ ചോദിച്ചപ്പോൾ കുഞ്ഞാറ്റ വിതുമ്പാൻ തുടങ്ങി……

“അയ്യോ………അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ കുഞ്ഞ് കരയാൻ തുടങ്ങിയല്ലോ ജാനീ…”

ജാനിയും വിഷമത്തോടെ കുഞ്ഞാറ്റയെ നെഞ്ചിലേക്ക് കിടത്തി തോളിൽ തട്ടി ആശ്വസിപ്പിച്ച് കൊണ്ടിരുന്നു…….

“മോള് വലിയ സങ്കടത്തിലാ പങ്കൂ……..

നേരാവണ്ണം ഒന്നുറങ്ങുന്നത് പോലുമില്ല….”

ജാനി വേദനയോടെ പറഞ്ഞത് കേട്ട് പങ്കു രൂക്ഷമായി അവളെ നോക്കി……

“അതിന്റെ അച്ഛന്റെ കൈയിൽ നിന്ന് അതിനെ തട്ടിപ്പറിച്ചെടുത്തിട്ട്😡…..

പാവം…..ചന്തുവേട്ടൻ ജീവൻ കൊടുത്ത് സ്നേഹിക്കുന്ന കൊച്ചാ…..

രണ്ടുപേരും മാത്രമുള്ള ലോകമായിരുന്നില്ലേ ഇതുവരെ……നീ പിരിച്ചപ്പോൾ കുഞ്ഞിന് വേദനിച്ചു കാണും…..”

അത് കേട്ടതും ജാനി ഞെട്ടലിൽ പങ്കുവിനെ നോക്കി….

“ഞാൻ പിരിച്ചതാണോ പങ്കൂ……

ഞങ്ങളുടെ ചോരയല്ലേ അവള്……

മറച്ച് വച്ചതും പോരെ…..അതിന്റെ പേരിൽ അച്ഛയെ ഭീഷണിപ്പെടുത്തി എന്നെ വിവാഹം ചെയ്തു…..

ഒന്നും അറിയാതെ അവരുടെ ഇടയിൽ വീർപ്പുമുട്ടുകയായിരുന്നു ഞാൻ…..അച്ഛനും ചന്തുവേട്ടനും തമ്മിലുള്ള വഴക്കിന്റെ കാരണമറിയാതെ…

എന്തിന് ഇങ്ങൊനൊരു സാഹചര്യമുണ്ടാക്കി…..എന്നോട് നേരെത്തെ പറഞ്ഞിരുന്നെങ്കിൽ ഞാൻ മോളെ സൂക്ഷിക്കില്ലേ…..

സുദർശനങ്കിള് എന്നോട് സ്നേഹം അഭിനയിച്ച് എന്റെ കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കി അതോ പങ്കൂ….

ആരും അറിയാതെ നമ്മുടെ മകളായി വളരില്ലായിരുന്നോ……”

അവളുടെ സങ്കടങ്ങളോരാന്നായി പുറത്തേക്കൊഴുകി….കണ്ണുകൾ നിറഞ്ഞു തൂകിയത് അവളുടെ പ്രണയത്തെ നഷ്ടപ്പെട്ട വേദനയിലായിരുന്നു…..

“നിന്നോട് എല്ലാം തുറന്നു പറയണമെന്ന് പറയാൻ ചന്തുവേട്ടൻ ടെക്സ്റ്റൈൽസിൽ വന്നിരുന്നു ജാനീ…….

നിന്നോടുള്ള അയാളുടെ സ്നേഹം അഭിനയമല്ലെടീ…….

അയാൾക്കിപ്പോൾ നിന്നോട് പ്രണയമാണ്…അതുകൊണ്ട് നിന്നെ നഷ്ടപ്പെട്ട വേദനയും അനുഭവിക്കുന്നുണ്ടാവും…..പാവം…..”

പങ്കു നെടുവീർപ്പോടെ പറഞ്ഞു നിർത്തി…..

“എനിക്കും ഇഷ്ടമാണ് പങ്കൂ….നിനക്കറിയില്ലേ…..

എന്റെ മനസ്സിൽ ആദ്യമായി പ്രണയം തോന്നിയ മനുഷ്യൻ…..

ചതിയിലൂടെ എന്നെ വിവാഹം കഴിച്ചെങ്കിലും അതെല്ലാം മറന്ന് നല്ലൊരു കുടുംബജീവിതത്തിന് ആഗ്രഹിച്ചതല്ലേ പങ്കൂ ഞാൻ……

എന്നിട്ടോ……….കുഞ്ഞാറ്റയെ നഷ്ടപ്പെട്ടപ്പോൾ എനിക്കും വേദനിച്ചിരുന്നു……..ഞാനും സങ്കടപ്പെട്ടിരുന്നു……പക്ഷെ….ഒരു ദയയും ഇല്ലാതെ എന്നെ അച്ഛയുടെ മുന്നിലേക്ക് വലിച്ചിട്ടു……

എന്നിട്ട് എന്താ പറഞ്ഞതെന്നറിയുമോ……

നിങ്ങളുടെ മോളെ എടുത്തിട്ട് എന്റെ മോളെത്തരാൻ……

അങ്ങനെ പകരം വയ്ക്കാൻ മാത്രമാണോ ചന്തുവേട്ടൻ എന്നെ വിവാഹം കഴിച്ചത്……”

ജാനി കരയുന്നത് കണ്ട് പങ്കുവിന്റെ കണ്ണുകളും നിറഞ്ഞു……

‘എല്ലാം അറിഞ്ഞതിന്റേയും അവഗണനയുടെയും ഷോക്കിലാണവൾ…… സമയമെടുക്കും അവളുടെ സങ്കടങ്ങളൊക്കെയും പെയ്തൊഴിയാൻ……’

“ജാനീ…….സാരമില്ല…പോട്ടെടീ……

കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോൾ അയാള് പതറിപ്പോയി….അതിന്റെ ദേഷ്യത്തിൽ ചെയ്തു പോയതാവും….”

“എന്നാലും എനിക്കും ഒരു മനസ്സില്ലേ പങ്കൂ……

അതാരും കാണാത്തതെന്താ…”

ജാനി കരച്ചിലോടെ കുഞ്ഞാറ്റയെ ചേർത്ത് പിടിച്ചതും അവളുടെ ദേഹത്തെ പൊള്ളുന്ന ചൂടേറ്റ് അവൾ പരിഭ്രമിച്ചു……

“പങ്കൂ…..കുഞ്ഞിന് പനിയുണ്ടെന്ന് തോന്നുന്നു….

നമുക്കു ഹോസ്പിറ്റലിലേക്ക് പോകാം…..”

ജാനി വെപ്രാളത്തോടെ പറഞ്ഞത് കേട്ട് പങ്കു കുഞ്ഞിന്റെ നെറ്റിയിൽ കൈ വച്ചു നോക്കി…..

“ശരിയാ….നല്ല പനിയുണ്ട്….അതാവും മോള് വല്ലാണ്ടിരിക്കുന്നത്….”

പങ്കുവിന്റെ കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു…..

“മോൾക്ക് ടെമ്പറേച്ചർ കൂടുതലാണ്…. അഡ്മിറ്റ് ചെയ്യേണ്ടി വരും……”

കുഞ്ഞാറ്റയെ പരിശോധിച്ച ഡോക്ടർ പറഞ്ഞപ്പോൾ ജാനി സമ്മതത്തോടെ തലകുലുക്കി….

അഡ്മിറ്റ് ചെയ്ത് ആന്റിബയോട്ടിക് ഇൻജെക്ഷൻ സ്റ്റാർട്ട് ചെയ്തു….

അത്യാവശ്യം എടുക്കേണ്ട ടെസ്റ്റുകൾക്കൊക്കെ എഴുതി കൊടുത്തു…..

ജാനിയ്ക്ക് വീട്ടിൽ വിളിച്ച് പറയാൻ തോന്നിയില്ല …..അല്ലെങ്കിലും അമ്മുവൊഴിച്ച് കുഞ്ഞിന്റെ കാര്യം ആർക്കും ഇഷ്ടമല്ലല്ലോ….

ക്ഷീണം കൊണ്ട് കുഞ്ഞാറ്റ ഉറങ്ങിപ്പോയി….

പനിച്ചൂടിൽ അവൾ തളർന്നു പോയിരുന്നു…..

ജാനി അവളുടെ അരികിൽ തന്നെയിരുന്ന് നെറ്റിയിൽ മൃദുവായി തലോടിക്കൊണ്ടിരുന്നു…..

വലിയവർ ചെയ്യുന്ന തെറ്റുകളിൽ ഇരയാവുന്നത് എപ്പോഴും കുഞ്ഞുങ്ങളാണ്… പാവം….ഏറെ വിഷമിക്കുന്നണ്ടവൾ….

കുഞ്ഞാറ്റയുടെ നിഷ്കളങ്കമായ മുഖം കാണുന്തോറും ജാനിയ്ക്ക് വിഷമം കൂടി……

പൊടുന്നനെയാണ് വാതിൽ തുറന്ന് ധ്രുവ് വെപ്രാളത്തിൽ മുറിയിലേക്ക് കയറി വന്നത്……

ജാനിയിരിക്കുന്നത് ശ്രദ്ധിക്കാതെ അവൻ കുഞ്ഞാറ്റയുടെ അരികിലേക്കോടി…..

തളർന്നു കിടക്കുന്ന മോളെ അയാൾ വാരിയെടുത്തു…….മുഖത്ത് ആയിരം ചുംബനങ്ങൾ കൊണ്ട് മൂടി……അവന്റെ കണ്ണുകൾ തോരാതെ പെയ്തു…

കുഞ്ഞാറ്റ അവന്റെ സ്നേഹ പ്രകടനങ്ങളിൽ ഞെട്ടിയുണർന്നു….പക്ഷെ ധ്രുവിനെ കണ്ടതും സന്തോഷത്തോടെ അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി……

കാണാനാഗ്രഹിച്ചതെന്തോ കണ്ടെത്തിയ പോലെ കുഞ്ഞാറ്റ അവന്റെ മീശയിലും താടിയിലുമൊക്കെ വലിച്ച് അവളുടെ സന്തോഷം അറിയിച്ചു…

പനി പോലും അവളിൽ നിന്ന് വിട്ടൊഴിഞ്ഞ പോലെ തോന്നി…

ജാനി അദ്ഭുതത്തോടെ നോക്കി നിൽക്കയായിരുന്നു അവരുടെ സ്നേഹം…..

രണ്ടുപേരും അവരുടെ ലോകത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു……

“എന്റെ തുമ്പിപ്പെണ്ണേ……അച്ഛ എത്ര വിഷമിച്ചൂന്നറിയാമോ എന്റെ കുഞ്ഞിനെ കാണാഞ്ഞ്…..”

അവൻ കണ്ണുകൾ നിറച്ച് പറഞ്ഞതും കുഞ്ഞാറ്റ പല്ലില്ലാത്ത മോണ കാട്ടി അവനെ നോക്കി ചിരിച്ചു….

ധ്രുവിന്റെ കണ്ണുകൾ ബെഡിനരികിൽ നിൽക്കുന്ന ജാനിയുടെ മേൽ പതിഞ്ഞതും ജാനി പെട്ടെന്ന് തിരിഞ്ഞു നിന്നു……

“ആഹാ……..അച്ഛനെ കണ്ടപ്പോൾ മോളുടെ പനിയൊക്കെ പോയല്ലോ…”

പങ്കു മുറിയിലേക്ക് വന്ന് മരുന്നും മറ്റു സാധനങ്ങളും റ്റേബിളിൽ വച്ചു കൊണ്ട് ചോദിച്ചു…..

“ഇല്ല പങ്കൂ…..മോൾക്ക് പനിക്കുന്നുണ്ട്……

എന്നാലും എന്നെ കണ്ടപ്പോൾ അവളുടെ ക്ഷീണം മാറിയതാ….”

ധ്രുവ് പുഞ്ചിരിയോടെ പറഞ്ഞിട്ട് ഇടംകണ്ണിട്ട് ജാനിയെ നോക്കി…..

ജാനി കണ്ണുരുട്ടി പങ്കുവിനെ ദേഷ്യത്തിൽ നോക്കി നിൽക്കയാണ്….

“നീ കണ്ണുരുട്ടി നോക്കണ്ട ജാനീ….. കുഞ്ഞിന് അച്ഛനെയും വേണം അമ്മയെയും വേണം…

അതുകൊണ്ട് ഞാൻ തന്നെയാ ചന്തുവേട്ടനെ വിളിച്ചു പറഞ്ഞത്….”

അവളുടെ നോട്ടം മനസ്സിലായത് പോലെ പങ്കു പറഞ്ഞു…..

“ചന്തുവേട്ടാ….മോൾക്കുള്ള മരുന്നൊക്കെ മേടിച്ചിട്ടുണ്ട്….ഏതാന്ന് വച്ചാൽ നോക്കി എടുത്ത് കൊടുക്ക്….

പിന്നെ രണ്ടുപേർക്കും ഫുഡുമുണ്ട്….കഴിച്ചിട്ട് തല്ല് കൂടാതെ പ്രശ്നങ്ങളെല്ലാം പറഞ്ഞു തീർക്…”

പങ്കു പറഞ്ഞത് കേട്ട് ജാനി അവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി…..

“ഇവിടെ ഞാനൊറ്റയ്ക്ക് മതി പങ്കൂ…

വേറെയാരും എനിക്ക് കൂട്ടുനിൽക്കണമെന്നില്ല……”

ജാനി ദേഷ്യത്തിൽ പറഞ്ഞത് കേട്ട് പങ്കു ദയനീയമായി ചന്തുവിനെ നോക്കി….

“നീ പൊയ്ക്കൊ പങ്കൂ…..ഇവളുടെ കാര്യം ഞാൻ നോക്കിക്കോളാം….”

ധ്രുവ് പറഞ്ഞത് കേട്ട് ജാനിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു….

“ജാനീ……..നീ ഇവിടെ മോളെ നോക്കി നിൽക്ക്….ചന്തുവേട്ടനും ഇവിടെ ഒരറ്റത്ത് നിന്നോളും…”

പങ്കു ഒത്തുതീർപ്പെന്നപോലെ പറഞ്ഞത് കേട്ട് ജാനി ദേഷ്യത്തിൽ മുഖം വെട്ടിച്ചു….

“സാരമില്ല പങ്കൂ….

നീ സമാധാനമായി പൊയ്ക്കൊ…….ഞാനും എന്റെ ഭാര്യയെയും തമ്മിലുള്ള സൗന്ദര്യപ്പിണക്കം ഞങ്ങള് തീർത്തോളാം….

അല്ലേ ജാനീ…..”

ധ്രുവ് കുറച്ചു കുസൃതിയോടെ പറഞ്ഞത് കേട്ട് ജാനി മുഖം വീർപ്പിച്ച് കൊണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങിപോയി…

“ചന്തുവേട്ടാ…….ജാനീ……”

“എനിക്കറിയാം പങ്കൂ……അവളുടെ മാനസികവസ്ഥ മനസ്സിലാക്കി ഞാൻ പ്രവർത്തിക്കണമായിരുന്നു….

എല്ലാം അറിഞ്ഞതിന്റെ ഷോക്കിലാണ് പാവം….

ഇനിയും ഞാൻ ഇടപെട്ടില്ലെങ്കിൽ മാധവൻ ഞങ്ങളെ എന്നെന്നേക്കുമായി പിരിക്കും…..

നീ പൊയ്ക്കൊ പങ്കൂ…….ഞാൻ എന്തെങ്കിലും നമ്പറിടട്ടെ……”

“എന്നാൽ ശരി….എല്ലാം ഓകെ ആക്കിയിട്ട് വിളിയ്ക്ക്…..

ജാനി ഒരു പാവമാണ്…..വാശി പിടിക്കുന്നത് അത്രയും മനസ്സ് വേദനിച്ചിട്ടാവും….”

പങ്കു നിറകണ്ണുകളോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി…..

പങ്കു ഷോപ്പിലെത്തിയപ്പോൾ നേരം ഉച്ചയായി…..രവിയെ വിളിച്ച് പറഞ്ഞത് കൊണ്ട് രവിയും ലെച്ചുവും ലോഡിന്റെ കണക്കൊക്കെ നോക്കി നേരെത്തെ എല്ലാം ചെയ്തിരുന്നു……

രവി ഗ്രൗണ്ട് ഫ്ലോറിൽ നിൽക്കുന്നത് കണ്ടാണ് പങ്കു അകത്തേക്ക് കയറി വന്നത്…

‘കുട്ടൂസൻ ഇവിടെ ഉണ്ടെങ്കിൽ ലെച്ചു ഉറപ്പായും മുകളിലുണ്ടാവും….’

അവൻ പെട്ടെന്ന് മുകളിലേക്ക് കയറിപ്പോയി……

ഓഫീസിൽ കയറിയപ്പോൾ കണ്ടു ഫയലിൽ തിരക്ക് പിടിച്ച് എഴുതുന്ന ലെച്ചുവിനെ…

“ഇതുവരെ എഴുതി കഴിഞ്ഞില്ലേ……😡..”

പങ്കുവിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കേട്ടതും ലെച്ചു പേടിയോടെ ചാടിയെണീറ്റു…….

“ഞാൻ….അച്ഛൻ പറഞ്ഞു….പതിയെ….എഴുതിയാൽ…..”

അവന്റെ ദേഷ്യം കണ്ട് ലെച്ചു പേടിച്ച് പോയി…..

“അച്ഛൻ അങ്ങനെ പലതും പറയും😡…..എനിക്ക് കണക്ക് മുഴുവനും ഇന്ന് കിട്ടണം…..

അകത്തെ റൂമിൽ കുറച്ചു ഫയലുണ്ട് പോയി എടുത്തിട്ട് വാ….”

അവൻ ഗൗരവത്തിൽ പറഞ്ഞത് കേട്ട് ലെച്ചു വേഗം ഓഫീസിനകത്തെ റൂമിലേക്ക്‌ കയറി……

റൂമിൽ മൊത്തം തിരഞ്ഞിട്ടും ഫയലൊന്നും കാണാതെ ലെച്ചു പരിഭ്രമിച്ചു…….

പെട്ടെന്ന് റൂമിന്റെ വാതിലടയുന്ന ശബ്ദം കേട്ടതും ലെച്ചു വെപ്രാളപ്പെട്ട് തിരിഞ്ഞു നോക്കി……

വാതിൽക്കൽ കുസൃതിച്ചിരിയോടെ കൈ മാറിൽ പിണച്ചുകെട്ടി നിൽക്കുന്ന പങ്കുവിനെ കണ്ട് അവൾ അന്തം വിട്ട് നിന്നു….

മുപ്പത്തിഒൻമ്പതാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് .

ഭാഗം 39\

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കുഞ്ഞാറ്റയെ ധ്രുവിനെ കാണിച്ചിട്ടുണ്ട്… പക്ഷെ മാധവൻ എന്തെങ്കിലും ഒപ്പിക്കുമോന്ന് അറിയില്ല…..

Leave a Reply

Your email address will not be published. Required fields are marked *