“അമ്മേ…. ഞാൻ പോയിട്ടു വരാം….”

രചന :-Jishanth Konolil‎

വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ പതിവില്ലാതെ അമ്മയോട് യാത്ര പറഞ്ഞാണ് ഇറങ്ങിയത്.

‘അമ്മ വാതിൽക്കൽ വന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു”മോനേ പതിയെ പോയാൽ മതി കേട്ടോ…”

എന്നും ബൈക്ക് സ്റ്റാർട്ട് ആക്കുന്ന ശബ്ദം കേൾക്കുമ്പോൾ ‘അമ്മ വാതിൽ പടിയിൽ വന്ന് നിൽക്കാറുണ്ടെങ്കിലും, ഞാനത്തൊന്നും ശ്രദ്ധിക്കാറുമില്ല. ഒന്നും പറയാറുമില്ല.

ഇന്ന് ആദ്യമായി ഞാൻ അമ്മയുടെ മുഖം ശ്രദ്ധിച്ചു.

ആ യാത്രയിൽ മനസ്സു നിറയെ സന്തോഷമായിരുന്നു.

ഇനി ജീവിക്കണം ഒരു പുതിയ മനുഷ്യനായി.

ജീവിതം തിരിച്ചറിയാൻ ഞാൻ ഒരുപാട് വൈകി പോയിരിക്കുന്നു.

സ്വന്തം ജീവിതവും ഉത്തരവാദിത്വങ്ങളും മറന്ന് അവൾക്കു വേണ്ടി ,അവളുടെ ഇഷ്ടങ്ങൾക്കുവേണ്ടി ജീവിച്ചപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല ഞാനവൾക്ക് ആരുമായിരുന്നില്ല എന്ന്‌.

നീണ്ട ആറു വർഷത്തെ പ്രണയം ഒരു ദിവസം കൊണ്ട് പറഞ്ഞവസാനിപ്പിച്ചപ്പോൾ അവൾക്കു പറയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. പ്രിയപ്പെട്ടവനായിരുന്ന ഞാനിന്ന് വെറുക്കപ്പെട്ടവനായി മാറിക്കഴിഞ്ഞു.

ഏകാന്തതയിൽ ദിവസങ്ങൾ തള്ളി നീക്കുമ്പോഴും ഹൃദയം ഓർമകളാൽ ചുട്ടു പൊള്ളുമ്പോഴും കൂട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നും ഉപദേശങ്ങൾ മാത്രം.

പ്രാന്തു പിടിച്ച അവസ്ഥയിൽ എല്ലാവരോടും ദേഷ്യം മാത്രമായിരുന്നു.

ജീവിതം കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയതുകൊണ്ടാവണം. അച്ഛനും അമ്മയും ഉപദേശങ്ങൾ നിർത്തി.എന്നെ എന്റെ ലോകത്തേക്ക് തനിച്ചു വിട്ടത്.

ആരും ഒന്നും മിണ്ടാതായി, ശരിക്കും ഒറ്റപ്പെട്ടത് പോലെ.

ആ ഒരു നിമിഷത്തെ ചിന്ത.അത് ആത്‍മഹത്യയുടേത് മാത്രമായിരുന്നു.

ആരെ കുറിച്ചും ഒന്നും ഓർത്തില്ല.മരിക്കണം, അതു മാത്രമായിരുന്നു മനസ്സിൽ……

മരണം അത് എങ്ങിനെയാവണം എന്നുള്ള ചിന്തയിൽ കിടക്കുമ്പോഴാണ് വീട്ടിലെ ഫോണ് ശബ്ദിച്ചത്. അനിയത്തിയാണ് ചെന്ന് ഫോണെടുത്തു.

പെട്ടന്ന് കതകിൽ മുട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ അവൾ കരയുന്നു.

അച്ഛന് വഴിയിൽ വെച്ച് ആക്‌സിഡന്റ് ആയെന്നും, ഹോസ്പിറ്റലിൽ നിന്നാണ് വിളിച്ചതെന്നും പറഞ്ഞു.

അപ്രദീക്ഷിതമായി അതു കൂടി കേട്ടപ്പോൾ കയ്യും കാലും വിറക്കാൻ തുടങ്ങി.

അമ്മയെ വിവരമറിയിക്കണ്ട എന്നു പറഞ്ഞ് ഞാൻ ഹോസ്പിറ്റലിൽ ചെന്ന് അച്ഛനെ കണ്ടപ്പോഴാണ് സമാധാനമായത്.

ഡോക്ടറെ കണ്ട് കാര്യം തിരക്കിയപ്പോൾ കാലിന്റെ എല്ലിന് കുറച്ചു പ്രശ്നമുണ്ട് എന്നും മൂന്നുമാസകാലം പൂർണ്ണമായും റെസ്റ്റിൽ കഴിയേണ്ടിവരുമെന്നും പറഞ്ഞു.

‘അമ്മ വിളിക്കുന്നുണ്ട്….. പാറു കാര്യം പറഞ്ഞെന്നു മനസ്സിലായി. ‘അമ്മയും ആകെ പരിഭ്രമത്തിലാണ് സംസാരിച്ചത്.

അന്നു തന്നെവൈകുന്നേരം ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തി.

രാത്രി വേദനകൊണ്ട് രണ്ടു ദിവസം അച്ഛൻ ഉറങ്ങിയില്ല. അതിന്റെ ശീണവും മുഖത്തു കാണാനുണ്ടായിരുന്നു.

നാലു ദിവസം ആയപ്പോഴേക്കും അച്ഛൻ വീണ്ടും പണിക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങി.

‘അമ്മ ഒരുപാട് നിർബന്ധിച്ചിട്ടും അച്ഛൻ വീട്ടിൽ നിൽക്കാൻ കൂട്ടാക്കിയില്ല.

അന്ന് ‘അമ്മ പറഞ്ഞു “നിനക്ക് ഒരു ജോലി ആയിരുന്നെങ്കിൽ ഇന്ന് അച്ഛനെ ഇങ്ങനെ പറഞ്ഞയക്കേണ്ടി വരില്ലായിരുന്നു.”

ശരിയാണ്… ഡിഗ്രി കഴിഞ്ഞ് സ്വന്തം കാര്യത്തിന് വേണ്ടി കുറേ കറങ്ങിയതല്ലാതെ വീട്ടുകാർക്ക് വേണ്ടി ഇന്നേവരെ ഒന്നും ചെയ്തിട്ടില്ല.

കൂടെയുള്ളവർ പലരും പല ജോലിയുമായി ജീവിക്കുന്നുണ്ട്. ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് എന്തെങ്കിലും ഒരു തൊഴിൽ ഉണ്ടായിരുന്നു എനിക്കും.

ഒന്നും അറിയിക്കാതെ വളർത്തിയത് കൊണ്ട് വഴി തെറ്റി പോയതാണെന്ന് അമ്മാവൻ അമ്മയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

അവിടെയും പഴി അമ്മക്കും അച്ഛനുമായിരുന്നു. എന്നിട്ടും അവർ ഒന്നും എന്നോട് പറഞ്ഞിട്ടില്ല. എന്നെങ്കിലും നന്നാവും എന്നു കരുതി കാണും.

കൂട്ടുകാരന്റെ അച്ഛന്റെ കമ്പനിയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട് എന്നു പറഞ്ഞിരുന്നു.കുറച്ചു പൊടിയും ചെളിയും ബുദ്ധിമുട്ടുമൊക്കെ ഉണ്ടാകും എന്നറിയാം. എന്നാലും അച്ഛൻ ഞങ്ങൾക്കു വേണ്ടി കൊണ്ട വെയിലോളം വരില്ലല്ലോ ഒന്നും.

വീട്ടിൽ നിന്നും ഇറങ്ങിയപ്പോഴും അമ്മയോട് എങ്ങോട്ടാണെന്ന് മാത്രം പറഞ്ഞിരുന്നില്ല.

വീട്ടിൽ എത്തിയിട്ട് വേണം എല്ലാം പറയാൻ.

കമ്പനിയിൽ നിന്നും വീട്ടിലേക്ക് മടങ്ങും വഴി എതിരേ വന്ന ലോറി നിയന്ത്രണം എന്നെ ഇടിച്ചു തെറിപ്പിക്കുമ്പോൾ ചുറ്റിനും ഇരുൾ മൂടിയിരുന്നു.ആരുടെയും മുഖം വ്യക്തമാകുന്നില്ല, ഒന്നു സംസാരിക്കാൻ പോലും കഴിയുന്നില്ല.

മരണ വേദനകൊണ്ട് പുളയുമ്പോൾ എന്റെ കയ്യിൽ ആരോ മുറുകെ പിടിച്ചിട്ടുണ്ട്…

അതേ… ‘അമ്മ, എനിക്ക് ആ മുഖമൊന്നു കണണമെന്നുണ്ട്. കഴിയുന്നില്ല. രാവിലെ ഞാൻ ആ ചിരിച്ച മുഖം കണ്ടതാണ്.ജോലിയുടെ കാര്യം ഒന്നു പറയുവാൻ പോലും സാധിച്ചില്ല.

അച്ഛൻ….. അവിടെ മാറി നിന്ന് കരയുന്നുണ്ടാകും എനിക്കറിയാം.

കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നു പറയുന്നതുപോലെ….

കണ്മുമ്പിൽ മനോഹരമായ ഒരു ജീവിതമുണ്ടായിരുന്നിട്ടും അത് മനസിലാക്കാതെ ആരും ജീവിക്കരുതേ…

ഇനി ജീവിക്കണം എന്ന് ആഗ്രഹിച്ച മനസ്സുകൊണ്ടു വീണ്ടും ആഗ്രഹിക്കുകയാണ്….

ഒന്നു പെട്ടന്ന് മരിച്ചിരുന്നെങ്കിൽ..

രചന :-Jishanth Konolil‎

അടുത്ത കഥ വായിക്കൂ ……..👇

പ്രസവിക്കുന്ന മച്ചി

click here

Leave a Reply

Your email address will not be published. Required fields are marked *