അവര് ചെറുപ്പവാ.. കല്ല്യാണം കഴിഞ്ഞു അധികമൊന്നും ആയില്ലല്ലോ..

രചന: മുരളി. ആർ.

“എന്റെ ഏട്ടാ.. അവൻ പെൺകോന്തൻ ആയോന്നൊരു സംശയം. ഏതു നേരം അവൾടെ പുറകെയാ..” ഞാൻ മുറിയുടെ വാതിൽ അടച്ചതും സാവിത്രി എന്നോട് പറഞ്ഞു. പതിവില്ലാതെ ഇവൾ ആരെക്കുറിച്ചാണ് ഈ സംസാരിക്കുന്നത്. അവളോടൊപ്പം ഞാൻ കട്ടിലിൽ ചെന്നിരുന്നു.

“എന്താടി, നീയിത് ആരെക്കുറിച്ച പറയുന്നേ..?”

“ഓ.. നമ്മുടെ മോനെക്കുറിച്ചു തന്നേ.. അവന്റെ പോക്കത്ര ശരിയല്ല.” സാവിത്രി അത് പറയുമ്പോൾ ഞാൻ കൂടുതൽ ശ്രദ്ധയോടെ അവളെ നോക്കി. പകല് ഇവളും മരുമോളും മാത്രമാണ് ഈ വീട്ടിൽ. വൈകുന്നേരം ആകുമ്പോഴേക്കും അവൻ ജോലി കഴിഞ്ഞു വരും. ഞാൻ ഈ വാച്ച്മാൻ ജോലിക്ക് പോയി വരുമ്പോൾ നേരം ഒരുപാട് ഇരുട്ടും. ഈ വീട്ടിൽ നടക്കുന്നതൊന്നും ഞാൻ അറിയാറില്ല.

“എടി, എന്താ ഇപ്പോ ഉണ്ടായേ..? നീ കാര്യം തെളിയിച്ചു പറ..”

“ഒന്നും പറയണ്ട, അവൻ അവളുടെ തുണി അലക്കുന്നു, അവർ ഒരുമിച്ചു അടുക്കളയിൽ പാചകം ചെയ്യുന്നു, അവളെ അവൻ വണ്ടി ഓടിക്കാൻ പഠിപ്പിക്കുന്നു. എന്തൊക്കെയാ ഈ വീട്ടിൽ നടക്കുന്നേ..? അവൻ ഇങ്ങനെയൊന്നും അല്ലാരുന്നല്ലോ പണ്ട്. കല്ല്യാണം കഴിഞ്ഞെപ്പിന്നെ അവനാകെ മാറി. ഈ വീട്ടിൽ നടക്കുന്നതൊന്നും ഏട്ടൻ അറിയുന്നില്ലന്നെ ഉള്ളു. ഇങ്ങനെ പോയാൽ വൈകാതെ അവൻ നമ്മളെ കൊണ്ട് വെല്ലോം വൃദ്ധസദനത്തിൽ ആക്കുമോന്നാ എന്റെ പേടി..”

“എന്നിട്ട്, നീ അവനോട് വെല്ലോം പറഞ്ഞോ..?” “ഇല്ല, ഏട്ടനോട് പറയാതെ എങ്ങനാ..” സാവിത്രിയുടെ ഇതുവരെയുള്ള വാക്കുകളിലെ സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയില്ല. അവൾ പറയുന്നത് മുൻവിധിയോടെ ആണോ..? എന്റെ മനസ്സിൽ പെട്ടെന്ന് ഒരു ആശയകുഴപ്പം വന്നു നിറഞ്ഞു. ഏതായാലും ഈ വിഷയത്തെക്കുറിച്ചു അവനോട് അവൾ ഇതുവരെ സംസാരിച്ചിട്ടില്ല. ഞാൻ നല്ലരീതിയിൽ ഈ വിഷയത്തെക്കുറിച്ചു ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ലൊരു തീരുമാനം എടുക്കണം. എന്റെ ഏറെ നേരത്തെ ആലോചനകൾക്ക് ഒടുവിൽ..

“ഏട്ടനെന്താ ഒന്നും മിണ്ടാത്തെ..? എന്തെങ്കിലും ഒന്നു പറ..”

“എടി.. അവര് ചെറുപ്പവാ.. കല്ല്യാണം കഴിഞ്ഞു അധികമൊന്നും ആയില്ലല്ലോ..? പിന്നെ, അന്ന് നമ്മള് ജീവിച്ചിരുന്ന ഒരു കാലഘട്ടത്തിലല്ല അവരിപ്പോ.. കാലം ഒരുപാട് മാറി. അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.. അവര്, എന്ത് ചെയ്യണം..! എന്ത് ചെയ്യണ്ടാന്ന്..! നമുക്ക് വാശിപിടിക്കാനാവില്ല. വേണേൽ ഒരു അഭിപ്രായം പറയാം. അതിൽ കൂടുതലൊന്നും പറയാൻ നീയിപ്പോ പോവണ്ട. പിന്നെ, ഞാൻ ഈ പെൻഷൻ പ്രായത്തിലും വാച്ച്മാൻ ജോലിക്ക് പോകുന്നതേ.. നിന്നെ നോക്കാനും, നമ്മുടെ ചിലവിനും വേണ്ടിട്ടാ.. മനസ്സിലായോ..? മറ്റാരെയും ആശ്രയിച്ചു ജീവിക്കാൻ എനിക്ക് ഇപ്പോ താല്പര്യം ഇല്ല. ഒന്നിനെയും ആത്മാർത്ഥമായി വിശ്വസിക്കാനോ.. അമിത പ്രതീക്ഷയോ വേണ്ട.. ഒന്നും നമ്മുടെ കൈയിലല്ല എന്റെ സാവിത്രി.. എല്ലാം നല്ലതിനാണെന്നു കരുതിക്കോ..” ഞാൻ അത് പറയുമ്പോൾ സാവിത്രി മറുപടി പറയാതെ ഒരു പ്രത്യേക ഭാവത്തിൽ എന്നെ ഒന്നു നോക്കി.

“എന്താടി.. നിനക്ക് ഞാൻ പറഞ്ഞത് മനസിലായില്ലേ..? കിടക്കുന്നുണ്ടേൽ കിടക്ക്. നാളെ എനിക്ക് ജോലിക്ക് പോവേണ്ടതാ..” അല്പ്പം ദേഷ്യത്തോടെ ഞാൻ അത് പറയുമ്പോൾ എന്തോ പിറുപിറുത്തുകൊണ്ട് അവൾ ലൈറ്റ് ഓഫാക്കിയെച്ചും കിടന്നു.

രചന: മുരളി. ആർ.

അടുത്ത കഥ വായിക്കൂ ……..

ഒരു പെൺക്കുട്ടി, വിവാഹശേഷം എന്തിനാണ് ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത്….? ? ?

click here

Leave a Reply

Your email address will not be published. Required fields are marked *