ഒരാളുടെ വസ്ത്രവും സമ്പത്തും മാനദണ്ഡമാക്കി അവരുടെ കുടുംബ മഹിമ നിശ്ചയിക്കുന്നവർ ഇനിയീ വീട്ടിൽ നിൽക്കണമെന്നില്ല…

രചന: Kurikkal Safeeda Musthafa

“ഇന്നെങ്കിലും അവളുടെ ബാപ്പാക്ക് ഒരു കുപ്പായം ഇട്ടു കൂടേ ..എല്ലാരുടേയും മുന്നിൽ ആകെ നാണക്കേടായി ..”

അമ്മായി രാവിലെ തന്നെ കത്തികയറുകയാണ്…

“നീ മിണ്ടാതിരിക്കെന്റെ സക്കീന… മോൾ കേൾക്കും.. അവൾക്ക് വിഷമമാകും..”

രാവിലത്തെ ചായയ്ക്ക് പലഹാരമുണ്ടാക്കുകയായിരുന്ന നിസാറിന്റെ ഉമ്മ സാജിത അപേക്ഷ സ്വരത്തിൽ പറഞ്ഞു…

“കേൾക്കട്ടെ.. നമ്മുടെ നിസാറിന് എത്ര നല്ല ആലോചനകൾ വന്നതാണ് .. ഈ കുപ്പായമിടാത്ത ആളെ മോൾ തന്നെ വേണായിരുന്നോ…”

അഴിഞ്ഞു വീണ മുടി വാരി ചുറ്റി കെട്ടി കൊണ്ട് അവർ മുഖം ചുളിച്ചു…!

“അത് അവളുടെ കുറ്റമാണോ സെക്കീ.. ബാപ്പ കുപ്പായമിടാത്തതിന് അവളെന്ത് പിഴച്ചു..?

ചിക്കന്റെ പാത്രത്തിലേക്ക് തലയിട്ട പൂച്ചയെ ഓടിച്ച് കൊണ്ട് അവർ പറഞ്ഞു…

ഇതും കേട്ട് കൊണ്ടാണ് നജ്മ അടുക്കളയിലേക്ക് കയറിയത്… അവളെ കണ്ടതും എല്ലാവരും മൗനത്തിന്റെ മേലങ്കി അണിഞ്ഞു ..

..ഇന്നലെയായിരുന്നു ആ നാട്ടിലെ പേരു കേട്ട തറവാട്ടിലെ മൊയ്തീൻ കുട്ടി ഹാജിയുടെ മകൻ നിസാറുമായി നജ്മയുടെ കല്യാണം കഴിഞ്ഞത്. നിസാറിന്റെ കുടുംബക്കാർക്ക് ഇഷ്ടമില്ലാത്ത കല്യാണം ..!!

.പ്രധാന കാരണം അവളുടെ സാമ്പത്തികമായിരുന്നു. അഞ്ച് സെന്റ് സ്ഥലത്തിൽ ഇടിഞ്ഞ് വീഴാറായ ഒരു വീടും അഞ്ച് പെൺമക്കളുമായിരുന്നു അവളുടെ ബാപ്പയുടെ സാമ്പാദ്യം.. കൂലിപ്പണിക്ക് പോയിട്ടായിരുന്നു ബാപ്പ അവരെ വളർത്തിയത് …ഒരു കാര്യത്തിൽ റബ്ബ് പിശുക്ക് കാണിച്ചില്ല…മക്കൾ അഞ്ചുപേർക്കും സൗന്ദര്യം വാരിക്കോരി കൊടുത്തിട്ടുണ്ട് ..!

നജ്മയുടെ ബാപ്പ അഹമ്മദിന് ഒരു പ്രശ്നമുണ്ട് .. ഷർട്ടിടാറില്ല.. ഒരു വെള്ള മുണ്ടും തലയിലൊരു തോർത്തും ചുറ്റി രാവിലെ തന്നെ അയാൾ പണിക്കിറങ്ങും . അത്യാവശ്യത്തിന് ബന്ധുവീട്ടിലോ മറ്റോ പോകുമ്പോൾ മാത്രമേ അയാൾ ഷർട്ട് ധരിക്കാറുള്ളൂ..! ബാപ്പാക്ക് ഒരു കുപ്പായം ഇട്ടു കൂടെ എന്ന് മക്കൾ ചോദിച്ചാൽ “ബാപ്പ പഴഞ്ചനല്ലേ ഇങ്ങനെയൊക്കെയേ നടക്കാൻ പറ്റൂ ..” എന്ന് അയാൾ ചിരിച്ചു കൊണ്ട് പറയും..എന്നാലും മക്കൾക്ക് അയാളെന്നു പറഞ്ഞാൽ ജീവനായിരുന്നു…!

കഷ്ടപ്പെട്ടിട്ടാണെങ്കിലും മക്കൾ അഞ്ചാൾക്കും അഹമ്മദ് നല്ല വിദ്യാഭ്യാസം നൽകുന്നുണ്ട്..

നജ്മ എം.എയ്ക്ക് പഠിക്കുമ്പോഴായിരുന്നു നിസാർ അവളെ കെട്ടാനുള്ള ആലോചനയുമായി അഹമ്മദിന്റെ അടുത്തേക്ക് ആദ്യമായി ദൂതനെ വിട്ടത്..കോളേജിലേക്ക് പോകുന്ന നജ്മയെ കണ്ടപ്പോൾ ആദ്യ നോട്ടത്തിൽ തന്നെ അവന്ന് അവളോട് മുഹബ്ബത്ത് തോന്നിയിരുന്നു ..

അറിഞ്ഞപ്പോ നജ്മ കുറേ എതിർത്തു. കാരണം സാമ്പത്തികമായുള്ള അന്തരം തന്നെ..നിസാറിന്റെ ഭാര്യ ആവാനുള്ള യോഗ്യതയൊന്നും തനിക്കില്ലെന്ന് അവൾക്ക് തോന്നി.. പല പ്രാവശ്യം നിസാർ ഈ ആവശ്യവുമായി ആളെ അയച്ചിട്ടും അവൾ സമ്മതിക്കാത്തത് കൊണ്ട് ഒരു ദിവസം അവൻ തന്നെ നേരിട്ട് അവളുടെ വീട്ടിൽ വന്നു .അപ്പോഴേക്കും അവളുടെ പി ജി പഠനം കഴിഞ്ഞിരുന്നു .

“നജ്മ നിനക്കെന്താ എന്നോട് പ്രശ്നം.. ”

ദൂരത്തേക്ക് കണ്ണുംനട്ടു നിന്ന അവളോട് അവൻ ചോദിച്ചു…

“അത് പിന്നെ നിസാർക്ക… ”

അവൾ വാക്കുകൾക്ക് വേണ്ടി പരതി….

“നിങ്ങളുടെ വീട്ടുകാർക്ക് ഇഷ്ടപ്പെട്ടിട്ടാണോ ഇത്…”

“അത് നീ നോക്കണ്ട.. എന്റെ ഇഷ്ടം നീയാണ് .. പടച്ചോനാണേ നീയല്ലാതെ വേറൊരു പെണ്ണിനെ നിസാർ ജീവിത സഖിയാക്കൂല്ല .. ”

അത് കേട്ടതും ഹൃദയത്തിലേക്ക് ഒരു മഞ്ഞുകണം വീണത് പോലെ തോന്നി അവൾക്ക്…. മനസ്സിൽ ഇത് വരെ തോന്നാത്തൊരു അനുഭൂതി..!!

അത് പുറമെ കാണിക്കാതെ അവൾ വീണ്ടും ന്യായങ്ങൾ നിരത്തിയെങ്കിലും അവന്റെ വാശിക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്നു .

കഷ്ടപ്പെട്ടിട്ടാണെങ്കിലും നല്ല രീതിയിൽ തന്നെ അഹമ്മദ് മകളുടെ കല്യാണം നടത്തി .വീട്ടുകാർ അറിയാതെ നജ്‌മയ്ക്ക് വേണ്ടി കുറച്ചു സ്വർണം നിസാർ അയാളെ ഏൽപ്പിച്ചിരുന്നു ..!

നിക്കാഹിന്റെ സമയം കഴിഞ്ഞതും മകളുടെ നിക്കാഹാണെന്നൊന്നും ഓർക്കാതെ അയാൾ ഷർട്ട് ഊരി വെച്ചു..അതാണ് നിസാറിന്റെ ബന്ധുക്കളെ ചൊടിപ്പിച്ചത്….!!!

അമ്മായിയുടെ വാക്കുകൾ കേട്ട നജ്മയ്ക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ..കണ്ണിൽ നിന്നും അനുസരണയില്ലാതെ ചാടിയ നീർ തുള്ളികളെ പുറം കൈകൊണ്ട് തുടച്ചു കൊണ്ട് അവൾ അടുക്കളയിൽ നിന്നും തിരിഞ്ഞ് നടന്നു…

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ സെക്കീ.. മോൾക്ക് കേട്ടാൽ വിഷമമാകുമെന്ന്…”

സാജിത അവളെ കുറ്റപ്പെടുത്തി…

“എന്താ അമ്മായി… എന്താ ഉമ്മാ.. എന്താ ഇവിടെ ഒരു ബഹളം… എന്തിനാ നജ്മ കരഞ്ഞത്….?

നിസാറിന്റെ ചോദ്യശരങ്ങളെ നേരിടാനാവാതെ സക്കീന മെല്ലെ സ്കൂട്ടാവാൻ നോക്കി..

ചിക്കൻ കിട്ടാത്ത വിഷമത്തിൽ അവിടെ ചുറ്റി തിരിഞ്ഞിരുന്ന പൂച്ച ടിക്കറ്റെടുക്കാതെ ഫ്രീയായിട്ട് ഒരു കളി കാണാമെന്ന മട്ടിൽ അവരെ മൂവരെയും നോക്കി അവിടെ മൂലയ്ക്ക് നിലയുറപ്പിച്ചു…!!

“എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി തന്നിട്ട് അമ്മായി പോയ്കോ…” അവരെ തടഞ്ഞു കൊണ്ട് നിസാർ ശബ്ദമുയർത്തി..

“അത് പിന്നെ മോനേ.. നജ്മയുടെ ബാപ്പ ഇന്നലെ കുപ്പായമിടാതെ നിന്നില്ലേ.. ആകെ നാണക്കേടായി.. എന്റെ നാത്തൂന്മാരൊക്കെ എന്നെ കളിയാക്കി.. ”

അവർ വിക്കി വിക്കി പറഞ്ഞു..

“അതിന്.. നിങ്ങളുടെ കുടുംബ മഹിമ ഇല്ലാതായിപ്പോയോ…?

നിസാറിന്റെ ഒച്ച ആ വീട്ടിൽ മൊത്തം അലയടിച്ചു….

അത് കേട്ട നജ്മ ഓടി വന്ന് അവന്റെ വായ പൊത്തി..

“ഇക്ക വേണ്ട.. അമ്മായി വിഷമം കൊണ്ട് പറഞ്ഞതല്ലേ.. വിട്ടേക്ക്…”

“അമ്മായി ഇപ്പോ ഇവിടന്ന് ഇറങ്ങി പോകണം… ഒരാളുടെ വസ്ത്രവും സമ്പത്തും മാനദണ്ഡമാക്കി അവരുടെ കുടുംബ മഹിമ നിശ്ചയിക്കുന്നവർ ഇനിയീ വീട്ടിൽ നിൽക്കണമെന്നില്ല…”

ദേഷ്യം കൊണ്ട് അവൻ വിറച്ചു… ഇനി ഇവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയ പൂച്ച അവിടെ നിന്ന് ഓടി പോയി:..

“അവൾക്ക് ഒരു തെറ്റ് പറ്റിയതാ മോൻ ക്ഷമിക്ക്.. സാജിത നിസാറിന്റെ തോളിൽ കയ്യിട്ടു അവനെ ആശ്വസിപ്പിച്ചു…..!

“ഇനി ഈ വക വർത്തമാനം ഈ വീട്ടിൽ കേട്ടാൽ.. അമ്മായിയാണെന്നൊന്നും ഞാൻ നോക്കില്ല.. കേട്ടല്ലോ. നിങ്ങളുടെ നാത്തൂന്റെ മോളെ കെട്ടാത്തതിന്റെ ചൊറിച്ചിലൊന്നും ഇവിടെയിനി കാണിക്കരുത്..”

ഒരു കുറ്റവാളിയെ പോലെ മുഖം കുനിച്ച് നിന്നിരുന്ന അമ്മായിയെ നോക്കി അവൻ പറഞ്ഞു…

“മോനേ നിസാറെ.. മോളേ നജ്മ ഈ അമ്മായിയോട് ക്ഷമിക്ക്.. ഇനി അമ്മായിയുടെ ഭാഗത്ത് നിന്ന് അങ്ങനെയൊന്നും ഉണ്ടാവില്ല.. ”

“സാരമില്ല അമ്മായി പെട്ടെന്ന് കേട്ടപ്പോൾ സങ്കടം തോന്നി.. അത്രേയുള്ളൂ.. ബാപ്പ അങ്ങനെയാണ്.ഒരു പഴയ മനുഷ്യൻ. ആർക്കും മാറ്റാൻ പറ്റില്ല ..എന്നാലും ഞങ്ങളെ പൊന്ന് പോലെയാണ് നോക്കുന്നത്.. ഞങ്ങളുടെ കണ്ണൊന്ന് നിറയാൻ ബാപ്പ സമ്മതിക്കു ലാ.. ”

അമ്മായിയെ കെട്ടിപ്പിടിച്ചു കൊണ്ട് നജ്മ പറഞ്ഞു…

“മതി മതി വർത്തമാനം..രണ്ട് പേരും ഇങ്ങോട്ട് വന്ന് എന്നെ ഒന്ന് സഹായിക്ക്. പത്തിരിയും ചിക്കൻ കറിയും ഉണ്ടാക്കണ്ടേ…”

സാജിത പറഞ്ഞു..

“അല്ലാഹ് എനിക്ക് വല്ലാത്ത തലവേദന. ഞാൻ ഒന്ന് കിടക്കട്ടെ സാജിതത്താ.. ”

എന്ന് പറഞ്ഞ് സെക്കീന അവിടന്ന് മെല്ലെ സ്കൂട്ടായി ..

രംഗം ശാന്തമായി എന്ന് കണ്ട പൂച്ച മെല്ലെ ചിക്കനിൽ നോട്ടമിട്ട് വീണ്ടും അടുക്കളയിലേക്ക് കയറി…..

രചന: Kurikkal Safeeda Musthafa

Leave a Reply

Your email address will not be published. Required fields are marked *