ഒരു മണിയറ തീരുമാനം.

രചന : കൃഷ്ണനുണ്ണി

പാതി കുടിച്ച പാൽ അവൻ അവൾക്കു നേരെ നീട്ടി…! പതിയേ മുഖം തിരിച്ച് അവൾ പറഞ്ഞു ” വേണ്ട… മുഴുവനും ഏട്ടൻ കുടിച്ചോളു. ”

പാതി നെറ്റിചുളിച്ചവൻ ചോദിച്ചു.. “അതെന്താ ടോ… ഞാൻ പാതി കുടിച്ചതോണ്ടാണോ…?”

” ഏയ് അല്ല ഒരിക്കലുമല്ല…. എനിക്കെന്തിനാ ആ മടി. പക്ഷേ ഇത്.. എനിക്ക് പാല് ഇഷ്ട്ടല്ലാത്തോണ്ടാ..! എനിക്ക് ശീലം കട്ടൻ കാപ്പിയാ… ശർക്കരയിട്ട കട്ടൻ കാപ്പി…”

” എന്നാൽ പിന്നേ ദേവൂന് കട്ടൻ കാപ്പി കൊണ്ടു വരാമായിരുന്നില്ലേ …

” അതിപ്പോ ,എല്ലാരും .. ആദ്യരാത്രിയിൽ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ”

പൊട്ടിച്ചിരിച്ച് കൊണ്ട് അവൻ പറഞ്ഞു.. “ദേവൂ.. ചില കീഴ്വഴക്കങ്ങളൊക്കെ നമ്മുടെ കാര്യത്തിൽ മാറ്റങ്ങളുണ്ടാകും.. അല്ല അതുപോട്ടെ… എങ്ങനെയുണ്ട് ഈ മുറി? ഈ വീട്… ഇഷ്ട്ടമായോ നിനക്ക്? പതിയെ വിമൽ അവളുടെ കൈകൾ കോർത്തു പിടിച്ചു.

” വീടൊക്കെ ഇഷ്ട്ടമായി… പക്ഷേ…. ” അവളൊന്ന് പറഞ്ഞു നിർത്തി.

“എന്താടി പെണ്ണേ പക്ഷേ… നിനക്കിഷ്ട്ടമായില്ലെങ്കിൽ പറയൂ.. നമുക്ക് വേറെ ഒരിടം നോക്കാം… ”

“അതല്ല ഏട്ടാ… എത്ര വലിയ വീടാ ഇത്… എനിക്ക് പേടിയാവാ ഒറ്റക്ക് മുകളിലേക്ക് വരാനൊക്കെ… ”

“ഓഹോ അതെന്താ ഇവിടെ ഒറ്റക്ക് വന്നാൽ നിന്നെ കോക്കാച്ചി പിടിക്കോ…”

“ഒന്നു പോ ഏട്ടാ… “അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു.

അവളുടെ ചുമലിൽ കൈകളമർത്തി അവൻ ബെഡിലേക്ക് വീണു.അവളുടെ നെറ്റിക്കു മുകളിലെ മുടിയിഴകൾ അവൻ വകമാറ്റി… “എടീ ഉണ്ടക്കണ്ണി.. എന്റെ കണ്ണുകൾ നിന്റെ കണ്ണുകളുമായി പ്രണയത്തിലാണ്..എന്റെ അധരങ്ങൾ നിന്റെ കൺപോളകളെ ചുംബിക്കാനാഗ്രഹിക്കുന്നു.” പതിയേ അവൻ അവളുടെ കൺപോളകളിൽ ചുംബിച്ചു…

“അല്ല ഏട്ടാ… വടക്കു നോക്കിയന്ത്രത്തിലെ ശ്രീനിവാസനെ പോലെ ആദ്യ രാത്രിയിൽ പറയേണ്ട സാഹിത്യങ്ങൾ വായിച്ചു പഠിച്ചിരുന്നോ? “അവൾ കുസൃതിയായി ചോദിച്ചു.

“ആഹാ അത് ശരി.. അല്ല പെണ്ണേ .. വായിച്ചല്ല എഴുതിയാ പഠിച്ചേ…. അത് പോട്ടെ ഈ മൂക്കുത്തി ഇടാൻ തുടങ്ങീട്ട് കുറേ കാലായോ…”

“അത് ചെറുപ്പത്തിൽ അമ്മാവൻ കാരമുള്ള് കൊണ്ട് കുത്തി തന്നതാ… സംഭവം ആണുങ്ങൾക്ക് മൂക്കുത്തി ഇഷ്ടമാണെങ്കിലും .. പക്ഷേ ആ സന്തോഷം കാണാൻ ഞങ്ങൾ പെണ്ണുങ്ങള് അനുഭവിക്കണ വേദനയുണ്ടല്ലോ… ഹം….”

അവൻ പതിയേ അവളുടെ മുക്കുത്തി മുനയിൽ ചുണ്ടിനാൽ തലോടി… കൺകളിലേക്ക് നോക്കി ” എടീ ഉണ്ടക്കണ്ണി ഓർമ്മയുണ്ടോ.. ആ പെണ്ണുകാണൽ ദിവസം ?

” മറക്കാൻ പറ്റ്വോ ഏട്ടാ അത്?”

” ഉം.. അന്നൊരു ഞായറാഴ്ച്ചയായിരുന്നു.. രാവിലത്തെ ഫ്ളൈറ്റിനാണ് ഗുജറാത്തിൽ നിന്നുമെത്തിയത് . ഹോട്ടലിൽ നിന്നും ഫ്രഷായിട്ട് സുഭാഷിനേയും കൂട്ടി ഞാൻ പെണ്ണുകാണാൻ വന്നത്.. മാട്രിമോണിയിൽ കണ്ടപ്പൊ തന്നെ മനസ്സിൽ തോന്നി ആദ്യമായ് പെണ്ണുകാണുന്നത് ഇവളേ തന്നെ ആയിരിക്കണമെന്ന്.. അത് കൊണ്ട് തന്നെയാണ് വൈകാതെ കാര്യങ്ങൾ ഇത് വരെ എത്തിച്ചത്.. കാറു മഠത്തൊടി വീടിന്റെ മുന്നിൽ നിർത്തിയതും ഒരു കാരണോര് ആനയിക്കാൻ ഗെയിറ്റ് വരെ വന്നിരുന്നു.കണ്ടപ്പാടേ ഞാനൊന്നു കൈകൂപ്പി നമസ്ക്കാരമൊക്കെ പറഞ്ഞൂ.. സത്യത്തിൽ സുഭാഷ് വന്നത് തന്നെ അവൾക്ക് വേറെ അനിയത്തിമാരുണ്ടെങ്കിൽ ഒറ്റടിക്ക് രണ്ട് കല്യാണം ചർച്ച ചെയ്യാനായിരുന്നു.. ഞാൻ പതിയേ പൂമുഖത്തേക്ക് നടന്നു. ചുവരിൽ അങ്ങിങ്ങ് ഓരോ ഫോട്ടോകൾ.. എല്ലാത്തിലും മാലയൊക്കെ ഇട്ട് സുന്ദര കുട്ടപ്പന്മാരായി വെച്ചിട്ടുണ്ട്.അവരേയും ഞാനൊന്നു നോക്കി ചിരിക്കാൻ മറന്നില്ല.. ഇത് പെണ്ണിന്റെ അമ്മാവൻ.. അമ്മായി… ഏട്ടത്തിയമ്മ.. ഈ നിക്കുന്നത് അവളുടെ അമ്മ.. അതായത് എന്റെ ഭാര്യ…. അപ്പോഴാണ് നേരത്തെ പുറത്ത് വന്ന് ഗെയിറ്റ് തുറന്നത് പെണ്ണിന്റെ അച്ഛനായിരുന്നെന്ന് മനസ്സിലായത്.. യാത്രയൊക്കെ സുഖമായിരുന്നോ -പെണ്ണിന്റെ അമ്മ ചോദിച്ചു. അതെ.. ഇന്ന് രാവിലെ എത്തിയേ ഉള്ളു.. ഫ്ളൈറ്റ് രാവിലെ ഉണ്ടായിരുന്നുള്ളു.

” വിമാനത്തിൻ കള്ളൊക്കെ കിട്ടും ല്ലേ? പ്രതീക്ഷിക്കാതെ ഉളള ആ ചോദ്യം കേട്ട് ഞാൻ വലത്തോട്ട് ഒന്ന് നോക്കി ഒരു മൂലയിൽ ദേ ഇരിക്കണൂ മൂത്ത അമ്മാവൻ.. ആ ചോദ്യവും ആ ഇരുത്തവും കണ്ട പാടേ എനിക്ക് മനസ്സിലായി ആള് പുലിയാ… അല്ലെങ്കിൽ പെണ്ണുകാണാൻ വന്ന എന്നോടീ ചോദ്യം ചോദിക്കുമോ.. ഞാൻ പറഞ്ഞു ” സാധനമൊക്കെ കിട്ടും പക്ഷേ ഞാൻ ഇതുവരെ ശീലിച്ചിട്ടില്ല.. ഇനിയൊട്ടു ശീലിക്കാനുദ്ദേശവുമില്ല.

” അത് നന്നായി കുട്ടി, ഏട്ടൻ വെറുതേ ഓരോന്ന് ചോദിക്കാണ് ട്ടോ .. അസ്ഥാനത്ത് അങ്ങിനെയൊരു ചോദ്യം ചോദിച്ചതിന്റെ ദേഷ്യം ഉത്തരം പറഞ്ഞ അമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു.. പക്ഷേ അമ്മാവന്റെ മുഖത്ത് മോനേ വരുമ്പോ ഒരു കുപ്പി കൊണ്ടുവരായിരുന്നില്ലേ എന്ന ഭാവമാണ് എനിക്ക് തോന്നിയത്. മനസ്സിലൂറി ചിരിക്കുന്നതിനിടെ അച്ഛന്റെ ചോദ്യം വന്നു “ബിസിനസ് ഒക്കെ എങ്ങിനെ പോണൂ…?

“നന്നായി പോകുന്നു.. മാർക്കറ്റ് ഒക്കെ നല്ല മൂവിങ്ങ് ആണ്…”

“ഒരു മാസം എത്രയായിരം രൂപടെ വരുമാനമുണ്ടാകും?”

” ഏകദേശം ഒരു ഇരുപത് ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ വരുമാനം ഉണ്ട് ചിലവ് കഴിഞ്ഞ്… ”

ലക്ഷം എന്ന് കേട്ടപ്പോൾ തന്നെ പെണ്ണിന്റെ അമ്മടെ കണ്ണുകൾ ഒന്ന് വട്ടം വെച്ചു.തീരെ ക്ഷമ ഇല്ലാത്ത ഒരാളായ സുഭാഷ് അവസാനം പറഞ്ഞു ന്ന,കുട്ടിയേ അങ്ങട് വിളിക്കായിരുന്നു…

ഏതാനും സെക്കന്റുകൾക്കകം പെണ്ണ് മുന്നിലെത്തി ചായകൊണ്ടുവന്നു വെച്ചു.. ചായയിൽ നോക്കണോ.. ഒളികണ്ണിട്ട് പെണ്ണിനെ നോക്കണോ എന്നറിയില്ല. എന്റെ മുഖഭാവം കണ്ടാവും പെണ്ണിന്റെ അച്ഛൻ പറഞ്ഞു “കുട്ടിയോൾക്ക് വല്ലതും പറയാനുണ്ടങ്കിൽ നമുക്കങ്ങോട്ട് മാറി നിൽക്കാം… ”

ഞാൻ ഇടക്ക് കേറി പറഞ്ഞു “ഏയ് വേണ്ട, എനിക്കിഷ്ട്ടമായി എനിക്കത്രേ പറയാനുള്ളു. എന്നേ ഇഷ്ട്ടമായെങ്കിൽ….!

അതു കേട്ടപ്പോഴേക്കും പെണ്ണ് നാണത്തോടെ അകത്തേക്ക് പോയി.. “അപ്പോഴേക്കും പെണ്ണിന് നാണം വന്നു. ശരി അപ്പൊ ഒരു കാര്യം ചെയ്യു, മോൻ അടുത്ത ദിവസം തന്നെ വീട്ടുകാരെ ഇങ്ങോട്ടേക്കയക്ക്… ബാക്കി ഞങ്ങളൊന്ന് സംസാരിക്കട്ടെ…” പെണ്ണിന്റെ അച്ഛൻ പറഞ്ഞു.

ഒരു നിമിഷത്തെ ഇടവേളക്ക് ശേഷം ഞാൻ പറഞ്ഞു… “എനിക്കങ്ങനെ.. പ്രത്യേകിച്ച് വീട്ടുകാരാരും ഇല്യ…!”

“എന്ന് വച്ചാൽ…?”

“ഞാനൊരു അനാഥനാണ്…!”

“അനാഥനോ…..?അപ്പൊ ഈ സ്വത്തുക്കൾ? ജീവിതം ഒക്കെ…..? ” പെണ്ണിന്റെ അമ്മ ഞെട്ടലോടെ ചോദിച്ചു… എല്ലാവരുടെയും മുഖത്ത് ആകാംഷ.

“ഞാൻ….! അതെ ഞാനൊരു അനാഥനാണ്.അച്ഛനും അമ്മയും ആരാണെന്നോ… അവർ ജീവിച്ചിരിപ്പുണ്ടോന്ന് പോലും അറിയില്ല .ഓർമ്മ വെച്ച നാൾ മുതൽ സെന്റ് മേരീസ് ഓർഫനേജിലായിരുന്നു , എന്റെ ബാല്യകാലമൊക്കെ ചിലവിട്ടത്. ഫാദർ കുന്നുമേൽ അച്ഛനായിരുന്നു അതിന്റെ സ്ഥാപകൻ. അച്ഛന് കുഞ്ഞുങ്ങള് എന്ന് വെച്ചാൽ ജീവനായിരുന്നു. എന്നെ അപ്പൂ എന്ന് ആദ്യമായി വിളിക്കുന്നതും അച്ഛനായിരുന്നു. ഞങ്ങള് കുറേ പേര് ഉണ്ടായിരുന്നു അവിടെ. അക്കാലത്ത് ഞങ്ങളുടെ പ്രാർത്ഥന എന്നും അടുത്ത് വല്ല ആളുകളുടെ കല്യാണമോ പിറന്നാളോ മറ്റ് വിശേഷങ്ങളോ ഉണ്ടാവണേ എന്നായിരുന്നു കാരണം അങ്ങിനെ ഉണ്ടാകുമ്പോൾ അവർ ഞങ്ങൾ അനാഥാലയത്തിലെ അന്തേവാസികൾക്ക് ഭക്ഷണം കൊണ്ടുവന്ന് തരുമായിരുന്നു. ആ നാട്ടിലെ കുറേ നല്ല മനുഷ്യര് കാരണം ഞങ്ങൾ പല രാത്രികളിലും പട്ടിണി കിടക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. പക്ഷേ ചില ദിവസങ്ങൾ അരവയറോ മുഴുവയറോ പട്ടിണി കിടന്നിട്ടുണ്ട്. പകലൊക്കെ സ്ക്കൂളിൽ പോവലും രാത്രിയിൽ കൂട്ടുകാരുടെ കൂടെ ആർമ്മാദിച്ചും ദിവസങ്ങൾ തള്ളി നീക്കി. ക്ലാസിലെ തരക്കേടില്ലാതെ പഠിക്കുന്ന കുട്ടിയിൽ നിന്നും ക്ലാസിലെ ഒന്നാമനിലേക്ക് വൈകാതെ ഞാൻ എത്തിച്ചേർന്നു.പന്ത്രണ്ടാം തരം പരീക്ഷ കഴിഞ്ഞിരിക്കുമ്പോഴാണ് ഗുജറാത്തിൽ ബിസിനസ്സ് നടത്തുന്ന ഒരു മധ്യവയസ്ക്കൻ ഒരു ദിവസം ഓർഫനേജിലേക്ക് അച്ഛനെ കാണാൻ എത്തിയത്.ഇംഗ്ലിഷ് ദിനപത്രം വായിച്ചിരിക്കുന്ന എന്നെ അദ്ദേഹം എപ്പോഴാണ് ശ്രദ്ധിച്ചതെന്നറിയില്ല. അയാൾക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതുകൊണ്ടും ,അദ്ദേഹത്തിന് ഒരാൾ കാര്യക്കാരനായി വേണമെന്ന് തോന്നിയത് കൊണ്ടാവാം അച്ഛൻ എന്നെ അയാളുടെ കൂടെ അയച്ചു. അങ്ങിനെ തോംസൺ എസ്റ്റാബ്ലിഷ്മെന്സിന്റെ മുതലാളി തോമാച്ചായന്റെ കൂടെ ഞാനും ഗുജറാത്തിലേക്ക് പോയി. തോമാച്ചായന്റെ കൂടെ ആയിരുന്നു താമസം വലിയ ചിലവൊന്നുമില്ലായിരുന്നു.പുള്ളി എങ്ങോട്ട് പോകുന്നോ അങ്ങോട്ടൊക്കെ കൂടെ ചെല്ലണം ,കണക്ക് നോക്കണം അങ്ങിനെ അങ്ങിനെ… മാസം തോമാച്ചായൻ തരുന്ന കാശൊക്കെ ഒരു രൂപ എടുക്കാതെ ഞാൻ ഫാദറിന് അയച്ചു കൊടുക്കുമായിരുന്നു എന്റെ കൂട്ടുകാർ പട്ടിണി കിടക്കാതിരിക്കാൻ. അങ്ങിനെ വർഷങ്ങൾ കുറച്ച് കടന്നു പോയി. ബിസിനസ്സും വളർന്നുകൊണ്ടേ ഇരുന്നു. എനിക്ക് 22 വയസ്സുള്ളപ്പോഴാണ് തോമാച്ചായൻ ഒരു കേസിൽ പെടുന്നതും , കമ്പനിയൊക്കെ എന്റെ പേർക്കെഴുതി വച്ച് നാട്ടിലേക്കെന്നും പറഞ്ഞ് അവിടുന്ന് പോയതും ..പിന്നീടാണ് അദ്ദേഹം ആത്മഹത്യ ചെയ്യ്തെന്നറിഞ്ഞത്. ഞാനപ്പോൾ തന്നെ നാട്ടിലേക്ക് പോയി അദ്ദേഹത്തിന്റെ ഭാര്യ ഏലിയാമ ചേട്ടത്തിയെ കണ്ട് കമ്പനി തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരതിന് സമ്മതിച്ചില്ല.. അങ്ങിനെ തോമാച്ചന്റെ കമ്പനി ഞാനേറ്റെടുക്കുന്നത്. കമ്പനി വളർന്നു.. ഒന്ന് രണ്ടെണ്ണമായി ,രണ്ട് നാലായി…. ഇപ്പൊ ഈ സ്ഥിതിയായി… അനാഥായത്തിലെ കുറച്ച് കൂട്ടുകാരും അച്ഛനുമാണ് എന്റെ കുടുംബം..

നിങ്ങടെ മോളെ എനിക്കിഷ്ട്ടമായി.. അനാഥൻ എന്ന കാരണം ഈ കല്യാണത്തിന് തടസ്സമാവില്ലെങ്കിൽ.. എനിക്ക് വിവാഹം കഴിച്ച് തരണം..!” – ഞാൻ പറഞ്ഞു.

ഒരു ദീർഘനിശ്വാസത്തോടെ പെണ്ണിന്റെ അച്ഛൻ പറഞ്ഞു. “മോനേ ഒന്നും തോന്നരുത്.ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. ഞങ്ങളൊന്ന് ആലോചിക്കട്ടെ.കാരണം ഞങ്ങൾക്ക് ഒരു പാട് കുടുംബക്കാരുണ്ട് അവരൊക്കെ എന്ത് പറയും എന്നറിയില്ല .. പിന്നെ നീ അനാഥനായതു കൊണ്ട് ഹിന്ദുവാണോ എന്ന് പോലും അറിയാതെ …. ഞങ്ങൾ….!

മുഴുമിപ്പിക്കും മുൻപേ ഞാൻ പറഞ്ഞു ” ശരി നല്ലവണ്ണം ആലോചിച്ച് മതി.”

” അതിനിപ്പൊ കൂടുതൽ ആലോചിക്കാനൊന്നുമില്ല. അങ്ങിനെ ആരോരുമില്ലാതെ തെണ്ടി നടക്കുന്നോർക്കൊന്നും ഞങ്ങടെ കുട്ടിയെ കൊടുക്കേണ്ട ഗതികേടൊന്നും മഠതൊടിക്കാർക്കില്ല.. “മുത്ത അമ്മാവൻ മുഖത്തടിച്ച പോലെ പറഞ്ഞു.

പാതി കുടിച്ച ചായ ഗ്ലാസ് മുന്നിലേ ടീ പോയിലേക്ക് വെച്ച് ഇറങ്ങുമ്പോൾ ആരുടെ മുഖത്തേക്ക് നോക്കാനോ യാത്ര പറയാനോ നിന്നില്ല. ചെരുപ്പിട്ട് ഇറങ്ങി തിരിഞ്ഞ് നടക്കുമ്പോഴാണ് ഒരു ചുരിദാറിട്ട പെൺകുട്ടി കയ്യിലൊരു നീളൻ ചോറ്റുപാത്രവുമായി വേഗത്തിൽ ‘താഴോട്ട് മാത്രം നോക്കി നടന്നു വരുന്നത് കണ്ടത്.. ഞാനും സുഭാഷും കുറച്ച് മാറി നിന്നു.. കാരണം ആ കുട്ടി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് പോലെ പാഞ്ഞു വരികയാണ്… ഞങ്ങൾ മുന്നോട്ട് നടന്നു.അപ്പോഴാണ് പിന്നിൽ നിന്നും…..

” എവിടെയായിരുന്നു ഇത്ര നേരം? നേരം വെളുത്തത് അറിഞ്ഞില്ലേ…?”

“അത്.. മാമനു വയ്യാഞ്ഞിട്ട് ആശുപത്രിയിൽ പോയി അതോണ്ടാ നേരം വൈകിയത്.”

” അവളും അവളുടെയൊരു മാമനും… ആരോരുമില്ലാത്തവളല്ലേ ഒരു സഹായമായിക്കോട്ടേന്ന് വെച്ചപ്പോ… ഇങ്ങനെയാണെങ്കിൽ നാളെ മുതൽ ഇവിടെ പണിക്ക് വരണ്ട… വേറെ ആരെയെങ്കിലും ഞാൻ വിളിച്ചോളാം…”

ആ കുട്ടി മിണ്ടാതെ നിന്നു കരയുന്നുണ്ടായിരുന്നു. ” മതി മോങ്ങിയത് ,ചെല്ല് പിന്നിലേക്ക്…”

കാറ് മുന്നിലേക്കെടുത്ത് യാത്ര മടങ്ങുമ്പോൾ മനസ്സിൽ അയാൾ അവളെ ശകാരിച്ചതും ആ പെൺകുട്ടിടെ കരച്ചിലും മാത്രമായിരുന്നു മനസ്സിൽ. ഒരു വാശിക്ക് വേണ്ടി ആയിരുന്നോ എന്തോ എനിക്കറിയില്ല.. ഞാൻ ഈ ഉണ്ടക്കണ്ണിയെ കുറിച്ച് അന്വേഷിച്ചത്.. മാതാപിതാക്കൾ അപകടത്തിൽ മരിച്ച് പിന്നീട് അമ്മാവൻ വളർത്തിയ ദേവൂ എന്ന പെൺകുട്ടി, പിന്നീട് വീട്ടുജോലികൾ നോക്കി അമ്മാവനേം മറ്റ് പ്രാരാബ്ധങ്ങൾ പേറുന്ന എന്റെ ദേവൂനെ ഞാനങ്ങിനെയാണ് കണ്ടെത്തിയത് .. അല്ലേ ഉണ്ടക്കണ്ണി….”

അവന്റെ മൂക്ക് പിടിച്ച് അവൾ അമർത്തി….

” ദേവൂ… ഞാനൊരു കാര്യം പറയട്ടെ…”

“എന്താ ഏട്ടാ?”

” പറയുന്നത് തെറ്റാണോന്നറിയില്ല…”

” പറയൂ എന്തിനാ ഈ മുഖവുര?”

” ഞാൻ… ദേവൂ, ഒരു സ്ത്രീടെ ഏറ്റവും വലിയ ആഗ്രഹമാണ് ഗർഭിണിയാവുകയെന്നത്.. ഒരു കുഞ്ഞിനു ജന്മം നൽകുകയെന്നത്.. പക്ഷേ.. തൽക്കാലം… ഒരു പക്ഷേ കുറേ കാലത്തേക്ക് നമുക്കാ സ്വപ്നം വേണ്ട ദേവു… ”

“ഏട്ടാ…………. എന്ന് വച്ചാൽ?”

“ദേവു, നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കാം. നീ പ്രസവിക്കുന്ന നമ്മുടെ കുഞ്ഞ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ വളരും ,എന്റെ ഇപ്പോളത്തെ അവസ്ഥയിൽ അവന് വേണ്ടതെല്ലാം അവന് കിട്ടുമായിരിക്കും പക്ഷേ… പൂർണ്ണമായി പറയുന്നില്ല എങ്കിലും ഒരു പരിധി വരെ അവന് ബന്ധങ്ങളേക്കാൾ വലുത് പണമായി മാറാനിടവരും.. ഇന്നത്തെ കാലം അതാണല്ലോ. അതോണ്ട് കുറച്ച് കാലത്തേക്ക് നമുക്ക് നമ്മുടെ ചോരയിലൊരു കുഞ്ഞിനേ കുറിച്ച് ആലോചിക്കണ്ട… നമുക്കൊരു കുഞ്ഞിനേ ദത്തെടുക്കാം നമ്മുടെ കുഞ്ഞായി വളർത്താം”

” ശരി ഏട്ടാ, ഏട്ടന്റെ ഇഷ്ട്ടം പോലെ… പക്ഷേ അവനറിയണം അവൻ അനാഥനായിരുന്നു എന്ന്.. നമ്മളവനെ സ്വന്തം മകനെ പോലെ വളർത്തുന്നുണ്ടെന്നും ഒപ്പം അവന്റെ രക്ഷിതാക്കളായ നമ്മളും അനാഥരായിരുന്നു എന്നും .. ഒരു പക്ഷേ അങ്ങിനെയെങ്കിൽ ഏറ്റവും കൂടുതൽ ആത്മാർത്ഥതയോടും, സ്നേഹത്തോടെയും, കളങ്കമില്ലാതെയും നമ്മൾ സ്നേഹിക്കുന്നതിന്റെ പത്തിരട്ടി അവൻ ആ സ്നേഹം നമുക്ക് തിരിച്ചു തരും… അല്ലേ ഏട്ടാ..”

“അതേ ദേവൂ അനാഥരെന്നു പറയുന്നത് ദൈവം ഭൂമിയിലേക്ക് സൃഷ്ടിച്ചു വിടുന്ന പ്രത്യേകതരം ആളുകളല്ലല്ലോ.. കാലം, വിധി, ഭാഗ്യം ഇതൊക്കെയല്ലേ ഒരുവനെ നാഥനുള്ളവനും അനാഥനുമൊക്കെയാക്കുന്നത്. അതെയ്യ് ഇങ്ങനെ ആദ്യരാത്രിയിൽ ഒരു തീരുമാനമെടുത്തെന്ന് വെച്ച് കാര്യങ്ങൾക്കൊരു കുറവും വേണ്ട.. അല്ലേ ഉണ്ടക്കണ്ണീ….

” എന്നാ ലൈറ്റ് ഓഫ് ചെയ്യ് ഏട്ടാ…!”

മുറിയിലെ വെളിച്ചം മാറി അന്ധകാരം പടർന്നു.

[ശുഭം …. ]

കൃഷ്ണനുണ്ണി കിള്ളിക്കുറുശ്ശിമംഗലം — feeling മുഴുവനായി വായിക്കണം ട്ടൊ, അഭിപ്രായമിടണേ…!

Leave a Reply

Your email address will not be published. Required fields are marked *