ചേച്ചിയുടെ കല്യാണം

രചന :മഞ്ചാടി മുത്ത്

വിറക് അടുപ്പിൽ നിറച്ചു വെച്ച വിറക്‌ കഷ്ണങ്ങളുടെ ഇടയിലേക്ക് ഉണങ്ങിയ ഓല കൊടി തീ കൊളുത്തി വെച്ചു….. വെള്ളം തിളക്കാൻ സമയം എടുക്കും എന്ന് അറിയുന്നതുകൊണ്ട് ചിത്രങ്ങൾ നിറഞ്ഞു നിൽക്കുന്ന രണ്ട് ഫൈബർ പാത്രം എടുത്ത് വെച്ച് കൂടെ അഞ്ച് ചില്ല് ഗ്ലാസ്സുകളും.. അതെല്ലാം കഴുകി അടുക്കളയിലുള്ള മേശപ്പുറത്ത് വെച്ചു…… “”മോളെ ചായ ആയോ… “‘അച്ഛൻ തിടുക്കത്തിൽ വന്നു ചോദിച്ചു…….

“ഇപ്പൊ ആവും അച്ഛാ…. “അത് പറഞ്ഞ് തീർന്നതും കത്തുന്ന അടുപ്പിൽ നിന്നും വെള്ളം തിളക്കുന്ന ശബ്ദം കേട്ടു… വേഗം അടുപ്പത്തേക്ക് പോയി… കുടുകയുടെ മൂടി പതിയെ എടുത്ത് മാറ്റി…. മനകണക്കിൽ ചായ പൊടിയിട്ടു…. ഒന്നുകൂടി തിളപ്പിച്ചു എന്നിട്ട് ചില്ലു ഗ്ലാസിലേക്ക് ഒഴിച്ചു ….

ചില്ല് ഗ്ലാസിലൂടെ കട്ടൻ ചായയുടെ നിറം കണ്ടു ചായ നല്ലതാണെന്ന് സ്വയം ബോധ്യപ്പെടുത്തി…. അച്ഛനെ വിളിച്ചു പിന്നാലെ ചേച്ചിയും വന്നു….

ഒരു പാത്രത്തിൽ അഞ്ച് ഗ്ലാസ്സ് നിരത്തി വെച്ചു ചേച്ചിയുടെ കയ്യിൽ കൊടുത്തു… പലഹാര നിറച്ചു വെച്ച പാത്രം അച്ഛന്റെ കയ്യിലും കൊടുത്തു…. അച്ഛനും ചേച്ചിയും നടന്നു… പിന്നാലെ ഞാനും…. എന്നിട്ട് വാതിൽ പാളിയിൽ ഒളിച്ചു നിന്നു നോക്കി…

ചേച്ചി ഉമ്മറത്തിരിക്കുന്ന ആളുകൾക്ക്‌ ചായ കൊടുക്കുന്നത് കണ്ടു ഇത് ഇപ്പൊ ഞാൻ കുറെ ആയി ചായ ഉണ്ടാക്കുന്ന… ഒന്നു ഇതുവരെ ഒത്ത് വന്നില്ല…. ചിലപ്പോൾ ചേച്ചിയ്ക്ക് പറ്റില്ല… ചിലപ്പോൾ അവർക്ക് പറ്റില്ല…. .

ചെക്കൻ ചേച്ചിയോട് പേര് ചോദിക്കുന്നത് കണ്ടു … ഞാൻ വേഗം അവിടെ നിന്നു അടുക്കളയിലേക്ക് പോയി…. എനിക്ക് ഈ പെണ്ണ് കാണൽ പരിപാടി ദേഷ്യമാണ്…..

ചേച്ചിയ്ക്ക് ഇൗ ചിങ്ങത്തിൽ 22 വയസ്സ് ആവും. അതിനാണ് ഇപ്പൊ തന്നെ ചെക്കനെ നോക്കുന്നത്….. വയസ്സ് ഒരു പാടായി എന്നാ അച്ഛമ്മയുടെയും അച്ഛന്റെയും അമ്മടേയും വിചാരം… പെൺകുട്ടികളും അടുപ്പത്ത് വേവ് ആയാ ചോറു ഒരു പോലെയാണെന്നാ അച്ഛമ്മ പറയുക… പിന്നെ താഴെ ഒരു പെൺ കുട്ടി ഉണ്ടല്ലോ അത് തന്നെ കാര്യം… അത് ഇൗ ഞാൻ തന്നെയാണ്….. അച്ഛനും അമ്മയും കഷ്ടപ്പെടുന്നത് തന്നെ എനിക്കും ചേച്ചിക്കും വേണ്ടിയാണ്……

ചെത്തി മിനിക്കിയതും അല്ലാത്തതും ആയ ചെങ്കല്ല് ചുമന്നു പോവുന്ന അച്ഛനെ ഞാനും ചേച്ചിയും ഒരു പാട് കണ്ടിട്ടുണ്ട് സ്കൂൾ വിട്ട് വരുമ്പോൾ …. അച്ഛന്റെ കുപ്പായത്തിൽ നിറയെ ചെങ്കല്ലിന്റെ പൊടി നിറഞ്ഞു നിൽക്കുന്നുണ്ടാവും …..

വീട്ടിലേക്ക് വരുമ്പോൾ ഒരു വെളുത്ത പ്ലാസ്റ്റിക് കവറിലിൽ നിറയെ സാധനങ്ങളാവും എനിക്കും ചേച്ചിക്കും അരിനുറുക്ക്‌ ഉണ്ടാവും… പണി കഴിഞ്ഞു വരുന്ന അച്ഛന്റെ മേലിൽ വെള്ളം കൊണ്ട് കളഞ്ഞിട്ടും പോവാത്ത മണ്ണ് ഇരിപ്പുണ്ടാവും…. അച്ഛന്റെ കൂടെ ഇരുന്നു ചായ കുടിക്കും… അച്ഛന്റെ കീശയിലെ ചിലറ പൈസകൾ കയ്യിലാക്കും … അത് ഇന്നും തുടരുന്നു…

അടുക്കളപ്പുറത്തിരുന്നു ചെങ്കല്ല് ചുമന്ന വേദന മാറാൻ വേണ്ടി കൊട്ടൻ ചുക്കാദി തൈലം കാലിലും കയ്യിലും തേക്കുന്ന അച്ഛൻ എന്നിട്ട് ചൂട് വെള്ളത്തിൽ കുളിക്കുന്നു…. അച്ഛമ്മ പറയുന്നത് കേൾക്കാം ചൂട് വെള്ളത്തിൽ കുളിച്ചാൽ ശരീരത്തിലെ ചോര വറ്റി പോവും എന്ന്.. അച്ഛന്റെ കഷ്ടപ്പാട് കണ്ട് അധികം പഠിത്തം ഒന്നു ഇല്ലാത്ത അമ്മ വീട് പണിക്ക് പോയി തുടങ്ങി കൂടെ തൊഴിലുറപ്പിനും….. തൊഴിലുറപ്പിന് പോയി പൈസ കൂട്ടി വെച്ച് ഞങ്ങളുടെ ഇഷ്ടങ്ങൾ വാങ്ങിച്ചു തരുന്ന അമ്മ…..

അവരുടെ മനസിൽ ഞാനും ചേച്ചിയും മാത്രം ഒള്ളൂ…. അമ്മയും അച്ഛനും ഒരു പോലെ കാണുന്ന സ്വപ്നം ആണ് ചേച്ചിയുടെ കല്യാണം…. വരുന്നവർക്ക് ഒരു മടി ആങ്ങളമാർ ഇല്ലാത്ത വീട്ടിൽ നിന്നും കല്യാണം കഴിച്ചാൽ അവരുടെ തലയിൽ ആവുമോ ഉത്തരവാദിത്വം എന്ന പേടി… അത് മൂലം കുറെ ആലോചനകൾ. മുടങ്ങി പോയി..,.. അപ്പോ അച്ഛനും അമ്മയും ഒരു പോലെ ചിന്തിക്കും ഒരു ആൺകുട്ടി ഇല്ലല്ലോന്ന്

……..പണ്ടാത്തെ കാലം അല്ല അമ്മയ്ക്കും അച്ഛനും വയസ്സായി….. പഠിച്ചു നല്ല ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണം എന്ന സ്വപ്നം മാത്രമാണ് എന്റെയും ചേച്ചിയുടെയും മനസ്സിൽ പക്ഷെ രണ്ട് പെൺ കുട്ടികൾ ഒരേ പോലെ വീട്ടിൽ നിന്നാൽ നാട്ടുകാർക്ക് സഹിക്കില്ല അത് തന്നെ കാര്യം….. ഏറെ കുറെ കാര്യങ്ങൾ ആലോചിച്ചു വന്നപ്പോഴേക്കും ചേച്ചി ഇരുന്നു പലഹാരങ്ങൾ കഴിക്കുന്നു…..

“ചേച്ചി ഇന്ന് വന്നവരെ ഇഷ്ടമായോ….”

“”ഒന്നു പോയെ നീ …ഒരു ചായ കൊടുക്കുന്ന സമയം കൊണ്ട് ഓരളെ ഇഷ്ടപ്പെട്ടാൻ പറ്റുമോ??…..”‘

ചേച്ചി ആ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നിയത് കൊണ്ട് ഒന്നു പറയാൻ പോയില്ല…

അപ്പോഴേക്കും അമ്മ പുതിയ ഡ്രസ്സ് കൊണ്ടു വരുന്ന കവർ കയ്യിൽ മടക്കി പിടിച്ചു കൊണ്ട് വരുന്നുണ്ട്…. പുറത്ത് മാത്രം ഒള്ളൂ പുതിയത് പോലെ അതിനകത്ത് അമ്മ പണിക്ക് പോവുന്ന വീട്ടിൽ ഇടുന്ന പഴയെ ഡ്രസ്സാണ്…. അച്ഛൻ പോവണ്ട എന്ന് പറഞ്ഞാലും അമ്മ പോവും…പിന്നെ അച്ഛനും പറയാറില്ല…. അമ്മ കുപ്പിയിൽ എടുത്ത് വെക്കുന്ന പൈസ അച്ഛന് കൂലി പണി ഇല്ലാത്ത ദിവസങ്ങളിൽ ആശ്വാസമാണ്…… അവരുടെ ഏറ്റവും വലിയൊരു ആഗ്രഹം ആണ് ചേച്ചിയുടെ കല്യാണം ..

ചേച്ചിയെ കല്യാണം കഴിക്കാൻ ഒരാൾ വന്നു …. മിക്കവാറും പെൺ കണ്ട് മടുത്ത ഒരാളാവും പൊതുവെ രണ്ടു പെൺകുട്ടികൾ മാത്രം ഉള്ള വീട്ടിൽ നിന്നും കല്യാണം കഴിക്കാൻ മടി അല്ലേ ……. ചേച്ചിക്ക്‌ വേണ്ടി പെണ്ണുകാണലിന് ചായ ഉണ്ടാക്കുന്ന പരിപാടിക്ക് തൽക്കാലത്തേക്ക്‌ വിശ്രമം… ചെക്കൻ കണ്ടു പോയി…. അന്ന് രാത്രി തന്നെ അച്ഛന്റെ ഫോണിലേക്ക് വിളിച്ചു പറഞ്ഞു ചേച്ചിയെ ഇഷ്ടപ്പെട്ടു എന്ന്.. എങ്കിലും ചെക്കന്റെ വീട്ടുകാർക്ക് കണ്ട് ഇഷ്ടപ്പെടണം അതിന് വേണ്ടി ചെക്കന്റെ വീട്ടിൽ നിന്നു കുറച്ചു പെണ്ണുങ്ങൾ വരും എന്ന് പറഞ്ഞു…..

അമ്മ , ചേച്ചി .അമ്മായിമാർ അങ്ങനെ നീളുന്നു വരുന്നതിന്റെ കണക്ക്….. കൂട്ടി വെച്ച പൈസ എടുത്ത് ഒരുക്കങ്ങൾ തുടങ്ങി…. ഞായറാഴ്ച വരുന്നതിന് അമ്മ ശനിയാഴ്ച തന്നെ പണി തുടങ്ങി….. മുറ്റം ചാണകം കൊണ്ട് കലക്കി അടിച്ചു….. ഞാനും ചേച്ചിയും ചളി പുരണ്ട വീടിന്റെ ചുമര് സോപ്പ് വെള്ളം എടുത്തു മിനുക്കി തുടച്ച്…. അടിയിൽ അടിച്ച പെയിൻറ് വരെ വന്നു…. അങ്ങനെ അവർ വരുന്ന ദിവസം ആയി… . അച്ഛൻ അങ്ങാടിയിൽ പോയി സാധനങ്ങൾ വാങ്ങി കൊണ്ട് വന്നു വെക്കുമ്പോൾ ചേച്ചിയുടെ കയ്യിലേക്ക് കടുംകപ്പി നിറത്തിലുള്ള ഒരു കുഞ്ഞു പെട്ടി വെച്ച് കൊടത്തു…. ചേച്ചി അത് തുറന്നു നോക്കിയപ്പോൾ റോസ് കടസ് പൊതിയിൽ മഞ്ഞ നിറത്തിൽ തിളങ്ങുന്ന സ്വർണ്ണ കമ്മൽ…. ചേച്ചി അത് കയ്യിൽ എടുത്തു…..

“അച്ഛാ നല്ല രസമുണ്ട്……”ഞാൻ അച്ഛനോട് അത് പറഞ്ഞപ്പോൾ അച്ഛന്റെ നര വീണ കുറ്റി താടികൾ ഇളക്കുന്ന വിധത്തിൽ അച്ഛൻ ചിരിച്ചു…..

“നിനക്ക് ഞാൻ പിന്നെ വാങ്ങി തരാം…… അച്ചു..”

“അയ്യേ എനിക്ക് ഒന്നു വേണ്ട എനിക്ക് നല്ല മോഡൽ ഫാൻസി കമ്മൽ ഇടാനുള്ളതാണ്… എനിക്കൊന്നു വേണ്ട മഞ്ഞ കമ്മൽ…..”

“ഡീ അനക്ക് അതിന്റെ വില അറിയില്ല…”അമ്മ അടുക്കളയിൽ നിന്നു വിളിച്ച് പറഞ്ഞു…”

“പിന്നെ എനിക്ക് അറിയാം മനുഷ്യനെ കരയിപ്പിക്കുന്ന സാധനം…. എനിക്ക് പണ്ടെ ഇത് ഇഷ്ടമല്ല…..”

ഉച്ച ആയപ്പോൾ അവർ വന്നു ഒരു പത്തു പേർ ഉണ്ടാവും…. എല്ലാം അമ്മച്ചിന്മാരാണ്…. രണ്ട് കാരണവന്മാർ ഉണ്ട്…. വീട്ടിന്റെ ഉമ്മറത്ത് പ്ലാസ്റ്റിക് കസേരകൾ നിരത്തിയിട്ടു …എല്ലാവരുടെയും മുൻപിൽ ചേച്ചി പോയി നിന്നു…. . കല്യാണം നിശ്ചയം ഉറപ്പിച്ചു..

“”എന്നാ കഴിക്കാം…. ” എന്നും അച്ഛൻ പറഞ്ഞു അവരുടെ മുൻപിൽ അമ്മയും അച്ഛമ്മയും കൂടി ഉണ്ടാക്കിയ നെയ്യ് ചോറും കോഴിക്കറിയും കൊണ്ട് വെച്ച് അങ്ങനെ അവർ അത് കഴിച്ച് ഇറങ്ങി….

കല്യാണ നിശ്ചയം എത്തി… അടുത്ത കുടുംബക്കാരെ മുഴുവൻ വിളിച്ചു … ഒരു കല്യാണത്തിന്റെ പാതി ആളുകളുണ്ട്..നിശ്ചയത്തിന്‌ ചെക്കന്റെ വീട്ടിൽ നിന്നും ചെക്കന്റെ അമ്മയും അമ്മായിമാരും,പെങ്ങളും നീണ്ട നിര തന്നെ വന്നു… അവർ കൊണ്ട് വന്ന പുത്തൻ സാരി ഉടുത്ത് ചേച്ചി സുന്ദരി ആയി…. എല്ലാവരുടെയും മുൻപിൽ വെച്ച് നല്ലൊരു കട്ടിയുളള സ്വർണ്ണത്തിന്റെ വള ചെക്കന്റെ അമ്മ കയ്യിലിട്ടു ചേച്ചിയെ അവരുടെ പെണ്ണ് ആക്കി….. കൂടാതെ ചെക്കന്റെ അനിയത്തി കയ്യിൽ ഒരു മോതിരവും അണിയിച്ചു കൊടുത്തു … പെണ്ണിന് 1001രൂപ പണം കെട്ടി അവരുടെ പെണ്ണ് ആക്കി…. ചേച്ചി ഇന്ന് മുതൽ അവരുടെ വീട്ടിലെ പെണ്ണാണ് .ഇനി എവിടെ പോവാനും അവരുടെ സമ്മതം ചോദിക്കണം അതാണ് രീതി….. മകരം കഴിഞ്ഞ് കല്യാണം ഉറപ്പിച്ചു…..

പിന്നീട് അങ്ങോട്ട് അച്ഛന്റെയും അമ്മയുടെ ആധിയുടെ ദിവസങ്ങളായിരുന്നു ചെക്കന്റെ വീട്ടുകാർ ഒന്നു ചോദിച്ചിട്ട് ഇല്ലെങ്കിലും ചെക്കന്റെ അമ്മാവൻ പറയുന്നത് കേട്ടു ചെക്കന്റെ അനിയത്തിക്ക്‌ 25 പവനാണ് കൊടുത്തതെന്ന്… പിന്നീട് അച്ഛൻ പത്രത്താളിൽ കൂടി വരുന്ന സ്വർണ്ണത്തിൻെറ വില കാണുമ്പോൾ അച്ഛന്റെ നെഞ്ചിലെ മിടിപ്പ് കൂടാൻ തുടങ്ങി. ചങ്കിന്റെ പിടച്ചൽ കൂടുന്നത് കണ്ടു…..

ചെങ്കല്ല് തോളിൽ ഏറ്റി ജീവിതം മുൻപോട്ട് കൊണ്ടു പോവുന്ന അച്ഛന് 25 പവൻ അകലെയാണ്…. എന്നാലും കിട്ടിയ ബന്ധം ഒഴിവാക്കാനും പറ്റില്ല……… ഇതു വരെ ചോര നീരാക്കി അമ്മയും അച്ഛനും സമ്പദിച്ചതെല്ലാ മനകണക്ക് കൂട്ടി കിടക്കുന്ന അച്ഛനെ കാണാൻ തുടങ്ങി…. ഓരോന്നും ചെയ്യുമ്പോൾ. അമ്മയുടെ ചിന്തയും അത് തന്നെ. പെൺമകളുടെ കല്യാണം ആവുമ്പോൾ അച്ഛന്റെയും അമ്മയുടെയും നെഞ്ചില് തീ കനലാവും എന്ന് അന്ന് മനസിലായി…..

ചേച്ചിയുടെ കല്യാണത്തിന് വേണ്ടി അതുവരെ അച്ഛൻ കൂട്ടി വെച്ചതും എല്ലാം എണ്ണി തിട്ടപ്പെടുത്തി…. ശ്രദ്ധയോടെ എല്ലാം എടുത്ത് ഒരു കുഞ്ഞു കറുത്ത ബാഗിൽ ആകി വെക്കുന്നു നാളെ സ്വർണ്ണത്തിന്‌ അഡ്വവാൻസ് കൊടുത്തു സ്വർണ്ണത്തിന്റെ അളവും കണക്കും കൊടുക്കുന്ന ദിവസമാണ്… അടുത്ത ദിവസം അച്ഛന്റെ മൂന്ന് അനിയത്തിന്മാർ വന്നു.. ഒരു പവന്റെ പൈസ കൊടുക്കുന്നത് കണ്ടു അവരുടെ മക്കളുടെ കല്യാണത്തിന് കൊടുത്തതിന് പകരമായി…. എല്ലാ കൂടി 3 ലക്ഷം ആയി .. ചേച്ചിക്ക് സ്വർണ്ണ നോക്കാൻ കടയിലേക്ക് പോയി… തിളങ്ങുന്ന ആ മഞ്ഞ നിറം എല്ലാ വരെയും നോക്കി പരിഹസിക്കുന്നത് പോലെ… … സ്വർണ്ണം ഓരോന്ന് നോക്കി എടുക്കുമ്പോൾ വല്ലാത്തൊരു മടുപ്പ് ……. കാതിൽ കമ്മലും… മാറിനെ മറച്ചു നിൽക്കുന്ന വലിയ മാലകളും കയ്യിൽ നിറഞ്ഞു നിൽക്കുന്ന വളയും ഇട്ടു നിൽക്കുന്ന ചേച്ചിയെ കണ്ടപ്പോൾ സൗന്ദര്യം കുറഞ്ഞതുപോലെ … ഒരു മഞ്ഞ തിളക്കം മാത്രം കണ്ണിൽ നിറഞ്ഞു…. 25 പവനു വേണ്ടി അഡ്വാൻസ് കൊടുത്തു . അളവ് എടുത്ത് കല്യാണ തലേന്ന് സ്വർണ്ണ വാങ്ങാം എന്ന രീതിയിൽ .. ബാക്കി വരുന്ന പണം കല്യാണം കഴിഞ്ഞു കിട്ടുന്ന പൈസയിൽ നിന്നും കൊടുക്കാം എന്ന കണക്ക് കൂട്ടലിലാണ് അച്ഛൻ….

“”അച്ഛാ എന്തിനാ ഇത്രയും സ്വർണം കൊടുക്കുന്നത് “””

“എന്നാലേ ചേച്ചിയ്ക്ക് അവിടെ ഒരു വില ഉണ്ടാവൂ……”

“” സ്വർണ്ണത്തിന്റ തൂക്കം നോക്കി ആണോ കയറി ചെല്ലുന്ന വീട്ടിൽ പെണ്ണിന്റെ വില തീരുമാനിക്കുന്നത്”””” എന്ന ചോദ്യം മനസ്സിൽ നിറഞ്ഞു നിന്നു

പിന്നീട് അങ്ങോട്ട് ചേച്ചിയുടെ കല്യാണ തിരക്ക് തന്നെ ആയിരുന്നു കല്യാണ കുറി അടിക്കലും ഓരോ ബന്ധു വീട്ടിലും പോയി ചേച്ചിയുടെ കല്യാണം വിളികലും … വീട് ചായം പൂശലും.. വിരുന്നിന് വരുന്ന ചേച്ചിക്കും ഏട്ടനും കിടക്കാനുള്ള മുറിയിൽ പുതിയ കട്ടിലും കിടക്കയും വാങ്ങിച്ചിട്ടു….. വല്ലപ്പോഴും വരുന്ന ചേച്ചിക്കും ചേട്ടനും എന്തിനാ പുതിയ കിടക്കയും കട്ടിലും എന്ന് ചോദിച്ചപ്പോൾ… അച്ഛൻ പറഞ്ഞു….”””അവൻ ഇൗ വീട്ടിൽ പുതിയത് അല്ലേ ഒന്നിനും ഒരു കുറവും പാട് ഇല്ല””

അപ്പോ ഞാൻ മനസ്സിൽ ചോദിച്ചു ചേച്ചിയും അവിടെ പുതിയതാണ് ചേച്ചിക്കും അവിടെ ഒന്നിനും ഒരു കുറവു ഉണ്ടാവില്ലായിരിക്കും…

അങ്ങനെ കല്യാണ തലേന്ന് എത്തി…… സ്വർണ്ണത്തിൽ പൊതിഞ്ഞ് നിൽക്കുന്ന ചേച്ചി …. വളയുടെയും മാലയുടെയും പവൻ കണക്ക് എടുക്കുന്ന ബന്ധുക്കൾ …. കല്യാണം എന്ന പരിപാടിയോട് പുച്ഛം തോന്നി….

സ്വർണ്ണ തിളക്കത്തിൽ നിൽക്കുന്ന ചേച്ചിന്റെ കഴുത്തിൽ ഏട്ടൻ താലി കെട്ടി….. മാറിൽ നിറഞ്ഞു നിന്ന സ്വർണ്ണ മാലകളെ മറച്ചു കൊണ്ട് പൂമാല അവിടെ ഇടം പിടിച്ചു… അതു കൊണ്ടും പലവർക്കും കഴുത്തിൽ കിടക്കുന്ന മാലകളുടെ തൂക്കം നോക്കാൻ കഴിയാതെ പോയി… പിന്നീട് അത് കയ്യിൽ കിടക്കുന്ന വളയിലേക്കും ചെക്കന്റെ വിരലിൽ കിടക്കുന്ന മോതിരത്തിലേക്കും ആയി…..

സ്വർണ്ണ വളകൾ നിറഞ്ഞ നിൽക്കുന്ന ചേച്ചിയുടെ കയ്യ് അച്ഛൻ ചേട്ടന്റെ കയ്യിലേക്ക് ചേർത്ത് വെക്കുമ്പോൾ… എനിക്ക് തോന്നി പോയി സ്വർണ്ണം കൊണ്ട് വങ്ങേണ്ടതാണോ പെണ്ണ്….. ബന്ധുകൾ പലരും ചെക്കൻ കെട്ടിയ താലിയുടെ തൂക്കം നോക്കാൻ മറന്നില്ല… കൂടെ ചേച്ചി ചേട്ടൻ ഇട്ടു കൊടുത്ത മാലയുടെ തൂക്കവും നോക്കി പറയുന്നു ഉണ്ട്

ഇവിടെ ചേച്ചിയും ഏട്ടനും തമ്മിലുള്ള സ്നേഹത്തിന്റെ തൂക്കം നോക്കാൻ എല്ലാവരും മറന്നു….. സ്വർണ്ണത്തിൽ പൊതിഞ്ഞ ജീവിതത്തിലേക്ക്‌ ചേച്ചി പോയി…. സ്വർണ്ണത്തിന്റ തിളക്കം പോവുന്നത് പോലെ ജീവിതത്തിന്റെ തിളക്കം നഷ്ടപ്പെട്ടരുതെന്നു മാത്രമാണ് പ്രാർത്ഥന …..

രചന :മഞ്ചാടി മുത്ത്

Leave a Reply

Your email address will not be published. Required fields are marked *