താലി

രചന: സുധീ മുട്ടം

“താലി കഴുത്തിൽ വീണപ്പോൾ മുതൽ ഞാൻ ഭർത്താവിനെ ശ്രദ്ധയോടെ വീക്ഷിച്ചു. പെണ്ണ് കാണാൻ വന്ന അന്നത്തെ മുഖം തന്നെ.മുഖം കുറച്ചു കൂടി വീർത്തിട്ടുണ്ട്.ഞാനുമായുള്ള വിവാഹം അദ്ദേഹത്തിനു ഇഷ്ടപ്പെടാതെ ആരൊ നിർബന്ധിപ്പിച്ച് ചെയ്യുന്ന പോലെ യാന്ത്രികമായാ ചടങ്ങുകൾ. എനിക്ക് കടുത്ത നിരാശ തോന്നി..

” വേണ്ടീരുന്നില്ല ഈ വിവാഹം ”

അന്ന് വന്നപ്പോൾ ചെറുക്കനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാമെന്ന് എല്ലാവരും പറഞ്ഞപ്പോൾ ഒന്നുമില്ലെന്നും പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറി.എനിക്കൊരുപാട് സംസാരിക്കണമെന്നുണ്ടായിരുന്നു.അദ്ദേഹത്തിന്റെ മനസ്സിലുളളത് പറയുന്നത് കേൾക്കാനും എന്നെ കുറിച്ച് അറിയുന്നതിനും താല്പര്യം പ്രകടിപ്പിക്കുമെന്നും ഞാൻ കരുതി.പക്ഷേ നിരാശയായിരുന്നു ഫലം.

എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി അമ്മയാണ്.ചെറുപ്പം മുതലേ എന്റമ്മ തന്നെയാണ്.അമ്മയോട് മനസിലുള്ളതെന്തും തുറന്നു പറയാം. എന്ത് കുഴപ്പമുള്ള പ്രശ്നമായാലും അമ്മ പരിഹാരം കണ്ടെത്തും.അമ്മക്ക് കഴിയാത്തതെങ്കിൽ അച്ഛനോട് നയത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി പ്രശ്നം പരിഹരിക്കും.ആ മിടുക്ക് അമ്മമാർക്ക് മാത്രം സ്വന്തം….

ചെറുക്കൻ സംസാരിക്കാതെ ഒഴിഞ്ഞു മാറിയപ്പഴേ അമ്മയോട് ഞാൻ കാര്യം പറഞ്ഞതാണ്..

“അമ്മേ ഈ കല്യാണം ശരിയാവില്ല”

“ചില ആൺകുട്ടികൾ ഇങ്ങനെയാണ് മോളെ.അവരെ നമ്മുടെ സ്നേഹം കൊണ്ടാണ്‌ മാറ്റിയെടുക്കണ്ടത്”

അമ്മ പറഞ്ഞതിനെ ഞാൻ എതിർത്തില്ല.എന്നെക്കാൾ ലോകപരിചയം അമ്മക്കുണ്ട്.അമ്മ പറഞ്ഞതാകും ശരി..

വിവാഹ ചടങ്ങുകൾ കഴിഞ്ഞു ഞങ്ങൾ ഭർത്താവിന്റെ വീട്ടിലെത്തി.

“ഇനി നീയാണ് വീടിന്റെ വിളിക്ക.നിറദീപമായി വെളിച്ചം വിതറുന്ന നിലവിളക്കു പോലെയാകണം നീയിനി വീട്ടിൽ”

മുഖത്ത് ഐശ്വര്യം തുളുമ്പുന്ന അമ്മായിയമ്മ സ്നേഹത്തോടെയത് പറഞ്ഞപ്പോൾ എന്റെ മനസ്സ് ശരിക്കും നിറഞ്ഞു.അമ്മായിയമ്മ നീട്ടിത്തന്ന ഏഴു തിരിയിട്ട നിലവിളക്കും പിടിച്ചു വലതുകാൽ ചവുട്ടി ഞാൻ വീടിനകത്ത് കയറി.

ആദ്യരാത്രിയിൽ തന്നെ ഭർത്താവിനെ മനസിലാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.വീട്ടിലെ എല്ലാവരും അദ്ദേഹത്തിന്റെ മൗനത്തിന്റെ കാരണം പറഞ്ഞില്ല.ചിലപ്പോൾ അവർക്ക് അറിയില്ലായിരിക്കും.ക്ഷമയോടെ ഞാൻ കാത്തിരുന്നു..

എന്റെ സ്നേഹം പതിയെ അദ്ദേഹം തിരിച്ചറിഞ്ഞു തുടങ്ങിയത് എനിക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു.പതിയെ ഞാൻ ഏട്ടന്റെ ഏറ്റവും നല്ലൊരു കൂട്ടുകാരിയായി.വിശ്വസിക്കാവുന്ന നല്ലൊരു സുഹൃത്ത് ആണെന്ന് മനസിലാക്കിയപ്പോൾ ആ മനസ്സ് എനിക്ക് മുമ്പിൽ തുറന്നു…

ഏട്ടനു ഒരു പ്രണയബന്ധം ഉണ്ടായിരുന്നു. ഒരുമിച്ച് ജീവിക്കണമെന്ന് വരെ അവർ കൊതിച്ചതാണ്.വീട്ടിലെല്ലാം തുറന്നു പറയണമെന്ന് അദ്ദേഹം കരുതുമ്പോഴേക്കും കാമുകി ഒഴിഞ്ഞുമാറി…

അവരെ കുറ്റം പറയാനൊന്നും പറ്റില്ല.വീട്ടിലെ ഏക ആശ്രയം ആ പെൺകുട്ടി ആയിരുന്നു. തന്നെയുമല്ല മറ്റൊരു ജാതിയിൽപ്പെട്ട ഒരാളുമായി വിവാഹത്തിനു ആ പെൺകുട്ടിയുടെ വീട്ടുകാർ എതിരായിരുന്നു. വീട്ടുകാരെ ധിക്കരിച്ച് കൂടെ ഇറങ്ങി വരാൻ അവർ തയ്യാറായതുമില്ല…

എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ ഏട്ടനു അറിയുമായിരുന്നുള്ളൂ.പ്രണയത്തിന്റെ പെട്ടന്നുള്ള തകർച്ച ഏട്ടനെ ആളാകെ മാറ്റിമറിച്ചു…

അദ്ദേഹത്തിന്റെ മനസിൽ ഞാൻ പ്രണയം വാരി വിതറി.ഏട്ടനെ കൂടുതൽ സ്നേഹിക്കുന്നവർ വേറെയും ഒരുപാടാൾക്കാർ ഉണ്ടെന്ന് ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തി.വിവാഹം കഴിഞ്ഞിട്ട് ഭാര്യയുമായുള്ള പ്രണയമാണ് ജീവിതത്തിൽ കൂടുതൽ കാലം നില നിൽക്കുന്നത്. ഭർത്താവിനു വേണ്ടിയെല്ലാം ത്യജിക്കുന്ന ഭാര്യയാണ് ഞാനെന്ന് മനസിലായപ്പോൾ അദ്ദേഹം എന്നെ ചേർത്തു നിർത്തി നിറുകയിൽ ചുംബിച്ചു..

അന്നായിരുന്നു ഞങ്ങളുടെ ശരിക്കുമുള്ള ആദ്യരാത്രി.അദ്ദേഹം ഇടക്കിടെ പറയാറുണ്ട്..

“ഈ പ്രിയതമയെ കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും നിരാശാ കാമുകനായി ജീവിക്കുമായിരുന്നു…

ഏട്ടൻ അത് പറയുമ്പോൾ മനസ്സിൽ ഞാനമ്മയോട് നന്ദി പറയും

” അമ്മയന്ന് പറഞ്ഞതു കേട്ട് ഞാൻ ക്ഷമയോടെ കാത്തിരുന്നതിനാൽ നല്ലൊരു ഭർത്താവിനെയും എനിക്ക് ലഭിച്ചു ”

NB:- ഏതൊരു പെൺകുട്ടിയുടെയും ഏറ്റവും മികച്ച കൂട്ടുകാരി അവരുടെ അമ്മ ആയിരിക്കും.. ക്ഷമയോടെ കാത്തിരുന്നാൽ പൂർണ്ണ ഫലവും ഉറപ്പ്..ഇത് ഞാൻ പറഞ്ഞതല്ല..അറിവുള്ള ആരൊ ഒരാൾ

©️

രചന: സുധീ മുട്ടം

അടുത്ത കഥ വായിക്കൂ ……..👇

മാസമുറ വരുന്നില്ലെന്നുള്ള പരാതിയുമായി ആണ് പതിനേഴു വയസുകാരി ആയ അവളെയും കൂട്ടി അമ്മ എന്റെ സീനിയർ ഡോക്ടറെ കാണാൻ വന്നത്

click here

Leave a Reply

Your email address will not be published. Required fields are marked *