നല്ല ഭാര്യ…

രചന: സുജ അനൂപ്

“ആ ഭ്രാന്തിയെ നോക്കുവാൻ എനിക്ക് വയ്യ. ഏതു കഷ്ടകാല സമയത്താണോ എനിക്ക് ഈ വീട്ടിൽ കെട്ടി വരുവാൻ തോന്നിയത്….”

ഭാര്യയുടെ അലർച്ച കേട്ടപ്പോൾ എനിക്ക് എല്ലാം മനസ്സിലായി.

ഓടിചെന്ന് നോക്കുമ്പോൾ അമ്മ ഗേറ്റിൽ പിടിച്ചു റോഡിലേയ്ക്ക് നോക്കി നിൽക്കുന്നൂ.

“പാവം മക്കളേയും പ്രതീക്ഷിച്ചുള്ള നിൽപ്പാണ്”

അമ്മയെ ഞാൻ അകത്തേയ്ക്കു കൂട്ടികൊണ്ടു വന്നൂ..

അപ്പോഴേയ്ക്കും ഭാര്യ തുടങ്ങി.

“മനുഷ്യന് പുറത്തിറങ്ങുവാൻ തന്നെ നാണക്കേട് തോന്നുന്നൂ. അമ്മായിഅമ്മ ഭ്രാന്തിയാണ് എന്ന് കേൾക്കുമ്പോൾ എന്ത് അഭിമാനമാണ്..? ഭ്രാന്തു ഉണ്ടെങ്കിൽ ചങ്ങലയ്ക്കു ഇടണം. ഇതു പോലെ അഴിച്ചു വിടുകയല്ല വേണ്ടത്.”

………………………….

വിവാഹാലോചനകൾ വന്നപ്പോൾ ഒരു കാര്യമേ ഞാൻ ആവശ്യപെട്ടിരുന്നുള്ളു.

” അമ്മയ്ക്ക് ഓർമ്മകുറവുണ്ട്, എൻ്റെ പണവും പ്രതാപവും കണ്ട് ആരും ഈ വീട്ടിലേയ്ക്കു വരണ്ട. അമ്മയെ നോക്കുവാൻ കഴിയുന്നവർ വന്നാൽ മതി.”

അതുകേട്ടതും അച്ഛൻ്റെ കണ്ണുകൾ നിറഞ്ഞു….

പാവപ്പെട്ട വീട്ടിലെ പെണ്ണിനെ കാണുവാൻ ചെന്നപ്പോൾ ഞാൻ ഈ കാര്യം അവളോടും പറഞ്ഞതാണ്. കാരണം പിന്നീട് ഒരിക്കലും ചതിക്കപ്പെട്ടു എന്ന് അവർ പറയരുതല്ലോ…..

…………………………………..

ഭാര്യയുടെ മുഖത്തെ ദേഷ്യം അപ്പോഴും അങ്ങനെ തന്നെ ഉണ്ടായിരുന്നൂ.

അച്ഛൻ കുളിക്കുവാൻ പോയ സമയത്തു പറ്റിയതാണ്. ഒരു നിഴൽ പോലെ അച്ഛൻ എപ്പോഴും അമ്മയ്‌ക്കൊപ്പം ഉണ്ട്.

കൊച്ചിലെ അച്ഛമ്മയാണ് എന്നെ വളർത്തിയത്.

അമ്മയേയും അച്ഛമ്മ നന്നായി തന്നെ നോക്കുമായിരുന്നൂ.

അച്ഛമ്മ കഴിഞ്ഞ വർഷമാണ് മരിച്ചത്.

കയറി വന്ന കൊച്ചുമകൻ്റെ ഭാര്യയോട് അവർ ഒന്ന് മാത്രമേ ആവശ്യപ്പെട്ടുള്ളൂ.

“സുമതിയെ ഒരിക്കലും വിഷമിപ്പിക്കരുത്. അവൾ പാവമാണ്. എൻ്റെ സ്ഥാനത്തു നിന്ന് നീ അവളെ നോക്കണം. എൻ്റെ ഭാസി മോനും ഈ കുടുംബത്തിനും നീ ഉണ്ടാവണം.”

………………………………..

സന്തോഷം മാത്രം നിറഞ്ഞ വീടായിരുന്നൂ എൻ്റെത്. അച്ഛൻ നാട്ടിലെ നല്ലൊരു പ്രമാണി ആയിരുന്നൂ. ഏക്കർകണക്കിന് സ്ഥലത്താണ് കൃഷി.

വീട്ടിൽ അച്ഛമ്മയും അമ്മയും പിന്നെ ഞാനും രവിയും.

രവിയും ഭാസിയും, ഞങ്ങൾ ഇരട്ടകൾ ആണ്. പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അമ്മയ്ക്ക് കിട്ടിയ സമ്മാനം.

ഒരു കുറവും വരുത്താതെ ആണ് അമ്മ ഞങ്ങളെ നോക്കുന്നത്…

………………………………………..

അന്ന് എനിക്ക് ആറു വയസ്സ് പ്രായം ഉണ്ടാകും…

സാധരണ സ്കൂൾ വിട്ടു വന്നാൽ എന്നും ഞാനും രവിയും ഒരുമിച്ചു കുറെ നേരം മുറ്റത്തു കളിക്കും. അപ്പോഴേക്കും അമ്മ ചായയും ഞങ്ങൾക്കിഷ്ടമുള്ള പഴം പൊരിയോ മറ്റെന്തെങ്കിലും നാലുമണി പലഹാരവുമോ ആയി വരും.

അന്ന് സ്കൂൾ വിട്ടു വന്ന ഞങ്ങൾ അമ്മ കാണാതെ വീടിനു പുറകിൽ പോയി. അവിടെ കുളത്തിൽ അമ്മ കാണാതെ കുറച്ചു നേരം കുളത്തിൽ കളിക്കണം. അമ്മ കണ്ടാൽ സമ്മതിക്കില്ല.

പുറകിലൂടെ നടക്കുമ്പോൾ ആണ് അവിടെ ഒരു കുപ്പിയിൽ എന്തോ ഇരിക്കുന്നത് കണ്ടത്. ഞാനാണ് അത് തുറന്നു നോക്കിയത്.

കീടനാശിനി ആണ് എന്നറിയാതെ രവിക്ക് അത് കുടിക്കുവാൻ കൊടുത്തത് ഞാൻ ആണ്.

അതുകുടിച്ചു അവൻ ഛർദിക്കുന്നത് കണ്ടപ്പോൾ പേടിച്ചു ഒളിച്ചതും ഞാൻ ആണ്. ആരെയും അറിയിക്കാതെ ഞാൻ ഓടി ഒളിച്ചൂ. ഞാൻ ആകെ പേടിച്ചു പോയിരുന്നൂ. എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നൂ.

അവൻ പറമ്പിൽ തളർന്നു വീണു. അമ്മ വന്നു നോക്കുമ്പോഴേയ്ക്കും വൈകി പോയിരുന്നൂ.

അവനെ ആശുപത്രിയിൽ കൃത്യസമയത്തു എത്തിച്ചിരുന്നെങ്കിൽ അവൻ രക്ഷപെട്ടേനെ…

അച്ഛൻ ആണ് ഒളിച്ചിരുന്ന എന്നെ കണ്ടെത്തിയത്. അച്ഛന് എല്ലാം മനസ്സിലായി. അച്ഛൻ പക്ഷേ എല്ലാം മനസ്സിൽ ഒളിപ്പിച്ചൂ..

അമ്മയ്ക്ക് പക്ഷേ ആ സംഭവം മറക്കുവാൻ ആയില്ല. മകൻ്റെ ശരീരം മടിയിൽ വച്ച് അന്നവർ ഒത്തിരി കരഞ്ഞത്രേ. പിന്നീട് അങ്ങോട്ട് അമ്മയ്ക്ക് ഒന്നും ഓർമ്മയുണ്ടായിരുന്നില്ല.

അവൻ്റെ ശവസംസ്‍കാരം നടന്നത് അമ്മ അറിഞ്ഞിട്ടുണ്ടാവുമോ…………

ഇന്നും അച്ഛന് ഒഴിച്ച് മറ്റാർക്കും ഞാൻ ചെയ്ത തെറ്റ് അറിയില്ല

“ഞാൻ ആണ് അവനു അത് കുടിക്കുവാൻ കൊടുത്തത് എന്ന സത്യം….”

പിന്നീടൊരിക്കലും അമ്മ ആരോടും സംസാരിച്ചില്ല. വീടിൽ ഒരു കോണിൽ വെറുതെ എവിടെയോ നോക്കി ആ പാവം ഇരിക്കും. എന്നും വൈകിട്ട് മക്കൾ വരുന്നതും നോക്കി റോഡിൽ പോയി നിൽക്കും.

അമ്മയുടെ മനസ്സിൽ ഇപ്പോഴും ആറു വയസ്സുള്ള രണ്ടു മക്കൾ ഉണ്ട്…

ഞാൻ മാത്രമാണ് തെറ്റുകാരൻ. എത്ര നാൾ ഈ ഭാരം ഞാൻ മനസ്സിൽ കൊണ്ട് നടക്കും.

……………………………

രാത്രി മുറിയിൽ കയറി വന്നപ്പോൾ ഭാര്യയുടെ മുഖം വീർത്തിരുന്നൂ.

“ഏട്ടാ, നമുക്ക് ഇവിടെ നിന്നും മാറി താമസിക്കാം..”

പതുക്കെ അവൾ എന്നോട് ചേർന്ന് കിടക്കുമ്പോൾ പറഞ്ഞു.

“അല്ലെങ്കിലും അവൾ എന്ത് തെറ്റ് ചെയ്തു. അവൾക്കു അമ്മയെ ഭയമാണ്. അവളെ അവർ ഉപദ്രവിക്കുമോ എന്ന ഭയം..”

അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നൂ.

അവസാനം അവളോട് ഞാൻ ഒന്ന് മാത്രം ചോദിച്ചൂ..

“ഒരു കൊലപാതകിയുടെ കൂടെ താമസിക്കുവാൻ നിനക്ക് ഭയമില്ലേ…”

അവൾ എന്നെ വല്ലാതെ ഒന്ന് നോക്കി.

അവളെ ഞാൻ എല്ലാം പറഞ്ഞു മനസ്സിലാക്കി.

“എങ്ങനെ ഞാൻ രവിയുടെ മരണത്തിനു ഉത്തരവാദിയായി. എങ്ങനെ ഞാൻ മൂലം എൻ്റെ അമ്മ ഇങ്ങനെയായി മാറി.ഇനി ഏതു ഗംഗയിൽ മുങ്ങിയാൽ എനിക്ക് പ്രായശ്ചിത്തം ചെയ്യുവാൻ കഴിയും..”

അവൾ മറുപടി ഒന്നും പറഞ്ഞില്ല.

പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റപ്പോൾ അവൾ എൻ്റെ അടുത്ത് വന്നിരുന്നൂ.

“ഏട്ടൻ ഇനി ഒരിക്കലും ഇങ്ങനെ വിഷമിക്കരുത്. പറ്റിയ തെറ്റ് തിരുത്തുവാൻ നമുക്ക് ആകില്ല. ഞാൻ ദൈവത്തോട് പ്രാർത്ഥിക്കും എനിക്ക് ഇരട്ട ആൺകുട്ടികളെ തരുവാൻ. അവരെ ഞാൻ അമ്മയ്ക്ക് കൊടുക്കും. പിന്നെ ഏട്ടൻ്റെ അമ്മയെ ഇനി എനിക്ക് ഭയമില്ല. സ്വന്തം കുട്ടികളെ അന്വേഷിച്ചു നടക്കുന്ന ഒരു പാവമല്ലേ അവർ. അവരെ ഞാൻ നന്നായി നോക്കും. ഒരു കുറവും അവർക്കു ഞാൻ വരുത്തില്ല….”

പിന്നീട് ഒരിക്കലും റോഡിലേക്ക് നോക്കി ഗേറ്റിൽ പിടിച്ചു നിൽക്കുന്ന അമ്മയെ അവൾ വഴക്കു പറഞ്ഞില്ല.

അയലത്തെ ചേച്ചി അവളോട് ചോദിച്ചൂ..

“നിനക്ക് ആ തള്ളയെ അകത്തു പൂട്ടി ഇട്ടുകൂടെ. ആളുകൾ കാണുമ്പോൾ നാണക്കേടില്ലേ..”

അതിനു അവൾ മറുപടിയും കൊടുത്തൂ..

“എൻ്റെ അമ്മയ്ക്ക് ഭ്രാന്തില്ല. അവർക്കു അവരുടെ മക്കളോട് സ്നേഹം കൂടിപോയതാണ്. ഞാൻ അവരെ തള്ളി പറയില്ല. എനിക്ക് ഇങ്ങനെ ഒരവസ്ഥ വന്നിരുന്നെങ്കിൽ ഈ അമ്മ എന്നെ ഇതുപോലെ നോക്കിയേനെ..”

അമ്മയുടെ കാര്യങ്ങൾ എല്ലാം അവൾ തന്നെ നോക്കി.

പലപ്പോഴും എനിക്ക് തോന്നി

“ഞാൻ ചെയ്ത തെറ്റിന് ആ പാവം പരിഹാരം ചെയ്യുകയാണോ…?”

അവളുടെ സ്നേഹം പതിയെ അമ്മയിൽ മാറ്റങ്ങൾ വരുത്തി.

അവളോടൊപ്പം അമ്മ അമ്പലത്തിൽ പോയി തുടങ്ങി. അവൾ പറയുന്നതെല്ലാം അമ്മ അനുസരിച്ചു തുടങ്ങി.

സ്നേഹമുള്ള ഒരു മകളെ കിട്ടിയപ്പോൾ അവർ മകൻ നഷ്ടപെട്ടത് മറന്നു തുടങ്ങി..

അന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി…

സ്നേഹത്തിനു മാറ്റുവാൻ കഴിയാത്തതായി ഒന്നും ഈ ലോകത്തില്ല. ഏതു രോഗം മാറ്റുവാനും അതിനു കഴിയും. ലൈക്ക് ചെയ്ത് ഷെയർ ചെയ്യണേ, അഭിപ്രായങ്ങൾ അറിയിക്കണേ…

രചന: സുജ അനൂപ്

അടുത്ത കഥ വായിക്കൂ ……..👇

മാസമുറ വരുന്നില്ലെന്നുള്ള പരാതിയുമായി ആണ് പതിനേഴു വയസുകാരി ആയ അവളെയും കൂട്ടി അമ്മ എന്റെ സീനിയർ ഡോക്ടറെ കാണാൻ വന്നത്

click here

Leave a Reply

Your email address will not be published. Required fields are marked *