ഇപ്പോൾ തന്നെ പെൺകുട്ടികൾ കൂടുതലാണ് ഇനിയും ഒരെണ്ണം കൂടി പെണ്ണായിട്ട് എന്താ കാര്യം…

രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ

ഋതു എന്ന പെൺകുട്ടി….

സുമതിയുടെ വയറു കണ്ടിട്ട് ഇത് ആൺകുട്ടി തന്ന്യാ…..

ആണായാലും പെണ്ണായാലും ഞങ്ങൾക്ക് ഒരുപോലാണ് ലീലേടത്തി ശങ്കരേട്ടൻ പറഞ്ഞു…..

അതല്ല ശങ്കരാ ഈ കുടുംബത്തിൽ ഇപ്പോൾ തന്നെ പെൺകുട്ടികൾ കൂടുതലാണ് ഇനിയും ഒരെണ്ണം കൂടി പെണ്ണായിട്ട് എന്താ കാര്യം കെട്ടിച്ചു വിടണ്ടേ പിന്നെ ചാവുമ്പോൾ ചിതയ്ക്ക് തീ വെയ്ക്കാൻ എങ്കിലും ഒരാൺതരി വേണ്ടേ…

ആഹാ എന്റെ ചിത കത്തുന്ന കാര്യം വരെ ലീലേടത്തി ചിന്തിച്ചോ. എന്നാൽ കേട്ടോളൂ ഇതിപ്പോൾ പെൺകുട്ടി ആയാൽ എന്താ കുഴപ്പം അവൾ ചിതയ്ക്ക് തീ വെച്ചാൽ കത്തില്ലേ…..പിന്നെ കെട്ടിച്ചു വിടേണ്ടത് എന്റെ ഉത്തരവാദിത്തം ആണല്ലോ ഞാൻ ചെയ്തോളാം നിങ്ങളും ഒരു പെണ്ണല്ലേ ഇങ്ങനെയൊക്കെ പറയാമോ..

ഞാൻ ഇനി ഒന്നും പറയുന്നില്ല ശങ്കരാ എല്ലാം വരുന്നത് പോലെ വരട്ടെ…

ആയിക്കോട്ടെ…

അങ്ങനെ സുമതിയെ ആശുപത്രിയിൽ അഡ്മിറ്റാക്കി അവളൊരു പെൺകുട്ടിയ്ക്ക് ജന്മം നൽകി..

മനസ്സിന് വളരെ സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്..

അവിടേയ്ക്കും അവർ കടന്നു വന്നു ഇപ്പോൾ എങ്ങനെയുണ്ട് ശങ്കരാ പെൺകുഞ്ഞായില്ലേ.. ഇനി അതിനെ നല്ല ശീലങ്ങൾ പറഞ്ഞു കൊടുത്തു വളർത്തുക പെൺകുട്ടിയാണ് വഴി പിഴയ്ക്കാൻ എളുപ്പമാണ്….

ലീലേടത്തി ഞാൻ അവളുടെ അച്ഛനും സുമതി അമ്മയുമാണ് ഞങ്ങളുടെ കുട്ടിയെ നല്ല ശീലങ്ങൾ നൽകി തന്നെ വളർത്തിക്കോളാം….

ഞങ്ങൾ അവൾക്ക് ഋതു എന്ന് പേരിട്ടു വളർത്തി.. ഈ ഒരു മകൾ മതിയെന്ന് ഈശ്വരൻ തീരുമാനിച്ചിട്ടുണ്ടാകാം.. ഋതു മെല്ലേ പിച്ചവെച്ചു വളർന്നു തുടങ്ങി…

അവളേ സ്കൂളിൽ ചേർക്കാൻ തയ്യാറെടുക്കുന്ന സമയം വീണ്ടും ലീലേടത്തി അഭിപ്രായവുമായെത്തി…

കേട്ടോ ശങ്കരാ പെൺകുട്ടി അല്ലേ അധികം ഒന്നും പഠിപ്പിക്കേണ്ടാ നാലക്ഷരം കൂട്ടി വായിക്കാനുള്ള അറിവൊക്കെ ധാരാളം..

അതും ഞാൻ ചെവി കൊടുത്തില്ല… അവൾക്കു നല്ല സ്കൂളിൽ തന്നെ പഠനമൊരുക്കി….

അവളുടെ വളർച്ചയുടെ മറ്റൊരു ഘട്ടത്തിൽ ആദ്യമായി ഋതുമതിയായ സമയത്തു നമ്മുടെ ലീലേടത്തി വീണ്ടും രംഗ പ്രവേശനം ചെയ്തു…..

സുമതി.. പെണ്ണ് വളർന്നു തുടങ്ങി ഇനി പഴയത് പോലെ കയറൂരി വിടരുത് അത് ചീത്തയാണ് അടക്കവും ഒതുക്കവും കാണിക്കേണ്ട സമയമാണ്…

എന്റെ ലീലേടത്തി എന്ന് കരുതി അവളേ വീട്ടിൽ അടച്ചിടാൻ പറ്റുമോ… സമൂഹം എന്താണെന്ന് അവൾ അറിയണ്ടേ.. അത് കൊണ്ട് അവൾക്ക് ഞങ്ങൾ എല്ലാ സ്വാതന്ത്ര്യവും കൊടുത്താണ് വളർത്തുന്നത്..

ശരി ഞാൻ പറഞ്ഞെന്നേയുള്ളൂ നിങ്ങളുടെ ഇഷ്ടം പോലെ നടക്കട്ടേ..

ഋതു വളർന്നു കോളേജിൽ പോകാൻ തയ്യാറെടുക്കുന്ന സമയം…. ദാ അവിടെയും എത്തി നമ്മുടെ ലീലേടത്തി..

എന്താ ശങ്കരാ നീ ഈ പറയുന്നത് നിങ്ങൾക്ക് ഇത്രയും ബുദ്ധി ഇല്ലേ ഈ പെണ്ണിന്റെ താളത്തിനൊപ്പം തുള്ളുവാണോ.. പഠിച്ചു പഠിച്ചു ഇവൾ കളക്ടർ ആകാൻ പോകുവാണോ… അതും ദൂരെ നാട്ടിലേയ്ക്ക് പഠിക്കാൻ വിട്ടാൽ എന്താവും സ്ഥിതി…. പെൺകുട്ടികൾ നാടു ഭരിയ്ക്കാനല്ല വീട് ഭരിയ്ക്കാനാണ് പഠിക്കേണ്ടത്…… നാളെ വേറെ ഒരു കുടുംബത്തിലേക്ക് പോകേണ്ടതാണ്..

ഞാൻ മോളെ അടുത്തേയ്ക്ക് വിളിച്ചു..

ഋതു മോളെ ഇത്രയും നാൾ നിനക്കായ് മറുപടി പറഞ്ഞത് അച്ഛനും അമ്മയുമാണ് ഇനിയുള്ള മറുപടി നൽകാൻ നീ പ്രാപ്തയാണ്….

ഞാൻ പറഞ്ഞോളാം അച്ഛാ.. ഇത് എന്റെ ജീവിതത്തെപ്പറ്റിയല്ലേ..

അതേ മുത്തശ്ശി.. എന്നെ ‘അമ്മ ഗർഭം ധരിച്ചപ്പോൾ മുതൽ നിങ്ങൾ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ചു ‘അമ്മ എന്നോട് ധരിപ്പിച്ചിട്ടുണ്ട്…

ഒരു സ്ത്രീ ആയിട്ട് പോലും നിങ്ങൾ ഇങ്ങനെയൊക്കെ ചിന്തിയ്ക്കുന്നതു തന്നെ തെറ്റല്ലേ.. മുത്തശ്ശി നിങ്ങൾക്കും രണ്ടു പെണ്മക്കൾ അല്ലേ.. അവർക്കും പെൺകുട്ടികളുണ്ടല്ലോ അവരോടും ഇത് പോലെയാണോ പെരുമാറുന്നത്..

അവരോടും മുത്തശ്ശി പറയുമോ കൂടുതൽ പഠിക്കണ്ട അടുക്കളയിൽ ജോലി ചെയ്തു ഒതുങ്ങിക്കൂടിയാൽ മതിയെന്ന്.. ഇല്ലല്ലോ അല്ലേ…

ഉത്തരം പറഞ്ഞു കൊടുക്കൂ ലീലേടത്തി മറുപടി ഇല്ല.അല്ലേ

ഇല്ല അച്ഛാ അവർക്കു മറുപടി ഉണ്ടാവില്ല മറ്റുള്ളവരുടെ കുടുംബത്തിൽ എന്ത് നടക്കുന്നു. അവന്റെ കുടുംബത്തിൽ നിന്നും നല്ലതല്ലാത്ത കാര്യങ്ങൾ മാത്രം വാർത്തയായി കിട്ടണം എന്ന് ആഗ്രഹിയ്ക്കുന്ന ഒരു കൂട്ടം ആൾക്കാരുണ്ട്..

എന്നാലോ അവിടെ അടുപ്പ് പുകയുന്നുണ്ടോ എന്നറിയാനൊട്ടും താല്പര്യവുമുണ്ടാകില്ല…

മുത്തശ്ശി സ്വന്തം കൊച്ചുമക്കൾക്കു നല്ല ഭാവി ഉണ്ടാകണമെന്നല്ലേ നിങ്ങളുടെ ആഗ്രഹം.. അത് തന്നെയാണ് എന്റെ അച്ഛനും അമ്മയും സ്വപ്നം കാണുന്നതും.. അതു കൊണ്ട് ഇനിയെങ്കിലും ഈ ദുഷിച്ച ചിന്തകൾ മാറ്റാൻ നോക്കൂ…..

അങ്ങനെ ലീലേടത്തിയ്ക്കുള്ള കാലത്തിന്റെ മറുപടി കൊടുക്കേണ്ടവൾ തന്നെ കൊടുത്തു…. കാരണം ഋതു അവൾ ഒരു പെണ്ണാണ് എല്ലാം തികഞ്ഞൊരു പെണ്ണ് അവൾക്ക് അവളുടേതായ ചിന്തകളുണ്ട്, തീരുമാനങ്ങളുണ്ട് അതിനൊപ്പം നിൽക്കുക അത് മാത്രമാണ് അച്ഛനമ്മമാർ എന്ന നിലയിൽ ഞങ്ങളുടെ കടമ…

ഇവൾ ഞങ്ങൾക്ക് വെറും മകൾ മാത്രമല്ല എല്ലാ അർത്ഥത്തിലും ജീവിതത്തിൽ ഒരു കൈത്താങ്ങാണ്…..

N B… ഇതൊരു സാങ്കല്പിക കഥയാണ് എങ്കിലും ഇതിലേ ലീലേടത്തിയെ മാത്രം ഒന്ന് സൂക്ഷ്മമായി നിരീക്ഷിയ്ക്കൂ … ഒട്ടു മിക്ക പെൺകുട്ടികളുടെയും ജീവിതത്തിൽ കടന്നു വന്നിട്ടുണ്ടാകും ലീലേടത്തിയെപ്പോലെ ഒരു കഥാപാത്രം..

രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *