പടികേറി ചെല്ലുമ്പോ വലത്തൂന്ന് നാലാമത്തെ മുറിയിൽ സീത കാണും…

രചന: ദേവാർദ്ര .ആർ

ബസ് സ്റ്റാൻഡിന് പിറക് വശത്തുള്ള റോഡേ ദേവൻ വേഗത്തിൽ നടന്നു.നടന്ന് നടന്ന് അയാൾ ഒരു ചേരി പ്രേദേശത്തേക്ക് എത്തിയിരുന്നു .സുമേഷ് പറഞ്ഞത് അനുസരിച്ച് ഇവിടുന്ന് ഇനി നേരെപോയി വലത്തോട്ട് ചെന്നാൽ സ്ഥലമെത്തും.ദൂരം കുറയും തോറും അയാൾക്ക് നെഞ്ചിലൊരു ഭാരം കൂടി കൂടി വരുന്നതായി തോന്നി .നടത്ത ചെന്ന് അവസാനിച്ചത് ഓടിട്ട ഒരു ഇരുനില കെട്ടിടത്തിന് മുന്നിലായിരുന്നു.അയാൾ അതിന് മുൻപിൽ നിന്ന് ആകെമൊത്തം ഒന്ന് നോക്കി.മുന്തിയ ഇനം കാറുകളും മറ്റും മുൻപിലായി കിടപ്പുണ്ട്.അകത്തുനിന്നും ഉച്ചത്തിലുള്ള പാട്ടും ബഹളവും ചിരിയുമൊക്കെ കേൾക്കുന്നുണ്ടായിരുന്നു.കാമം തീർത്ത് പുറത്തേക്ക് ഇറങ്ങുന്നവരെയും പെണ്ണിന്റെ ചൂടറിയാൻ അകത്തേക്ക് പോകുന്നവരെയും കണ്ടതും ദേവന്റെയുള്ളിൽ വെറുപ്പും അസ്വസ്ഥതയും വന്ന് മൂടി.അയാൾ പതിയെ നടന്ന് അകത്തേക്ക് കടന്നു.അയാളെ കണ്ടതും ഉന്തിയ പല്ലുകൾ പുറത്ത് കാട്ടികൊണ്ട് ഏകദേശം അമ്പത്തിയഞ്ചു വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന കറുത്ത മുണ്ടും നീല ഷർട്ടുമിട്ട ഒരാൾ നടന്ന് അടുത്തേക്ക് വന്നു.

“സുമേഷ് പറഞ്ഞിട്ട് വന്നയാളല്ലേ ?”

അയാൾ സംശയത്തോടെ നോക്കികൊണ്ട് ദേവനോട് ചോദിച്ചു.

“അതെ ..”

“സാറിന് ആരെയാ വേണ്ടേ ,കൊച്ച് പെണ്ണോ അതോ ഒരൽപ്പം മുറ്റിയതോ ?” അപ്പോഴേക്കും അവരുടെ അടുത്തേക്ക് അവിടത്തെ കാര്യക്കാരിയെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീയും നടന്ന് വന്നു. അയാളുടെ ചോദ്യം കേട്ടതും ദേവന്റെയുള്ളിൽ വെറുപ്പും ദേഷ്യവും കുമിഞ്ഞു കൂടി.അയാൾ ഒരു അസ്വസ്ഥതയോടെ പറഞ്ഞു

“സീത”

“സീതയുടെ അടുത്തുന്ന് ഇപ്പൊ ഒരു സാർ പോയതേയുള്ളു ..മണിക്കൂറിന് രണ്ടായിരം വെച്ചാ അവൾടെ റേറ്റ്,കുറച്ചൂടെ റേറ്റ് കുറഞ്ഞ അധികം ഉടയാത്ത നല്ല ഉഗ്രൻ തളിര് പോലത്തെ പെണ്പിള്ളേര് വേറെ ഉണ്ട്..”

“ഇതാ കാശ്”

കൂടുതൽ സംസാരിക്കാൻ താൽപര്യമില്ലാത്ത പോലെ വലിഞ്ഞ് കിടക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ട് രണ്ടായിരത്തിന്റെ ചുളുങ്ങിയ ഒരു നോട്ടെടുത്ത ദേവൻ അയാൾക്കുനേരെ നീട്ടി.പണം കണ്ടതും അയാൾടെ കണ്ണൊന്ന് തിളങ്ങി,ചുണ്ടിലൂറി വന്ന് ചിരിയോടുകൂടി കൂടെ നിൽക്കുന്ന സ്ത്രീയെ ഒന്ന് നോക്കി വേഗം അയാളത് വാങ്ങി കൊണ്ട് പറഞ്ഞു

“പടികേറി ചെല്ലുമ്പോ വലത്തൂന്ന് നാലാമത്തെ മുറിയിൽ സീത കാണും..രണ്ടായിരം രൂപയാണെങ്കിലെന്താ നല്ല സ്വയമ്പൻ ഐറ്റമല്ലേ അവള്..ഒരു മണിക്കൂർ മതിയാവോ സാറേ?”

അപ്പോഴേക്കും അത് ശ്രെദ്ധിക്കാത്തവണ്ണം ദേവൻ മെല്ലെ തിരിഞ്ഞ് കോണിപ്പടി കയറാൻ തുടങ്ങിയിരുന്നു.. നെറ്റിയിൽ ഒരു ചുവന്ന് വട്ട പൊട്ടുമിട്ട് തലയിൽ കനകാമ്പരവും ചൂടി,തടിച്ച് കൊഴുത്ത ശരീരത്തെ മറച്ചുകൊണ്ട് കടുംനീല പട്ടുസാരിയും ചുറ്റി നില്ക്കുന്ന സ്ത്രീയോട് ഒരു വഷളൻ ചിരിയോടെ അയാൾ പറയുന്നത് അപ്പോഴും ചാട്ടുളി കണക്കെ കാതിൽവന്ന് പതിക്കുന്നുണ്ടായിരുന്നു..

“വയസ്സ് പത്തു നാൽപ്പത്തിയഞ്ചു ആയെങ്കിലെന്താ ,ഇന്നും ആളുകൾക്കിടയിൽ സീതയ്ക്ക് നല്ല ഡിമാന്റാ..കണ്ടാൽ കഷ്ടിച്ച് മുപ്പത് കടന്നെന്ന് അല്ലേ പറയു..അവൾടെ കൂടെ കിടക്കാൻ ആരുമൊന്ന് കൊതിക്കും..ഇപ്പഴും ന്തൊരു തുടിപ്പും കൊഴുപ്പുമാ..”

അത് സമ്മതിക്കുന്ന തക്കവണ്ണം ആ സ്ത്രീയും വെറ്റില ചവച്ചരച്ചു കൊണ്ട് ചുണ്ടിലൂറിയ ചിരിയോടുകൂടി തലകുലുക്കി. ദേവന്റെ നെഞ്ചിൽ കൂരമ്പുകൾ തറയ്ക്കുന്ന വേദന തോന്നി.. ശരിയാണ്.. “സീതാലക്ഷ്മി”

ആരും കൊതിക്കുന്ന പൂ പോലുള്ളൊരു പെണ്ണ്..ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് താൻ വേളി കഴിച്ച് ഇല്ലത്തേക്ക് കൊണ്ടുവന്ന് എന്റെ ഭാര്യ..എന്റെ നെഞ്ചിലെ ചൂടിൽ തല ചായ്ച്ച് ഉറങ്ങിയവൾ..മനസ്സ് കൊണ്ടും ശരീരം കൊണ്ടും എന്നിലേക്ക് ഇഴുകി ചേർന്നവൾ..എന്നിലെ പുരുഷനെ സമ്പൂർണനാക്കിയവൾ..എന്റെ കുഞ്ഞിന് ജന്മം നല്കിയവൾ..എപ്പോഴാണ് അവൾടെ മനസ്സിൽ മറ്റൊരു പുരുഷൻ ഇടം നേടിയത്.. ?എപ്പോഴാണ് എനിക്ക്‌ പകരം മറ്റൊരു പുരുഷനെ ആഗ്രഹിച്ചു തുടങ്ങിയത്..? അറിയില്ല… ദൂരെ ഒരു ക്ഷേത്രത്തിലേക്ക് പൂജാരിയായി പോകുമ്പോൾ സീതയേം മോളേം ഇല്ലത്താക്കി പോരാൻ മനസ്സ് അനുവദിച്ചില്ല, ചുരുങ്ങിയ സമയം കൊണ്ട് തന്നെ എനിക്ക്‌ ചുറ്റുമുള്ള ലോകം തന്നെ അവരായി കഴിഞ്ഞിരുന്നു, അതുകൊണ്ട് തന്നെയാണ് അവരെ നാട്ടിന്ന് കൊണ്ട് വന്ന് ഒപ്പം താമസിപ്പിച്ചതും.

കുറച്ചുനാൾ കഴിഞ്ഞതും സീതയും ഇവിടെ അടിയും തല്ലുമായിട്ടൊക്കെ നടക്കുന്ന രമേശൻ എന്നൊരുത്തനുമായി വഴിവിട്ട് ബന്ധം ഉണ്ടെന്ന് പലരും പറഞ്ഞു തുടങ്ങി. പലരും തന്റെ ചെവിയിലും അത് എത്തിച്ചിരുന്നെങ്കിലും ഒരു നിമിഷം പോലും ഞാൻ അത് വിശ്വാസിക്കാൻ കൂട്ടാക്കിയിരുന്നില്ല.സീതയെ അവിശ്വസിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു എന്നതാണ് സത്യം .പക്ഷെ ഒരു ദിവസം ക്ഷേത്രത്തിൽ നിന്ന് നേരത്തെ പൂജ കഴിഞ്ഞിറങ്ങി വീട്ടിൽ ചെന്നതും എന്നെ വരവേറ്റത് എന്റെ കിടപ്പിറയിൽ സ്വയം മറന്ന് കെട്ടിപ്പുണർന്ന് കിടക്കുന്ന സീതയേം അവനെയും ആയിരുന്നു…അവനെ ആവേശത്തോടെ വരിഞ്ഞുമുറുകി കിടക്കുന്നു .ഒരു നിമിഷം ഭൂമി കീഴ്മേൽ മറിഞ്ഞ പോലെ തോന്നി..

സ്നേഹത്തിനും വിശ്വാസത്തിനുമേറ്റ് ശക്തമായ പ്രഹരം.. കണ്ടത് സത്യമാകരുതെയെന്നും സ്വപ്നമായിരിക്കണേയെന്നും തോന്നിയ നിമിഷം…എന്നെ കണ്ടതും ഞെട്ടി പിണഞ്ഞുകൊണ്ട് മാറത്തുന്ന് ഊർന്നു വീണ് കിടന്ന സാരിതലപ്പ് എടുത്ത് ചുറ്റികൊണ്ട് എഴുന്നേറ്റു.എനിക്ക് എന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷെ ഒരക്ഷരം പുറത്തുവരുന്നുണ്ടായിരുന്നില്ല…നെഞ്ചിൽ ഒരു ഭാരം പോലെ.. വല്ലാത്ത വേദന..

അവൾടെ കുനിഞ്ഞ ശിരസ്സ് എല്ലാത്തിനുമുള്ള മറുപടിയായിരുന്നു.. കാമുകന്റെ കൈയും പിടിച്ചവൾ ഇറങ്ങി പോകുമ്പോൾ തൊട്ടപ്പുറത്തെ മുറിയിൽ നിന്ന് ഉറക്കമെണീറ്റ് അമ്മയെ കാണാതെ മൂന്ന് വയസ്സുകാരിയായ മകൾ വാവിട്ടു കരയുന്നുണ്ടായിരുന്നു.മോളേയും നെഞ്ചോടടക്കി നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു..മറ്റുള്ളവർക്ക് മുന്നിൽ താനൊരു പോഴനായി..കഴിവ് കെട്ടവനായി..ഇളിഭ്യനായി.. അപമാനങ്ങൾക്കും കുത്തിനോവിക്കലുകൾക്കും ഇടയിൽ താനും തന്റെ മകളും വെന്തുരുകി ജീവിച്ച ഇരുപത്തിരണ്ട് വർഷങ്ങൾ..കാഴ്ചയെ മറച്ചുകൊണ്ട് രണ്ട് തുള്ളി കണ്ണീർ ഉരുണ്ടു കൂടി..

അപ്പോഴേക്കും ദേവൻ നടന്ന് സീതയുടെ മുറിക്ക് മുന്നിൽ എത്തിയിരുന്നു. ഒലിച്ചിറങ്ങിയ കണ്ണുനീര് പുറംകൈ കൊണ്ട് തുടച്ചു നീക്കി.

അടുത്തുള്ള മുറിയിൽ നിന്നും അടക്കി പിടിച്ച ചിരിയും സീൽക്കാര ശബ്ദങ്ങളും കെട്ടിട്ടുകൊണ്ടിരുന്നു .അയാൾ പതിയെ സീതയുടെ മുറിയുടെ വാതിലിൽ ഒന്ന് മുട്ടിയ ശേഷം തള്ളി തുറന്നു.ശബ്ദം കേട്ടതും അത് വരെ പിൻതിരിഞ്ഞിരുന്ന് മുല്ലപ്പു തലയിൽ ചൂടി കൊണ്ടിരുന്ന സീത തിരിഞ്ഞു നോക്കി. അവളൊരു നിമിഷം സ്തംഭിച്ച് ശില കണക്കെ നിന്നു..അവൾടെ വായിൽ നിന്നും ഒരു ഞെട്ടലോടെ അവൾക്ക് മാത്രം കേൾക്കുന്ന ഒച്ചയിൽ ആ പേര് ചിതറി വീണു

“ദേവേട്ടൻ”

അവൾക്ക് വർഷങ്ങൾക്ക് മുൻപ് തന്റെ സീമന്ത രേഖ ചുവപ്പിച്ച ദേവന്റെ മുഖം ഓർമ വന്നു.അവന്റെ നെഞ്ചിടിപ്പ് കേട്ട് ഉറങ്ങിയത്.താനൊരു അച്ഛൻ ആകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അത്രമേൽ സന്തോഷത്തോടെ തന്നെ വാരിപുണർന്നത്..തനിക്കായി പുളിയുള്ള മാങ്ങ പൊട്ടിച്ച് കൈയിൽ ഒളിപ്പിച്ച് കൊണ്ടുവന്നത്.അത്രമേൽ കരുതലോടെ പത്തുമാസം കൊണ്ട് നടന്നത്.വേദനയെടുത്ത് പിടിയുമ്പോൾ ഉറക്കമൊഴിച്ചിരുന്ന് കാലും നടുവും തിരുമ്മിയത്…മോള് ജനിച്ചപ്പോ നെറ്റിയിൽ ഒരു ചുടുചുംബനം തന്ന് കണ്ണ് നിറച്ച് തന്നെ നോക്കി നിന്നത്.മോൾക്കായി തൊട്ടിൽ കെട്ടി കളിപ്പാട്ടങ്ങളും പൗഡറും കുഞ്ഞുടുപ്പും വാങ്ങി കൂട്ടി വന്നത്.രാത്രി മോൾ ഉണർന്ന് കരയുമ്പോൾ എടുത്തോണ്ട് നടന്ന് നെഞ്ചിൽ കിടത്തി ഉറക്കുന്നത്.അടുക്കളയിൽ തന്റൊപ്പം പാചകം ചെയ്യുന്നത് ..എനിക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങി പിന്നിലൂടെ വന്ന് ചേർത്ത് പിടിക്കുന്ന ദേവേട്ടൻ … എപ്പഴോ ദേവേട്ടന്റെ സ്നേഹത്തെ തള്ളി കളഞ്ഞ് താൻ രമേശന്റെ സ്നേഹത്തെ തേടി പോയി..രമേശന്റൊപ്പമുള്ള ജീവിതം മനക്കോട്ട കെട്ടി. ദേവേട്ടനോട്‌ വെറുപ്പായി ..ശല്യമായി തുടങ്ങി..ഒന്നിനും കൊള്ളാത്തവനായി തോന്നി ..പുച്ഛമായിരുന്നു …രമേശന്റെ സ്നേഹത്തിലും പൗരുഷത്തിലും ശരീരത്തിലും മതി മറന്നു.. ഒരിക്കൽ സർവ്വതും നഷ്ടപ്പെട്ടവനെ പോലെ അത്രമേൽ സ്നേഹിച്ചിരുന്ന വിശ്വസിച്ചിരുന്ന ദേവേട്ടൻ അത്രമേൽ മുറിവേറ്റ തല കുനിച്ചു നിന്നത്… എന്നും തന്നെ സ്നേഹിച്ചിട്ട് മാത്രമുള്ള മനുഷ്യനെ വഞ്ചിച്ചു ……മകളോട് ചെയ്ത ചതി…സീതയുടെ നെഞ്ചോന്ന് വിങ്ങി…തൊണ്ടക്കുഴിയിൽ ഒരു ഗദ്ഗദം വന്ന് കുരുങ്ങി… ദേവനും സീതയെ തന്നെ ഉറ്റുനോക്കുകയായിരുന്നു ..പേരറിയാത്തോ രു നൊമ്പരം അയാൾടെയുള്ളിൽ വന്ന് മൂടി…അമ്മയെ കാണാതെ കരയുന്ന ഒരു മൂന്ന് വയസ്സുകാരിയുടെ കരച്ചിൽ അയാൾടെ കാതിൽ അലയടിച്ചു..അപമാനത്തിന്റെ തീച്ചൂളയിൽ വെന്ത് മരിച്ചത് ഓർമ വന്നു..അമ്മയുടെ സ്നേഹം നിഷേധികപ്പെട്ട തന്റെ മകളെ ഓർമ വന്നു..ആ ഓർമയിൽ പുച്ഛം കൊണ്ട് ദേവന്റെ ചുണ്ട് ഒന്ന് കോടി..

“പണക്കാരായ സാറന്മാർക്ക് വേണ്ടി കിടക്ക് വിരിച്ച് കാത്തിരിക്കുന്നതിനിടയിൽ ഈ അമ്പല പൂജാരിയെ പ്രതീക്ഷിച്ചുണ്ടാവില്ലെന്ന് അറിയാം ..” സീതയുടെ ശിരസ്സ് കുനിഞ്ഞു പോയി

“പേടിക്കണ്ട നിന്നെ അനുഭവിക്കാൻ വേണ്ടി വന്നതല്ല ഞാൻ..ഒരു തെരുവ് വേശ്യയുടെ അടുത്ത് കാമം തീർക്കേണ്ട അത്ര അധഃപതിച്ചിട്ടില്ല ഞാൻ..അങ്ങനെ തേടി പോകേണ്ടി വന്നാലും ഒരിക്കലും നിന്റെയടുത്ത് വരേണ്ടത്ര ഗതികേടില്ല…അത്രയ്ക്ക് അറപ്പാണ് കാമം അടങ്ങാതെ എന്നെ വഞ്ചിച്ച് മറ്റൊരുത്തന്റെ കൂടെ പോയ നിന്നോട് ..അവൻ എന്തായാലും നിന്നെ എത്താൻ പറ്റാവുന്നതിൽ ഏറ്റവും മികച്ച സ്ഥലത്ത് തന്നെ എത്തിച്ചു ..”

സീതയ്ക്ക് ഈ നിമിഷം താൻ മരിച്ചു പോയിരുന്നെങ്കിൽ എന്ന് തോന്നി …ഒരു തീ ഗോളത്തിനുള്ളിൽ വലിച്ചെറിയപ്പെട്ട പോലെ അവൾ നൊന്ത് പിടഞ്ഞു.

“നീ അന്ന് എന്റെ അടുത്ത് എറിഞ്ഞു ഉപേക്ഷിച്ചു പോയ ഒരു മൂന്ന് വയസ്സുകാരിയെ ഓർമ്മയുണ്ടോ ..എന്റെ മകൾ വിഷ്ണുപ്രിയ ദേവദത്തൻ ..”

അത് കേട്ടതും സീതയുടെ ഉള്ളിലൊരു പിടച്ചിൽ ഉണ്ടായി …താൻ ഈ ലോകത്ത് ഏറ്റവും വലിയ ക്രൂരത ചെയ്തത് …കൊടും ചതി ചെയ്തത് ഒരു മൂന്ന് വയസ്സുകാരി കുഞ്ഞിനോടായിരുന്നു…തന്റെ മകൾ വിഷ്ണുപ്രിയ…ഒരു അമ്മയെന്ന നിലയ്ക്ക് ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ..എന്നും ചേർത്തണയ്ക്കേണ്ട കൈകൾ തന്നെ ഒരു ദയയുമില്ലാതെ വലിച്ചെറിഞ്ഞു…അവൾടെ ഉള്ളിൽ നിന്ന് ചോര പൊടിഞ്ഞു ..

“ഇന്ന് എന്റെ മകൾ നഗരത്തിലെ പ്രശസ്തമായ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടർ ആണ്… ‘ഡോ .വിഷ്ണുപ്രിയ ദേവദത്തൻ ‘ അടുത്ത മാസം പതിനേഴിന് എന്റെ മകളുടെ കല്യാണമാണ്..അത് നിന്നെ അറിയിക്കാനാ വന്നത് ..അറിയിക്കാൻ മാത്രം ..ക്ഷണിക്കാനല്ല..നിന്നെ പോലൊരു വേശ്യയുടെ നിഴൽ വെട്ടം പോലും ന്റെ മകളുടെ കല്യാണത്തിന് വീഴരുത് ..നിന്നെ ക്ഷണിക്കുന്നതോ നിന്നെ പോലൊരു വൃത്തിക്കെട്ടവളെ തേടി ഈ അഴുക്ക് ചാലിൽ വരുന്നതോ പോലും എന്റെ മകൾക്ക് ഇഷ്ടമല്ല ..അവളെറിഞ്ഞിട്ടും ഇല്ല”

സീത മുഖമുയർത്തി ദേവനെ നോക്കി

“ഞാൻ നിന്നെ തേടി ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ഇവിടെ വന്നത് നിന്നെ കാണാനോ കല്യാണം വിളിക്കാനോ അല്ല..പണ്ട് നീ ഇറങ്ങി പോയപ്പോ തല കുനിച്ചു നിന്ന അന്ന് ഞാൻ തീരുമാനിച്ചതാ ,ഇനി നിന്നെ കാണുമ്പോൾ തല ഉയർത്തി തന്നെ നിക്കുന്ന നില എത്തണമെന്നും നിന്റെ തല കുനിഞ്ഞിരിക്കുന്നത് കാണണമെന്നും..ഭർത്താവെന്ന നിലയിൽ ഞാൻ തോറ്റ് പോയെങ്കിലും ഒരച്ഛൻ എന്ന നിലയിൽ ഞാൻ വിജയിച്ചു..നാണക്കേടിന്റെയും അമ്മയില്ലാത്തതിന്റെയും വേദനയിൽ തളർന്നു പോകാതെ എന്റെ മോൾടെ കൂടെ നിന്ന് അവൾടെ സ്വപ്നങ്ങൾക്ക് കൂടെ നിന്ന് നല്ലൊരു അച്ഛൻ ആകാൻ എന്നെകൊണ്ട് കഴിഞ്ഞു എന്ന ഉത്തമബോധ്യം എനിക്കുണ്ട് ..” ദേവന്റെ മനസ്സിലേക്ക് അഴിഞ്ഞാട്ടക്കാരിയുടെ മകൾ എന്ന് വിളിച്ച് തന്റെ മകളെ എല്ലാരും മാറ്റിനിർത്തിയത് ,കളിയാക്കിയത് ,അതിനെ മുതലെടുക്കാൻ വഷളൻ ചിരിയോടെ ശ്രമിച്ചവരെ ,ആശുപത്രിയിൽ പ്രസവകേസ് അറ്റൻഡ് ചെയുന്ന ദിവസങ്ങളിൽ രാത്രി തന്റെ അമ്മ ഉപേക്ഷിച്ച് പോയതോർത്ത് തന്റെ നെഞ്ചിൽ കിടന്ന് പൊട്ടി കരയുന്ന മകളെ ഓർമ വന്നു.അന്നെല്ലാം അവളെ സമാധാനിപ്പിച്ചത് ..ആ ഓർമയിൽ ആ അച്ഛന്റെ ഹൃദയം വേദനിച്ചു..

“നീ ഒരു അമ്മയെന്ന നിലയിൽ ഭാര്യയെന്ന നിലയിൽ മകൾ എന്ന നിലയിൽ എല്ലാം ഒരു പരാജയമാണ് ..വെറും പരാജയം ..നിന്റെ മുന്നിൽ ഒരിക്കൽ തോറ്റ് പോയതിന്റെ ,വേദനിച്ചതിന്റെ ,അപമാനിതൻ ആയതിന്റെ നൂറിരട്ടി സന്തോഷവും അഭിമാനവും ഇന്നെനിക്കുണ്ട്..ഒരു നല്ല അച്ഛനാകാൻ എന്നെ കൊണ്ട് കഴിഞ്ഞു ..നീയോ ..എല്ലാരും അറപ്പോടെ പുച്ഛത്തോടെ നോക്കുന്ന വേശ്യയും ..നീ ഒരു പാഴ് ജന്മം ആണ് ..പോയി ചത്തൂടെടി നിനക്ക് ”

വെറുപ്പോടെ അവളെ നോക്കിക്കൊണ്ട് കൈയിൽ ഇരുന്ന കവറിൽ നിന്നും ഒരു കല്യാണ ലെറ്റർ എടുത്ത് ദേവൻ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് ഇറങ്ങി പോയി.അയാളുടെ ചുണ്ടിൽ ഒരു വിജയ ചിരി തത്തി കളിക്കുന്നുണ്ടായിരുന്നു.ദേവൻ ചിരിയോടെ തന്നെ തലയുയർത്തി പിടിച്ച് പടിയിറങ്ങി.. അപ്പോഴും ഒരക്ഷരം മിണ്ടാതെ സ്തബ്ദ്ധയായി സീത അങ്ങനെ നിൽക്കുകയായിരുന്നു അവൾ പതിയെ കല്യാണ ലെറ്റർ എടുത്ത് നോക്കി ..

ഡോ .വിഷ്ണുപ്രിയ വെഡ്സ് ഹരിനാരായണൻ

എന്നെഴുതിയതിലൂടെ അവൾ വിരലോടിച്ചു.. ഡോട്ടർ ഓഫ് ദേവദത്തൻ എന്ന് മാത്രം എഴുതിയേക്കുന്നതിൽ അവളൊരു നിമിഷം നോക്കി..അവൾടെ കണ്ണിൽ നിന്ന് കണ്ണീര് അടർന്നു വീണു..അപ്പോഴേക്കും അവൾടെ കൂടെ കിടപ്പറ പങ്കിടാൻ മറ്റൊരുവൻ എത്തിയതിന്റെ സൂചന എന്നോണം വാതിലിൽ മുട്ടുന്ന് ഒച്ച കേൾക്കുന്നുണ്ടായിരുന്നു …

എനിക്ക് കേട്ടറിവുള്ള ഒരു യഥാർത്ഥ ജീവിതമാണിത്

രചന: ദേവാർദ്ര .ആർ

Leave a Reply

Your email address will not be published. Required fields are marked *